ജീവിത സമസ്യകളിലേയ്ക്കുള്ള ദൂരം

കവിതകൊണ്ടു മാത്രം സംവദിക്കാനിഷ്ടപ്പെടുന്നൊരു കവി, കവിതയിൽ നിന്നും ദർശനം പോയാൽ മനുഷ്യനിൽ നിന്ന് മനുഷ്യത്വം പോയാൽ ബാക്കിയെന്തെന്ന് ചോദിക്കുന്നു. മനുഷ്യർക്കും പ്രകൃതിക്കുമായി നിരന്തരം ശബ്ദമുയർത്തുന്ന ഒരു കവിയുടെ വാക്കൊലികൾ തീർക്കുന്ന കനൽ ശോഭ, “ഇനിയെത്ര ദൂരം” അരിവിപ്പുറത്തേക്കുള്ള ദൂരമാണ്. ഒരു ചെകിടിന് മറുചെകിട് കാണിച്ച ബാപ്പുവിലേക്കുള്ള ദൂരമാണ്. നമുക്ക് മുമ്പേ നടന്ന് നമുക്കായി ചൂട്ടുപിടിച്ച മഹാമേരുക്കളിലേക്ക് ഇനിയെത്ര ദൂരം സഞ്ചരിച്ചാലാണ് നാം എത്തിച്ചേരുക എന്ന് ആശങ്കയോടെ ചോദിക്കുന്ന കവി പൗരന് ലഭിക്കേണ്ടതായ സ്വാതന്ത്ര്യത്തെ കുറിച്ചും നമ്മെ കൂട്ടത്തിലോർമ്മിപ്പിക്കുന്നുണ്ട്.

അഹിംസയും ഒരു വിപ്ലവമാണെന്ന് ഷിഹാബ്. രണ്ടടി കൊണ്ടെല്ലാം നീ/ അളന്നെടുത്തിരിക്കുന്നു എന്ന് ഗാന്ധിയെ നോക്കി സാക്ഷ്യപ്പെടുത്തുമ്പോൾ അഹിംസകൊണ്ട് എല്ലാം നീ കീഴ്പ്പെടുത്തിയിരിക്കുന്നു എന്ന് വ്യംഗ്യം. ഈ വിധം ഗാന്ധിയെ സ്മരിച്ചും സ്തുതിച്ചും എഴുതുമ്പോഴും കമ്മ്യൂണിസത്തിന്റെ പ്രസക്തിയും സൗന്ദര്യവും കവി വിസ്മരിക്കുന്നില്ല .വാക്കുകൾ കൊണ്ട് വിരിച്ചിട്ട ചുവപ്പ് പരവതാനിയിലൂടെ കാസ്ട്രോയും ഒപ്പം ചെഗുവേരയും ഇറങ്ങിവരുന്നുണ്ട്. നീ പഞ്ചാരകിണ്ണമാണെന്ന് ക്യൂബയെ നോക്കി പാടുന്നുണ്ട്, ലോകത്തിന്റെ ചുണ്ടുകളിൽ വിപ്ലവത്തിൻറെ മധുരം പുരട്ടുന്ന നിന്റെ മധുരത്തിനെന്തു മധുരമെന്ന് ആശ്ചര്യപ്പെടുന്നുണ്ട്.

ആയുധത്തെ വെറുക്കുന്നവനും ആയുധമേന്തുന്നവനും കവിക്കിവിടെ ഒരുപോലെ പഥ്യം. സത്യവും നീതിയും പുലർന്നുകാണാനാഗ്രഹിക്കുന്ന കവിയുടെ പക്ഷമില്ലായ്മക്കുള്ള തെളിഞ്ഞ ഉദാഹരണംകൂടിയാണിത്. ഈ പക്ഷമില്ലായ്മ ഒരു ചിന്ത പദ്ധതി കൂടിയാണ്. അത് താനടക്കമുള്ള സമൂഹത്തിന് പകർന്ന് നൽകുക എന്നൊരു ലക്ഷ്യമാണ് തന്റെ കവിതകൾ നിറവേറ്റുന്നതെന്നും ഷിഹാബ്. ആശയ സമ്പുഷ്ടങ്ങളായ 55 കവിതകളും നമ്മെ ഉണർത്താൻ പോകുന്ന സന്ദേശങ്ങളോ മുന്നറിയിപ്പുകളോ ആണ്. അതിൽ ശാസനകളുണ്ട്, കൽപ്പനകളുണ്ട്. ഏത് വിപത്ഘട്ടത്തിലും നിസ്സംഗരായി പുറംതിരിഞ്ഞു നിൽക്കുന്നവർക്കു നേരെയുള്ള ചാട്ടുളി നോട്ടങ്ങളുണ്ട്.”അറവുശാല” എന്ന കവിത ഇതിൽ ഒടുവിൽ പറഞ്ഞതിനോട് ചേർത്തു വായിക്കാം. അറവുകാരന്റെ കത്തിമുനക്ക് മുൻപിൽ പോലും നിശ്ചേഷ്ടരായി അയവെട്ടി നിൽക്കുന്ന അജങ്ങൾ ഇവിടെ കേവലം ഒരു ബിംബം മാത്രമാണ്. എന്നാൽ ഏതത്യാപത്തിനു മുൻപിലും നിസ്സംഗരായി നോക്കി നിൽക്കുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തോടുള്ള തന്റെ അമർഷമാണിതിലൂടെ രേഖപ്പെടുത്തുന്നതെന്ന് ഒറ്റവായനയിൽ തന്നെ ബോധ്യമാകുന്ന രചന അതിന്റെ ആശയപരതകൊണ്ട് മികച്ചുനിൽക്കുന്ന ഒന്നാണെന്ന് പറയാം. ഇതേ രോഷപ്രകടനം “മരംകൊത്തി”യിലും കാണാം. അവകാശ ബോധം അഥവാ വിപ്ലവ ബോധം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരാൾക്കു മാത്രം എഴുതാൻ കഴിയുന്ന ആ വരികൾ ഇങ്ങനെ;
“സംഘം ചേരാത്ത പക്ഷി
സംഘബോധമില്ലാത്ത പക്ഷി…”
സ്വാർത്ഥതയുടെ അമരക്കാരെ നോക്കികൊണ്ട് അമർഷം കൊള്ളുമ്പോഴും ആ വരികളുടെ സൗകുമാര്യതയിൽ ആരുടെയും കണ്ണുടക്കിപോകും .

സംവദിക്കാനുള്ളൊരു ശേഷിയാണ് ഏതൊരു കലയുടെയും നിലനിൽപ്പിനാധാരം. അത് കവിതയാകട്ടെ ഇതര കലകളാട്ടെ കൃത്യമായൊരാശയം കൂടി അതിന് മുൻപോട്ടുവെക്കാൻ കഴിഞ്ഞിരിക്കണം. ഷിഹാബിന്റെ കവിതകൾക്ക് ഇപ്പറഞ്ഞ ഗുണഗണങ്ങളെല്ലാം ഉണ്ട്. തന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളപ്പെടുത്തലാണ് തന്റെ കവിതകളെന്ന് ആമുഖമായി കവി പറഞ്ഞു വെച്ചിട്ടുമുണ്ട്. ശാന്തിയും സമാധാനവും ലോകത്ത് വാഴണമെന്ന് ഉത്കടമായി ആഗ്രഹിക്കുന്ന കവി ഈ രണ്ടേരണ്ടാശയങ്ങൾ പറയാനായി മാത്രം ഒരു കൃതി നമുക്ക് മുൻപിൽ പ്രകാശിപ്പിച്ചിരിക്കുന്നു.

നിൻറെ കാലിനടിയിൽ ശ്വാസംമുട്ടുമ്പോൾ
ചവിട്ടി നിൽക്കാൻ മണ്ണില്ല
നിവർന്നു നിൽക്കാൻ ആകാശമില്ല
കൈനീട്ടാൻ സൂര്യനില്ല….
( അഭയാർത്ഥി)

ഒരു യുദ്ധവും സമാധാനത്തിനുള്ളതല്ല. അത് അശാന്തി മാത്രം വിതക്കുന്നു. യുദ്ധവും അത് സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങളെ കുറിച്ചുമൊക്കെ ഒട്ടേറെ കവിതകൾ ഇതിനു മുൻപും എഴുതിയിട്ടുള്ള ഷിഹാബ്, യുദ്ധത്തിൽ ആർക്കും ജയമില്ല തോൽക്കുന്നത് അതിനിരയായിത്തീരുന്ന സാധാരണ പൗരജനങ്ങളാണെന്ന് എഴുതിവെച്ചെങ്കിൽ പിന്നെയും പിന്നെയും യുദ്ധവിനാശങ്ങളെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നത് അതിന്റെ അനിവാര്യതയാകാം. യുദ്ധകൊതിയന്മാരെ ചൂണ്ടിക്കൊണ്ട് “ആണവ ബോംബിൻ പുറത്താണുറക്കമെന്ന്” കവി ആക്ഷേപം ചൊരിയുന്നുണ്ട് . ഒപ്പം തന്നെ വിയറ്റ്നാം തെരുവിലൂടെ പൊള്ളിപ്പിടഞ്ഞ് നഗ്നയായി ഓടുന്ന ഒരു പെൺകുട്ടിയുടെ ദയനീയ ചിത്രം വരച്ചിട്ട് അരുതരുത് യുദ്ധമെന്നപേക്ഷിക്കുന്നു. ഇങ്ങനെ യുദ്ധത്തിൻറെ ഭീതിതമുഖം വരച്ചിട്ടുകൊണ്ട് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഗാന്ധിയലൂടെ ആണെന്നതും ഇക്കവിതയയുടെ ഒരു പ്രത്യേകതയായി കാണേണ്ടതുണ്ട് . ഗാന്ധി സമാധാനത്തിന്റെയും യുദ്ധം അസാമാധാനത്തിന്റെയും പ്രതീകമാകുമ്പോൾ ഇവിടെ കവിയുടെ ഉന്നം തെറ്റുന്നില്ല.

ശാസ്ത്രാഭിമുഖ്യമുള്ള കവികൾ നമുക്കിടയിലുണ്ട്, എന്നാൽ ശാസ്ത്രസമസ്യകൾ നമുക്കു മുമ്പിലവതരിപ്പിക്കുന്നവർ വിരളമാണ്. ശാസ്ത്രം സത്യമാണെന്നും ലോകത്തെയത് നിരന്തരം പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു എന്നും പറയുന്ന ഷിഹാബ് വിവിധ ഊർജ്ജ സ്രോതസ്സുകളെയും അവയുടെ രഹസ്യാത്മകതയെയും കവിതയിലാക്കികൊണ്ട് ഈ പുസ്തകത്തിനൊരു സവിശേഷ മുഖം ചാർത്താനായി ശ്രമിച്ചിട്ടുണ്ട് എന്നതും ശ്ലാഘനീയമായി കാണേണ്ടതുണ്ട്. ഒപ്പം തന്നെ എല്ലാ അർത്ഥത്തിലും വിസ്മയമെന്നോ മഹാവിസ്മയമെന്നോ വിശേഷിപ്പിക്കാവുന്ന സ്റ്റീഫൻ ഹോക്കിംഗ്സ്, പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിച്ച താണൂപത്മനാഭൻ തുടങ്ങി ശാസ്ത്ര പ്രതിഭകളേയും അക്ഷരപ്പൂക്കളെകൊണ്ട് ആദരിച്ചിട്ടുണ്ട്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ, “ഇനിയെത്ര ദൂരം” ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മഹാമേരുക്കൾക്കുള്ള സ്മാരണിക കൂടിയാണ്. കൂട്ടത്തിൽ മലയാളിയുടെ ഞരമ്പുകളിൽ വിപ്ലവമുണർത്തിയ വയലാർ ഉണ്ട്, ആയുർവേദത്തിന്റെ ആചാര്യ ശ്രേഷ്ഠൻ പി കെ വാര്യരുണ്ട് ക്രിക്കറ്റർ ഷെയിൻ വോണുണ്ട്. കായികമായും കാർഷികമായും എന്നുവേണ്ട നമ്മുടെ ദൈനംദിന ജീവിതമായി ബന്ധപ്പെട്ട് വരുന്ന സംഭവവികാസങ്ങളെല്ലാം കവിതയിലേക്ക് കൊണ്ടുവന്ന് വൈവിധ്യപൂർണ്ണമായൊരു വായന പ്രധാനം ചെയ്യുന്ന കൃതി , കവിയുടെ ഭാവുകത്വ പൂർണ്ണതയുടെ പ്രകാശമാണെന്നും അവതാരികാകാരി വിഎസ് ബിന്ദു.

പാലക്കാട് തച്ചംപാറ സ്വദേശിയാണ്. പ്രവാസ ജീവിതത്തിനൊടുവിൽ ഇപ്പോൾ നാട്ടിൽ ഹോട്ടൽ ജീവനക്കാരനാണ്. ഓൺലൈൻ മീഡിയകളിൽ എഴുതി വരുന്നു.