ജീവിത സായാഹ്നം

വിധിയുടെ ക്രൂരകരങ്ങൾ കവർന്ന തൻ
പ്രിയതമൻ തന്ന കുരുന്നുകൾ മക്കളെ,
ദുരിതക്കയത്തിൽ നിന്നൊരുകരയെത്തിക്കാൻ
ഒരുപാടുനീന്തിയിരുൾപകലില്ലാതെ

പലരാത്രി നെടുവീർപ്പു മോന്തിക്കുടിച്ചുതാ-
ണരുമയാം മക്കൾക്കു പട്ടിണിമാറ്റുവാൻ,
ഗതിയറ്റപ്രേതമായ് സ്വപ്നങ്ങളുഴറവേ
തളരാതെ പോറ്റിവളർത്തിതൻ മക്കളെ

സുഖമോഹവാഞ്ചകൾ ഗർഭത്തിലേമരിച്ച-
തിലൊന്നുമിടറാതെജീവിച്ചുമക്കൾക്കായ്
ദിനരാത്രമെരിതീയിലുരുകുന്നതൊന്നുമേ
അറിയിച്ചതില്ലെൻ്റെ മക്കളെ ഒരുനാളും

പഠനം നിലയ്ക്കാതിരിക്കുവാൻ പലവേല-
ചെയ്തെൻ്റെമക്കൾക്കു തണലേകും മരമായി
ഉയരത്തിലെത്തുന്നതിമപോലുമിടറാതെ
അനുദിനം നോക്കിഞാനാഹ്ലാദിച്ചുള്ളിൽ

വലുതായി മക്കളിന്നുന്നതസ്ഥാനത്തു
വിരാജിക്കയാണവർക്കന്യയായ്ത്തീർന്നുപോയ്,
ശിഖരങ്ങളോരോന്നുണങ്ങിയിട്ടിലകൊഴി-
ഞ്ഞടരുവാൻനില്ക്കുന്ന പടുവൃക്ഷമായി ഞാൻ

കരുതലും താങ്ങുമായ് നില്ക്കേണ്ട മക്കൾ
അരികത്തുനിന്നാട്ടിയകറ്റുന്നു ദൂരെ
അറിവില്ലയഴകില്ല, അമ്മയെന്നോതുവാൻ
മടിയാണവർക്കന്യവൃദ്ധയായ് തീർന്നു ഞാൻ

പരിഭവം തെല്ലില്ല മക്കളെ നിങ്ങളും
ഒരുനാളുവൃദ്ധരായ് തീരും നിയതിയാൽ,
ഗതിയറ്റയമ്മതൻ ഗതി വരാതിതെന്നുമേ
കഴിയണം, കാലം പൊറുക്കട്ടെ സർവ്വതും.

കൊല്ലം, കല്ലുവാതുക്കൽ സ്വദേശിനി. യു.എ.ഇ.യിൽ സ്ഥിരതാമസം. ഷാർജയിൽ അദ്ധ്യാപിക. "പറയാൻ ബാക്കിവെച്ചത്", "ആരായിരുന്നു അയാൾ" എന്നീ രണ്ട് കഥാസമാഹാരങ്ങളും " ശ്രീപഥങ്ങൾ, ഒറ്റമരച്ചില്ലകൾ" എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയലാർ സ്മാരക സാഹിതി പുരസ്‌കാരം ഉൾപ്പടെ നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.