ചോറ്

വെള്ളിടി വെട്ടി ചിന്നിച്ചിതറിയ
പാടത്തെ കതിർ മലരുകളും.
വല്ലം നിറയെ തൂവിപ്പോവും
ചെറുനെൽ കതിരുകളും.
കറ്റമെതിച്ചു കഴിഞ്ഞാൽ കിട്ടും
കൂലിക്കൊരു മടി നെല്ലള്ളവും.
അമ്മ പുഴുങ്ങിയുണക്കികുത്തി
ഒരുനേരത്തെ ചോറാക്കും.

നാലുകിടങ്ങൾക്കാശിക്കാനായ്
അന്നത്തേക്കത് മതിയാവും.
കഞ്ഞിട വെള്ളമെന്നു പറഞ്ഞ്
എന്നും രാത്രിയിലത് മോന്തും .

അന്തിമയങ്ങണ നേരത്തമ്മ
നെഞ്ച് പിടഞ്ഞൊരു വഴി തേടും.
നാലിൽ മൂന്നും പെണ്ണാണെന്നാ
പേടി വളർന്നൊരു കാടാവും.

അങ്ങാടിക്കട പൂട്ടിപോവാൻ
അന്തിപ്പാതിര മണിയാവും.
അന്തിയുറങ്ങാൻ പാലത്തി-
നടിയെന്നും ഞങ്ങടെ  വീടാവും.

ഒരോ വിടവിലും ചിരി തൂകും  
ആകാശ പൊൻ താരകളെ
കണ്ടു മയങ്ങണ നേരത്തമ്മ
ഞങ്ങൾക്കരികെ  തല ചായ്ക്കും.

കാലക്കെടുതി തുടങ്ങുമ്പോൾ
ചോർന്നു വരുന്നൊരു ചെളിവെള്ളം
ചോറിൽ വിണതു, കഴികിയെടുത്തത്,
വാരി തന്നതുമോർമ്മകളാ…

ചോറ് വിളമ്പാൻ നേരത്തെമ്മ
മന്ത്രം പോലെ പറഞ്ഞീടും .
ഒരു തരി വറ്റും കളയരുതെ…
ഓർമ്മകളൊന്നും മായരുതെ.