ജലകണം

ഇരുപത് വര്‍ഷത്തെ കുടിയേറ്റ ജീവിതത്തിൻ്റെ, പഴുക്കാത്ത ഈന്തപ്പഴച്ചവര്‍പ്പുള്ള ഓര്‍മ്മകള്‍ പേറുന്ന ഷാജിയുടെ മനസിൻ്റെ ഭാരവും താങ്ങി, എന്നാല്‍ അതു പുറത്തുകാണിക്കാതെ ചിരിയമര്‍ത്തിപ്പിടിച്ച് എലവേറ്റര്‍ ഒറ്റപ്പോക്കായിരുന്നു, ഉമ്മര്‍ ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയിലേയ്ക്ക്. കാവല്‍പ്പട്ടി അപരിചിതനെ കാണുമ്പോള്‍ ചെറുതായി മുരളുംപോലെ ഒച്ചയുണ്ടാക്കി, പഞ്ഞിത്തുണ്ടം പോലെ നിസാരമാണ് തനിക്ക് ഈ ഭാരങ്ങളെല്ലാംതന്നെ എന്ന് പ്രഖ്യാപിക്കുംവിധം അത് ഉയരങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കെ, എന്താണ് ആ ചിരിയുടെ ഗുട്ടൻസ് ആലോചിച്ചിട്ട് അയാൾക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.

മുട്ടിയുരുമ്മി നില്‍ക്കുന്ന വൃക്ഷങ്ങള്‍ കണക്കെ, കോണ്‍ക്രീറ്റ് കാട്ടിലെ പത്ത് നിലകളുള്ള കെട്ടിടത്തിൻ്റെ ഏഴാം നിലയില്‍ മാത്രമേ എലവേറ്റര്‍ നിന്നുള്ളൂ. താനും തന്റെ ഓര്‍മ്മകളുമൊന്നും തന്നെയോ മറ്റുള്ളവരെയോ ബാധിക്കുന്നേയില്ല എന്ന് എലവേറ്റര്‍ പറയാതെ പറയുന്നതായി അയാള്‍ക്ക് തോന്നി. അതേസമയം, ഈ നിമിഷങ്ങളില്‍ അതില്‍ താന്‍ ഒറ്റയ്ക്കായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ അയാളുടെ ഉള്ളം അകാരണമായ ഭയം കൊണ്ട് നിറഞ്ഞു. അപ്പോഴാണ് എലവേറ്റര്‍ ചിരിയമര്‍ത്തിയതിൻ്റെ കാരണം ഷാജിക്ക് മനസിലായത്. കുറേക്കാലമായില്ലേ അത് തന്നെ കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട്.

എലവേറ്ററില്‍ ഒറ്റയ്ക്ക് പോകാന്‍ മാത്രം എപ്പോഴാണ് എനിക്ക് ഇത്രക്കങ്ങ് ധൈര്യം കിട്ടിയത്?. ലിഫ്റ്റും എസ്‌കലേറ്ററുമൊന്നും ഈ ഗള്‍ഫില്‍ പോലും എനിക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് വിശ്വസിച്ച്, നേരത്തെ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ സ്‌റ്റെയര്‍കേസുകള്‍ എത്രയോ തവണ ഒറ്റയ്ക്ക് ചവിട്ടിക്കയറിയും ഇറങ്ങിയും പേടിയെ തോല്‍പിച്ചതാണ്. അയ്യപ്പസ്വാമിയെ മനസില്‍ ധ്യാനിച്ച് പടികളെല്ലാം വേഗത്തില്‍ ചവിട്ടിക്കയറി ഫ്‌ളാറ്റിന് മുന്‍പില്‍ കണ്ണടച്ച് കുറേ നേരം നിന്നു കിതപ്പടക്കാറായിരുന്നു പതിവ്. ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിലേതെന്നപോലെ നെഞ്ചിലെ ചെണ്ടകൊട്ട് അവസാനിച്ചിട്ടേ കോളിങ് ബെല്ലിലെ കിളിയെ പറത്താറുള്ളൂ. വാതില്‍ തുറന്ന്, വിയര്‍പ്പില്‍ കളിച്ച് നില്‍ക്കുന്ന തന്നെ കാണുമ്പോള്‍ ആതിര പറയും, പപ്പ ഈ നൂറ്റാണ്ടിലൊന്നും ജീവിക്കേണ്ട ആളേ അല്ലെന്ന്. പതിവായി അത് കേള്‍ക്കുമ്പോള്‍ ആദ്യം അരിശം തോന്നിയിരുന്നു. ഒരിക്കല്‍, ഓ, ഞാനത്ര ന്യൂജനൊന്നുമല്ല മോളേ…, അല്ലെങ്കില്‍ തന്നെ കഷ്ടപ്പെട്ട് പടികള്‍ ചവിട്ടിക്കയറി തന്നെയാ പപ്പ ഈ നിലയിലെത്തിയതെന്ന് താത്ത്വികമായ തമാശ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. അതില്‍പ്പിന്നെ ആ കമന്റും സീനുമൊന്നും ഉണ്ടായിട്ടില്ല.

മഴയിലെന്ന പോലെ നനഞ്ഞ ഷേര്‍ട്ട് ഊരി കസേരയുടെ കൈകളിലിട്ടും പാന്റ്‌സ് ബെഡ്ഡിലേക്കെറിഞ്ഞും അന്നത്തെ പത്രവുമെടുത്ത് ടൊയ്‌ലെറ്റിലേയ്ക്ക് ഒരൊറ്റയോട്ടമാണ്, പിന്നെ. ഇപ്പം മൂത്രമൊഴിക്കുന്ന നേരത്ത് പോലും എന്തെങ്കിലും വായിക്കണമെന്നായിരിക്കുന്നു. മുടിഞ്ഞ ട്രാഫിക് വീണ്ടും തുടങ്ങിയതു കാരണം പുലര്‍ച്ചെ ആറിനെങ്കിലും യാത്ര തുടങ്ങിയാലേ പത്തു പതിനഞ്ച് മിനിറ്റ് വൈകിയാണെങ്കിലും ജബൽ അലിയിലെ ഓഫീസിലെത്താന്‍ പറ്റൂ. അതിനിടയ്‌ക്കെവിടെ പത്രം വായിക്കാന്‍ നേരം! അനീഷയും മക്കളും കൂടെയുണ്ടായിരുന്നപ്പോള്‍ തുടങ്ങിയ ശീലമോ ദുശ്ശീലമോ ആണ് ടൊയ്‌ലെറ്റിലെ വായന. പത്രം കൊണ്ടാണ് തുടങ്ങിയത്. പിന്നീട്, വാരികകളിലേയ്ക്കും മറ്റുപുസ്തകങ്ങളിലേയ്ക്കുമെത്തി. ശക്തരായ കഥാപാത്രങ്ങളുടെ ഉറച്ച പിന്തുണ ഓരോ അമര്‍ച്ചയ്‌ക്കൊപ്പവും താഴേയ്ക്ക് പതിക്കുന്ന ആശ്വാസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നു. ഇപ്പോള്‍ എന്തെങ്കിലും വായിക്കാനില്ലാതെ ടൊയ്‌ലെറ്റില്‍ കയറാനേ സാധിക്കാത്ത അവസ്ഥ. എത്ര ഭയങ്കര മരുക്കാറ്റടിച്ചാല്‍ പോലും ശ്രദ്ധ പാളിപ്പോകാതെ വായന നടക്കുന്ന ഇതുപോലൊരു സ്ഥലം ഈ ലോകത്ത് വേറെ ഏതെങ്കിലുണ്ടോ?. പുസ്തകങ്ങള്‍ എപ്പോഴും എടുത്തുകൊണ്ട് പോകുന്നതിന് പകരമായി ടൊയ്‌ലെറ്റിലെ വസ്ത്രങ്ങളിടാനുള്ള കമ്പിയില്‍ പെട്ടിക്കടകളിലെപ്പോലെ അവ തൂങ്ങിക്കിടക്കുന്നത് കാണുമ്പോള്‍ ഷാജിക്ക് തന്നെ പലപ്പോഴും ചമ്മല്‍ തോന്നാറുണ്ട്. അനീഷയും മക്കളും ഇക്കാര്യം പറഞ്ഞ് എപ്പോഴും ശണ്ഠയായിരുന്നു.

”പപ്പാ, ഇത് ഭയങ്കര ബോറാണ്.. എന്റെ ഫ്രണ്ട്‌സോ മറ്റോ കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യോല്ല…”
രണ്ടാമത്തവള്‍ ശ്രീജയക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അമര്‍ഷം.

”ഓ ഒന്നു പോടീ അവിടുന്ന്.. നിന്റെ ഫ്രണ്ട്‌സൊക്കെ ടൊയ്‌ലറ്റ് ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാരല്ലേ…!”

”ഒരീസം എല്ലാമെടുത്ത് ഞാന്‍ കത്തിക്കും…”

അവള്‍ ദേഷ്യത്തില്‍ മൂക്കു വിറപ്പിച്ച് നടന്നുപോകുന്നത് കാണുമ്പോഴേ ചിരിവരും. അതൊക്കെ ആലോചിച്ച് വെറുതെ ചിരിച്ചിരിക്കുവാനല്ലേ ഇനി സാധിക്കൂ.

അവരല്ലാം നാട്ടിലേയ്ക്ക് മടങ്ങിയതില്‍പ്പിന്നെ ഒന്നിനും ഒരു ചിട്ടയുമില്ലാതായി. എങ്കിലും കുടുംബത്തെക്കുറിച്ച് മാത്രമാണെപ്പോഴും ചിന്ത. ശ്രീജയയുടെയോ നയന്‍ദീപിന്റെയോ പെന്‍സില്‍ കഷ്ണം കണ്ടാല്‍ പോലും മനസ് കലങ്ങും. അതൊക്കെ ആലോചിച്ച് നടന്നു യാന്ത്രികമായി ലിഫ്റ്റില്‍ കയറിപ്പോയതാണ്. മറ്റു ദിവസങ്ങളുടെ തനിയാവർത്തനം. മുറിയിലെത്തിയ ഉടനെ വസ്ത്രം അഴിച്ച് അവിടെയെവിടെയോ ഇട്ടു. അവരുണ്ടായിരുന്നെങ്കില്‍ വസ്ത്രങ്ങള്‍ ഇങ്ങനെ തോന്നുമ്പോലെ വലിച്ചെറിയാന്‍ തനിക്ക് ധൈര്യം വരില്ലായിരുന്നുവെന്ന് ഷാജി ഓര്‍ത്തു. ഇപ്പോഴാണ് അനീഷയുടേയും മക്കളുടേയും കൂടെയുള്ള ജീവിതത്തിന്റെ വിലയറിയുന്നത്. ആ ഓരോ നിമിഷവും കൂർത്ത ആയുധത്താലെന്ന പോലെ ഹൃദയത്തെ കുത്തിവലിക്കുന്നു. കുടുംബത്തോടൊപ്പം ജീവിക്കാന്‍ സാധിക്കുന്നത് തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. എത്ര പിണങ്ങിയാലും ഏതെങ്കിലുമൊരു നിമിഷത്തില്‍ അതൊക്കെ അലിഞ്ഞലിഞ്ഞില്ലാതാകുന്നു. എല്ലാവരും പരസ്പരം സ്നേഹവും സാന്ത്വനവും പങ്കിട്ട്, കളിചിരി സന്തോഷത്തോടെ ജീവിക്കുന്നതിലും വലിയ സ്വര്‍ഗമെന്താണ് ഈ ഭൂമിയില്‍!.

കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് മടങ്ങാന്‍ ആലോചിച്ചതാണ്. അവിടെ ചെന്ന് എന്തെങ്കിലും ചെറുകിട ബിസിനസ് ചെയ്തു നാളുപുലര്‍ത്താം. ഇങ്ങോട്ട് വരുമ്പോഴുണ്ടായിരുന്ന പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉദ്യോഗം രണ്ട് പ്രാവശ്യം അവധി നീട്ടി വാങ്ങിച്ച ശേഷം വലിച്ചെറിഞ്ഞതില്‍ ഇപ്പോള്‍ ചെറിയൊരു നിരാശാബോധമുണ്ട്. മറ്റാര്‍ക്കെങ്കിലും കിട്ടേണ്ട ജോലി എന്തിനാ വെറുതെ പിടിച്ചുവയ്ക്കുന്നേ എന്നായിരുന്നു അപ്പോഴത്തെ നിലപാട്. അനീഷ ഏറെ വിലക്കിയതാണ്. ഇങ്ങനെ സര്‍ക്കാരുദ്യോഗത്തില്‍ നിന്ന് അവധിയെടുത്ത് വിദേശത്ത് ജീവിക്കുന്ന ആയിരണക്കിന് പേര്‍ക്ക് ഇല്ലാത്ത കാരുണ്യം നമുക്ക് വേണോ എന്നായിരുന്നു അവളുടെ ചോദ്യം. ഇപ്പോഴത്തെ സാഹചര്യം ദീര്‍ഘദൃഷ്ടിയോടെ കാണാന്‍ അവള്‍ക്ക് സാധിച്ചു. ഞാന്‍ കണ്ണുപൊട്ടനായതും അവിടെയാണ്.

ആതിരയെ പ്‌ളസ് ടുവിന് നാട്ടിലെ ഏതെങ്കിലും നല്ല വിദ്യാലയത്തില്‍ തന്നെ ചേര്‍ക്കണമെന്ന് അനീഷയ്ക്കായിരുന്നു വലിയ നിര്‍ബന്ധം. ഇവിടെ പഠിച്ച ഇന്ത്യന്‍ സ്‌കൂളില്‍ തന്നെ മതിയെന്ന് ഷാജിയും പറഞ്ഞു. പക്ഷേ, അനീഷ കണ്ണീരൊഴുക്കി തന്റെ ആഗ്രഹം നടപ്പിലാക്കി. എന്നാല്‍, ഞാനും കൂടി പോരാമെടീന്ന് പറഞ്ഞപ്പോള്‍, മോള്‍ക്ക് പഠിക്കാനുള്ള ചെലവ്, വീട്ടു ചെലവ്, തൊട്ടുതാഴെയുള്ള രണ്ട് പേരുടെ സ്‌കൂള്‍ ചെലവ്… ഇതൊക്കെ പറഞ്ഞ് അവള്‍ അതിനും തടസ്സം നിന്നു. എന്നാല്‍, കുടുംബമില്ലാതെ ആ ഫ്‌ളാറ്റില്‍ തങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചു. വാടക കരാര്‍ പ്രകാരം രണ്ട് മാസം കൂടിയുണ്ടായിട്ടും, ആ കാശ് പോന്നെങ്കില്‍ പോട്ടെ എന്ന് കരുതിത്തന്നയാണ് പുതിയ ഫ്‌ളാറ്റ് തേടിപ്പിടിച്ചത്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജി ഇവിടെയെത്തിയപ്പോള്‍ താമസിച്ചിരുന്നത് അട്ടിക്കട്ടിലുകളുള്ള ബാച്‌ലേഴ്‌സ് ഫ്‌ളാറ്റിലായിരുന്നു. കുളിമുറിക്കു മുന്‍പിലെ നീണ്ട ക്യൂവും രാത്രി ഒന്നിച്ചിരുന്നു ഖുബ്ബൂസും പരിപ്പുകറിയും ശാപ്പിട്ടതുമെല്ലാം തികട്ടി വന്നു. മൂട്ടയുടെ ആക്രമണം ഭയന്ന് രാത്രി മുഴുവന്‍ ട്യൂബ് ലൈറ്റിട്ട് ഉറങ്ങിയ ആ ഭീകര രാവുകള്‍ മറക്കുന്നതെങ്ങനെ? വീണ്ടും അത്തരമൊരു മുറിയിലേയ്ക്ക് തിരിച്ച് പോക്ക് ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. കുറേയേറെ പരതി നടന്ന് ഒടുവില്‍ എത്തപ്പെട്ടതാണ് ഉമ്മര്‍ ബില്‍ഡിങ്ങില്‍. സാമ്പത്തിക മാന്ദ്യമെന്ന ഭീകരന്റെ കരാളഹസ്തങ്ങളില്‍ നാട് മുറുകിയ സമയത്തായതിനാലാണ് നല്ലൊരു സ്റ്റുഡിയോ ഫ്‌ളാറ്റ് ചെറിയ വാടകയ്ക്ക് ഒത്തുകിട്ടിയത്. സ്ഥലത്തെ സാമാന്യം കൊള്ളാവുന്ന പത്തുനില കെട്ടിടമാണിത്. പടിഞ്ഞാറ് വശത്തെ കൊച്ചു ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ഇത്തിരി അകലം പാലിച്ചുള്ള രണ്ട് കെട്ടിടങ്ങള്‍ക്കിടയിലൂടെ, അകലെ ഖാലിദ് പോര്‍ട്ടില്‍ ബോട്ടുകളും ചരക്കു തോണികളും നിരനിരയായി കിടക്കുന്നത് കാണാം. കടല്‍ക്കാക്കകള്‍ വട്ടമിട്ട് പറക്കുന്നതിന് താഴെ ബോട്ടുകളിലും ലോഞ്ചുകളിലും രാപ്പകല്‍ വ്യത്യാസമില്ലാതെ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍.. ഇന്ത്യക്കാരായിരുന്നു അതില്‍ കൂടുതലും. ചിലപ്പോള്‍, അവരൊക്കെ സ്വന്തം കുടുംബത്തെ കണ്ടിട്ട് വര്‍ഷങ്ങളായിരിക്കും. ഓര്‍മ്മകളെ നങ്കൂരമിടീപ്പിച്ച്, ആഗ്രഹങ്ങളുടെ ഉരുവില്‍ അവര്‍ അക്കരെ ഇക്കരെ യാത്ര ചെയ്യുന്നു. ഒരു സിഗററ്റും പുകച്ച് അതൊക്കെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ ഷാജിയുടെ മനസ് നാട്ടിലേയ്ക്ക് പറക്കും. അവിടെ അയാള്‍ വൃദ്ധയായ അമ്മയേയും സഹോദരിമാരെയും കൂട്ടുകാരെയുമെല്ലാം കാണും. ഇപ്പോള്‍, കൂട്ടത്തില്‍ അനീഷയും മക്കളും കൂടിയുണ്ട്.

പുകച്ചുരുള്‍ ആകാശത്തേയ്ക്ക് പറത്തിയ ശേഷം ഷാജി കെട്ടിടത്തിന് താഴേയ്ക്ക് നോക്കി. വര്‍ഷങ്ങളുടെ പ്രവാസ കഥ പറയാനുള്ളയാളുടെ കഷണ്ടിത്തല പോലെ ഇത്തിരിവട്ട സ്ഥലം. അതില്‍ വാഹനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു. കെട്ടിടങ്ങളില്‍ തന്നെ പാര്‍ക്കിങ്ങിന് മ്പൗകര്യമില്ലാത്തവരൊക്കെ ആ *കച്ചയെ പീഡിപ്പിക്കുന്നു. ഉമ്മര്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്നും ഇത്തിരി ഒഴിഞ്ഞ സ്ഥലമുണ്ട്. അതെന്തേ ആളുകള്‍ ഒഴിവാക്കിയത് എന്നത് ലോകാത്ഭുതം തന്നെ. ഇതുവരെ ആ സ്ഥലത്ത് വാഹനമൊന്നും കയറിയിട്ടില്ല. *നാത്തൂര്‍ ഉമ്മറിന്റെ കര്‍ശന എതിര്‍പ്പായിരിക്കാം കാരണം. ഉമ്മറിന് കര്‍ക്കശനായ ഒരു ഹെഡ്മാസ്റ്ററുടെ മുഖവും ഭാവവുമാണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. എല്ലാത്തിനും അറുത്തുമുറിച്ചുള്ള മറുപടിയാണയാള്‍ക്ക്. എന്ത് കാര്യം സംസാരിച്ചാലും അയാളുടേതാണ് അന്തിമ വാക്ക്.


നോക്കിനില്‍ക്കെ, ഉമ്മര്‍ അവിടെ ആ ഒഴിഞ്ഞ സ്ഥലത്തിനടുത്ത് പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഒരു മധ്യവയസ്‌കന്‍ കൂടിയുണ്ട്. ഉമ്മര്‍ ഒരു ഇരയെ കൂടി ചൂണ്ടയില്‍ കുരുത്തിരിക്കുന്നു. ഏത് നിലയിലായിരിക്കും ഒഴിവ് വന്നിരിക്കുക?. ഈ വര്‍ഷം ഇനി ആരും ഒഴിയുമെന്ന് കരുതേണ്ടെന്ന് പറഞ്ഞാണ് കൃത്യമായൊരു രൂപം പോലുമില്ലാത്ത ഈ സ്റ്റുഡിയോ ഫ്‌ളാറ്റ് തന്നെ പിടിപ്പിച്ചത്. അതിനയാള്‍ക്ക് അഞ്ഞൂറ് ദിര്‍ഹം കൈമണിയും കൊടുത്തു. നേരിട്ട് ഉടമയില്‍ നിന്ന് ഫ്‌ളാറ്റുകള്‍ വാങ്ങിക്കാം എന്നതായിരുന്നു എല്ലായിടത്തേയും പരസ്യം. ബോര്‍ഡില്‍ എഴുതിവച്ച ആ വലിയ അക്ഷരങ്ങള്‍ വാടകക്കാരെ കൊഞ്ഞനം കുത്തിയത് മിച്ചം. ഏതായാലും കുഴപ്പമില്ല. കാശിനോട് ഇത്തിരി ആര്‍ത്തിയുണ്ടെങ്കിലും ഉമ്മര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. പക്ഷേ, അടിപൊളി ഫ്‌ളാറ്റ് എന്ന് പറഞ്ഞിട്ട് ഈ സ്റ്റുഡിയോ ഫ്‌ളാറ്റിലേയ്ക്ക് കാലെടുത്ത് വച്ചത് തന്നെ കൂറയുടെ മേലേക്കാണ്. അതിലാണ് അയാളോട് അരിശം. എന്തെന്തു ചെയ്തിട്ടും അവറ്റകളെ തുരത്താനാവുന്നില്ല. മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ളവരും ഇല്ലാത്തവരുമെല്ലാം വന്ന് വിഷമടിച്ചു. പുതിയ കൂറമരുന്നന്വേഷിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍ കയറിയിറങ്ങി. പലതരത്തിലുള്ളത് വാങ്ങി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ പയ്യന്‍ ഇപ്പോള്‍ കാണുമ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു:

”സാറേ, അടിപൊളിയൊരു കൂറമരുന്ന് എറങ്ങീറ്റ്ണ്ട്. ഒന്നു നോക്കീന്ന്…”

അവന്‍ തന്നെ കൂറ ഷാജിയെന്ന് പറഞ്ഞ് കളിയാക്കുകയാണോ എന്ന് പോലും തോന്നിപ്പോകുന്നു. ചിലപ്പോള്‍, ചെല്ലുന്ന സൂപ്പര്‍മാര്‍ക്കറ്റുകാരെല്ലാം അതു തന്നെയായിരിക്കാം തന്നെപ്പറ്റി പറയുന്നത്.

”മൂട്ട, ഈച്ച ശല്യമൊന്നുമുണ്ടാവില്ലെന്റെ സാറേ…”

ഫ്‌ളാറ്റിനിത്തിരി പഴക്കമുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അന്ന് നാത്തൂര്‍ ഉമ്മര്‍ പറഞ്ഞതോര്‍ക്കുന്നു:
”പിന്നെ…മൂട്ടേടെ പൊടിപോലുണ്ടാവില്ല…നല്ല ഒന്നാന്തരം മുംബൈ കപ്പിള്‍സ് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഫ്‌ളാറ്റല്ലേ… പൊന്നുപോലെയാ അവർ നോക്കിയേ. പിന്നെ, പാറ്റ… ഓ, നിങ്ങടെ കൂറ.. അത് ചെലപ്പോ ഒന്നോ രണ്ടോ കണ്ടേക്കും. അതില്ലാത്ത ഒരൊറ്റ ഫ്‌ളാറ്റും ഈ ഗള്‍ഫ് മണലാരണ്യത്തിലുണ്ടാവില്ല സാറേ… മൂട്ടയെ വേണേല്‍ നമുക്ക് ഓടിച്ചുവിടാം. പക്ഷേങ്കിൽ ഈ പാറ്റ… അത് പറ്റത്തില്ല സാറേ. നമ്മടെ ദിനോസറിന്റെ കാലം തൊട്ടേള്ള ജീവിയല്ലേ, അങ്ങനെയൊന്നും വേരറ്റുപോകില്ലാന്ന് ഇന്നാള് ആനിമല്‍ പ്‌ളാനറ്റിലൊരുത്തന്‍ പറേന്ന കേട്ടിരുന്നു. ചെല നാട്ടുകാര്‍ അവറ്റീങ്ങളെ പൊരിച്ചു തിന്നാറുംണ്ടത്രെ…”

ആ രംഗം മുന്നില്‍ക്കണ്ടെന്ന പോലെ ഉമ്മര്‍ പൊട്ടിച്ചിരിച്ചു.

ആനിമല്‍ പ്‌ളാനറ്റ് ചാനല്‍ കാണുന്ന നാത്തൂര്‍. കൊള്ളാം. വല്ല സീരിയലോ റിയാലിറ്റിഷോയോ കണ്ടിരിക്കുന്ന ഇയാള്‍ക്കെങ്ങനെ ഇത്ര വിവരമുണ്ടായി എന്നായിരുന്നു ഷാജിയുടെ ചിന്ത. സിഗററ്റ് ജീവനൊടുക്കിക്കഴിഞ്ഞപ്പോള്‍ ഷാജി കുറ്റി കുത്തിക്കെടുത്തി വേസ്റ്റ് ബാസ്‌കറ്റിലിട്ട് അടുക്കളയില്‍ കയറി. രാവിലത്തെ ബ്രഡില്‍ ബാക്കിയുണ്ടായിരുന്നത് രണ്ടെണ്ണമെടുത്തു ഓവനില്‍ വച്ച് ചൂടാക്കി. മുട്ടയെടുക്കുമ്പോള്‍ റഫ്രിജറേറ്റര്‍ ചിരിച്ചു. എന്താ ഇളിക്കുന്നത് എന്ന് നോക്കിയപ്പോള്‍ അത് വാ പൊത്തി ചിരിയടക്കി.

”അല്ല എന്നും ഇതൊക്കെ മാത്രം കഴിച്ചാ മതിയോ സാറേ…?”

ഫ്രിഡ്ജ് ചോദിച്ചു. ഷാജി ഒന്നും മിണ്ടിയില്ല. മൈന്‍ഡ് ചെയ്യാതെ അതിന്റെ വാതില്‍ ഇത്തിരി ഉറക്കെ അടച്ചപ്പോള്‍ അരിശം വന്നുവെന്ന് തോന്നുന്നു.

”അന്ന് ചേച്ചിയുണ്ടായിരുന്നപ്പോ ഒരീസം രാത്രി മുട്ടക്കറിയുണ്ടാക്കിയതിന് എന്തുമാത്രം വഴക്കുണ്ടാക്കിയ ആളാ… മുട്ട ഗ്യാസിന് മോശമാണ്, അത് രാത്രി ആരും കഴിക്കാറില്ല എന്നൊക്കെ പറഞ്ഞ് എന്തോരം ബഹളായിരുന്നു. എന്നിട്ടിപ്പോ കണ്ടില്ലേ, നിത്യവും മൂന്ന് നേരം മുട്ടയോടു മുട്ട… മലപ്പുറം കത്തി, ഒലക്കേടെ മൂട്…ഹഹ്ഹ..”

”മിണ്ടാണ്ടിരിയെടോ…”

ഷാജിക്ക് ദേഷ്യം ഇരച്ചുകയറി.

”അങ്ങനെ മിണ്ടാണ്ടിരിക്കാന്‍ ഞാന്‍ നിങ്ങടെ അടിമയൊന്ന്വല്ലല്ലോ.. ചോദിക്കാനും പറയാനുമുള്ള അവകാശം എനിക്കൂംണ്ട്…”

”എന്നാ ചോദിച്ചും പറഞ്ഞോണ്ടുമിരുന്നോ.. ഞാനിതൊന്നുണ്ടാക്കി കഴിക്കട്ടെ”

ഫ്രിഡ്ജ് പിന്നീടൊന്നും മിണ്ടിയില്ല. അനുനിമിഷം അത് കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ടു. ഷാജിയുടെ മനസൊന്നു തണുത്തു. രണ്ടു വര്‍ഷമായി കൂടെയുള്ള റഫ്രിജറേറ്ററാണ്. യാതൊരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ല. അതാണ് പഴയ പല സാധനങ്ങളും ഉപേക്ഷിച്ചപ്പോഴും അതിനെ കൂടെ കൂട്ടാന്‍ കാരണം. ചൂടായി സംസാരിച്ചതും വാതില്‍ ഉറക്കെയടച്ചതും മോശമായിപ്പോയി. അയാള്‍ ഫ്രിഡ്ജിന്റെ വാതിലില്‍ കൊച്ചുകുഞ്ഞിന്റെ കവിളിലെന്ന പോലെ ഒന്നു തലോടി. പിന്നെ നെറുകെയില്‍ ഉമ്മവച്ചു. ഭക്ഷണം കഴിച്ച് പല്ലു തേച്ച ശേഷം കയ്യീക്കിട്ടിയ പുസ്തകവുമെടുത്ത് ബെഡിലേക്ക് വീണു. മുന്‍പൊക്കെയായിരുന്നെങ്കില്‍ കുറേനേരം ടെലിവിഷന്‍ കണ്ട് സമയം കളയുമായിരുന്നു.

”നിങ്ങളിങ്ങനെ ടെലിവിഷന്‍ കണ്ടോണ്ടിരുന്നാ മോന്റെ പഠിത്തം കുളമായത്.. അവന് സ്‌കൂളില്‍ നിന്നെത്തിയാ പിന്നെ കാര്‍ട്ടൂണ്‍ ചാനല്‍ കണ്ടേ മതിയാവൂ.. അവന്റെ ഒരു ഡോറിമോനും ഛോട്ടാഭീമും… ആ ഡോറിമോന്റെ പരപരാ ഒച്ച കേള്‍ക്കുമ്പോഴേ എനിക്ക് കലികേറും….”

അനീഷയുടെ പരാതി പതിവായെങ്കിലും ന്യൂസ് അവര്‍ കാണാതെ ഉറക്കം വരില്ലെന്നായിരുന്നു അവസ്ഥ. കൂട്ടായി അയല്‍ ഫ്‌ളാറ്റിലെ ഷമീം അഹമ്മദ് എത്തിയാല്‍ പിന്നെ ഓരോരോ വിഷയങ്ങള്‍ എടുത്തിട്ട് ചര്‍ച്ചയോട് ചര്‍ച്ച. എന്നാലിപ്പോ ഒന്നും വേണ്ടാതായി. ഇ-വിഷന്റെ കാലാവധി കഴിഞ്ഞപ്പോ പുതുക്കിയില്ല. അതങ്ങനെ കിടക്കുന്നു. അല്ലെങ്കില്‍ത്തന്നെ ഈ രാഷ്ട്രീയക്കാരുടെ തുണിയഴിച്ച കഥകളും തിയറ്ററില്‍ എട്ട് നിലയില്‍ പൊട്ടിയ ‘ബ്‌ളോക്ക്ബസ്റ്റര്‍’ മൂവിയും സ്ഥിരമായി കാണുന്നതേ ചടപ്പ്. ഇപ്പോള്‍ നല്ല സുഖം. നന്നായി വായിക്കാനുമാകുന്നു. സമയം കളയാന്‍ വേണ്ടി വായിക്കുന്നതല്ല, സമയം കണ്ടെത്തി വായിക്കുന്നതാണ് വായന. അതു കൂടി ഇല്ലായിരുന്നുവെങ്കില്‍ ഈ ജീവിതം ഏകാന്തതയുടെ മുഷിച്ചില്‍ കുടിച്ച് വീര്‍ത്തു പൊട്ടിയേനെ. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റാണ് വായിക്കുന്നത്. കഴിഞ്ഞ ഷാര്‍ജാ പുസ്തകമേളയ്ക്ക് വാങ്ങിയതാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ് വായന എന്നോര്‍മയില്ല. ആട്ടിടയനായ സാന്റിയാഗോയ്‌ക്കൊപ്പം എത്ര പ്രാവശ്യം യാത്ര ചെയ്താലും മതിവരുന്നില്ല. സാന്റിയാഗോവിൻ്റെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തപ്പോഴൊക്കെ ഷാജിയുടെ മനസില്‍ അനീഷയും മക്കളും ലിഫ്റ്റ് കയറി വന്നു. പിന്നെ, എത്ര ശ്രമിച്ചിട്ടും ഉറക്കം തലോടയില്ല. ഒടുവില്‍ ഹേമന്ദ്കുമാറിൻ്റെ പാട്ടുകള്‍ വച്ചു നോക്കിയെങ്കിലും രക്ഷയില്ലായിരുന്നു. പിന്നീട് എപ്പോഴോ നിദ്രാമോഹിനി കൂട്ടിക്കൊണ്ടുപോയി, സമാധാനത്തിന്റെയും സാന്ത്വനത്തിന്റേയും ലോകത്തേയ്ക്ക്.

പുലര്‍ച്ചെ എണീക്കുവാന്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ജോലി… അതല്ലേ എല്ലാം. പെട്ടെന്ന് പല്ലുതേച്ച്, കുളിച്ച് പാന്റ്‌സും ഷേര്‍ട്ടും ഇസ്തിരിയിടാന്‍ ഒരുങ്ങിയപ്പോള്‍ ഇസ്തിരിപ്പെട്ടി ഷാജിയോട് പറഞ്ഞു:

”ഒറ്റയ്ക്കുള്ള ഈ ജീവിതം ഭയങ്കര ബോറ് തന്നെ…”

അയാള്‍ ഒന്നും മിണ്ടിയില്ല. അതുകണ്ട് സഹികെട്ട് കൂടുതല്‍ പുക തുപ്പിക്കൊണ്ട് ഇസ്തിരിപ്പെട്ടി തുടര്‍ന്നു:

”എന്താ മിണ്ടാത്തത്…? എന്നേക്കൂടി ചേച്ചിയോടും കുട്ടികളോടുമൊപ്പം നാട്ടിലേയ്ക്കയക്കാമായിരുന്നില്ലേ…?”

”അപ്പോള്‍ ഞാനൊറ്റയ്ക്കായിപ്പോകില്ലെടോ…”

ഇസ്തിരിപ്പെട്ടിയുടെ മനസില്‍ കനലെരിഞ്ഞു. അത് വീണ്ടും പുക തുപ്പിയ ശേഷം കണ്ണീര്‍ തുടച്ചു.


അന്ന് വൈകുന്നേരം ഓഫീസില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ എലവേറ്ററില്‍ കയറാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് പോയാലോ എന്ന് ഒരുനിമിഷം ചിന്തിച്ചു. പക്ഷേ, ആ ചതുരക്കൂടിനുള്ളില്‍ ഏകനായി നില്‍ക്കുന്ന ഓരോ നിമിഷവും പേടി ഒരു രാക്ഷസനെപ്പോലെ മുട്ടിയുരുമ്മും. എപ്പോഴാണ് അതിന്റെ രോമാവൃതമായ നീണ്ട കൈ കഴുത്തിന് നേരെ നീണ്ടു വരുന്നതെന്ന് അറിയാനൊക്കില്ല. അതു വേണ്ട. ഏഴാം നിലയിലേക്ക് പടികള്‍ ചവിട്ടിക്കയറുക നല്ലൊരു വ്യായാമമാകുമല്ലോ. പക്ഷേ, അപ്പോഴേയ്ക്കും അവിടെയെത്തിയ ഒരു വയോധികന്‍ ഷാജിയുടെ മനസ് മാറ്റി.

*കന്തൂറയിട്ട് തൊപ്പിവച്ച അയാള്‍ ഇത്യോപ്യന്‍ സ്വദേശിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാം. പ്രായാധിക്യത്തിലോ, കാലിന് വല്ലായ്കയാലോ ആയിരിക്കണം, വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു അയാള്‍ നടന്നിരുന്നത്. ചരടിട്ട് ബന്ധിച്ചിരുന്ന സോഡാക്കുപ്പിക്കണ്ണട ഇടയ്ക്കിടെ അയാള്‍ മൂക്കില്‍ അമര്‍ത്തിവച്ചു. ഷാജിക്ക് പെട്ടെന്ന് തന്റെ അച്ഛനെ ഓര്‍മ്മ വന്നു. രണ്ട് വര്‍ഷം മുന്‍പ് മരിക്കുമ്പോള്‍ അച്ഛന്‍ വാക്കിങ് സ്റ്റിക്ക് ഉപയോഗിക്കുകയും കണ്ണടവയ്ക്കുകയും ചെയ്ത് ഇതതേ അവസ്ഥയിലായിരുന്നു. അച്ഛന്റെ മുഖം ഓര്‍മ്മ വന്നാല്‍പ്പിന്നെ കണ്ണുനിറയും. തന്നെ താനാക്കിയത് ഒരു പാവം വക്കീല്‍ഗുമസ്തനായിരുന്ന ആ മനുഷ്യനായിരുന്നുവല്ലോ.

ഇടതുകൈ തൊണ്ടക്കുഴിയില്‍ ഞെക്കിപ്പിടിച്ച് ആ വൃദ്ധന്‍ സലാം പറഞ്ഞപ്പോള്‍ വാക്കുകള്‍ മുഴുവന്‍ പുറത്തേയ്ക്ക് വന്നില്ല. തൊണ്ടയ്ക്കകത്ത് ഘടിപ്പിച്ച എന്തോ ചെറിയ ഉപകരണം ഞെക്കിപ്പിടിച്ചാണ് അയാള്‍ സംസാരിക്കുന്നത്. ആറു മാസത്തിനിടെ ആദ്യമായാണ് ഈ കെട്ടിടത്തില്‍ ഒരാള്‍ ഇങ്ങോട്ട് സലാം പറയുന്നതും നോക്കിച്ചിരിക്കുന്നതും. എലവേറ്ററില്‍ കയറി ഷാജി ഏഴാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തി. എന്നിട്ട് ആ മനുഷ്യനെ നോക്കിയപ്പോള്‍ അയാള്‍ പുഞ്ചിരി മായ്ക്കാതെ വീണ്ടും തൊണ്ടയില്‍ വിരല്‍ ഞെക്കി. ചെമ്പുകലത്തില്‍ ഉരസുന്നതു പോലുള്ള ശബ്ദം പുറത്തുവന്നു: *അശറ. ഷാജി പത്താം നമ്പര്‍ ബട്ടണും അമര്‍ത്തിയപ്പോള്‍ അയാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

പത്താം നിലയിലാണ് അയാള്‍ താമസിക്കുന്നത്. തൻ്റെ തന്നെ നിലയിലായിരുന്നെങ്കില്‍ ശരിക്കും പരിചയപ്പെടാമായിരുന്നുവെന്ന് ഷാജി ചിന്തിച്ചു. ഇത്യോപ്യയിലെ ജീവിതവും രാഷ്ട്രീയവുമൊക്കെ ചോദിച്ചറിയാമായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് ആ നാട്ടുകാരില്‍ നിന്ന് തന്നെ കേട്ടറിയുക ബഹുരസമാണ്. അപ്പോള്‍, വായിച്ചും കണ്ടുമറിഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ആ ദുരിതജീവിതങ്ങള്‍ എന്ന തിരിച്ചറിവുണ്ടാകും.

എലവേറ്ററില്‍ അടുത്തടുത്ത് നില്‍ക്കുമ്പോള്‍ ലിഫ്റ്റിൻ്റെ ഒരു ഭാഗത്ത് ഘടിപ്പിച്ച വലിയ കണ്ണാടിയിലൂടെ ആ വൃദ്ധനെ അയാളറിയാതെ ശ്രദ്ധിച്ചു. ഇരുണ്ട ഭൂഖണ്ഡത്തിൻ്റെ മുഴുവന്‍ ദൈന്യവും അയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. തന്നെപ്പോലെ കടുത്ത ഏകാന്തത അനുഭവിക്കുന്നയാളായിരിക്കാം ആ പാവവുമെന്ന് വെറുതെ ചിന്തിച്ചപ്പോള്‍ ഷാജിക്ക് അയാളോട് വല്ലാത്തൊരു അടുപ്പം തോന്നി. മുജ്ജന്മത്തില്‍ ഒരു പക്ഷേ, താനും ഇയാളെപ്പോലെ ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തായിരിക്കാം ജനിച്ചിരിക്കുക.ഏഴാം നിലയിലെത്തിയെന്ന് എലവേറ്റര്‍ അറിയിച്ചപ്പോഴാണ് ഷാജി ആലോചനയില്‍ നിന്നുണര്‍ന്നത്. ഇറങ്ങാന്‍ നേരം ആ വൃദ്ധൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ഷാജിയും പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഫ്ളാറ്റിന് നെേര നടന്നു. ഫ്‌ളാറ്റിൻ്റെ വാതില്‍ തുറക്കാന്‍ താക്കോല്‍ പരതിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി.

കാറിൻ്റെ താക്കോലിനോടൊപ്പമാണ് അതുള്ളത്. അയാള്‍ വാലിന് തീ പിടിച്ച പോലെ
സ്‌റ്റെയര്‍കേസ് ഇറങ്ങിയോടി. ഇടയ്ക്കിടെ ചുമച്ചും ചീറ്റിയും കാര്‍ റോഡരികിലെ പാര്‍ക്കിങ്ങിലുണ്ടായിരുന്നു. ഭാഗ്യം, പൊലീസോ മറ്റോ കണ്ടിട്ടില്ല. കണ്ടിരുന്നേല്‍ പിഴയിട്ടേനെ. അതുമാത്രമാണോ പ്രശ്‌നം, ആരെങ്കിലും ഓടിച്ചു പോയിരുന്നെങ്കിലോ. എങ്കില്‍, എപ്പോഴേ പീസ് പീസായി ഒമാന്‍ അതിര്‍ത്തി കടന്നേനെ. കാറിനകത്തു കയറി എന്‍ജിന്‍ ഓഫ് ചെയ്തപ്പോള്‍ താക്കോല്‍ പിണങ്ങി. ആദ്യത്തെ വലിയില്‍ അത് പുറത്തേയ്ക്കുവരാന്‍ കൂട്ടാക്കിയില്ല. ഒരബദ്ധം ആര്‍ക്കും പറ്റുമല്ലോ, വാ കൂട്ടുകാരേ എന്ന് സോപ്പടിച്ചപ്പോള്‍, ഇനി മറന്നാല്‍ ഞങ്ങള്‍ എവിടേയ്‌ക്കെങ്കിലും ഒളിച്ചോടും എന്ന് മുന്നറിയിപ്പ് നല്‍കി. പിന്നെ കുലുങ്ങിച്ചിരിച്ചു.

തിരിച്ചു ചെല്ലുമ്പോള്‍ കെട്ടിടത്തിന് താഴെ എലവേറ്റര്‍ കാത്ത് രണ്ട് യുവതികള്‍ നില്‍പ്പുണ്ടായിരുന്നു. സല്‍വാര്‍ കമ്മിസ് ധരിച്ച രണ്ട് സുന്ദരികള്‍. അവരുടെ ദേഹത്ത് നിന്നു പെര്‍ഫ്യൂമിൻ്റെ രൂക്ഷഗന്ധം മൂക്കിലടിച്ചപ്പോള്‍ ഇത്തിരി മാറി നിന്നു. തൊട്ടടുത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്നവരാണ്. അതവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അവിടെ ബാക്കി വരുന്ന സൗന്ദര്യവര്‍ധക വസ്തുക്കളൊക്കെ കളയാന്‍ പാടില്ലായിരിക്കാം. അവര്‍ പോകട്ടെ എന്ന് കരുതി കാത്തുനിന്നെങ്കിലും എലവേറ്ററില്‍ കയറിയ അവര്‍ അത് തുറക്കാനുള്ള ബട്ടണില്‍ വിരലമര്‍ത്തിപ്പിടിച്ചു. എന്നാപ്പിന്നെ കയറിക്കളയാം എന്നായി.
എലവേറ്ററില്‍ അപരിചിതരുടെ കൂടെ നില്‍ക്കുമ്പോള്‍ എല്ലാവരും ചെയ്യുമ്പോലെ
ഷാജിയും മൊബൈല്‍ ഫോണില്‍ വിരലമര്‍ത്തി. ഈ ഉപകരണം കണ്ടുപിടിക്കുന്നതിന് മുന്‍പ് ഷൂസും ചെരിപ്പുമൊക്കെ നോക്കി നില്‍ക്കാറാണ് പതിവ് എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മവന്നു. സുന്ദരികള്‍ ഉറുദുവില്‍ എന്തോ പറഞ്ഞ് കൂടെക്കൂടെ ചിരിക്കുന്നതിനാല്‍ അയാള്‍ അവരുടെ മുഖത്തേയ്ക്ക് നോക്കിയതേയില്ല. തന്നെ കളിയാക്കിയതാണെങ്കിലും അല്ലെങ്കിലും ആദ്യമായാണ് മനുഷ്യപ്പറ്റുള്ള രണ്ട് പേരെ ഈ കെട്ടിടടത്തില്‍ കാണുന്നത്. സാധാരണ, ആരെങ്കിലും ഓടിച്ചെന്നാലും എലവേറ്റര്‍ പെട്ടെന്ന് അടയ്ക്കാന്‍ ശ്രമിക്കുന്ന തരം സ്വാര്‍ഥതയാണെല്ലാവര്‍ക്കും.

എത്രയെത്ര കുടുംബങ്ങളാണ് ഈ ഒരൊറ്റ കെട്ടിടത്തില്‍ തന്നെ തങ്ങളുടെ ജീവിതം തളച്ചിടുന്നത്. യാന്ത്രികമാണ് ഈ ജീവിതം. പറഞ്ഞുപഴകിയ പല്ലവി. രാവിലെ ജോലിക്ക്, വൈകുന്നേരം മടക്കം. ജോലിയില്ലാത്ത വീട്ടമ്മമാരെണെങ്കില്‍ ടെലിവിഷനിലും ഇന്റര്‍നെറ്റിലും തങ്ങളെ തളച്ചിടുന്നു. കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. എലിപ്പത്തായത്തില്‍ കുടുങ്ങിയ പോലെ, ശുദ്ധവായു ശ്വസിച്ച് വളരാനേ അവര്‍ക്ക് സാധിക്കുന്നില്ല. ഈ മരുഭൂമിയിലെ ജീവിതം ഇങ്ങനെയൊക്കെ തന്നെ. അതിനിടയ്ക്ക് ലഭിക്കുന്ന വാരാന്ത്യ അവധിദിനം മാത്രം അവര്‍ വല്ല പാര്‍ക്കിനോ ബീച്ചിനോ സമര്‍പ്പിക്കുന്നു.

പിറ്റേന്നു അവധി ദിവസമായതിനാല്‍ എങ്ങനെ സമയം കളയുമെ ആലോചനയുമായി ഷാജി കുറേ നേരമിരുന്നു. എന്തെങ്കിലും വായിച്ചുകൊണ്ടേയിരിക്കാം. അല്ലെങ്കില്‍, തൊട്ടടുത്തുള്ള തിയറ്ററില്‍ ചെന്ന് സിനിമ കാണാം. പലതും ആലോചിച്ച് വൈകിയാണ് അന്നും ഉറക്കം വന്നത്. മൂക്കിലേയ്ക്ക് ഏതോ രൂക്ഷഗന്ധം അടിച്ചുകയറി, ചുമ വന്ന് മുട്ടിയപ്പോള്‍ ഷാജി കിടക്കയില്‍ നിന്ന് ചാടിയെണീറ്റു. മുറിയിലാകെ പുക നിറഞ്ഞിരിക്കുന്നു. തണുത്ത കാലാവസ്ഥ ആയതിനാല്‍ എയര്‍കണ്ടീഷണര്‍ ഓഫാക്കി ജനല്‍ തുറന്നുവച്ചിരിക്കുകയായിരുന്നു. പുറത്ത് എന്തോ ബഹളവും കേള്‍ക്കുന്നു. ഷാജിയുടെ ഉള്ളൊന്നു കാളി. അയാള്‍ ഓടിച്ചെന്ന് ജനല്‍പാളി നീക്കി പുറത്തേയ്ക്ക് നോക്കി. കെട്ടിടത്തിന് താഴെ ആളുകള്‍ കൂടി നിന്ന് പരിഭ്രാന്തിയോടെ എന്തൊക്കെയോ കാണിക്കുന്നു. എല്ലാവരും കെട്ടിടത്തിന്റെ മുകളിലേയ്ക്കാണ് നോക്കുന്നത്. ആഗ് ആഗ് എന്ന് പറഞ്ഞ് ചിലര്‍ കൈകൊണ്ട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഷാജി തല പുറത്തേയ്ക്കിട്ട് മുകള്‍ ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുന്നു. മനസ് ഒരു നിമിഷം ശൂന്യമായി. തലകറങ്ങുന്നത് പോലെ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിശ്ചലനായി നിന്നു. അനന്തരം മറ്റൊന്നും ആലോചിച്ചില്ല, പഴ്‌സും കണ്ണടയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമെടുത്ത് മുറി തുറന്ന് പുറത്തേയ്‌ക്കോടി. പെട്ടെന്നാണ് പാസ്‌പോര്‍ട്ടിനെക്കുറിച്ചോര്‍ത്തത്. വീണ്ടും ചെന്ന് മുറി തുറന്ന് ഷെല്‍ഫില്‍ ഭദ്രമായി വച്ചിരുന്ന പാസ്‌പോര്‍ട്ടുമെടുത്ത് കുതിച്ചു. വൈദ്യുതി വിചേ്ഛദിച്ചിരിക്കുന്നതിനാല്‍ എല്ലായിടത്തും ഇരുട്ടാണ്. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. പലരും ബഹളം വച്ചുകൊണ്ട് ഇറങ്ങിയോടുന്നു. കുട്ടികളുടെ കൈ പിടിച്ചും അവരെ എടുത്തുകൊണ്ടും ഓടുന്നവരെ വ്യത്യസ്ത ശബ്ദത്തിലും ഭാഷയിലും നിലവിളിയും പിന്തുടരുന്നു. മിക്കവരും പാസ്‌പോര്‍ട്ട്, ലാപ്‌ടോപ്, ക്യാമറ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളും കൈയില്‍ പിടിച്ചാണ് ഓടുന്നത്. ഷാജി ഏതോ ഒരു നില പിന്നിട്ടപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയെയും താങ്ങി ഒരു യുവാവ് പേടിച്ച് വിറച്ച് പടിയിറങ്ങുന്നത് കണ്ടു. ഓരോ പടിയും അവര്‍ക്ക് മുന്‍പില്‍ തീക്കുണ്ഠമായി. രണ്ട് പിഞ്ചുകുട്ടികളെയും എടുത്തുവരുന്ന സ്ത്രീയെ കണ്ടപ്പോള്‍ ചോദിക്കാതെ തന്നെ ഒരാളെയെടുത്ത് ഷാജി തോളത്തിരുത്തി പടികളിറങ്ങി.

താഴെയെത്തിയപ്പോള്‍ കെട്ടിടത്തിന് ചുറ്റും സമ്മേളനത്തിനെന്ന പോലെ ആളുകള്‍ കൂടിയിരിക്കുന്നു. എല്ലാവരുടെയും നോട്ടം മുകളിലേയ്ക്കാണ്. എട്ടാമത്തെ നിലയില്‍ നിന്ന് അഗ്നി പടരുന്നു. ഭാഗ്യത്തിന് അത് മുകളിലേയ്ക്കാണ് ഇരട്ടതലയുള്ള പാമ്പിനെ പോലെ നാവുകള്‍ പുറത്തേയ്ക്കിട്ട് ഇഴയുന്നത്. തഴേയ്ക്കായിരുന്നുവെങ്കില്‍ ആദ്യം പിടകൂടേണ്ടിയിരുന്നത് തൻ്റെ ഫ്‌ളാറ്റിലായിരുന്നുവെന്ന് ഓര്‍ത്ത് ഷാജി നടുങ്ങി. തോളത്ത് നിന്ന് കുട്ടിയെ താഴെയിറക്കി അമ്മയെ ഏല്‍പിച്ച് അയാള്‍ ഇത്തിരി മാറി നിന്നു.

പെട്ടെന്ന് പോലീസ് വാഹനങ്ങളും ഫയര്‍ എഞ്ചിനുകളും സൈറണ്‍ മുഴക്കിയും നീലയും ചുവപ്പും വെളിച്ചം തെളിച്ചും പാഞ്ഞെത്തി. ആളുകളെ അകറ്റി നിര്‍ത്തി അവര്‍ കെട്ടിടത്തിന് ചുറ്റും സേഫ്റ്റി റിബണ്‍ കെട്ടി. കെട്ടിടത്തിലെ വൈദ്യുതി പൂര്‍ണമായും അണഞ്ഞു. ക്രെയിനുപയോഗിച്ച് വെള്ളം ചീറ്റിത്തുടങ്ങി. പക്ഷേ, തീ അണയാനേ കൂട്ടാക്കുന്നില്ല. വാശിക്കാരനായ കുട്ടിയെ പോലെ അത് കൈകാലിട്ടടിക്കുന്നു, എണീറ്റ് ചുറ്റും പായുന്നു. എല്ലാം നക്കിത്തീര്‍ക്കാന്‍ വ്യാളിയുടേതുപോലുള്ള അഗ്നിനാവുകള്‍ നീളുന്നുണ്ടായിരുന്നു. കെട്ടിടത്തില്‍ നിന്ന് പിന്നെയും ആളുകള്‍ നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിവരുന്നു. ഇടയ്ക്ക് കാണാറുള്ള ഫിലിപ്പീനി യുവാവും അയാളുടെ കാമുകിയും അപ്പോഴും പരസ്പരം കെട്ടിപ്പിടിച്ച് കരയുകയാണ്. *തഗലോഗ് ഭാഷയില്‍ അവരപ്പോള്‍ എന്തൊക്കെയോ വിലപിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം വലിയ വിലകൊടുത്ത് സ്വന്തമാക്കിയ ഐ ഫോണ്‍ എടുക്കാന്‍ മറന്നുപോയി എന്നതാണ് അവരുടെ വിഷമം. അതിലായിരുന്നുവത്രെ അവരുടെ ആദ്യ സമാഗമത്തിലെ ഫോട്ടോകള്‍ സേവ് ചെയ്തിരുന്നത്. മറ്റൊരു ഫിലിപ്പീനി യുവാവ് വേറൊരാളോട് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കുന്നത് കേട്ടതാണ്.

പെട്ടെന്നാണ് ഷാജി കാലിന് സ്വാധീനമില്ലാത്ത, ഒച്ച പോലും പുറത്തുവരാത്ത ആ ഇത്യോപ്യന്‍ വൃദ്ധനെ ഓര്‍ത്തത്. അയാളുടെ ഉള്ളൊന്നു ഉലഞ്ഞു. വൃദ്ധനു വേണ്ടി കണ്ണുകള്‍ പരതി. കെട്ടിടത്തിന് ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്ന് നോക്കി. കാണുന്നില്ല. പാവം, കെട്ടിടത്തില്‍
കുടുങ്ങിക്കിടക്കുകയായിരിക്കുമോ? അയാള്‍ക്ക് പെട്ടെന്നൊന്നും താഴേയ്ക്ക് ഇറങ്ങിയോടാന്‍ സാധിക്കില്ലല്ലോ!. ഷാജിയുടെ കണ്ണുകള്‍ നാത്തൂര്‍ ഉമ്മറിനെ തിരഞ്ഞു. സ്വബോധമില്ലാത്തവനെ പോലെ ആള്‍ക്കൂട്ടത്തിലൊരാളായി നില്‍ക്കുന്ന അയാളെ സമീപിച്ച് വൃദ്ധനെക്കുറിച്ച് പറഞ്ഞപ്പോള്‍ മറ്റെന്തോ ഓര്‍ത്ത് ഉമ്മര്‍ എവിടേയ്‌ക്കോ ഓടി. ഷാജിയുടെ തല പെരുത്തു. എന്തൊക്കെയോ അസ്വസ്ഥതകള്‍ പിടികൂടിയ അയാള്‍ ആ മനുഷ്യനെ അന്വേഷിച്ച് ഓടിനടന്നു. ഇടയ്ക്ക് ആരോ എടാ ഷാജീ എന്ന് വിളിച്ച പോലെ തോന്നി. തോന്നലല്ല, ശരിക്കും വിളിച്ചതാണ്. ഒരു യുവതിയോടും രണ്ട് കുട്ടികളോടുമൊപ്പം നില്‍ക്കുന്ന തൻ്റെ സമപ്രായക്കാരനെന്ന് തോന്നിക്കുന്ന അയാളുടെ മുഖം എവിടെയോ കണ്ട ഓര്‍മ്മയുണ്ട്. പക്ഷേ, പേര് ശരിക്കും ഓര്‍മ്മയില്‍ വരുന്നില്ല.

”എടാ, നീ ഈ ബില്‍ഡിങ്ങിലാണോടാ താമസിക്കുന്നേ?”

അയാള്‍ ചിരപരിചിതനെ പോലെ ഷാജിയുടെ കൈപിടിച്ച് ചോദിച്ചു.

”എടാ… നിനക്കെന്നെ ഓര്‍മ്മയില്ലേടാ, ഷാജീ…?!”

ഷാജി അയാളെയൊന്ന് ചുഴിഞ്ഞുനോക്കി. കറുകറുത്ത ബുള്‍ഗാന്‍ താടി. വിഗ്ഗ് വച്ച തല കാണുമ്പോഴേ ഒരിത്.
ഷാജിയുടെ പരിഭ്രമം കണ്ടിട്ടാകണം അയാള്‍ തുടര്‍ന്നു:

”എടാ, സോജന്‍ ജോർജാടാ ഞാന്‍…നിൻ്റെ കൂടെ ഡിഗ്രിക്ക് പഠിച്ചിരുന്ന…”

ഷാജിക്ക് അയാളെ ഓര്‍ത്തെടുക്കാനേ സാധിച്ചില്ല. അതുകണ്ടിട്ടാകണം അയാള്‍ തുടര്‍ന്നു:

”എടാ.. നിനക്കൊരു മാറ്റവുമില്ലല്ലോടാ.. ഞാന്‍ മുഴുവന്‍ നരയാ… ഈ കറുകറുപ്പ് ചായമടിച്ചതാടാ.. പോരാത്തതിന് വിഗ്ഗും…പഴയ ഗ്ലാമറൊക്കെ പോയി മോനേ… ആട്ടെ, നീ ഈ കെട്ടിടത്തിലാണോടാ താമസം?.”

”അതെ.. അതെ…”

”ഏതു നിലയിലാടാ..?”

”അതോ… അത്… ഓര്‍മ്മയില്ലാ…”

അതു കേട്ടപ്പോള്‍ അയാള്‍ ഒന്ന് ഞെട്ടി. പിന്നെ, അതു മറച്ചുവച്ച് ചോദിച്ചു:

”എന്താടാ ഷാജീ, നിനക്കൊരു പരിഭ്രമം?”

”നിങ്ങള്‍ ഒരാളെ കണ്ടോ… നടക്കാന്‍ വയ്യാത്ത ഒരു ഇത്യോപ്യക്കാരനെ.. പ്രായമുള്ള മനുഷ്യനാ… നമ്മുടെ കെട്ടിടത്തിന്റെ പത്താം നിലയിലാ താമസിക്കുന്നേ…”

”ഇല്ല, കണ്ടില്ല.. അയാള്‍ എങ്ങനെയെങ്കിലും ഇറങ്ങിയിരിക്കുമെടാ..”

”അപ്പോ, നീയും കണ്ടില്ല അല്ലേ…?!”

ഷാജി അയാളുടെ കൈയില്‍ നിന്ന് തൻ്റെ കൈകളൂരി അവിടെ നിന്ന് ഓടി. പുറകില്‍ നിന്ന് എടാ ഷാജീ..നില്‍ക്ക്, ഞാനും വരാം എന്ന പറച്ചില്‍ കേട്ട ഭാവം കാണിച്ചില്ല.

അവിടെ കൂടിനിന്നവരോടൊക്കെ ഷാജി ആ വൃദ്ധനെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആര്‍ക്കും വിവരമില്ലായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ ഓടിയോടി തളര്‍ന്നു. വൃദ്ധനെ കണ്ടെത്താന്‍ ആരെങ്കിലുമൊന്ന് തന്നെ സഹായിച്ചിരുന്നുവെങ്കിലെന്ന് ഷാജി വെറുതെ ആഗ്രഹിച്ചു. പക്ഷേ, ആര്‍ക്കാണ് അതിന് സമയം!. എന്താണ്, ഈ മനുഷ്യരൊക്കെ ഇങ്ങനെയായിപ്പോയത് എന്ന് ഓര്‍ത്ത് അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഷാജി നേരെ ചെന്ന് ജനക്കൂട്ടത്തെ നിയന്ത്രിച്ച് നില്‍ക്കുകയായിരുന്ന പൊലീസുകാരനോട് കാര്യം പറഞ്ഞു. എല്ലാവരെയും തങ്ങള്‍ സുരക്ഷിതമായി പുറത്തിറക്കി എന്ന മറുപടി പക്ഷേ, അയാളെ തൃപ്തിപ്പെടുത്തിയില്ല.

”സര്‍, രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ആ വൃദ്ധനുണ്ടായിരുന്നെന്ന് ഉറപ്പാണോ?”

മടിച്ചു മടിച്ചാണ് ഷാജി ചോദിച്ചത്. എന്നാല്‍, പൊലീസുദ്യോഗസ്ഥൻ്റെ മറുപടി വളരെ സൗമ്യമായിരുന്നു:

”ഹബീബി… എല്ലാവരും സുരക്ഷിതരാണ്..”

”പക്ഷേ, സാര്‍ ആ മനുഷ്യനെ ഇവിടെവിടെയും കാണുന്നില്ലല്ലോ…”

പൊലീസ് ഉദ്യോഗസ്ഥന്‍ ഷാജിയെ ആകെയൊന്ന് നോക്കി.

”പ്ലീസ് സാര്‍.. ഒന്നുകൂടി അകത്ത് പരിശോധിക്കൂ..”

അപ്പോള്‍ ആ പൊലീസുദ്യോഗസ്ഥന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. നടന്നു നീങ്ങുന്നതിന് മുന്‍പ് അയാള്‍ ഷാജിയുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു:

”എല്ലാവരും രക്ഷപ്പെട്ടിരിക്കും. താങ്കള്‍ വിഷമിക്കാതെ…”

അപ്പോഴും കെട്ടിടത്തെ തീ നാളങ്ങള്‍ നുണഞ്ഞുരസിക്കുകയായിരുന്നു. തങ്ങളുടെ സര്‍വ്വതും കത്തിയമരുന്നത് താമസക്കാര്‍ കണ്ണീരടക്കാനാവാതെ നോക്കി നിന്നു.

ചില സ്ത്രീകളും കുട്ടികളും വാവിട്ട് നിലവിളിച്ചപ്പോള്‍ പുരുഷന്മാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. കറുത്ത പുക അമിതാവേശത്തോടെ ആകാശത്തേയ്ക്ക് കുതിച്ചു. ഭീകര രൂപങ്ങള്‍ പൂണ്ട് അവ അന്തരീക്ഷത്തെ ഭീതിപ്പെടുത്തി. കുറേ പേരറിയാപ്പക്ഷികള്‍ പേടിപ്പെടുത്തുന്ന കരച്ചിലുമായി പുകച്ചുരുളുകളെ മുറിച്ചു കൂട്ടത്തോടെ പറന്നകന്നു.

ഇനി കെട്ടിടത്തിന്റെ ഒരു ഭാഗം കൂടിയേ തീ വിഴുങ്ങാന്‍ ബാക്കിയുള്ളൂ. ഒരു പക്ഷേ, അവിടെയായിരിക്കാം ആ വൃദ്ധന്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ ഷാജി ആരും കാണാതെ പൊട്ടിക്കരഞ്ഞു. ചിലപ്പോള്‍, പുക ശ്വസിച്ച്, ശ്വാസം കിട്ടാതെ അയാള്‍ പിടയ്ക്കുന്നുണ്ടായിരിക്കാം. ജീവിതത്തിനും മരണത്തിനുമിടയിലെ പൊള്ളുന്ന മരുഭൂമിയില്‍ ദിക്കറിയാതെ വീണുരുളുമ്പോള്‍ രക്ഷപ്പെടുത്താനെത്തുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ അയാള്‍ ഒരു നിമിഷം തൻ്റെ മുഖവും ഓര്‍ത്തിരിക്കില്ലേ?!. ഷാജിയുടെ ഹൃദയത്തില്‍ ആരോ തീക്കുന്തം കൊണ്ട് കുത്തി.
ഇടയ്ക്ക് ഒരു നിലവിളിയോടെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ താഴേയ്ക്ക് ചാടിയപ്പോള്‍ ഷാജി സ്വബോധത്തിലേയ്ക്ക് തിരിച്ചെത്തി. ആള്‍ക്കൂട്ടം പൊടിക്കാറ്റ് പോലെ അങ്ങോട്ടേയ്ക്ക് നീങ്ങി. ഷാജിയുടെ മുന്നില്‍ പ്രപഞ്ചം ഒരു നിമിഷം മരവിച്ച് നിന്നു. ഭൂമിയാകെ കറുത്ത പുകകൊണ്ട് മൂടുകയും മനുഷ്യരെല്ലാം അതിനകത്ത് കുടുങ്ങി ശ്വാസം മുട്ടി പിടയുകയും ചെയ്യുന്നതായി അയാള്‍ക്ക് തോന്നി. അല്പ നിമിഷത്തിനകം ഭൂമി ഒരു ഇരുണ്ട ഗോളം മാത്രമായിത്തീര്‍ന്നു. അത് ഉരുണ്ടുരുണ്ട് എങ്ങോട്ടോ പോകുന്നു. അതിനകത്ത് കുടുങ്ങി ഷാജി ശ്വാസംമുട്ടലനുഭവിച്ചു. ബോധാബോധങ്ങള്‍ക്കിടയിലും അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു:

ദൈവമേ, അത് ആ വൃദ്ധനായിരിക്കരുതേ…

അപ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എന്നെ രക്ഷിക്കൂ പ്ലീസ്.. എന്നൊരു ദീനസ്വരം ഷാജിയുടെ കാതില്‍ വന്നണഞ്ഞു. കത്തുന്ന തീയിലേയ്ക്ക് അയാളൊരു ജലകണമായിത്തീര്‍ന്നു. സ്‌റ്റെയര്‍കേസുകള്‍ ഓടിക്കയറി, കെട്ടിടത്തിൻ്റെ നിലകള്‍ ഒന്നൊന്നായി പിന്നിടുമ്പോള്‍ പക്ഷേ, അയാള്‍ പതിവുപോലെ കിതച്ചിരുന്നില്ല.

നാത്തൂര്‍-കെട്ടിട കാവല്‍ക്കാരന്‍
കച്ച-ഉപയോഗ്യശൂന്യമായ സ്ഥലം.
കന്തൂറ-അറബ് പുരുഷന്മാരുടെ വസ്ത്രം.
അശറ- പത്ത്.
തഗലോഗ്-ഫിലിപ്പീനി ഭാഷ.

ചിത്രം – വര– നാസർ ബഷീർ

ദുബായിൽ മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ്. ഔട്ട്പാസ് (നോവൽ–ഡിസി ബുക്സ്), ഖുഷി ( കുട്ടികൾക്കുള്ള നോവൽ–ഡിസി ബുക്സ്) എന്നിവയടക്കം ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.