ജമന്തിപ്പൂക്കൾ

രണ്ടുദിവസത്തെ ലീവെടുത്താണ് ദീപുശങ്കർ ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്. എല്ലാവർഷവും മാർച്ച് ഇരുപത്തിമൂന്നിന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടെയുണ്ട്. ടെക്നോപാർക്കിലെ ജോലിക്കാരാണ് ഇരുവരും. ഒറ്റപ്പാലത്ത് ട്രെയിനിറങ്ങിയ ഉടൻതന്നെ ദീപു പോയത് അവിടെയുള്ള വിനായക ഫ്ലവർ ഷോപ്പിലേയ്ക്കാണ്. പൂവുകളുടെ വർണ്ണപ്രപഞ്ചം.

ദീപു രണ്ടുകെട്ട് ജമന്തിപ്പൂക്കൾ വാങ്ങി. അവിടെനിന്നും ഓട്ടോയിൽ ഇൻഫൻ്റ് ജീസസ് ചർച്ചിൻ്റെ മുറ്റത്ത് വന്നിറങ്ങി. അവൻ്റെ പ്രവർത്തികൾ ആകാംക്ഷയോടെ നോക്കിക്കണ്ട് ശ്യാംദേവും.

വിശാലമായ മുറ്റംകടന്ന് പള്ളിയുടെ പിൻഭാഗത്തുള്ള ചെറിയഗേറ്റിലൂടെ കുറച്ച് മുന്നോട്ടു പോയി. ദൂരെയൊരു മതിൽക്കെട്ടും ഗേറ്റും. ഗേറ്റിനു മുകളിലായി ‘സ്വർഗ്ഗീയപൂങ്കാവനം’ എന്നെഴുതിയ ബോർഡ്. അതു കണ്ടതേ ശ്യാം ചോദിച്ചു.

“എടാ ദീപൂ.. ഇത് മരിച്ചവരെ അടക്കുന്ന സ്ഥലമല്ലേ?”

“അതെ.”

“ഇത് ക്രിസ്ത്യാനികളുടെ സിമിത്തേരിയല്ലേ? ഇവിടെ നീയെന്തിനാ വന്നത്?”

“നീ വാ.. ഞാനെല്ലാം പറയാം.”

ദീപു മുന്നോട്ട് നടന്നു. പിന്നാലെ ആകാംക്ഷയോടെ ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ട് ശ്യാംദേവും.

“നമ്മളിവിടെ കയറിയാൽ കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ.. ല്ലേ?” ശ്യാം ചോദിച്ചു.

“ഏയ്‌.. എന്ത്കുഴപ്പം! ഞാൻപന്ത്രണ്ട് വർഷമായി ഇവിടെവരുന്നു.”

ആ മതിൽക്കെട്ടിനുള്ളിൽ നിറയെ കല്ലറകൾ ആണ്. ചിലതൊക്കെ പലകളറിലുള്ള മാർബിൾ പതിപ്പിച്ചതായിരുന്നു. അവയിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ട പേരുകൾ. മൺകൂനയ്ക്കു മുകളിലായി കുരിശുനാട്ടിയതും, പൂക്കളാൽ അലങ്കരിച്ചതുമായ കുഴിമാടങ്ങൾ.

സിമിത്തേരിയുടെ മധ്യഭാഗത്തായി വെളുത്ത മാർബിൾഫലകംപതിച്ച കല്ലറയ്ക്ക് മുൻപിലായ് ദീപുനിന്നു. ആ കല്ലറയിൽ ഇന്നുവച്ചതെന്നു തോന്നുന്ന കുറേപൂവുകൾ. നാട്ടിനിർത്തിയ മെഴുകുതിരിയും ചന്ദനത്തിരിയും. കത്തിതീരുംമുൻപ് കാറ്റത്തണഞ്ഞു പോയതെന്നു തോന്നുന്നു.

ആ കല്ലറയുടെ മുകളിൽ എഴുതിയ പേര് ശ്യാം വായിച്ചു.

“ജെസീന്ത ഡൊമിനിക്ക് “
ജനനം 11-2 -1990
മരണം 23-3 -2006

കവറിൽനിന്നും ജമന്തിപ്പൂക്കൾ എടുത്ത് ദീപു കല്ലറയ്ക്കു മുകളിൽ വിതറി. മെഴുകുതിരികളും, ചന്ദന തിരികളും അവൻ കത്തിച്ചു. കാറ്റിനെതിരെ പിടിച്ചു നിൽക്കാനാവാതെ ഉലഞ്ഞ നാളങ്ങൾ കെട്ടുപോയെങ്കിലും അവൻവീണ്ടും ഒരു മെഴുകുതിരി കത്തിച്ചു കൈയ്യിൽ പിടിച്ച് കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. കൈയ്യിലുള്ള മെഴുകുതിരി ഉരുകിയൊലിക്കുന്നതുപോലെ അവൻ്റെ മിഴികളും നിറഞ്ഞൊഴുകുന്നത് ശ്യാംകണ്ടു.

സിമിത്തേരിയിൽ നിന്നും ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൻപറഞ്ഞു.

“ശ്യാം.. ജസീന്തയ്ക്ക് ഏറ്റവുമിഷ്ടം ജമന്തിപ്പൂക്കളായിരുന്നു.”

“ജെസീന്ത ?”

ശ്യാം അർദ്ധോക്തിയിൽ നിർത്തി.

“അതെ ജെസീന്തയ്ക്ക്..

അവൾക്കുവേണ്ടി വർഷത്തിൽ ഒരു ദിവസം ഞാനിവിടെവരും. അവൾക്കുള്ള ജമന്തിപ്പൂക്കളുമായി.. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഞാനാ കഥ പറയാം.”

“നീ പറയ് ഡാ .. “

“പറയാനുള്ള എൻ്റെ ഇഷ്ടം തുറന്നു പറയാനാവാതെയും … അവളതു കേൾക്കാതെയും പോയ കഥ.”

അവർനടന്ന് പള്ളിമുറ്റത്തെത്തിയിരുന്നു. പള്ളിമുറ്റത്തെ വാകമരത്തണലിലുള്ള സിമിൻ്റുബെഞ്ചിൽ വീണുകിടക്കുന്ന ചുവപ്പും, ഓറഞ്ചും കലർന്ന വാകപൂക്കൾ കൈകൊണ്ട് തട്ടിക്കളഞ്ഞ് അവരവിടെ ഇരുന്നു. വാകമരമാകെ ഇലകള്‍പൊഴിച്ച് നിറയെപൂക്കളും മൊട്ടുകളുമായി ചുവപ്പിന്‍റെ ശോണിമയിൽ പ്രശോഭിക്കുന്നു. താഴെനിലത്ത് ചെമ്പട്ടുവിരിച്ചപോലെ പൂക്കള്‍. വിദൂരതയിൽ നോക്കി ദീപു എന്തോ ആലോചിച്ചിരുന്നു. ഓർമ്മകൾ അവനെ ഏറെ പിന്നിലേക്ക് കൊണ്ടുപോയി.

“എൻ്റെ പ്ലസ് വൺ ക്ലാസ്മേറ്റായിരുന്നു ജെസീന്ത. ക്ലാസ് തുടങ്ങി ഒരു മാസത്തിനു ശേഷമാണവൾ വന്നത്. അവളുടെ ഡാഡി പട്ടാളത്തിലായിരുന്നതിനാൽ പത്തുവരെ പഞ്ചാബിലാണവൾ പഠിച്ചത്.” ദീപു പറഞ്ഞു തുടങ്ങി.

“ഏറ്റവും ഇഷ്ടപ്പെട്ട ഹോബികൾ ചിത്രം വരക്കുന്നതും നീന്തലും സൈക്കിളിംഗുമാണ്. പൂക്കളും പൂമ്പാറ്റകളും എനിക്ക് ഏറെ ഇഷ്ടമാണ്. പുലർകാലത്ത് ഉണർന്ന് കിളികളുടെ പാട്ടുകേൾക്കുന്നതും ഇഷ്ടമാണ് “

ടീച്ചറിൻ്റെ ചോദ്യത്തിന് മറുപടിയായി ജെസീന്ത അവളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം തുറന്നു പറഞ്ഞു. അവളുടെ അഭിരുചികൾ എല്ലാം വ്യത്യസ്തമായിരുന്നു. മറ്റു കുട്ടികൾക്ക് ഇല്ലാത്ത ചില പ്രത്യേകതകളിൽ ഞാൻ അവളിൽ കണ്ടു.

ആദ്യ കാഴ്ചയിൽ തന്നെ അവൾ എൻ്റെ ഹൃദയത്തിൽ കയറിക്കൂടി. മുട്ടോളമെത്തുന്ന ചുരുളൻ മുടി. നേർത്ത ഫ്രെയിമുളള കണ്ണട അവളുടെ മുഖത്തിൻ്റെ അഴക് കൂട്ടിയിരുന്നു. ചുവന്നു തുടുത്ത ചുണ്ടുകൾ. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ. ഇടതു കവിളിൽ ഒരു കൊച്ച് മറുക്. നെറ്റിയിൽ വീണു കിടക്കുന്ന കുറുനിരകൾ. കടഞ്ഞെടുത്ത മെയ്യഴക്. ഒന്നു നോക്കിയാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സുന്ദര രൂപം.

ആൺപെൺ വ്യത്യാസമില്ലാതെ ഏവരോടുമുള്ള തുറന്ന സൗഹൃദം ജെസീന്തയുടെ മാത്രം പ്രത്യേകതയായിരുന്നു.

അതുകൊണ്ടാവാം ആൺകുട്ടികളുടെയെല്ലാം മനസ്സിൽ അവളൊരു പ്രണയിനിയായി സ്ഥാനം പിടിച്ചത്. പൂക്കൾ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടോ എന്തോ, അടുത്തദിവസം മുതൽ ബോയ്സ് എല്ലാവരും പലയിനം പൂക്കൾ ക്ലാസിൽ കൊണ്ടുവന്നു തുടങ്ങി.

ചിലർ താമരപൂവുമായാണ് വന്നത്. മുല്ലപ്പൂക്കൾ, സുഗന്ധരാജൻ, ചെണ്ടുമല്ലി, ഗുൽമോഹർ. ക്ലാസിലെ വികൃതിക്കാരനായ ജോയ് മോൻ ചെമ്പരത്തിപ്പൂവുമായാണ് വന്നത്. അഖിൽ മാധവ് റോസപ്പൂക്കളാണ് കൊണ്ടുവന്നത്. റോയ് മാത്യു ബോഗയിൽവില്ല പൂക്കൾ ഒരു കുല തന്നെ ഒടിച്ചു കൊണ്ടുവന്നിരുന്നു. പലയിനം പൂക്കളുടെ സുഗന്ധത്താൽ ക്ലാസുമുറി നിറഞ്ഞു.

ആരുമറിയാതെ ഞാനും കരുതിയിരുന്നു, പോക്കറ്റിൽ ഒരു കൊച്ചു ജമന്തിപ്പൂവ്. വയനാട്ടിൽ നിന്നും കുഞ്ഞാൻ്റി വന്നപ്പോൾ കൊണ്ടെത്തന്നതായിരുന്നു ജമന്തിയുടെയും ഡാലിയയുടെയും തൈകൾ. പിന്നെ കുറേ ചെണ്ടുമല്ലിയുടെ വിത്തും. ജമന്തിപ്പൂക്കൾ അക്കാലത്ത് നാട്ടിൽ വിരളമായിരുന്നു. അതു മുറ്റത്ത് നട്ടതും, പരിപാലിച്ചതുമൊക്കെ ഞാനും അനുജത്തിയും കൂടിയായിരുന്നു. ജമന്തിയും, ചെണ്ടുമല്ലിയും, ഡാലിയയും തഴച്ചുവളർന്നു. ധാരാളം പൂക്കളുമായി.

പൂവ് ജെസീന്തയുടെ കയ്യിൽ കൊടുക്കണം എന്നൊരു ചിന്തയിൽ ആ പൂവും പോക്കറ്റിൽ വച്ച് കുറേനേരം ഞാൻ കാത്തിരുന്നു. പക്ഷേ പറ്റിയ അവസരം കിട്ടാത്തതിനാൽ ഞാനാകെ ധർമ്മസങ്കടത്തിലായി. പോക്കറ്റിൽ കിടന്ന പൂവ് വാടാൻ തുടങ്ങി.

അടുത്ത ദിവസങ്ങളിലെല്ലാം ഞാൻ പോക്കറ്റിൽ പൂവ് കരുതിയിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം ഞാൻ നോക്കുമ്പോൾ അവൾ സൈക്കിൾ മൈതാനത്ത് വച്ചിട്ട് തൊട്ടടുത്തുള്ള മാതാവിൻ്റെ ഗ്രോട്ടോയുടെ മുൻപിൽ പോയി പ്രാർത്ഥിക്കുന്നു. ആ സമയത്ത് ഞാൻ ആ പൂവ് ആരും കാണാതെ അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റിൽ ഇട്ടു. കുറേ ദൂരെ മാറി നിന്നുകൊണ്ട് അവളെ നിരീക്ഷിച്ചു.

കുറച്ചു കഴിഞ്ഞ് അവൾ തിരിച്ചെത്തി. സൈക്കിളിൽ നിന്ന് ബാഗെടുത്തപ്പോൾ ആ ജമന്തിപ്പൂവ് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ അതെടുത്ത് വാസനിച്ചു ചുറ്റും നോക്കി. പിന്നീടാപ്പൂവ് മുടിയിൽ തിരുകി ക്ലാസിലേയ്ക്ക് നടക്കാൻ തുടങ്ങി. ആ കറുത്ത മുടിക്കെട്ടിൽ വെൺമയുള്ള ആ പുഷ്പം മാനത്തുദിച്ച പൗർണ്ണമി പോലെ ശോഭിച്ചു. എൻ്റെ മനസ് ആഹ്ളാദത്താൽ തുടിച്ചു.

ദിവസങ്ങൾ കടന്നു പോകവെ അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കളാൽ നിറഞ്ഞു തുടങ്ങി. ഞാൻ മാത്രമല്ല, കൂട്ടുകാർ എല്ലാവരും അവരുടെ പൂക്കൾ ബാസ്ക്കറ്റിൽ നിക്ഷേപിച്ചു. എന്തുകൊണ്ടോ അവൾ എന്നും എൻ്റെ ജമന്തിപ്പൂക്കൾ മാത്രമാണ് മുടിയിൽ ചൂടിയത്. മറ്റു പൂക്കൾ അവൾ തന്നെ മാതാവിൻ്റെ ഗ്രോട്ടോയിൽ കൊണ്ടു വെച്ചു.

“നിനക്ക് വേണ്ടി എത്ര പൂക്കളാ ബാേയ്സ് കൊണ്ടുവരുന്നത്, എന്നിട്ട് നീയെന്താ മുല്ലപ്പൂക്കൾ മുടിയിൽ ചൂടാത്തത്?”

കൂട്ടുകാരി അപർണ്ണയുടെ ചോദ്യത്തിന് മറുപടിയായി ജെസീന്ത പറഞ്ഞു.

“ജമന്തിപ്പൂക്കളാണ് എനിക്കേറ്റവും ഇഷ്ടം.”

“ജമന്തിപ്പൂക്കളോടുള്ള ഇഷ്ടം ആ പൂക്കാരനോടും ഉണ്ടാവും ഇല്ലേ?”

“ഒന്നു പോടീ.. ജമന്തിപ്പൂക്കൾ കൊണ്ടുവരുന്നത് ആരാണന്ന് എനിക്കറിയില്ല.”

“ഏയ്.. അതുനുണ.”

“അല്ലെടീ.. സത്യമായിട്ടും എനിക്കറിയില്ല. ഞാൻ മാതാവിൻ്റെ അടുത്ത് പോയി പ്രാർത്ഥിച്ചിട്ട് വരുമ്പോഴേയ്ക്കും ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കൾ കാണും.”

“ആരാണ് ആ പൂക്കൾ വയ്ക്കുന്നത് എന്ന് നിനക്ക് അറിയേണ്ടേ ?”

“അറിയണം..പക്ഷേ എങ്ങനെ?”

“അതിനൊരു വഴിയുണ്ട്.”

“എന്തു വഴി ?”

അപർണ്ണ എന്തോ സ്വകാര്യം ജെസീന്തയുടെ കാതിൽ പറഞ്ഞു.

“ശരി.. നമുക്ക് നാളെത്തന്നെ ആളെ കണ്ടു പിടിക്കാം.”

അവർ ക്ലാസിലേയ്ക്ക് പോയി. അവരുടെ സംഭാഷണം എൻ്റെ കാതിൽ പതിഞ്ഞതിനാൽ ഞാനും വളരെ ജാഗ്രതയോടെ മുന്നോട്ടു പോവാൻ തീരുമാനിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ അവരിരുവരും പൂക്കാരനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. കുറച്ചകലെ മാറി അവർ എല്ലാം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്നതും മറ്റും ഞാൻ കണ്ടു. പക്ഷേ പലരും പൂക്കൾ കൊണ്ടുവന്നു വയ്ക്കുന്നതു കാണാം എന്നല്ലാതെ ഏതു പൂക്കൾ എന്നു മാത്രം അവർക്കു മനസിലായില്ല.

“ഇത്രയും ദൂരെ നിൽക്കുന്നതാണ് പ്രശ്നം. കുറച്ചു കൂടെ അടുത്തുചെന്നു നിന്നാൽ അവർ നമ്മെ കാണും. പക്ഷേ ആ പൂക്കാരനെ കാണാൻ ഇനിയെന്താണൊരു വഴി?” ജെസീന്ത ചോദിച്ചു.

“ഇനിയൊരു വഴിമാത്രം. പൂക്കൾ കൈയ്യിൽ തരണമെന്ന് നീ പറയുക. അപ്പോൾ ആളെ മനസിലാക്കാമല്ലോ ?” കൂട്ടുകാരികളുടെ സംസാരം കേട്ടതോടെ എനിക്കും ശുഭപ്രതീക്ഷയായി. പൂ കൈയ്യിൽ കൊടുക്കുമ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറയണമെന്ന് ഞാനും തീരുമാനിച്ചു.

പക്ഷേ അവൾ ആരോടും ഒന്നും പറഞ്ഞില്ല. ഒരു ദിവസം അഖിൽ മാധവ് ഒരു റോസപ്പൂവുമായി അവളുടെ മുന്നിൽ ചെന്നു.

“ജെസീന്താ.. നിനക്കായി ഞാൻ കൊണ്ടുവന്ന ഈപനിനീർ പുഷ്പം സ്വീകരിക്കൂ..” ഒരൽപ്പം കാവ്യാത്മകമായി പറഞ്ഞു കൊണ്ട് അവനാ പുഷ്പം അവൾക്കു നേരെ നീട്ടി.

“താങ്ക് യൂ ..മൈ ഡിയർ ബ്രോ..” പൂ സ്വീകരിച്ചു കൊണ്ട് അവൾ പറഞ്ഞു.

അതിനു ശേഷം ഒരിക്കൽ പോലും അഖിൽ പൂ കൊണ്ടുവന്നിട്ടില്ല.

അന്ന് ലാസ്റ്റ് പരീക്ഷയായിരുന്നു. പൂവ് നേരിട്ട് കയ്യിൽ കൊടുത്തു എൻ്റെ ഇഷ്ടം അവളോട് തുറന്നു പറയണം എന്നു ഞാൻ തീരുമാനിച്ചു. അന്ന് ഞാൻ അല്പം വൈകിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

സ്ക്കൂളിലേയ്ക്ക് വന്ന ഏതോ കുട്ടിയെ ടിപ്പർ ഇടിച്ചുതെറിപ്പിച്ചു എന്നും, ഗുരുതര പരുക്കുള്ളതിനാൽ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നും ആരോ പറഞ്ഞറിഞ്ഞു. ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എന്നിൽ നിറഞ്ഞുനിന്നു. ജെസീന്ത മറ്റൊരു കെട്ടിടത്തിലാണ് പരീക്ഷ എഴുതുന്നത്. അതുകൊണ്ട് പരീക്ഷയ്ക്കു ശേഷം മാത്രമേ അവളെ കാണാൻ സാധിക്കൂ. പരീക്ഷ ഏങ്ങനേയും എഴുതി തീർത്ത് അവളെ കണ്ട് പൂവ് നേരിട്ട് കൊടുക്കണമെന്ന ചിന്തയായിരുന്നു എന്നിൽ. ഇന്ന് എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ഇനി രണ്ടു മാസം കാത്തിരിക്കേണ്ടി വരും.

പോക്കറ്റിൽ അന്ന് മൂന്ന് ജമന്തിപ്പൂക്കളായിരുന്നു ഞാൻ കരുതിയിരുന്നത്.

ഒരു വിധത്തിൽ എഴുതി തീർത്ത പരീക്ഷ പേപ്പർ കൊടുത്ത് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു.

“ആരും പോകരുത്. അറിയിപ്പുണ്ട് എന്ന്. “

ഞാൻ സീറ്റിൽ തന്നെ ഇരുന്നു. ബാക്കി കുട്ടികൾ കൂടി എഴുതി തീർത്ത് പേപ്പർ കൊടുക്കണം. പഠിപ്പിസ്റ്റുകളൊക്കെ ടൈം മുഴുവൻ എടുത്ത് എഴുതും. അതു കഴിഞ്ഞേ അറിയിപ്പ് എന്തെന്ന് അറിയാൻ പറ്റൂ.

നിമിഷങ്ങളെണ്ണി ഞാൻ കാത്തിരുന്നു. ടൈമായി എന്നറിയിച്ച ടീച്ചർ എല്ലാവരോടും പേപ്പർ വാങ്ങി. അതിനു ശേഷം ആ അറിയിപ്പ് ടീച്ചർ വായിച്ചു.

“ഒരു ദുഃഖ വാർത്തയുണ്ട്. നമ്മുടെ സ്കൂളിലെ ജെസീന്ത ഡോമിനിക്ക് എന്ന കുട്ടി വാഹനാപകടത്തിൽ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. ജെസീന്തയുടെ ബോഡി ഉച്ചയ്ക്കുശേഷം സ്ക്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്.”

ടീച്ചറുടെ അറിയിപ്പ് കേട്ടതുമാത്രം ഓർമ്മയുണ്ട്. തലയിലാരോ കൂടം കൊണ്ട് അടിച്ചതു പോലെ തോന്നി. മനസാകെ മരവിച്ച അവസ്ഥ. എനിക്കു പിന്നെ ശരിക്കുള്ള ഓർമ്മ കിട്ടിയത് ദിവസങ്ങൾക്കു ശേഷമാണ്.

പക്ഷേ അവളുടെ കണ്ണും കരളും ഹൃദയവുമൊക്കെ പലരുടേയും ശരീരത്ത് ഇന്നും ജീവിക്കുന്നു.

“എവിടാണെങ്കിലും എല്ലാ വർഷവും മാർച്ച് 23 ന്ഞാനിവിടെ വരുമെടാ.. എൻ്റെ ജെസീന്തയെ കാണാൻ.. അവൾക്കുള്ള ജമന്തിപ്പൂക്കളുമായി.”

കളങ്കമില്ലാത്ത സ്നേഹത്തോടെ വർഷങ്ങൾക്കു ശേഷവും തൻ്റെ കൗമാര പ്രണയിനിയ്ക്കായി ജമന്തിപൂക്കളുമായി വന്ന ദീപുവിനെ ആലിംഗനം ചെയ്തു കൊണ്ട് ശ്യാം പറഞ്ഞു.

“സ്വന്തം സുഖത്തിനു വേണ്ടി രക്ത ബന്ധങ്ങളെ ഇല്ലാതാക്കുകയും, ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണ് നീ. നിൻ്റെ സ്‌നേഹം അറിയും മുൻപേ പറന്നകന്ന ജെസീന്തയെ ഇന്നും ഓർമ്മിക്കുന്ന നീ ഈ ലോകത്തിനു മുൻപിൽ നല്ലൊരു മാതൃകയാണ്.”

പാലക്കാട് ജില്ലയിൽ പാലക്കുഴി സ്വദേശി. നൂറോളം ചെറുകഥകളും, കൊച്ചുറാണി, വെള്ളാരംകുന്നിലെ സൂര്യോദയം എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. "മൈ ഹാർട്ട് " 'അസ്തമയങ്ങൾക്കുമപ്പുറം' എന്നീ ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.