ജീവിത ഗണിതം

പ്രാണപ്രയാണ ദൂരം മുമ്പേ പകുത്തെടുത്തിട്ടു,
ഉയിർമുളയിട്ട മാത്ര കേന്ദ്രബിന്ദുവാക്കി,
ആരമളന്നെടുത്തു ആയുസ്സിൻ കോംപസ്സാൽ,
ജീവിതവൃത്തം വരഞ്ഞിടുന്നു നിയതി.  

ജീവിതവൃത്ത വ്യാസമളക്കുന്നു ഗണിതം,
കിഴിച്ചിട്ടും കനം കുറയാതെ കദനതലം,
കൂട്ടീട്ടും കൂടാത്ത സമൃദ്ധിതൻ വ്യാസം,
പെരുക്കി പെരുകുന്ന ദുരിത ബിന്ദുക്കൾ,
പകുത്തിട്ടും കവിയുന്ന മോഹപരിധി.

കണ്ണീരൊട്ടിയ ഗണിത പുസ്തകത്താളിൽ,
വരച്ചിട്ട വ്യർത്ഥ വൃത്തങ്ങൾക്കുള്ളിൽ,
സിദ്ധാന്തങ്ങളും തെളിവുകളുമില്ലാതെ,
ജീവിത സമസ്യകൾ പകച്ചു നില്ക്കുന്നെങ്കിലും,
വൃത്ത ചുറ്റളവിനപ്പുറമീയുലകിൽ,
വിഷാദ വാനത്തിൽ ക്ഷയിച്ചു പോയിട്ടും,
വൃത്തം വരക്കുന്നു അമ്പിളിക്കല.

ആഴിക്കയങ്ങളിലാണ്ടാണ്ടു പോയിട്ടും,
വൃത്തം വരച്ചുദിക്കുന്നു പകൽവിളക്ക്
കരിമുകിൽ വരക്കുന്നു മഴ ഗോളങ്ങൾ
കാലം വട്ടം കറങ്ങുന്നു ഋതുചക്രമായ്.