ജൂണും ഞാനും തമ്മിൽ

ജൂണിനെക്കുറിച്ചോർക്കുമ്പോൾ…
മന്വന്തരങ്ങൾക്കപ്പുറത്തെന്നോ
വറ്റിപ്പോയ കവിതയുടെ ഉറവ
ഉള്ളിലെവിടെയോ കടഞ്ഞുറയുന്നു.
വിലാസലോലം പടർന്നു നിറയുന്ന
മഴനൃത്തങ്ങളും,
ഏറെ കുതിർന്ന നിശ്വാസങ്ങളും,
ഗൃഹാതുര ചിന്തകൾക്കുമേൽ വീണ്
പുകയുതിർക്കുന്നു.

പാതികടിച്ചീമ്പിയ അല്ലിനാരങ്ങയുടെ
മധുരച്ചവർപ്പും
വാങ്ങിക്കരുതിയിട്ടും തരാൻ മറന്നുപോയൊരു
നാരങ്ങാമിഠായിയുടെ
അലിഞ്ഞമർന്ന ശേഷിപ്പുമാണ് ജൂൺ,
നിന്റെ രുചി.

ജൂൺ,
നിനക്കോർമയുണ്ടോ..?
രാമഴയും സർപ്പഗന്ധികളും
മദിച്ച യാമങ്ങളിൽ ജാലകത്തിരശ്ശീലയ്ക്കിടയിലൂടെ
ഞാൻ നിന്നെ
മണത്തത്…?

ഓർമയുടെ ചില്ലു
ഗോപുരങ്ങൾ തകർത്ത്
നിഴലുകൾ താലപ്പൊലിയെടുത്ത
വഴിയിലൂടെ നടന്നു വന്ന്
ഞാൻ നിന്നെ
ചുംബിച്ചത്…?

ഒറ്റച്ചുംബനത്താൽ തന്നെ
പൊള്ളിക്കുമിളച്ചുപോയ
എന്റെ ചുണ്ടിനെത്തണുപ്പിക്കാൻ ശ്രമിച്ച്
ഇടവപ്പാതി സുല്ലിട്ടത്….?

നിന്റെ വിഭ്രമക്കൊടുങ്കാറ്റുകളെ
മുടിക്കെട്ടിലൊളിപ്പിച്ചു വച്ച്
ഞാൻ നിഗൂഢം
പൊട്ടിച്ചിരിച്ചത്…?
പാപഭൂയിഷ്ഠമായ
എന്റെ ഉഷ്ണമേഖലകളെ
നിന്റെ സമുദ്ര വാത്സല്യം
തൊട്ട് ഉർവരവും
വിശുദ്ധവുമാക്കിയത്..?

ഋതുക്കൾ കടമെടുത്തു പോയ
ഓർമകളെ എണ്ണിപ്പെറുക്കാൻ
എനിക്കിപ്പോൾ
മനസ്സാന്നിധ്യമില്ല.

ഇനി വരുമ്പോഴെങ്കിലും
ഓർമയുടെ നാഡികളെയുണർത്തുന്ന
നിന്റെ രാപ്പാട്ടുകളും
ഇനിയും വയസ്സറിയിക്കാത്ത
കാലവർഷത്തിന്റെ
കുളിർത്ത കിന്നാരവും
ഇരുട്ടിന്റെ സാന്ത്വനം
നിഷേധിക്കുന്ന
മഴനിലാവും നീ കൂടെ കൂട്ടാതിരിക്കുക.

അപ്പോഴാണല്ലോ അവൾ
എന്നിലേക്ക്
ഇരമ്പിയാർത്ത്
കൊടുമുടികളുലച്ച്..
ദിഗന്തങ്ങൾ വിറപ്പിച്ച്
മടങ്ങി വരുന്നത് !
അവളുടെ ചോദ്യങ്ങൾ…
ആ നോട്ടം…
അവയുടെ മൂർച്ചകൾക്ക്
മുറിപ്പെടാനിനിവയ്യ!
അവളെത്തണുപ്പിക്കാൻ
നിന്റെ കൊടിയ പേമാരികൾക്കുമാവില്ല.

ജൂൺ….
വയസ്സെത്രയായാലും
നര ബാധിക്കാത്ത
നിന്നോട് സല്ലപിക്കാൻ
ഈ ജനലോരത്ത്
ഞാനുണ്ടാകും.
കാലം കണ്ണുരുട്ടിയാലും,
സങ്കല്പങ്ങളിൽ വെള്ളപൂശാൻ
കൂട്ടാക്കില്ല ഞാൻ.

അതിനാൽ
ഇനി വരുമ്പോൾ
നീ തനിച്ചു മാത്രം വരിക.
നീ വന്നില്ലെങ്കിലും
നിന്നെയനുഭവിക്കാമെനിക്ക്
ഞാനേറ്റവം സ്പഷ്ടമായി
നിന്നെയറിഞ്ഞത്
ജുലായ് മുതൽ മെയ് വരെ
ആയിരുന്നുവെന്ന്
നിനക്കുമാത്രമറിയില്ലല്ലോ..!

ജൂൺ…
എന്റെ ജാലകപ്പഴുതുകൾ
നിന്റെ പരിഭവങ്ങൾക്കായി
കാതോർത്ത് തുറന്നിരിക്കും…
കൽപാന്തം വരെ…!
എന്തെന്നാൽ നിനക്ക്
മരണമില്ലാത്തിടത്തോളം
എനിക്ക് മരണമില്ല.

ആനുകാലികങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും കഥകളും കവിതകളും വരാറുണ്ട്. തിരു.ദൂരർശൻ ഉൾപ്പെടെയുള്ള ചാനലുകൾ, വിവിധ ആൽബങ്ങൾ എന്നിവയ്ക്കും ഷോർട്ട് ഫിലിമുകൾക്കും സ്ക്രിപ്റ്റുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട് രണ്ടു കവിതാ സമാഹാരങ്ങളി റക്കി. ഇപ്പോൾ ഒരു ചെറുകഥാ സമാഹാ രം അച്ചടിയിൽ. ആദ്യ പുസ്തകമായ 'നനവ്' ഡോ. അയ്യപ്പപ്പണിക്കർ കാവ്യോപഹാരവും [2009] രണ്ടാമത്തെ പുസ്തകമായ ഭൂകമ്പമാപിനി പ്രഥമ സുഗതകുമാരി കവിതാപുരസ്കാരവും [2021] നേടുകയുണ്ടായി. കൂടാതെ കഥയ്ക്കും കവിതയ്ക്കുമായി സമന്വയം കാവ്യ പ്രതിഭാപുരസ്കാരം, മാർത്തോമാ യുവദീപം സാഹിത്യ അവാർഡ്, വുമൺ ഓഫ് ലെറ്റേഴ്സ് അവാർഡ്, കനൽ കവിതാപുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ വേറെയും. അധ്യാപികയും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യവും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ മീഡിയ സെൽ ചെയർപേഴ്സണുമാണ്.പത്തനംതിട്ടയിലെ പള്ളിക്കൽ സ്വദേശി. കോട്ടയം നിവാസി.