ജീവാമൃതം

ഋതുഭേദങ്ങളുടെ കൂട്ടുകാരി

കഴിഞ്ഞ വസന്തത്തിൽ വിരിഞ്ഞ വേദനയുടെ ഒരു പൂവാണ് കാലവർഷം തുടങ്ങും മുൻപുള്ള കാറ്റിൽ കൊഴിഞ്ഞ് വീണത്. കൃത്യമായി പറഞ്ഞാൽ ഒരു ഗർഭകാലം. ഔഷധ ഗന്ധങ്ങളുടെ അടിമയായി ഒൻപത് മാസം തികച്ച് ഓർമ്മകളുടേത് മാത്രമായ ഒരു ലോകത്തേക്ക് നീ പുനർജനിച്ചിരിക്കുന്നു. കരൾ പിളരുന്ന കഠിനതകളുടെ രോഗകാലം മറ്റുള്ളവരിൽ നിന്ന് മറച്ചുവച്ചത് പോലെ ആൾക്കൂട്ടങ്ങളുടെ ആരവമില്ലാത്ത കാലംനോക്കി നിന്റെ മടക്കവും. ഇതുവരെ എഴുതിയ കവിതകളാകെ കൊണ്ട് വിജനമായ ആ വഴികളിൽ അക്ഷരാഞ്ജലി.

രോഗം ഒന്നു പിടി അയച്ച ദിവസം വീട്ടിലേക്ക് മടങ്ങിയെത്തി. നൂറോളം കവിതകൾ ചേർത്ത പുസ്തകം പുറത്തിറക്കുന്നതിനുള്ള ഒരുക്കങ്ങളെ കുറിച്ചു സംസാരിച്ചും പരിചയിച്ച വഴികളിലൂടെയൊക്കെ പോയിവരണമെന്ന ആഗ്രഹവും സാധിച്ചും മടങ്ങിവന്നു. ആ ഒരു പകലിന്റെ ആയുസ് മാത്രമായിരുന്നു സന്തോഷങ്ങൾക്ക്. അവശയായി വീണ്ടും മടങ്ങിച്ചെന്നത് ആശുപത്രിക്കിടക്കയിൽ. രോഗം വീണ്ടും പിടി മുറുക്കി. സ്നേഹത്തിന്റെ കൈത്താങ്ങ് ജീവാമൃതമായി രോഗമുക്തി നേടുമെന്ന അവസാനസ്വപ്നവും പൊലിഞ്ഞു പോയിരിക്കുന്നു.

പ്രിയപ്പെട്ട കൂട്ടുകാരി ദീപ ടി. മോഹന് തസറാക് കുടുംബത്തിന്റെ നിത്യശാന്തി.

ഓർമ്മകൾ മായും മുൻപ് രോഗക്കിടക്കയിൽ ആത്മസുഹൃത്ത് അടുത്തിരുന്ന് എഴുതിയെടുത്ത അവസാന കവിതയാണിത്.

ജീവാമൃതം

അനർത്ഥ വ്യത്യസ്ത തലങ്ങളിലൂടെ
മുങ്ങിനീരാടിയ ശരീരവും മനസ്സും
പരസ്പരം വാക്കുകളെ ശരമെയ്തു
കൂർത്ത നഖങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു
ഒഴുകിവന്ന നിണത്തെ
മൗനത്തിലൂടെ ഒപ്പിയെടിത്തു
അവശയായ മൗനം അവരെ
ഔഷധഗന്ധങ്ങളുടെ അടിമയാക്കി.

വേദനയുടെ വേരുകൾ ശരീരത്തിലേയ്ക്ക്
ആഴ്നിറങ്ങുമ്പോളും പരസ്പരം
സ്നേഹത്തിനും കരുതലിനും
വേണ്ടി ദാഹിച്ചികൊണ്ടേയിരുന്നു.

ചിതലരിച്ചു മുങ്ങിയമർന്ന ജീവിത
നൗകയിലൂടെ തഴുകിയെത്തിയ
രണ്ടു കരതലങ്ങൾ ജീവാമൃതം
പതിയെ ചുണ്ടിലേക്കമർത്തി
പേടിച്ചരണ്ട രോഗാണുക്കൾ
പ്രാണരക്ഷാർത്ഥം അലറിയോടി.

ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. രണ്ടു കവിതാസമാഹാരത്തില്‍ കവിതകളുണ്ട്.തിരുവനന്തപുരത്ത് താമസം