ടൈറ്റിൽസ് തെളിയുന്നു. പശ്ചാത്തലസംഗീതമായി ജലതരംഗം.
ശേഷം സ്ക്രീനിൽ തെളിയുന്നത്.
കേന്ദ്രീകൃതവും ചരക്കുവത്കൃതവുമായ വ്യവസ്ഥകൾ ജലയുദ്ധങ്ങൾ സൃഷ്ടിക്കുന്നു. ഞങ്ങൾക്ക് എണ്ണയ്ക്കു പകരം ചോര വേണ്ട. വെള്ളത്തിനു പകരവും ചോരവേണ്ട- വന്ദനശിവ.
ആരോഹണത്തിൽ നിന്ന് അവരോഹണത്തിലേക്ക്. പിന്നെ പതിഞ്ഞ് പതിഞ്ഞ് ഇല്ലാതാവുന്ന ജലതരംഗം.
‘മോഹനേട്ടാ ആ തീയൊന്ന് നോക്കണേ. ഞാൻ ഒര് കൊടം വെള്ളം കിട്ട്വോന്ന്
നോക്കട്ടെ. എപ്പഴാ തിരിച്ചെത്താന്നറീല്ല. അരി വെന്തോന്ന് നോക്കി ചോറൂറ്റണേ.’
‘മോഹനേട്ടാ… ദേ ഞാനെറങ്ങാണേ….’
‘നിങ്ങളെന്താ മിണ്ടാത്തേ?’
തിരയിലെ ജലതരംഗത്തിൽ നിന്നു വേറിട്ട് ജയയുടെ വർത്തമാനം. അത് അവരോഹണത്തിൽ തുടങ്ങി ആരോഹണത്തിലേക്ക് ഉയർന്നപ്പോൾ എഴുത്തുമുറിഞ്ഞ് എഴുന്നേറ്റു. അവളെ പറഞ്ഞിട്ട് എന്തുകാര്യം? എത്ര കാത്തിരുന്നാലാണ് ഒരുകുടം വെള്ളം കിട്ടുക! പൊതു ടാപ്പിനു മുന്നിലെ വരി എത്ര നീണ്ടു കിടക്കുന്നോ ആവോ.
ഞാൻ അടുക്കളയിലേക്കു നടന്നു. ജലം തീമായി ഒരു സ്ക്രിപ്റ്റ് വേണമെന്ന് ജിജോ പറഞ്ഞിട്ട് മാസം മൂന്നായി. പതിവു പോലെ ഷോർട്ട്ഫിലിം മത്സരത്തിന് അയക്കാൻ തന്നെ. കഴിഞ്ഞില്ലേന്ന് ഇടക്കിടെ അവൻ ഫോൺവിളിച്ചു ചോദിക്കുന്നുണ്ട്. ഇനി വൈകിയാൽ ശരിയാവില്ലെന്നതു കൊണ്ടാണ് ഇന്ന് സ്ക്രിപ്റ്റ് എഴുതാൻ ഇരുന്നത്. അതിപ്പോ ഇതാ വെള്ളത്തിലായി. ജയയുടെ ഒരു കുടം വെള്ളത്തിൽ!
അടുപ്പിൽ എത്ര പിശുക്കിയാണ് അവൾ വിറകു വെച്ചിരിക്കുന്നത്! ചുള്ളിക്കമ്പുകൾ ശേഖരിച്ച് അടുപ്പിനരികെ കൊണ്ടുവെച്ചിട്ടുണ്ട്. അതിൽ നിന്ന് എണ്ണിയെന്നോണം ഓരോന്ന് മാത്രം അടുപ്പിൽ പെറുക്കിവെച്ച് അരി വേവിക്കുന്ന മഹതിയാണവൾ. ഈ പെണ്ണുങ്ങളെ സമ്മതിക്കണം. ആളിക്കത്താൻ മടികാണിച്ച അടുപ്പിലേക്ക് ഒന്ന് ആഞ്ഞൂതിയപ്പോൾ കണ്ണു പുകഞ്ഞുനിറഞ്ഞു. പുകച്ചുവയുള്ള ശ്വാസം തൊണ്ടയിൽ കുരുങ്ങി ചുമച്ചു. ഇതൊന്നും അത്ര എളുപ്പമല്ല.
ആഹ! അപ്പോൾ അതാ വരുന്നു മറ്റൊരു സ്ക്രിപ്റ്റിനുള്ള സ്കോപ്പ്.
കരിയടുപ്പിലെ ചോറുവെപ്പു കഴിഞ്ഞ് ധൃതിയിൽ ഓഫീസിലെത്തുന്ന ക്ലാസ്ഫോർ ജീവനക്കാരൻ. അയാളുടെ ഭാര്യ അസുഖം വന്ന് കിടപ്പിലാണ്. അയാളെ നോക്കി അമർത്തിച്ചിരിക്കുന്ന സഹപ്രവർത്തകർ. മൊബൈലിലെ കണ്ണാടിയിൽ അയാളുടെ മുഖം കാണിച്ചു കൊടുക്കുന്ന ചങ്ങാതി. മുഖത്തെ കരി കണ്ട് ജാള്യതയോടെ മുഖം കുനിച്ച് വാഷ്ബേസിനടുത്തേക്കു നീങ്ങുന്ന ജീവനക്കാരൻ.
അയ്യേ! ഈ കരിക്കഥ അല്പം പൈങ്കിളിയല്ലെ? പൈങ്കിളിയായേ ആളുകൾക്ക് തോന്നൂ. വൈദ്യുതിയും ഗ്യാസ് കണക്ഷനുമൊന്നുമില്ലാത്ത ലോവർ ക്ലാസ് ജീവിതങ്ങളുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുള്ളവരാണ് ഏറെയും. ചന്ദ്രേട്ടന്റെ യാത്രാചിത്രങ്ങളിലെ ഗ്രാമീണ യാഥാർത്ഥ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് എത്ര പേർക്കർക്കറിയാം? അല്ലെങ്കിലെന്തിന് വിദൂരഗ്രാമങ്ങൾ? കൺവെട്ടത്തുള്ളതു തന്നെ കണ്ടറിയാനാവുന്നില്ലല്ലൊ!
‘മോഹനേട്ടാ….ചോറൂറ്റിയോ?’
ജയ തിരിച്ചെത്തിയിരിക്കുന്നു. അവളുടെ ഒച്ച കേട്ടതും ധൃതിയിൽ ചിരട്ടക്കയിൽ എടുത്ത് കലത്തിൽ തിളച്ചുമറിയുന്ന അന്നം കോരി നോക്കി. കലത്തിന്റെ മൂടിതട്ടി കൈ പൊള്ളിപ്പോയി. നല്ലോണം വെന്തിട്ടില്ലെന്ന് ജയയോട് പറഞ്ഞ് തിരക്കഥയിലേക്ക് തിരിച്ചു നടന്നു. ഒരു തമാശ പോലെ കടലാസിൽ തെളിഞ്ഞു കണ്ടത് ക്ലാസ് ഫോർ ജീവനക്കാരന്റെ കരിപറ്റിയ മുഖം. അരി വേവു നോക്കാൻ അടുക്കളയിലേക്കു പോയ സ്വന്തം മുഖത്തിന്റെ തനിപ്പകർപ്പുപോലെ!
കടലാസിലേക്ക് കുനിഞ്ഞ് ക്ലാസ് ഫോർ മുഖം തുടച്ചുമായ്ച്ച് ജലത്തിലേക്കു മടങ്ങി.
കനത്തമഴ.
പണച്ചെലവേറിയ ഒരു വീടിന്റെ മുറ്റം.
മുറ്റത്ത് വിലകൂടിയ ഇന്റർലോക് ടൈൽസ് പാകിയിട്ടുണ്ട്. ടൈൽസിൽ വീഴുന്ന മഴത്തുള്ളികൾ മണ്ണിലേക്കിറങ്ങാൻ വിധിയില്ലാതെ മുറ്റത്ത് നിറയുന്നു. മുറ്റത്തെ വെള്ളത്തിലൂടെ കാർപോർച്ചിലേക്ക് നിരങ്ങി നീങ്ങുന്ന ഒരു ബെൻസ്കാർ. കാർ പാർക്കു ചെയ്ത് മുറ്റത്തെ ടൈൽസിലെ നിറഞ്ഞ വെള്ളത്തിലൂടെ നടന്ന് സിറ്റൗട്ടിലേക്കു കയറുന്ന നനഞ്ഞ രണ്ടു കാലുകൾ.
Cut to
‘മോഹനേട്ടാ. ഊണായിട്ടുണ്ട്. വെളമ്പട്ടെ? നിക്ക് തുണിതിരുമ്പാൻ പോണം. ആ രമേടത്തീടെ വീട്ടിൽപ്പോയി വേണം തിരുമ്പാൻ. അവടെമാത്രാ കെണറ്റീ കൊറച്ച് വെള്ളള്ളത്. ഈ നട്ടുച്ചക്ക് ചെന്നാലേ തെരക്കില്ലാണ്ടിരിക്കൂ.’
വീണ്ടും ജലമില്ലാത്ത ജയയുടെ തരംഗം.
ഊണു വിളമ്പി ജയ തുടർന്നു. ‘മീൻ വാങ്ങീല്ലട്ടോ. മുറിച്ച് കഴുകാനെട്ക്കുന്ന വെള്ളണ്ടെങ്കീ ഒരീസം കുടിക്കാം. അതാ.’
മീനില്ലാത്തതിന് ജയയോട് കയർത്തിട്ട് കാര്യമില്ലെന്നറിയാം. വെള്ളം അവൾക്ക് സൃഷ്ടിക്കാനാവുന്ന ഒന്നല്ല.
‘നീയും ഇരിക്ക്.’ ഞാൻ പറഞ്ഞു.
‘ഉണ്ടാപ്പിന്നെ തുണിതിരുമ്പാൻ പറ്റില്ല. ഞാൻ പോട്ടെ. ചോറുവേണേല് എടുക്കണേ.’
ജയ തുണികൾ വാരി ബക്കറ്റിലിട്ട് ഇറങ്ങുന്നതിനിടയിൽ പറഞ്ഞു.
അടുക്കളയിൽ കുടത്തിൽ മൂടി വെച്ചിരിക്കുന്ന വെള്ളമെടുത്ത് കൈയ്യും കഴിച്ച പാത്രവും കഴുകുമ്പോൾ ഒട്ടും ധാരാളിയാവാതിരിക്കാൻ ശ്രമിച്ചു. വായ കഴുകാൻ വെള്ളം പാഴാക്കാതെ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കുന്നതോടൊപ്പം വായയും വൃത്തിയാക്കി. എന്നിട്ടും വെള്ളം പാഴായോ എന്ന് വേവലാതിയായി. എത്രനേരം ടാപ്പിനു മുന്നിൽ വരിനിന്ന് അവൾ കൊണ്ടുവന്ന വെള്ളമാണ്. ഉടുതുണികൊണ്ട് കൈകൾ തുടച്ച് വീണ്ടും ജലത്തെ തിരയിലാക്കാൻ ഒരുമ്പെട്ടു.
സ്വീകരണമുറി.
മികച്ച ഇന്റീരിയർ ഡക്കറേഷൻ. ആകർഷകമായ ലൈറ്റിംഗ്. നടുമുറ്റത്ത് ഒരുക്കിയ ജലധാരയിൽ ഡെക്കറേഷൻ ലൈറ്റുകളുടെ പ്രതിബിംബങ്ങൾ. ചുമരിലെ ടിവി സ്ക്രീനിൽ തെളിയുന്ന വാർത്ത. ഇന്ത്യയിലെ എല്ലാ നദികളെയും വലിയ അണക്കെട്ടുകളെയും ബന്ധിപ്പിക്കാനുദ്ദേശിച്ച് ആരംഭിക്കുന്ന വൻകിട പദ്ധതിയെക്കുറിച്ചുള്ള വാർത്ത. ആ വാർത്തയിൽ നിന്ന് റിമോട്ട്കണ്ട്രോളിൽ ചാനൽ മാറ്റുന്ന വിരലുകൾ. മറ്റൊരു ചാനലിലെ പരിസ്ഥിതി പരിപാടിയിൽ നിശ്ചലമാകുന്നു.
ടിവി സ്ക്രീനിൽ ക്ലോസപ്പിൽ ഡോ. രാജേന്ദ്ര സിംഗിന്റെ മുഖം. രാജസ്ഥാനിലെ വരണ്ട മണ്ണിൽ അപൂർവമായി പെയ്യുന്ന മഴയെ തടയണകൾ കെട്ടി സംഭരിക്കാൻ ഗ്രാമീണരെ പ്രചോദിപ്പിച്ച ജലപുരുഷൻ. ഒപ്പം അർവാരി നദിക്ക് പുനർജന്മം നൽകി ആഹ്ളാദിക്കുന്ന ഗ്രാമീണ നിഷ്കളങ്കർ. നദികൾക്ക് ക്ഷാമമില്ലാത്ത കേരളത്തിൽ നദികളെ സംരക്ഷിക്കാത്ത മലയാളികളുടെ മനോഭാവം തന്നെ അതിശയിപ്പിച്ചു എന്ന രാജേന്ദ്ര സിംഗിന്റെ വാക്കുകൾക്കൊപ്പം മലിനമാക്കപ്പെട്ട പെരിയാറിന്റെ കാഴ്ചയിലേക്ക് സൂം ചെയ്യുന്ന കാമറ. പെരിയാർക്കരയിൽ പുഴയെച്ചൂണ്ടി വിവരണം നൽകുന്ന പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂർ. പെരിയാറിൽ നിന്ന് സാവധാനം മടങ്ങുന്ന കാമറക്കണ്ണുകൾ രാജേന്ദ്ര സിംഗിന്റെ ക്ലോസപ് ഷോട്ടിലെത്തി നിശ്ചലമാകുന്നു. വിരസതയാൽ ചാനൽ മാറ്റുന്ന വിരലുകൾ. സ്ക്രീനിൽ കുഞ്ഞുങ്ങളെ വലിയവരാക്കിക്കാണിക്കുന്ന കോമഡി റിയാലിറ്റിഷോയുടെ ദൃശ്യം.
Cut to
അലക്കിക്കൊണ്ടുവന്ന തുണികൾ പുറത്ത് അയയിൽ വിരിച്ചിടുന്ന ജയയിലേക്ക് കണ്ണുകൾ പാളിയപ്പോൾ എഴുത്ത് വീണ്ടും മുറിഞ്ഞു. അവളെ അങ്ങനെ ജനലഴിക്കുള്ളിലൂടെ നോക്കിയിരിക്കുമ്പോൾ നേരിയ നോവുതോന്നി. സമയം മൂന്നരയായി. ഇതുവരെ അവൾ ഊണ് കഴിച്ചിട്ടില്ല. ഉണർന്നെണീറ്റ നേരം മുതൽ ഓരോരോ പണികൾ ചെയ്തുകൊണ്ടിരിക്കുന്നു. ജലദൗർലഭ്യം അവളുടെ സമയത്തെ വല്ലാതെ വിഴുങ്ങുന്നുണ്ട്.
എണീറ്റ് പുറത്തേക്കിറങ്ങി അവളോട് പറഞ്ഞുനോക്കി ‘ബാക്കി തുണികൾ ഞാൻ വിരിച്ചിടാം. നീ പോയി ചോറുണ്ണ്.’
‘ഓ….ഇതു കഴിഞ്ഞു മോഹനേട്ടാ…. പോയി എഴുതിക്കോളൂ.’
അവൾ അങ്ങനെയാണ്. ഞാൻ എഴുതുന്നത് അവൾക്ക് വലിയ അഭിമാനമാണ്. ഒട്ടും ഗത്യന്തരമില്ലാതാവുമ്പോൾ മാത്രമേ എന്തെങ്കിലും പണികൾ ചെയ്യാൻ ഏൽപ്പിക്കുകയുള്ളൂ.
വീണ്ടും തിരക്കഥയിലേക്ക്.
മുറിയിലെ ജലധാരയിൽ അല്പനേരം ഉടക്കിനിന്ന കാമറക്കാഴ്ച പുറത്തെ മഴയിലേക്ക്. കിണറോ മറ്റു ജലസംഭരണ സൗകര്യങ്ങളോ ഇല്ലെന്ന് ദൃശ്യത്തിൽ നിന്ന് വ്യക്തമാവുന്നു. കാറുകളുടെയും ബൈക്കുകളുടെയും ധാരാളിത്തമുള്ള വിശാലമായ കാർപോർച്ചും കടന്ന് വീടിന്റെ പിൻവശത്തേക്ക് കാഴ്ചയെ കൊണ്ടു പോകുന്ന കാമറ ബോർവെല്ലിന്റെ ഉപരിതലക്കാഴ്ചയിൽ ഒരുനിമിഷം നിശ്ചലമാകുന്നു. വീണ്ടും വീടിനു മുൻവശത്തേക്ക്. മുറ്റം നിറഞ്ഞ് ഗെയിറ്റിനുള്ളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം.
Cut to
അകത്തെ ജലധാര മുറിയുടെ സൗന്ദര്യം കൊല്ലുംവിധം സ്വീകരണമുറിയെ മുട്ടോളം വെള്ളത്തിൽ മുക്കുന്നു. ടെലിവിഷൻ വാർത്തയിൽ മഴക്കെടുതിക്കാഴ്ചകൾ. നനഞ്ഞ സോഫയിൽ നിന്ന് സ്റ്റെയർകേസിലേക്ക് ഇരിപ്പുമാറ്റിയ ഗൃഹനാഥനും മകനും. അടുക്കളയിലേക്ക് പടർന്ന ജലധാരയിൽ ക്ഷമകെട്ട് ബഹളം വെക്കുന്ന വീട്ടമ്മ.
‘നിങ്ങളാ ടിവിയൊന്ന് ഓഫാക്ക്. സെർവന്റ് വന്നില്ല. വന്നിട്ടും കാര്യല്ല. ഈ വെള്ളത്തിൽ എന്തുണ്ടാക്കാനാ? ഹോട്ടലിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്യൂ. ഈ വെള്ളമെല്ലാം ഇവിടെ കെട്ടിക്കിടന്ന് എന്തൊക്കെണ്ടാവോ ആവോ. ഇനീപ്പൊ കറന്റു കൂടി പോയാ കുശാലായി. വല്ലോം കഴിച്ച് മോളിലെ മുറീച്ചെന്നിരിക്കാം. മോനേ, സ്കൂൾബാഗ് മോളീക്കൊണ്ടുവെച്ചിട്ടുണ്ട്. വന്നേ മമ്മി ഹോംവർക് ചെയ്യിക്കാം.’
കഥയുടെ തുടർച്ചപോലെ പലപല ജലക്കാഴ്ചകൾ, വർത്തമാനങ്ങൾ. അവയ്ക്ക് പശ്ചാത്തലമായി കുന്നിറങ്ങിവരുന്ന അരുവി. ഒരു വേനലിലാണ് ജയയെ പെണ്ണുകാണാൻ അരുവിക്കപ്പുറത്തെ ചെറിയ ഗ്രാമത്തിലെത്തിയത്. വേനലിൽ വറ്റാത്ത അരുവിയും ജയയും അന്ന് ഒരുപോലെ ഉള്ളിൽ ഇടം പിടിച്ചു. പിന്നെ എത്ര വർഷവും വേനലും മുറിച്ചുകടന്നു. വറ്റാത്ത ആ അരുവി വരണ്ടുണങ്ങിക്കിടക്കുന്ന കാഴ്ചയാണിന്ന്. ജലസമൃദ്ധിയിൽ വളർന്ന ജയ ഇന്ന് വെള്ളത്തിനായി ഓടിനടക്കുന്നു. ഒരു ദീർഘശ്വാസത്തോടെ ഓർമകളുടെ കുത്തൊഴുക്കിൽനിന്ന് കുതറി കടലാസിലേക്കു തുറിച്ചു നോക്കിയപ്പോൾ മക്കളെ ഓർമ്മവന്നു. അവർ സ്കൂൾവിട്ടുവരാൻ നേരമായി. അവരുടെ കലപിലകൾ തുടങ്ങും മുൻപ് ഇതൊന്ന് അവസാനിപ്പിക്കണം. വീണ്ടും കടലാസിലെ ജലത്തിലേക്ക്.
മഴയിൽ നിന്ന് വരൾച്ചയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന കാമറ.
വറ്റിയ ഒരു കിണർ. വരണ്ട പുഴയുടെ വിദൂരക്കാഴ്ച. പുഴയിൽ നിന്ന് മണൽ നിറച്ച് വേഗംകൂട്ടി ഓടുന്ന ടിപ്പർ ലോറികൾ. അവിടെ നിന്നും സമ്പന്നർ താമസിക്കുന്ന ഫ്ലാറ്റ്സമുച്ചയത്തിനടുത്തേക്ക് ഓടുന്ന ഒരു സ്വകാര്യ കുടിവെള്ള വിതരണ വാഹനത്തിലേക്ക് കേന്ദ്രീകരിക്കുന്ന കാമറ. ആ വാഹനം ഓടുന്ന വഴിയിൽ റോഡിലെ പൊതു ടാപ്പിനുമുന്നിൽ കുടങ്ങളും ബക്കറ്റുകളുമായി വരിനിൽക്കുന്ന സ്ത്രീകൾ. റോഡുവക്കിൽ നിന്ന് കുടിവെള്ള വാഹനത്തിലേക്ക് തിരിഞ്ഞു നോക്കുന്ന സ്ത്രീകളുടെ കണ്ണുകളിലെ ദൈന്യത. എതിരെ വരുന്ന ഒരു കാർ. കാർ നിർത്തി വെള്ളംവണ്ടിയുടെ ഡ്രൈവർക്ക് തന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന ജനപ്രതിനിധി. അയാളുടെ മുഖത്തെ ധാർഷ്ട്യത്തിന്റെ ക്ലോസപ്.
Cut to
പുറത്ത് മക്കളുടെ കലപില. വേലിക്കപ്പുറത്ത് ഇടവഴിയിലൂടെ ഉറക്കെ സംസാരിച്ചു നീങ്ങുന്ന സ്കൂൾ കുട്ടികൾ. അതിനകം മക്കൾ അകത്തെത്തിയിരിക്കുന്നു. ജയയോട് അവർ അന്നത്തെ വിശേഷം പറച്ചിലുകൾ തുടങ്ങിയിരിക്കുന്നു.
‘സ്കൂളിൽ പൈപ്പിൽ വെള്ളമില്ലായിരുന്നമ്മേ.’
മോളാണ് ആദ്യം വെള്ളക്കാര്യം പറഞ്ഞത്.
‘അതുപോട്ടെ. കൊണ്ടോയ വെള്ളൊക്കെ കുടിച്ചില്ലെ?’
ജയ തിരിച്ചു ചോദിച്ചു.
‘രണ്ടുതവണ കൈ കഴുകിയപ്പോ പിന്നെ കുടിക്കാൻ അധികം വെള്ളല്ലാതായി’
മോന്റെ മറുപടി.
‘പൈപ്പിൽ വെള്ളല്ലെങ്കിലും സ്കൂൾ ഉച്ചക്കഞ്ഞി മുടക്കീല്ലല്ലൊ മക്കളേ. അതുതന്നെ വല്യ കാര്യം.’
‘രണ്ടാളും വന്നേ. അമ്മ ചോറു വിളമ്പാം. തളത്തിൽ ബക്കറ്റിൽ മൂടിവെച്ച വെള്ളത്തീന്ന് കുറേശ്ശെ എടുത്ത് കൈ കഴുകി വാ.’
ജയയുടെ വാക്കുകൾ സ്ക്രിപ്റ്റിനെ വീട്ടിലെ ജലപരിമിതിയിലേക്ക് വീണ്ടും ചാലുകീറി. ഒരു ശരാശരി കുടുംബത്തിന്റെ ജലചിന്തകൾ കടലാസിലേക്ക് വിണ്ടുവിങ്ങിയ കാലുകളോടെ നടന്നു കയറി.
Cut to
ഗ്രാമം.
വേനൽ
പാടത്ത് കളിക്കാനിറങ്ങുന്ന കുട്ടികൾ.
വിണ്ടുകീറിയ പാടത്ത് കാലുവെക്കാനാവാതെ ഫുട്ബാളും പിടിച്ച് നിരാശനായി നിൽക്കുന്ന ഒരു കുട്ടിയുടെ ക്ലോസപ്പിൽ നിന്ന് മറ്റു കുട്ടികളിലേക്ക് പരക്കുന്ന കാഴ്ച. പിന്നെ വറ്റിവരണ്ട പുഴയുടെ സമീപദൃശ്യത്തിൽ നിന്നും മരങ്ങളൊഴിഞ്ഞ മൊട്ടക്കുന്നിന്റെ വിദൂരദൃശ്യത്തിലേക്ക്. കുന്നിന്റെ നടുവിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്വകാര്യസ്കൂൾ കെട്ടിടത്തിന്റെ വലിയ ബോർഡിൽ കാഴ്ച ചെന്നു നിൽക്കുന്നു. സ്കൂളിൽ നിന്ന് തുടങ്ങി അടുത്ത പട്ടണത്തിലേക്ക് നീളുന്ന വിശാലമായ ടാർ റോഡ്. റോഡു ചെന്നുചേരുന്ന മെയിൻ റോഡിനിരുവശവും കടകളിൽ തൂങ്ങുന്ന സ്കൂൾ സാമഗ്രികളുടെ ദൃശ്യം.
Cut to
കടലാസിൽ നിന്ന് മുഖമുയർത്തിയപ്പോൾ അറിയാതെ കുന്നിലേക്ക് കണ്ണുകൾ നീണ്ടു. പുതിയ സ്കൂൾ കെട്ടിടം വശങ്ങളിലേക്കും മുകളിലേക്കും വീണ്ടും പടർന്നു കയറുന്ന സമീപഭാവി കണ്ട് കണ്ണുകൾ ഇറുക്കിയടച്ചുപോയി.
മഴസംഭരണിയില്ലാതെ ഒഴുകി പാഴായിപ്പോവുന്ന ജലസമൃദ്ധി. വെള്ളം നിറഞ്ഞ റോഡുകൾ. വെള്ളം കയറിയ വീടകങ്ങളുടെ തുടർച്ചകൾ. മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്കുനിലച്ച പുഴ. ദുരന്ത വാർത്തകൾ, വറ്റിയ കിണർ, വരണ്ട പുഴ, ചത്തുവീണ ജീവനുകൾ. ദൃശ്യങ്ങളുടെ കൊളാഷുകൾക്കു നടുവിൽ കറുപ്പിലും വെളുപ്പിലും ടൈറ്റിൽ തെളിഞ്ഞുവരുന്നുണ്ട്.
‘ജലം’