ജീവിക്കുന്ന മരണം 

ഭൂമിയിലെചെളിമണ്ണാൽ
തീർത്ത ഉടയാടകളാൽ
എന്നെ മൂടും മുൻപ്
ആകാശ വിതാനങ്ങൾ
മറയ്ക്കപ്പെട്ട് ഞാൻ കടന്നു
പോവും മുൻപ് –
നിന്റെ കണ്ണുകളിലേക്കു
നോക്കി ഞാൻ മിഴിയടയ്ക്കും.

ഇരുട്ടിന്റെ മഹാഗർത്തത്തിലേക്കു
ഞാൻ യാത്രയാവും മുൻപ്
നിന്നിലെ എന്നെ
നിന്റേതു മാത്രമായ
ഓർമ്മകളാക്കി മാറ്റണം.

മൃതിയുടെ തണുത്ത
വിരലുകൾ എന്നെ
പൊതിയും മുൻപ്
എന്റെ അടഞ്ഞമിഴികളിൽ നീ ചുംബിക്കണം.
കാരണം,
നാം ആവശ്യത്തിന്
ചുംബിച്ചിട്ടില്ലല്ലോ
എന്നോർത്ത് എന്റെ
ആത്മാവ് പശ്ചാത്തപിക്കുമ്പോൾ
എന്റെമിഴികളിൽനിന്നുതിരുന്ന അവസാന
തുള്ളി കണ്ണുനീർ നിന്റെ
ചുണ്ടുകളാൽ നീ ഒപ്പി എടുക്കണം.

കാറ്റിന്റെ , തീയിന്റെ
മേഘത്തിന്റെ , മഴയുടെ
ഭൂമിയുടെ ,നിലാവിന്റെ,
മനുഷ്യന്റെ പാട്ടുകൾ
ആവശ്യത്തിന് കേട്ടില്ലല്ലോ
എന്നോർത്ത് ഞാൻ വീണ്ടും
പശ്ചാത്തപിക്കും.

എന്നാൽ നിന്റെ
ഹൃദയംപാടുമ്പോഴൊക്കെയും
ആത്മാവിന്റെ നോവായതെന്നിൽ ജ്വലിച്ചുകൊണ്ട് ഋതു
ക്കളോടൊപ്പംഭ്രമണം തുടരുന്നു…….

ആലപ്പുഴ സെൻറ് മേരീസ് ആർ. സി. സ്ക്കൂളിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകളും പുസ്തകക്കുറിപ്പുകളും എഴുതാറുണ്ട്