ജീവന്റെ അന്നല്‍ പക്ഷി

വഴിതെറ്റിയലയുന്ന
വെള്ളരിപ്രാവ് ഞാന്‍
കുത്തി നോവിക്കയാണുള്ളം
വേദനയുടെകാരമുള്ളുകള്‍

അലഞ്ഞലഞ്ഞങ്ങാടിയിലെത്തിയ
അജമാണ് ഞാന്‍
പ്രണയത്തിന്റെ കടലാസ് പൂക്കള്‍
ഹൃദയത്തിലേറ്റിത്തന്നവളെ…
ആഴങ്ങളിലെല്ലാമലഞ്ഞു
ഏതാഴിയിലാണ് നീയുള്ളത്

സ്മൃതിരൂപത്തില്‍കിടക്കുന്ന
മുത്തുകള്‍ ഓരോന്നെടുത്ത്
ചരടില്‍കോര്‍ക്കാന്‍ശ്രമിക്കുന്നുണ്ട് ഞാന്‍
എന്തു ചെയ്യാം

മുത്തുകളെല്ലാം ചിതറിപ്പോകുന്നു
വെളിച്ചത്തിലേക്ക് ഇരുട്ട് വീഴുന്നു
മനസ്സിനെ കയ്പ്പിലും, മടുപ്പിലും മുക്കുന്നു
സ്മൃതിയുടെ നീല ഞരമ്പുകള്‍
വറ്റി പോയിരിക്കുന്നു

മൃതിയെന്നെ വിളിക്കുന്നു
അഗാധതയിൽ
പ്രണയ പുഷ്പ്പവുമായി
നീകാത്തിരിക്കുന്നു
ഒരന്നല്‍പക്ഷിയായി
ഞാന്‍ നിന്നിലേക്ക്‌ പറക്കുന്നു

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു