ചേറ്റുമീൻ

കരിയിലയനക്കമിഴയും ചെളിവെള്ളത്തി
നൊഴുക്കിൽ
കാല്പാടുകളൂന്നി നടപ്പതാർ ?
നീയോ ? ഞാനോ ?
മുറിവേറ്റതാരുടെ വിരൽ ?
വഴുക്കല്ലേ ,
വെള്ളത്തിനടിയിലാണു
സ്വർഗ നരകത്തിലേക്കുള്ള
നൂൽപ്പാലം .

പരൽമീൻ കടിച്ചല്ലോ
ദേഹാർത്തിയായി തിളങ്ങും
പരദാഹമേ വിശന്നോ ,
കടിക്കായ്ക ,ഉമ്മ വയ്ക്കുക –
യെന്നേ തോന്നൂ ,
ഇക്കിളി കൂട്ടുന്നീ പെരുവിരൽ
ഏതു മരണത്തിലും ജ്വലിക്കും
തീനാളമോ ജീവൻ ?

രണ്ടു തവളകളിണ ചേരുന്നു
കരിഞ്ഞ പായൽപ്പരപ്പിൽ
ഓളങ്ങളിളകും തീരത്തിനക്കരെ
തിരണ്ടു വാൽനക്ഷത്രം .

ഭയമോ ?വീണു പോകട്ടെ
ജീവൻ്റെ ആഴക്കയങ്ങളിൽ
ആയിരം കൈകളാൽ
വാരിയെടുക്കില്ലേ
പ്രാണൻ്റെ നീരാളി ,
ശ്വാസം മുട്ടും മട്ടിൽ ചുംബിക്കില്ലേ
അടിത്തട്ടിലെ ചേറ്റുമീൻ .

പാലം കടന്നു നീയെത്തീയക്കരെ,
ഏതു ഭൂമിയിൽ ചുറ്റിത്തിരിഞ്ഞാലും
ഒടുവിലെത്തും ത്രിശങ്കു സ്വർഗത്തിൽ
നിലത്തടിയും കരിയിലകളേകലമ്പൂ
പച്ചിലയെത്തില്ലല്ലോ
പരാതി പറയുവാൻ
ഏതു കണക്കെടുപ്പിലും
വിട്ടു പോകുമിയസംഖ്യങ്ങൾ

വിരൽത്തുമ്പിൽ തൊട്ടതാർ ?
കണ്ണേ ,നീയോ ?
കരിമഷി പുരണ്ടല്ലോ കവിളിൽ
ആരോ മാടിവിളിക്കുന്നിതപ്പുറം
വിറയ്ക്കും പെരുവിരൽ പതിക്കായ്കീ
വെളുപ്പിൽ
എത്ര കൈരേഖകൾ
കൂട്ടിത്തൊടുത്താലുമളക്കാ
നാവതല്ലീ നീളവും വീതിയുമുയരവും

അറ്റമെഴാത്താഴത്തിലേക്കറ്റൂ
പെരുവിരൽ ,
തൊടുക്കാനാവില്ലല്ലോ
ഇനിയീ മഴവിൽ
ഏഴഴകിൻ്റെ പൂവമ്പില്ലല്ലോ
മുഖത്തെഴുത്തിനു
ചുട്ടി കുത്തുവാൻ .
നാളെയാണ് തിരുവേളിക്കാവിലെ
കളിയരങ്ങ് ,നളചരിതം,
അന്ത്യയാമത്തിൽ നാമെത്തേണ്ട ,കൈകോർക്കേണ്ട ചൊരിമണൽ

ചെന്നൈയിൽ മാധ്യമപ്രവർത്തകൻ, Concern World Wide India- യും INP+ Chennai-യും സംയുക്തമായി പ്രസിദ്ധീകരിച്ച 'Standing Right Next to You: Lives of HIV Positive People' എന്ന പുസ്തകത്തിൻ്റെ രചയിതാവ്.