ജെസ്സി

വീട്ടുജോലിക്കായി വന്നതാണ് ഏഴരസ്സി
“അക്കാ എന്ന വേലയിരിക്ക് ” അവൾ തന്റെ വെറ്റിലക്കറയുള്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു. “സേതു നീ ഒന്ന് പറഞ്ഞു കൊടുക്ക്‌ എനിക്ക് നല്ല സുഖമില്ല..” അവൾക്കു മുഖം കൊടുക്കാതെ അലീമ അകത്തു കയറി വാതിൽ വലിച്ചടച്ചു..
“അലീമ നിനക്കെന്താ പറ്റിയത്?” സേതു വാതിൽ തുറന്നു അകത്തേക്ക് കടന്നു. കട്ടിലിൽ ചുരുണ്ടു കൂടി വിയർത്തു കിടക്കുന്ന അലീമയുടെ തോളിൽ മെല്ലെ കൈ വെച്ചു. അവളുടെ മുഖം തനിക്കഭിമുഖമാക്കി കിടത്തി.
“എന്താടാ നീയാകെ നീലിച്ചിരിക്കുന്നല്ലോ എന്താ നിനക്ക് പറ്റിയെ?”
“എന്തോ ഒരു വല്ലായ്ക സേതു ഞാനിത്തിരി കിടക്കട്ടെ…”

പിന്നീടും ഏഴരസ്സി വരുന്ന ദിവസങ്ങളിൽ എല്ലാം ഇതേ അവസ്ഥ ആയിരുന്നു ആ വീട്ടിൽ.
“അലീമ നിനക്കെന്താ ഏഴരസ്സിയോട് പ്രശ്നം”.
“പ്രശ്നമൊന്നുമില്ല സേതു… ഞാൻ പറഞ്ഞില്ലേ അവൾക്കു പകരം വേറെ ആരെയെങ്കിലും ജോലിക്ക് വെക്കാൻ എനിക്കവരെ എന്തോ നെഗറ്റീവ് വൈബ്… അല്ലെങ്കിൽ റിസോർട്ടിലെ ക്ലീനിങ്ങിലേക്ക് മാറ്റു.. ഇവിടെ പകരം വേറെ ആളേ വെക്കു….”
“നിനക്കറിയില്ലേ അലീമ ഇപ്പോ ജോലിക്കാരിയെ കിട്ടാൻ എത്ര പ്രയാസമാണെന്ന് ഞാൻ നോക്കാം. അത് വരെ ഇവൾ വരട്ടെ”

ആ വെള്ളിയാഴ്ച ഏഴരസ്സി ജോലിക്ക് വരുമ്പോൾ അലീമ മുറ്റത്തു മദ്രാസ് മുല്ലയുടെ ചില്ലകൾ വെട്ടുകയായിരുന്നു. ഏഴരസ്സി അവളുടെ അടുത്തേക്ക് വന്നു തന്റെ വെറ്റിലക്കറയുള്ള പല്ലുകൾ കാട്ടി ചിരിച്ചു. അലീമ ഓടി റൂമിൽ കയറി വാതിലടച്ചു. റൂമിൽ ഓഫീസിൽ പോവാൻ ഒരുങ്ങുന്ന സേതു അവളുടെ അസ്വസ്ഥത കണ്ടു ഭയന്നു. അലീമ തന്റെ വസ്ത്രങ്ങൾ അഴിച്ചു “ജെസ്സി. ജെസ്സി’ എന്നാലറിക്കൊണ്ട് വാഷ്റൂമിലേക്ക് ഓടിക്കയറി ബക്കറ്റിലെ വെള്ളം തലയിൽ കോരി ഒഴിച്ച് തുടങ്ങി. സേതു വിഷമത്തോടെ റൂമിൽ നിന്നിറങ്ങി. ആരോടാണ് തന്റെ ഈ അവസ്ഥ ഒന്ന് പങ്കു വെക്കുക. അവൻ ഹേമന്തിന്റെ നമ്പർ ഡയൽ ചെയ്തു.
“ഹേമന്ത് എനിക്കൊന്നു സംസാരിക്കണം നീയൊന്നു വീട് വരെ വരാമോ “
“എന്താടാ നിന്റെ ശബ്ദം വല്ലാതെ ഞാനിപ്പോൾ എത്താം.”
“ആക്കാവുക്ക് എന്നാച്ച് സർ? അവങ്കള്ക്ക് എന്നയ് പുടിക്കാതാ” തന്റെ പ്ലാസ്റ്റിക് വയർ സഞ്ചിയും എടുത്തു ഏഴരസ്സ് പുറത്തേക്കിറങ്ങി നടന്നു..
“നിനക്ക് കാശ് വേണ്ടേ ഏഴരസ്സീ ” സേതു ചോദിച്ചു
“പോതും സാമി നാനും സോർ താൻ സാപ്പിടുത് എനക്കും തെരിയും ഇങ്കെ എന്ന പ്രച്ചനയെന്നു എങ്കളുക്ക് കാസ് ഇല്ലയ് ആനാൽ ഇന്ത മാതിരി കഷ്ടം ഫസ്റ്റ് ടൈം താൻ… നാൻ വറേൻ… ഉങ്ക വീട്ടു പ്രച്ചനയ് റെഡി പണ്ണിടുങ്കോ “

ഏഴരസ്സി ഇറങ്ങിയതും ഹേമന്തിന്റെ ബുള്ളറ്റ് പോർച്ചിലെത്തി.
“എന്താണ് സേതു ഭായ് ആകെ മൊത്തം ഫ്യൂസ് പോയ പോലുണ്ടല്ലോ”
“നീ വാ പറയാം “
അവർ ഹാളിലേക്ക് ഇരുന്നു. സേതു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.

“ഡാ ഇനി ആ തമിഴത്തി വല്ല പ്രേതവും ആണോടാ അതോ ഇനി ഈ വീടിന് വല്ല കൊഴപ്പോം ഉണ്ടോ? “
“ഞാൻ നട്ട പ്രാന്ത് പിടിച്ചിരിക്കുമ്പോളാണോടാ നിന്റെ തമാശ. ഭൂതോം പ്രേതോം ഒന്നുമല്ല. അലീമ ഡിസ്റ്റർബ്ഡ് ആണ് നല്ലൊരു കൗൺസിലിങ് കൊടുത്താലോ എന്നാണ്… ” സേതു പറഞ്ഞു.
“അതു നല്ല കാര്യമാണ് സേതു എന്റെ അനിയത്തി ഹെനയുടെ ഫ്രണ്ട് ജിജോ ഇവിടുത്തെ നല്ലൊരു സൈക്കോളജിസ്റ്റ് ആണ് ഞാനൊന്നു കോൺടാക്ട് ചെയ്തിട്ട് നിന്നെ വിളിക്കാം “
ഹേമന്ത് അവിടെ നിന്ന് ഇറങ്ങി… സേതു വാതിൽ തുറന്നു നോക്കിയപ്പോൾ അലീമ നല്ല ഉറക്കമാണ്. ടീവീ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഹേമന്ത് വിളിക്കുന്നത്‌
“പറയെടാ എന്തായി “
“സേതു ഞാൻ ഈ സൺ‌ഡേ ജിജോയുടെ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട്. ക്ലിനിക്കിൽ പോണ്ട. നമ്മുടെ റൈറ്റെഴ്സ് ഇൻ കഫെ ഇൽ മീറ്റ് ചെയ്‌താൽ മതി. അതാവുമ്പോ അലീമയും കംഫോർട്ടബിൾ ആയിരിക്കും “
“ഓക്കേ ഡാ താങ്ക്സ് “

“ഈ സൺ‌ഡേ നമുക്കൊരു ഔട്ടിങ് ആയാലോ അലീ.” സേതു അലീമയെ കരവലയത്തിൽ ഒതുക്കികൊണ്ട് ചോദിച്ചു.
“പിന്നെന്താ ഞാൻ റെഡി അവൾ സേതുവിന്റെ മൂക്കിൽ പിച്ചിക്കൊണ്ട് പറഞ്ഞു…”

ഞായറാഴ്ച ഹേമന്ത് പറഞ്ഞ സമയത്ത് ഹെനയും ജിജോയും അവിടെ കോഫി കുടിച്ചു ഇരിക്കുന്നുണ്ടായിരുന്നു.

“അലീന ഇത് എന്റെ ഫ്രണ്ട് ജിജോ.. ഞാൻ എന്തെങ്കിലും സ്നാക്ക്സ് ഓർഡർ ചെയ്തു വരാം ഇവിടെ സെൽഫ് സർവീസ് ആണ് നിങ്ങൾ സംസാരിക്കു ” ഹെന അവിടെ നിന്ന് മാറി..
“ഹായ് അലീന ഐ ആം ജിജോ ചെറിയൊരു സൈക്കോളജിസ്റ്റ് ആണ്..” അലീമ സംശയത്തോടെ സേതുവിനെ രൂക്ഷമായി നോക്കി…
അവർ കുറച്ചു നേരം സംസാരിച്ചു അപ്പോളേക്കും ഹെന ചായയും സ്നാക്ക്സുമായി വന്നു ചായ കുടിച്ചു അവർ പിരിഞ്ഞു. കാറിൽ ഇരുന്ന അലീമ വീട്ടിലെത്തുന്ന വരെ സൈലന്റ് ആയി ഇരുന്നു. വീട്ടിലെത്തിയതും ദേഷ്യത്തോടെ അവൾ ബാഗ് വലിച്ചെറിഞ്ഞു.
“സേതു ഇത് ചീപ്പ് ഏർപ്പാട് ആയിപ്പോയി നീ എന്നെ മനോരോഗി ആക്കിത്തീർക്കാനാണോ അയാളുടെ അടുത്ത് കൊണ്ട് പോയത്. ഞാൻ പറഞ്ഞില്ലേ എനിക്ക് ഒന്നുമില്ല നിനക്ക് മനസിലാവില്ല എന്നെ…” അവൾ സോഫയിലേക്ക് വീണ് കരഞ്ഞു.

സേതു നിലത്തിരുന്ന് അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്ത് നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ അമർത്തി ഉമ്മ വെച്ചു.. അലീമ സേതുവിന്റെ കഴുത്തിലൂടെ കൈ ചുറ്റി അവനെ കെട്ടിപിടിച്ചു കരഞ്ഞു…

“സേതു എനിക്കറിയാം ഐ ആം നോട്ട് ഓക്കേ… നീ എന്നെ ഒഴിവാക്കിക്കോ ഐ ആം നോട്ട് ഓക്കേ…പ്ലീസ് സേതു ഐ ആം നോട്ട് ഗുഡ്….”

അവൻ അവളുടെ മുഖം പിടിച്ച് ഉയർത്തി നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ മെല്ലെ ഒതുക്കി.

“ഒഴിവാക്കാനാണോ മണ്ടി നമ്മളിത്രേം ഈ ജീവിതം ഓടിച്ചെത്തിയത്?… അല്ലേലും നമ്മളെന്തിനാ പിരിയുന്നത്? ഈ നിസ്സാര കാര്യത്തിനോ… നിനക്ക് ഈ അവസ്ഥ മാറണമെന്നു ഉള്ളിൽ തോന്നുന്നുണ്ടെങ്കിൽ നമുക്ക് നാളെ രാവിലെ ജിജോയോട് സംസാരിക്കാം… ഒരു പനി വന്നാൽ നമ്മള് ഡോക്ടറെ കാണിക്കില്ലേ അത്രേള്ളൂ മനസ്സിന് വയ്യായ്ക വന്നാലും… നീ ആലോചിക്കൂ… ഇപ്പൊ കുറച്ചു റെസ്റ്റ് എടുക്കു” അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു അവൻ പറഞ്ഞു.

“സേതു എണീക്കു പോവണ്ടേ?” പിറ്റേന്ന് രാവിലെ കുളിച്ചു റെഡി ആയി അലീമ സേതുവിനെ ഉണർത്തി “എങ്ങോട്ട്” ഉറക്കചടവിൽ സേതു ചോദിച്ചു..
“ജിജോയെ കാണാൻ ” സേതു എണീറ്റിരുന്നു അലീമയുടെ കൈകൾ കൂട്ടിപിടിച്ചു വിരലുകളിൽ ഉമ്മ വെച്ചു.

“ഹായ് ഇരിക്കൂ ജിജോ സേതുവിനോടും അലീമയോടും കുറച്ചു നേരം സംസാരിച്ചു..
“സേതു ഒന്ന് പുറത്തു നിൽക്കാമോ ഞാനൊന്നു സംസാരിക്കട്ടെ അലീമയോട് “
“ഓ ഷുവർ…” സേതു മുറിക്കു പുറത്തിറങ്ങി…
അലീമയോട് സംസാരിച്ചു കഴിഞ്ഞ് ജിജോ സേതുവിനെ അകത്തേക്ക് വിളിച്ചു.
“സേതു കുറച്ചു സിറ്റിങ്ങിലൂടെ ശെരിയാക്കാവുന്നതേ ഉളളൂ അലീമയെ… ഡോണ്ട് വറി നമുക്ക് ഒരു പത്തു ദിവസം കഴിഞ്ഞു കാണാം.

അന്ന് രാത്രി നല്ല ഉറക്കത്തിനിടക്ക് അലീമയുടെ കരച്ചിൽ കേട്ട് സേതു ഉണർന്നു ലൈറ്റ് ഇട്ടു
“ജെസ്സി….ജെസ്സി ” അലീന ഉറക്കത്തിൽ കരയുകയാണ്.
സേതു തട്ടി വിളിച്ചപ്പോൾ അലീന തന്റെ നിശാവസ്ത്രം വലിച്ചുരിഞ്ഞു തന്റെ മുലകളെ അമർത്തിപിടിക്കുകയും നഖമാഴ്ന്നു അവളുടെ വെളുത്ത മാറിടങ്ങളിൽ ചോര പൊടിയുകയും ചെയ്തു.
“എന്താ മോളേ ഇത് സേതു അവളെ ശക്തമായി കുലുക്കി ഉണർത്തി തന്നോട് ചേർത്ത് അണച്ചു.
മെല്ലെ ഉണർന്ന അലീമ കിടക്കയിലുരുന്നു കരഞ്ഞു…
“സേതു എനിക്ക് സംസാരിക്കണം… എനിക്ക് എന്നോട് തന്നെ അറപ്പാ സേതു… അവൻ അവൾക്കു ഒരു നൈറ്റ്‌ വിയർ എടുത്ത് കൊടുത്തു…. അവൾ അത് ധരിച്ചു സേതു കൊടുത്ത വെള്ളവും കുടിച്ചു.. “നീ സ്‌ട്രെസ്സ്ഡ് ആവല്ലേ കണ്ണാ….”

അവൻ അവളുടെ ചുമലിൽ തലോടിക്കൊണ്ടിരുന്നു….
“സേതു എനിക്ക് സംസാരിക്കണം എന്റെ മനസ്സിൽ ആരോടും പറയാതെ കിടന്നു വിങ്ങുന്ന ഒരു കാര്യമുണ്ട്.. ഞാൻ ജിജോ സാറിനോട് പറഞ്ഞിരുന്നു… നീ കേൾക്കുമോ… “
“കേൾക്കാം നീ പറഞ്ഞോ…”

അഞ്ചാം ക്ലാസ്സിലെ സ്കൂൾ ടൂർ. ബസ്സിന്റെ മുൻ സീറ്റിലിരിക്കുന്ന കുട്ടികൾക്ക് ലാലി ടീച്ചർ പാസ്സ് ചെയ്യാൻ പറഞ്ഞ സ്നാക്ക്സ് ഡ്രൈവർക്കു നേരെ നീട്ടിയ അലീമയോട് തന്റെ വെറ്റില ചവച്ച വായ തുറന്നു വേണ്ടെന്നു ആംഗ്യം കാട്ടി ഡ്രൈവർ. തന്റെ അച്ചാച്ചനെ പോലെ ഉണ്ടല്ലോ അയാളെന്നു അവൾ ഓർത്തു… വയനാട് ചുരം എത്തുന്നത് വരെ ഡാൻസും പാട്ടുമായി ടൂർ കൊഴുപ്പിച്ച അലീമക്ക് ചുരം കയറിതുടങ്ങിയപ്പോൾ ശർദിക്കാനും തലയ്ക്കു ഭാരം തോന്നാനും തുടങ്ങി. ക്ഷീണിച്ചു അവൾ റോഷ്മയുടെ തോളിൽ തല വെച്ച് ഇരുന്നു. പൂക്കോട് ലേക്ക് എത്തിയപ്പോൾ എല്ലാവരും ഇറങ്ങാൻ തുടങ്ങി. ലാലി ടീച്ചർ അലീമയുടെ അടുത്തു വന്നു വയ്യെങ്കിൽ ബാക്ക് സീറ്റിൽ പോയി കിടന്നോളാൻ പറഞ്ഞു. ലാലി ടീച്ചറും റോഷ്മയും ചേർന്ന് അവളെ താങ്ങി കൊണ്ട് പോയി കിടത്തി.സങ്കടവും ക്ഷീണവും കാരണം അവളുടെ കണ്ണു നിറഞ്ഞു. അവൾ കമിഴ്ന്നു കിടന്നു.

അൽപ്പനേരം കഴിഞ്ഞപ്പോൾ തലയിൽ ആരോ തലോടുന്നത് അറിഞ്ഞ് അവൾ കണ്ണു തുറന്നു ചെരിഞ്ഞു നോക്കി…
“മോൾക്ക്‌ എന്താ വേണ്ടത്?” മുഖത്തിന് നേരെ കുനിഞ്ഞിരുന്നു തന്നെ നോക്കി ചിരിക്കുന്ന വെറ്റില കറയുള്ള പല്ലുകൾ.
“ഒന്നും വേണ്ട അച്ചാച്ചാ” അവൾ അവ്യക്തമായി ഡ്രൈവറോട് പറഞ്ഞു.
അയാൾ അവളുടെ പുറത്തു ഉഴിഞ്ഞു കൊണ്ടേ ഇരുന്നു. അരികിലിരുന്ന് അവളുടെ കഴുത്തും തടവി കൊടുത്തു.
“വേണ്ട പോയ്കോളൂ” അവൾ പിച്ചും പേയും പോലെ പറഞ്ഞു.
“കുഞ്ഞിന് എല്ലാരുടെയും കൂടെ ഡാൻസുകളിച്ചു പോണെങ്കിൽ… അസുഖം മാറണമെങ്കിൽ.. ഇവിടെ കിടന്നോ… :” അതും പറഞ്ഞു അയാൾ അവളുടെ പുറത്തു തട്ടുകയും അരക്കെട്ടിലും നിതംബത്തിലും ഉഴിയുകയും ചെയ്തു.
കൂതറാൻ തുനിഞ്ഞ അലീമയുടെ വലതു കൈ അയാൾ തന്റെ കൈ മുട്ട് കൊണ്ട് അമർത്തി വെക്കുകയും സീറ്റിനു മുകളിലൂടെ അവളുടെ മുലകളിൽ പിടിച്ച് ഞെരിക്കുകയും ചെയ്തു. തീരെ ആശക്തയായി കുതറാൻ ശ്രെമിക്കുന്ന അവളുടെ നഗ്നമായ കാലിലൂടെ അയാളുടെ കൈകൾ ഇഴയാൻ തുടങ്ങി. ഏതോ വഴുവഴുത്ത സർപ്പം തന്റെ തുടകളിലേക്ക് അരിച്ചു കയറുന്നതായി അവൾക്കു തോന്നി. തന്നെ അതിപ്പോൾ ദംശിക്കുമെന്നും താൻ മരണത്തിന് കീഴടങ്ങാൻ പോവുകയുമാണെന്ന് ഭയന്ന് അവൾ ഞെട്ടി വിറച്ചു.

“അലീമാ” എന്നും വിളിച്ചു ജെസ്സി കയറി വന്നപ്പോൾ അയാൾ ഞെട്ടി മാറി.

“എന്താ അലീമാ നീയെന്തിനാ കരയുന്നെ? “
“അയാൾ എന്നെ കൊല്ലാൻ നോക്കുന്നു നീ പോവല്ലേ അയാൾ ഇനിയും വരും ജെസ്സി പോവല്ലേ പോവല്ലേ….” അവൾ അവ്യക്തമായി കരഞ്ഞു.
“ഇല്ല ഞാൻ പോണില്ല… ഇവിടെ ഇരിക്കാം ടീച്ചറോട് പറയണോ? വേണ്ട ജെസ്സി ടീച്ചർ വീട്ടിൽ പറയും എനിക്ക് വഴക്കും അടിയും കിട്ടും പറയണ്ട “.

മുൻപിലായി നിൽക്കുന്ന ഡ്രൈവറുടെ കണ്ണുകളെ ആ നാല് കണ്ണുകൾ ഭയത്തോടെ നോക്കി.

സേതുവിന്റെ തോളിൽ തല ചായ്ച്ചു അലീമ കരഞ്ഞു. സേതു അവളെ ഒന്ന് കൂടെ ഇറുക്കെ പുണർന്നു.
കൗൺസിലിംഗ് പൂർത്തിയായ ശേഷം അലീമ മിടുക്കി ആയി റിസോർട് ഡെവലപ്പ്മെന്റ് കാര്യങ്ങളിലേക്ക് തിരിയുകയും ഏഴരസ്സിയെ വീട്ടു ജോലിക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. ഒരു വൈകുന്നേരം ഏഴരസ്സി തിരിച്ചു പോവുമ്പോൾ അലീമ ഒരു സാരീ അവൾക്കു നൽകി.
“എതുക്ക് അക്കാ ഇതെല്ലാം ” സാരി തിരിച്ചും മറച്ചും നോക്കി സന്തോഷത്തോടെ ഏഴരസ്സി ചോദിച്ചു…
“ഇത് പോട്ട് തിങ്കൾ കലമൈ ഇങ്കെ വാങ്കോ… അന്നേക്ക് എന്നുടെ ഫ്രണ്ട് ജെസ്സിക്ക് നമ്മ റിസോർട്ട് വെച്ച് ബേബി ഷവർ “
“ബേബി ഷവർന്നാ എന്നാ അക്ക?
“ഉങ്ക നാട്ടു വളകാപ്പു ഇല്ലയാ അത് താൻ “
“അപ്പടിയാ വരേൻ അക്കാ… അക്കാ ഉങ്കളുക്ക് എപ്പോ അന്ത ഷവർ? ഏഴരസ്സി വെറ്റിലക്കറയുള്ള പല്ല് മുഴുക്കെ കാട്ടി ചിരിച്ചു കൊണ്ട് തന്റെ പ്ലാസ്റ്റിക് വയർ സഞ്ചി എടുത്ത് പുറത്തേക്കിറങ്ങി.

അവൾ പോകുന്നത് നോക്കി ചിരിച്ചു കൊണ്ട് അലീമ വാതിൽ അടച്ചു.