ഞാനക്കുറൾ : ഭാഗം – 1

മുന്നിലെ കൂട്ടുവഴിക്കോണിലെ അരയാൽ മരത്തിൽ നിന്ന് അയാളെ വരവേറ്റുകൊണ്ടോ എന്ന വണ്ണം ആലിലകൾ ആർത്തുചിരിച്ചു. ഒന്നു രണ്ടു കരിയിലകൾ അയാളുടെ ഉച്ചിയിലേക്കു പാറിവീണു. ഓ൪മയിൽ നിന്നു പൊഴിയുന്നതു പോലെയായിരുന്നു അത്. ചിതറിയ ഓ൪മയിൽ പലയിടത്തു വച്ചും അരയാലിലകൾ ഉച്ചിയിലേക്കു വീണിരുന്നു. പല വലിപ്പത്തിലും പല കാലത്തിലും ഉണ്ടായിരുന്നത്. എന്നാൽ മൂക്കൂട്ടുവഴിക്കോണിലെ മുത്തശ്ശൻ അരയാലികൾക്ക് ഇരവിയുടെ ഏറ്റവും തീക്ഷ്ണമായ ഓ൪മകളിലെ അതേ വലിപ്പമായിരുന്നു. അതു തന്നെ പിതൃകാലത്തിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു.

മുത്തശ്ശൻ ആൽമരം ആയിരം കൈകൾ കൊണ്ടു ഭൂമിയെ ആലിംഗനം ചെയ്തു. മറ്റാ൪ക്കും കൊടുക്കാതെ വ൪ഷങ്ങളായി തടുത്തുനി൪ത്തുന്നതു പോലുള്ള ജൈവികാലിംഗനം. അതിന്റെ തണലിൽ കാലം സമയം പൊഴിച്ചുകിടന്നു. അനാദിയായ കാലം… ഇലകൾ പോലുള്ള സമയങ്ങളെ… കരിയിലത്തണുപ്പുള്ള അതിന്റെ തണൽ തന്നെയാണു കാലം… സമയം വീണ്ടും ഉറഞ്ഞുകൂടിയ, ആ൪ക്കും വിവേചിച്ചെടുക്കാനാവാത്ത അനന്തമായ കാലം… ഈ പുറംകാലത്തിലേക്കാണു താൻ എന്നും തിരിച്ചുവിളിക്കപ്പെട്ടുകൊണ്ടിരുന്നത്. ഉറക്കത്തിലും പ്രജ്ഞയിലും വരൂ വരൂ എന്ന് തിടുക്കം കാണിച്ചുകൊണ്ട്. ബാല്യകൗമാര സായാഹ്നങ്ങളെ തിടുക്കപ്പെടുത്തിക്കൊണ്ട്. ഏകാന്ത യൗവനത്തിന്റെ കാളരാത്രികളിൽ അസ്വസ്ഥമാക്കിക്കൊണ്ട്. ഇരവി അതിന്റെ ആകാശമേലാപ്പിലേക്കു കണ്ണെറിഞ്ഞു.

ബസ് അപ്പോഴും പോയിരുന്നില്ല. അയാൾക്കൊപ്പം ആരും ഇറങ്ങാനുണ്ടായിരുന്നില്ല. ആരും കയറാനും. ബസിലും കണ്ടക്ടറും ഡ്രൈവറും ഒഴിച്ചാൽ അധികമാരും ഉണ്ടായിരുന്നില്ല. എന്നിട്ടും ഡ്രൈവ൪ ആ൪ക്കോ വേണ്ടിയെന്ന പോലെ കാത്തു. മറ്റാ൪ക്കും അറിയാത്ത ഏതോ യാത്രക്കാരനെ തിരയും പോലെ. കണ്ണു കെട്ടുന്ന വെയിലിൽ ഇരവിയും മറ്റൊന്നും ചെയ്യാനില്ലാത്തതു പോലെ നിന്നു. ഒരു വേള, താൻ വീണ്ടും ബസിൽ തിരിച്ചുകയറുമെന്നു കണ്ടക്ട൪ പ്രതീക്ഷിക്കുന്നുണ്ടായിരിന്നോ….? അയാളുടെ നോട്ടം തന്റെ കോലത്തിലേക്ക് ഇടയ്ക്കിടെ പതിയുന്നുണ്ട്. വെയിലത്ത് ഉണക്കാനിട്ടിരിക്കുന്നതിന്റെ അടുത്തു വന്നിരുന്നു കാക്ക ആൾപ്പെരുമാറ്റത്തിലേക്കു ചെറയുന്നതുപോലെ. ഇനി ഒരു  കണ്ടക്ട൪ ഒരു കാക്കയായിരിക്കുമോ…? ഇരവി അയാളുടെ മുഖത്ത് കോങ്കണ്ണുകൾ പരതി.

   “തത്തമ്പലം… വഴി ഇക്കരിണാവ്…” കണ്ടക്ട൪ ആരെയോ പ്രതീക്ഷിച്ചു വീണ്ടും വിളിച്ചു. ഡ്രൈവ൪ തന്റെ വിശാലമായ മുൻ കണ്ണാടിയിലൂടെ റോഡിലെ പുളയുന്ന വെയിൽ നാളങ്ങൾ നോക്കിയിരുന്നു. ആരും വരാനിനിയില്ലെന്ന ഒരു നിസംഗഭാവം അയാളുടെ കണ്ണുകളിൽ പീളകെട്ടി. “തത്തമ്പലം… വഴി ഇക്കരിണാവ്…” കണ്ടക്ട൪ അവസാനവട്ടമെന്ന പോലെ ശബ്ദം കുറച്ചുവിളിച്ചു. മിനിട്ടുകൾക്കുള്ളിൽ ബസ് ഇരവിക്കു മുന്നിൽ വെയിലിന്റെ രാവണൻകോട്ടയിലേക്ക് പ്രാചീനമായ കവാടങ്ങൾ നൂണ്ട് അപ്രത്യക്ഷമായി. പുറക്കാവിൽ ഇരവി തനിച്ചായി.

പ്രപഞ്ചം മുഴുവൻ തന്നെ വെയിലിൽ നിശ്ചലമായിരിക്കുന്നു എന്നു തോന്നിപ്പിച്ചുകൊണ്ടിരുന്നു. ഒരു തണലില പോലും ഇളകുന്നില്ല. മുത്തശ്ശനരയാലിലകൾ നൃത്തം ചവിട്ടി നി൪ത്തിയിരിക്കുന്നു. ഒരു മരക്കൊമ്പിൽ നിന്നും ഒരു കിളിപ്പേച്ചു പോലും ഉയരുന്നില്ല. ലോകം വെന്തും വരണ്ടും കിടന്നു. മൂക്കൂട്ടുവഴിക്കവലയിൽ നിന്നു പുറപ്പെട്ടുപോവുന്ന ഓരോ വഴിയും അധികം ദൂരെയല്ലാതെ വെയിലിൽ അപ്രത്യക്ഷമായ പോലെ. ആ വഴികളിൽ ആരും നടക്കുന്നുണ്ടായിരുന്നില്ല. എന്നാലും അതിൽ പലതിലും ഇരവി ആരുടേയോ കാൽപ്പെരുമാറ്റം കേട്ടു. വെയിൽപ്പാമ്പുകൾ ഇണചേ൪ന്നു പുളയുന്ന വഴികളിൽ ആരോ വടിയാഞ്ഞു കുത്തിയൊച്ചയുണ്ടാക്കിക്കൊണ്ടു നടക്കുന്നുണ്ടെന്നു തന്നെ ഇരവി വിശ്വസിച്ചു. ഇപ്പോൾ ബസിന്റെ ദൂരാരവം പോലും കേൾക്കാതായിരിക്കുന്നു. അത് മാടൻമലയുടെ ഏതോ ഗുഹാഗ൪ഭത്തിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു അതിന്റെ ചെത്തം പോലും… പുറക്കാവിലെ കാലങ്ങൾ പുറപ്പെട്ടുപോവുന്ന മുക്കൂട്ടപ്പെരുവഴിയിൽ ഇരവി ആരോരുമില്ലാതെ നിന്നു.

ഒറ്റയ്ക്കു തന്നെയായിരുന്നു. ഇന്നും എന്നും. താൻ പുറക്കാവിലെത്തുന്ന വിവരം ആരെയറിയിക്കാനാണ്. ഇന്ന് ഈ സമയത്തിന്റെ ഈ ചുഴിക്കയത്തിൽ താൻ ഇവിടെ എത്തുമെന്നു തനിക്കു പോലും അറിയാത്ത കാര്യമാണ്. പ്രലോഭിപ്പിക്കുന്ന ദൂരങ്ങൾ വന്നു വിളിച്ചതോടെ എന്നു തുടങ്ങിയതാണു തന്റെ പ്രയാണമെന്ന് ഇരവി പോലും കണക്കുവച്ചിരുന്നില്ല. ജീവിതത്തിനു തന്നെ കണക്കില്ലാതിരിക്കുമ്പോഴാണു പലായനങ്ങളുടെ കണക്കു വയ്ക്കുന്നത്. അതിൽ വലിയൊരു തമാശ അയാൾക്കു തോന്നി. വരൂ വരൂ എന്നു വിളിക്കുകയായിരുന്നു. ദൂരങ്ങൾ, അകലങ്ങൾ… പിതൃശബ്ദങ്ങൾ വന്നുവിളിക്കുമ്പോൾ പുറപ്പെടാതിരിക്കുന്നതെങ്ങനെ…? എവിടെയെത്തിയാലാണ് ആത്മശാന്തി ലഭിക്കുകയെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. 

പിന്നെയെങ്ങനെയാണ് സ്ഥല-കാലങ്ങൾ വന്നു കൂടിച്ചേ൪ന്നു നിൽക്കുന്ന പുറക്കാവിൽ തന്നെ കാത്ത് ആരെങ്കിലും നിൽക്കുവാനായിട്ട്. മുത്തശ്ശനരയാൽ തന്നെ തുറിച്ചുനോക്കുന്നതായി ഇരവിക്കു തോന്നി. മാടിവിളിച്ചു പ്രലോഭിപ്പിച്ചിരുന്ന സ്വപ്നങ്ങളിലെല്ലാം ഇങ്ങനെയൊരു അരയാൽ പട൪ന്നുപന്തലിച്ചു നിന്നിരുന്നു എന്ന് ഇപ്പോൾ വ്യക്തമായി ഓ൪ക്കാനാകുന്നു. അവസാനം എത്തേണ്ടിടത്ത് എത്തിച്ചേ൪ന്നു എന്നാണോ അതിൽ നിന്ന് അ൪ഥമാക്കേണ്ടത്. വഴിയരികിലെ അത്താണിയുടെ ഇത്തിരിത്തണലിലേക്ക് ഇരവി മാറിനിന്നു. ചുട്ടുപൊള്ളി നിൽക്കുകയാണു ചുറ്റും. 

പയ്യെപ്പയ്യേ കണ്ണുകൾക്കു മുന്നിൽ ഭൂമിക വ്യക്തമായി വന്നു. എന്തെങ്കിലും ഉണ്ട് എന്നു പറയാൻ പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അതെല്ലാം വെയിലിൽ മറഞ്ഞുനിൽക്കുകയായിരിക്കണം. ദൂരെ പൊള്ളിനിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ പ്രത്യേകിച്ച് ഒന്നും കാണാനുണ്ടായിരുന്നില്ല. കെട്ടിടങ്ങളോ വീടുകളോ ഒന്നും. ഇതിപ്പോഴും പ്രേതഭൂമി തന്നെയാണോ…? അല്ലെങ്കിലും പ്രേതഭൂമിക്കു പിന്നീടെപ്പോഴെങ്കിലും ജീവൻ വച്ചു വളരാൻ കഴിയുമോ..? 

കണ്ണുകൾക്കു മുന്നിലുള്ള വെയിൽപ്പാട ഒന്ന് അടങ്ങിയപ്പോൾ ഇരവി കണ്ടു. അധികം ദൂരെയല്ലാതെ വലിച്ചുകെട്ടിയ ചെറിയ ചായ്പ്. അത് ആരെങ്കിലും അവിടെ ഉണ്ടാക്കിയതാണെന്നു കണ്ടാൽ പറയില്ല. ഭൂമിയിൽ നിന്നു മുളച്ചുവന്നതുപോലെയാണു തോന്നിപ്പിച്ചത്. ഇനിയും ചുറ്റും കെട്ടിടങ്ങളും വീടുകളും മണ്ണിനടിയിൽ നിന്നു മുളച്ചുവരാനുണ്ടായിരിക്കുമോ…? പുറക്കാവിൽ എന്തും സാധിക്കുമെന്നാണു കേട്ടിരിക്കുന്നത്. അല്ലെങ്കിൽ ഇരവി അങ്ങനെയാണു വിചാരിച്ചിരിക്കുന്നത്. കാലിൽ കുതിപ്പു നിറച്ചുകൊണ്ട് അയാളെ ദൂരേയ്ക്കു ദൂരേയ്ക്കു മാടി വിളിക്കുന്ന പ്രലോഭനങ്ങൾ അങ്ങനെയാണ് അയാളിൽ അതൊക്കെ കുത്തിവച്ചിരിക്കുന്നത്. എന്തും സാധ്യമാവുന്ന ഒരിടം. അവിടെ സംഭവിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. സാധാരണ ലോകത്തിന്റെ മറുപുറമായിരുന്നു അത്. മറ്റൊരു പ്രപഞ്ചം.

പുറക്കാവ് വെയിലത്ത് ഉണക്കാനിട്ട കൊണ്ടാട്ടം പോലെയാണെന്ന് ഇരവിക്കു തോന്നി. അവിടെ പൊള്ളിയുണങ്ങാത്തതായി ഒന്നുമുണ്ടായിരുന്നില്ല. അധികം ദൂരെയല്ലാതെ, മണ്ണിൽ നിന്നു മുളച്ചുപൊന്തിയ ആ ചായ്പ്പിന് ഒരു ചായക്കടയുടെ ഛായ ഇരവി കൽപ്പിച്ചുണ്ടാക്കി. എന്നാൽ അവിടെ ആരുമുണ്ടായിരുന്നില്ല. വെയിലിൽ നിന്ന് ഓടി രക്ഷപ്പെട്ട ഒരു കാറ്റു മാത്രം കാലം മെഴുക്കു പിടിപ്പിച്ച ബെഞ്ചുകളുടെ കാലുകളിൽ ഊഞ്ഞാലാടി. ബെഞ്ചുകളും കാറ്റിനൊപ്പം ഊഞ്ഞാലിൽ കയറി..അങ്ങോട്ടു കയറിയാൽ വെയിൽ നനയാതെ അൽപ്പം തണലിലേക്കു മാറിനിൽക്കാമെന്ന് ഇരവിക്കു തോന്നി. അയാൾ, തന്റെ കൈയിൽ ആകെയുണ്ടായിരുന്ന തോൾസഞ്ചി അത്താണിയിൽ നിന്ന് ഊരിയെടുത്തു.

ആ സഞ്ചി തന്നെ അയാളെ സംബന്ധിച്ചിടത്തോളം അധികമായിരുന്നു. ഇരവിയുടെ സ്വന്തം ദേഹം തന്നെയായിരുന്നു അയാളുടെ ഏറ്റവും വലിയ സഞ്ചി… ആ ദേഹത്തിനകത്താണ് അയാൾ പോയ കാലത്തെയെല്ലാം മടക്കിവച്ചിരുന്നത്. അതും ഇടയ്ക്കെടുത്തു മുഷിഞ്ഞുംചുളിഞ്ഞും പോയത്. തന്റെ പോയ കാലത്തെ ഇസ്തിരിയിട്ട് അടുക്കിവയ്ക്കാൻ അയാൾക്കു ഒരിക്കലും സാധിച്ചിരുന്നില്ല. അയാളുടെ ജീവിതം തന്നെ എപ്പോഴും വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞകാലം വാടകയ്ക്കു താമസിച്ചിരുന്ന ഒരിടവും അയാളുടെ സ്വന്തമായിരുന്നില്ല. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നിതാന്തമായ ഒഴുക്ക് ആയിരുന്നു. മറ്റെന്തെങ്കിലും അങ്ങനെ ഒഴുകിയിരുന്നെങ്കിൽ അതിനെ പുഴയെന്നോ അരുവിയെന്നോ വിളിക്കുമായിരുന്നു. എന്നാൽ, അയാളെ ഇരവി എന്നു മാത്രം വിളിച്ചു. വല്ലാതെ സ്നേഹം കൂടുമ്പോൾ മറ്റാരും കേൾക്കാതെ അമ്മ രവിയെന്നും വിളിച്ചു. എന്നാൽ, ഇരവിയെന്ന പേരിനോടു മാത്രമേ അയാൾ വിളികേട്ടുള്ളൂ.

തന്നെ അന്വേഷിച്ച് ആരും വരാനില്ലെന്നിരിക്കെ വെയിലിന്റെ മുക്കൂട്ടുപ്പെരുവഴിയിൽ അധികനേരം പിന്നെയും നിൽക്കുന്നതിൽ എന്തെങ്കിലും അ൪ഥമില്ലെന്നു തന്നെ ഇരവി വിചാരിച്ചു. പുറക്കാവു മൊത്തത്തിൽ വെയിലിൽ നിന്നു മുഖം ഒളിപ്പിച്ചിരിക്കുകയാണ്. ചെത്തവും അനക്കവും എല്ലാം എവിടെയെല്ലാമോ ഒളിപ്പിച്ചിരിക്കുന്നു. പുറക്കാവ് തന്നെ വലിയൊരു ഒളിച്ചുകളിപ്പറമ്പാണെന്ന് ഇരവിക്കു തോന്നി. ആരോ മുഖം പൊത്തിയിട്ടുണ്ട്. ആരൊക്കെയോ എവിടെയൊക്കെയോ ഒളിച്ചിരിപ്പുണ്ട്. വെയിൽ തണുക്കുമ്പോൾ അവരെ കണ്ടെത്തുമായിരിക്കും. താനും ഇന്നുമുതൽ കാലത്തിന്റെ ഈ പെരും ഒളിച്ചുകളിയിലെ ഒരു കളിക്കാരനാണ്. കണ്ണുപൊത്തിയാണോ ഒളിക്കാരനാണോ എന്നു വൈകാതെ മനസിലാക്കേണ്ടിവരുമെന്ന് അയാൾക്കു തോന്നി. 

ഇരവി ചായ്പ്പിനകത്തേക്കു തലയിട്ടു. കുനിഞ്ഞുമടങ്ങിവേണമായിരുന്നു അകത്തേക്കു കടക്കാൻ. ഇപ്പോൾ കാലമെത്രയായിട്ടുണ്ടാവും. പുറക്കാവിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നുവേണം വിചാരിക്കാൻ. കുനിഞ്ഞുകടന്നപ്പോൾ ഇരവിയുടെ തോൾസഞ്ചി പനമ്പുതട്ടിയിൽ കുടുങ്ങി. പനമ്പുമേലാപ്പ് ആ സഞ്ചി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണോ എന്നാണു തോന്നിപ്പിച്ചത്. വേണമെങ്കിൽ സഞ്ചി അവിടെ ഉപേക്ഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ… പൊള്ളാച്ചിയിൽ വച്ച് അതൊരിക്കൽ ആരോ എടുത്തുകൊണ്ടുപോയതാണ്. രാത്രിസത്രത്തിലെ ഉറക്കത്തിനിടെ. അതിന്റെ പൊല്ലാപ്പ് ഒഴിഞ്ഞു എന്നു വിചാരിച്ചതാണ്. എന്നാൽ, കൊണ്ടുപോയതുപോലെ അതു തിരികെ കൊണ്ടുവന്നിട്ടു. വാരിവലിച്ചിട്ട രീതിയിൽ അത് അടുത്ത പൈപ്പ് ചുവട്ടിന്റെ അരികിൽ നിന്നു മിഴിയമ്മാൾ കണ്ടെടുത്തുകൊണ്ടുവരികയായിരുന്നു. മിഴിയമ്മാളിന്റെ നീണ്ടു കറുത്ത കണ്ണുകൾ ഓ൪മയിൽ ഉടക്കി. 

ഇരവി ചായ്പ്പിനകത്തേക്കു കയറി. കനൽച്ചൂട് സമോവറിനകത്തെ ചാരത്തിൽ ഒളിച്ചുകിടക്കുന്നുണ്ട്. സമോവറിനകത്തു നിന്നു വെന്ത വെള്ളത്തിന്റെ നേ൪ത്ത നിശ്വാസം ശ്രദ്ധിച്ചാൽ കേൾക്കാം. ആളനക്കം ചത്തുകിടക്കുന്ന പുറക്കാവിൽ അതിന്റെ നേ൪ത്ത ഒച്ചയും കേൾക്കുന്നതിൽ ഇരവിക്ക് അദ്ഭുതമൊന്നും തോന്നിയതേയില്ല. കാറ്റുകൾ മേഞ്ഞുനടന്ന മേൽക്കൂരയിൽ ഒരു പച്ചയോന്ത് തലയിളക്കി. സമോവറിനകത്ത് ഒളിച്ചിരിക്കുന്ന കനലുകളെ പിടിക്കാൻ ആരാണ് എവിടെയാണു കണ്ണുപൊത്തിയിരിക്കുന്നുണ്ടാകുക…? എന്നാൽ ആ ചായ്പ്പിനകത്ത് അങ്ങനെ ജീവനുള്ളതായി ഒന്നുമുണ്ടായിരുന്നില്ല. ജീവനുള്ളവ തന്നെ കണ്ണു പൊത്തിയിരിക്കണം എന്നു നി൪ബന്ധമില്ലാത്തതു പോലെ. മരിച്ചവയക്കും അതിനു സാധിക്കും എന്നു കളിക്കുന്നതുപോലെ. പുറക്കാവിൽ എന്താണു സാധ്യമല്ലാത്തത്… ഇരവി ബെഞ്ചുകളിലൊന്നിനെ പതുക്കെ തൊഴിച്ചു. 

 ഇനി സ്വന്തമായി ചായയുണ്ടാക്കിക്കുടിക്കേണ്ടുന്നതായ രീതി വല്ലതുമായിരിക്കുമോ എന്ന് ഇരവി സംശയിച്ചു. എങ്കിൽ അങ്ങനെ… കുറച്ചുകൂടി കാത്തിരിക്കാമെന്നും ചായ്പ്പിന്റെ ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് ഒന്നു നിരീക്ഷിക്കാമെന്നും ഇരവി വിചാരിച്ചു. എന്നുവച്ചാൽ, ആ ചായ്പ് ഏതു ഭൂമികയിലാണു നിൽക്കുന്നതെന്ന് അറിയണമെന്നൊരു കൊതി. ചായ്പ്പിനപ്പുറം ഉഴവു നിലച്ച പാടങ്ങൾ വിണ്ടുകിടന്നു. ദൂരെ മാടൻ മലയുടെ ആകാശക്കറുപ്പിന് അതിരിട്ടു കരിമ്പനകൾ നിരനിരയായി നിന്നു. അതു കരികൊണ്ട് ആരോ വരച്ച ചിത്രം പോലെ തോന്നിച്ചു. കടുത്ത വെയിലിൽ എല്ലാ ഇലപ്പച്ചകളും നരച്ചുകിടന്നു. എല്ലാ മരക്കാഴ്ചകളും ഒരു പോലെ നിന്നു. കരിമ്പനക്കൂട്ടങ്ങൾ വരിവരിയായി മാടൻമലയിലേക്കു പോകുന്നതായി ഇരവി സങ്കൽപ്പിച്ചു. പുറക്കാവിനെ കൊള്ളയടിച്ചും മാനം കെടുത്തിയും പടയോട്ടം നടത്തുന്ന കരിമ്പനകൾ… ഇവിടെ എന്തും വിചാരിക്കാം എന്ന് ഇങ്ങോട്ടു മാടിവിളിച്ച പ്രലോഭനങ്ങളിൽ ഉണ്ടായിരുന്നു. ഇരവി എന്തും വിചാരിക്കാനായി മനസ്സൊരുക്കി.

 സമോവറിനകത്തെ വെന്ത വെള്ളത്തിന്റെ അവസാന ശ്വാസവും നിലയ്ക്കുന്നതിനു മുമ്പ് ആരെങ്കിലും ചായപ്പാത്രത്തിൽ കൈവയ്ക്കുമോ എന്ന കാര്യത്തിൽ ഇരവിയുടെ ആശങ്ക പാരമ്യതയിലെത്തിക്കഴിഞ്ഞിരുന്നു. എരിചട്ടിയിലായിരിക്കുന്ന പുറക്കാവിൽ അപ്പോൾ ഒരു ചൂടു ചായയ്ക്ക് ആരും ആവശ്യക്കാരായി ഉണ്ടായിരിക്കില്ല എന്നുതന്നെ വിചാരിക്കണമായിരുന്നു. അല്ലെങ്കിൽ ആരെങ്കിലും ചായച്ചായ്പ്പിനകത്ത് ഉണ്ടായിരുന്നേനെ. ഇങ്ങനെ എരിപൊരിവെയിലത്തു പനനൊങ്കും കൂട്ടി ഓരോ കുടം പനങ്കള്ളു കുടിക്കുന്നവ൪ ഈ ഉഷ്ണഗ൪ഭത്തിനകത്തു കണ്ടേക്കും എന്നൊരു വിചാരം ഇരവിയിൽ കടന്നൽക്കൂടു കെട്ടിത്തുടങ്ങി. ചായച്ചായ്പ്പിന്റെ മറവിൽ ഇനി അവിടെ അങ്ങനെയൊരു കച്ചവടം നടക്കുന്നില്ല എന്നു വിചാരിക്കാനും സാധിക്കില്ലായിരുന്നു. അങ്ങനെയെങ്കിൽ പനങ്കള്ളിന്റെ കാമുകന്മാ൪ ആരെങ്കിലും അന്വേഷിച്ചുവരാതിരിക്കില്ല. എന്നാൽ, പുറക്കാവിൽ താൻ മാത്രമാണു ജീവിച്ചിരിക്കുന്നുണ്ടായിരിക്കുക എന്നൊരു വിചാരത്തിലേക്ക് അത് ഇരവിയെ തള്ളിയിട്ടു.

അടുത്ത നിമിഷം ഇരവി സമോവറിനടുത്തേക്കു നീങ്ങി നിന്നു. അതിനകത്തെ കാഞ്ഞ വെള്ളം ഊ൪ധ്വൻ വലിക്കുന്നത് അയാൾ കേൾക്കുകയായിരുന്നു. ഇരവി ബെഞ്ചിൽ നിന്ന് എഴുന്നേൽക്കേണ്ട താമസം, പനമ്പുതട്ടികളുടെ ഇടയിൽ രണ്ടു പേ൪ തലനീട്ടി. മേൽക്കൂരയിൽ നിന്ന് ആ പച്ചയോന്തും വെയിലിന്റെ പിന്നാമ്പുറത്തു നിന്ന് ഒരാളും. അയാൾ അടുത്ത നിമിഷം ആ പച്ചയോന്തിനെ ഈ൪ക്കിലിയിൽ കോ൪ക്കുമായിരുന്നു എന്നു തോന്നിപ്പിച്ചു, രണ്ടു സംഭവങ്ങളുടെയും ആകസ്മികമായ സമയച്ചേ൪ച്ച. എന്നാൽ, ആ തല കണ്ടയുടനെ പച്ചയോന്ത് വീണ്ടും പനമ്പുമേൽക്കൂരയ്ക്കുള്ളിലേക്ക് അതിന്റെ വ൪ത്തമാനകാലത്തെ ഒളിപ്പിച്ചു.

   “എന്താവേ…?” മനുഷ്യത്തല ചോദിച്ചു.

   “വെള്ളത്തിന്റ വേവ് ചത്താണുവോ…” ഇരവി പതുക്കെ ചോദിച്ചു.

   “ഇദ്ദുനിയാവ് മുഴ്വോൻ വെന്ത് കെടക്ക്മ്പഴോ…” അയാൾ മനസില്ലാമനസോടെ പറഞ്ഞു. അയാൾക്ക് ഒന്നിനോടും എന്തെങ്കിലും തോന്നുന്നുണ്ടായിരുന്നില്ല. വെയിൽ അയാളുടെ മനസിനെ നരപ്പിച്ചുകഴിഞ്ഞതായി തോന്നിപ്പിച്ചു.

   “എന്നാലൊര് ചായ…” 

   “പാൽല്ല…കട്ടനാക്ക്മോ…?”

   “ആയ്ക്കോട്ടീശരാ….” ഇരവിക്ക് അങ്ങനെ പറയാനാണു തോന്നിയത്.

 സമോവറിലെ കനലുകൾ വീണ്ടും കുത്തിയിളക്കി അയ്യാത്തൻ… ചായ കൂട്ടുന്നതിനിടയിലാണ് അയാൾ സ്വന്തം പേര് ഇരവി ചോദിക്കാതെ തന്നെ പറഞ്ഞത്. കരിമ്പനക്കൂട്ടത്തിനിടയിലെ കുറ്റിപ്പാ൪പ്പുകളിലെവിടോ പനങ്കള്ളുപൊരയുണ്ട്… അവിടേക്കെന്ന് പറഞ്ഞ് അയ്യാത്തൻ എങ്ങോട്ടോ കൈയാഞ്ഞു വീശി ചൂണ്ടിക്കാണിച്ചു. 

    “പനങ്കള്ള്പൊരേലേ ഇന്നേരത്ത് ആവിശ്ശക്കാര്ണ്ടാവ്ള്ള്… ഇച്ചൂടത്ത് ചായ കുടിക്കണങ്ക്ല് വരത്തനാണ്….” അയ്യാത്തൻ എല്ലാം സ്വയമെന്നോണമെന്നാണു പറയുന്നത്. പനങ്കള്ള്പൊരേലേക്കു കൈ ചൂണ്ടിയതും അയാളോടു തന്നെയായിരുന്നു. ഇരവി വരത്തനാണോ എന്നു ചോദിച്ചതും തന്നോടു തന്നെയായിരുന്നു. അയ്യാത്തൻ  ഇരവിയുടെ മുഖത്തേക്കു നോക്കിയിരുന്നില്ല. അയ്യാത്തൻ തന്നിൽ നിന്നു മുഖമൊളിപ്പിച്ചുവയ്ക്കുകയാണെന്ന് ഇരവിയെ അതു കഠിനമായി സംശയിപ്പിച്ചു.

   “പൊള്ളാച്ചിന്ന്ണ്….” അയ്യാത്തന് ഇനി ഒരു സംശയം വേണ്ടെന്ന മട്ടില് പറഞ്ഞു.

   “ന്നാച്ചാ പാണ്ടീമല്ല…” തോളിലിട്ടിരുന്ന തോ൪ത്തിൽ അവസാനം ചായഗ്ലാസ് പുറംമിനുക്കി കൊണ്ടുവന്നുവച്ചപ്പോൾ അയ്യാത്തൻ ഇരവിയെ ഒന്നു ചെറഞ്ഞുനോക്കി.

   “അല്ല…എനി പാണ്ട്യാവ്ണ, അത്ം ആവാം…” ഇരവി കരുണയോടെ പറഞ്ഞു.

   “അന്നാ, പാണ്ടിക്കാരനല്ല, പിന്നെവ്ടാണ് ശെരിക്ക്ം…?”

   “ശെരിക്ക്ം ഓരോര്ത്തര്ം എവിടത്താരാണ്….? അങ്ങന ഇന്നെടത്ത് ഇന്നാളാന്ന് എഴ്തിവച്ചിട്ട്ണ്ടാ…?”

   “അത്ണ്ട്… മാടൻമലക്ക് ഒര് സിദ്ദന്ണ്ട്… അയാളിന്റ ക്രെന്തക്കെട്ട്ല്ണ്ട് ശെരിക്ക്ം ഒരാള് എവ്ടത്താന്ന്…”

   “കാണാമ്പഴ്റ്റോ…?”

   “ആരെയാണ്….?”

   “സിദ്ദന…”

   “പറ്റ്മാരിക്ക്ം… അയ്ന് മാടൻമലേല് കടന്ന്പറ്റണം… അതെല്ലാരിക്ക്ം സാദിക്ക്ംമറ്റ്ല്ല…”

 “അങ്ങന ഒരാള്ണ്ടാര്ന്ന്….”

   “എവ്ടെത്താണ്….” അയ്യാത്തന്റെ മനസിൽ തിടുക്കം മുളച്ചുകൊണ്ടിരുന്നു.

   “പുറക്കാവില്….”

 എത്ര ആലോചിച്ചിട്ടും അയ്യാത്തന് അങ്ങനെ ഒരാളെപ്പറ്റി ഓ൪മ വരുന്നുണ്ടായിരുന്നില്ല. വെയിൽത്തിമിരം അയാളുടെ ഓ൪മയെ ആകെ മറച്ചിരിക്കുന്നു. അയ്യാത്തൻ ഇരവിയെത്തന്നെ തുറിച്ചുനോക്കി. എവിടെനിന്നോ വന്ന വരത്തൻ പുറക്കാവിലെ കാലത്തിനു വില പേശുകയാണെന്ന് അയാൾക്കു തോന്നി. അങ്ങനെ മാടൻമലയുടെ ഉള്ളുകള്ളികൾ അറിയുന്ന ആരും അയാളുടെ കാലത്തിൽ പുറക്കാവിലുണ്ടായിരുന്നില്ല. അയാൾക്കു മുന്നെയുള്ള കാലത്തും ഉണ്ടായിരുന്നെന്ന് ആരും ഏട്ടിലെഴുതിവച്ചിട്ടുമുണ്ടായിരുന്നില്ല. കേട്ടുകേൾവികളിലും ഉണ്ടായിരുന്നില്ല. ഇരവി കുടിച്ചിട്ടും കുടിച്ചിട്ടും കട്ടഞ്ചായ തീരുന്നേയില്ല. അയാൾ മറ്റൊന്നും ശ്രദ്ധിക്കാതെ അത് ഊതിക്കുടിച്ചു. എന്നാൽ, അയാൾ ഗ്ലാസിലേക്കല്ല ഊതുന്നതെന്ന് അയ്യാത്തൻ കണ്ടുപിടിച്ചു. അയാൾ അയാളുടെ അകത്തേക്കു തന്നെയാണ് ഊതിക്കൊണ്ടിരുന്നത്. അപ്പോൾ ചൂടുചായ അയാളുടെ ഉമിനിരീൽ കല൪ന്നുകൊണ്ടിരുന്നു.

വെയിൽ വകഞ്ഞുവന്ന വരത്തൻ ആരായിരിക്കും എന്നൊരു ചോദ്യമാണ് അയ്യാത്തനെ സംശയിപ്പിച്ചിരുന്നത്. ഒരിറക്കു ചായ ബാക്കിവച്ച് ഇരവി തോൾസഞ്ചിയിൽ കൈയിട്ടു ചെറിയൊരു ഡപ്പി പുറത്തെടുത്തു. അത് അയ്യാത്തന്റെ സംശയത്തെ പെരുപ്പിച്ചു.

   “ലാടവൈദ്യനാക്മോ….?” അയ്യാത്തൻ സംശയം മറച്ചുവച്ചില്ല. 

   “അല്ല….” ഇരവി പതുക്കെ പറഞ്ഞു. അയാൾക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ. എന്നാൽ അയ്യാത്തൻ അതു പിടിച്ചെടുത്തുകഴിഞ്ഞിരുന്നു.

 തൻ്റെ സഞ്ചിയിലെ കണ്ണുകുത്തുപെട്ടിയിൽ നിന്നു കൊഴുത്ത ഒരു നീലപ്പീള ചൂണ്ടുവിരൽകൊണ്ടു തോണ്ടിയെടുത്ത് ഇരവി അയ്യാത്തന്റെ രണ്ടു കണ്ണിലും എഴുതി. 

    “എന്ന കണ്ണ്പൊട്ടനാക്ക്മോ…” അയ്യാത്തൻ ആശങ്കപ്പെട്ടു.

    “ഇല്ല….” ഇരവി കരുണയോടെ പറഞ്ഞു.

 കണ്ണുകൾ രണ്ടുമെഴുതിക്കഴിഞ്ഞപ്പോൾ, വയൽക്കണ്ണിപ്പശ കണ്ണെഴുതിയാലെന്ന പോലെ അയ്യാത്തന് കണ്ണുകളിലാകെ ഹിമത്തണുപ്പു പട൪ന്നു. ഉൾക്കണ്ണുകളിൽ അയാൾക്കു മുന്നിൽ പല കാലങ്ങൾ മെല്ലെ തെളിഞ്ഞു വന്നു.

( തുടരും .. )

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.