ഐൻ റസാത്തിൽ നിന്ന് ഞങ്ങളുടെ യാത്ര ‘മദീനത് അൽ ഹഖ്’ എന്ന ഗ്രാമത്തിലേക്കായിരുന്നു. ‘സത്യത്തിന്റെ പട്ടണം’ എന്നാണ് ആ സ്ഥലപ്പേരിന്റെ അർത്ഥമെന്ന് ഉണ്ണി വിശദീകരിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഉയരെയുള്ള ആ സ്ഥലം സമശീതോഷ്ണ പ്രദേശമാണ്. നിഷ്കളങ്കരുടെ നാട് എന്ന് പറയാവുന്നത്ര ഗ്രാമീണരാണ് അവിടത്തെ സ്ഥലവാസികൾ.
വിശ്വേട്ടനോട് ഇനി ഉയർന്ന സ്ഥലങ്ങളിലേക്കാണ് യാത്ര , ഡ്രൈവ് ചെയ്യുമ്പോൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഉണ്ണി സൂചിപ്പിച്ചപ്പോൾ വയനാടൻ ചുരം പല തവണ കയറിയവനാ ഈ കെ കെ ജോസഫ് എന്ന് വീമ്പിളക്കി ഡ്രൈവിങ്ങ് തുടർന്നു. പക്ഷേ ഈ ഡ്രൈവിനു മുന്നിൽ വയനാടൻ ചുരം ഒന്നുമല്ലായിരുന്നു എന്നതാണ് വാസ്തവം.
താഴ്‌വാരങ്ങൾ വിട്ട് മുന്നോട്ട് നീങ്ങി, കയറ്റം കയറിത്തുടങ്ങി. ഇരുവശത്തും അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിക്കാഴ്ചകൾ മാത്രം. പേടിപ്പിക്കുന്ന രണ്ടു വരി പാതയാണ് മുന്നിൽ കണ്ണെത്താ ദൂരത്തോളം. ഒരു വശത്ത് മലനിരകളാണെങ്കിൽ മറുവശത്ത് അഗാധഗർത്തങ്ങളും കുഴികളും നിറഞ്ഞ മണൽപ്പരപ്പ്. മറ്റ് വാഹനങ്ങളോ, റോഡരികിൽ കെട്ടിടങ്ങളോ ഇല്ല. മനുഷ്യവാസത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ റോഡ് ഉച്ചച്ചൂടിൽ അലസയായി നീണ്ടു നിവർന്നു കിടന്നു. നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ ഏതെങ്കിലും വൻ പ്രകൃതിദുരന്തം സമ്മാനിച്ച മുറിപ്പാടുകളാവാം ഭൂമിശാസ്ത്രപരമായ ഈ വൈചിത്ര്യങ്ങൾക്ക് കാരണം.
ദുബായി ബോർഡറിലുള്ള ഒമാന്റെ ഭാഗമായ മുസണ്ടത്തിന്റെയും പ്രത്യേകത ചുണ്ണാമ്പ് പാറകളാണ്. പക്ഷേ സലാലയിലെ ഈ ഭാഗത്ത് ചുണ്ണാമ്പുപാറകൾ കാണാനില്ലായിരുന്നു. പരന്നു കിടക്കുന്ന മരുഭൂമി മാത്രം. ഒട്ടകങ്ങൾ കൂട്ടമായി അലഞ്ഞ് നടക്കുന്ന മരുപ്രദേശങ്ങൾ ഞാനാദ്യമായി കാണുകയായിരുന്നു, പത്തിരുപത്തിമൂന്ന് വർഷം ജീവിച്ച് തീർത്തത് മണൽക്കാട്ടിലായിട്ടു പോലും.
ഉണങ്ങി വരണ്ട കാട്ടുചെടികൾ കടിച്ച് പറിച്ച് ചവക്കുന്നതിനിടയിൽ ഒട്ടകങ്ങൾ കടന്ന് പോവുന്ന വാഹനത്തെ നിസ്സംഗമായി നോക്കി. ഇവിടെ റോഡരികിൽ കമ്പിവേലികളോ മറ്റ് തടസ്സങ്ങളോ ഇല്ല. അപ്രതീക്ഷിതമായ സമയങ്ങളിൽ ഒട്ടകക്കൂട്ടങ്ങൾ റോഡിലിറങ്ങും. യാതൊരു തിടുക്കവും ഇല്ലാതെ വളരെ സാവധാനം റോഡ് നടന്ന് കയറും. അവിടങ്ങളിലെ വാഹനാപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണത്രെ ഇത്. ഒട്ടകത്തെ തട്ടിയാൽ ഉയരമുള്ള മൃഗമായതുകൊണ്ട് വാഹനത്തിന്റെ കൺട്രോൾ പോവാനും മറിയാനും സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രി സമയത്ത്. റോഡ് സൈഡിൽ അപകടത്തിൽ പെട്ട ഒട്ടകങ്ങളുടെ ശരീരം അനാഥമായി കിടക്കുന്നതും വല്ലാത്തൊരു കാഴ്ചയായിരുന്നു.
വയനാടൻ ചുരം കയറുമ്പോൾ കടന്നു വരുന്ന കാട്ടാനക്കൂട്ടങ്ങളുടെ പേടിപ്പിക്കുന്ന ഓർമ്മയിൽ ഞങ്ങൾ നീങ്ങി. വഴികാട്ടികളോ അടയാള ബോർഡുകളോ ഒന്നും സഹായത്തിനില്ലാതെ നീണ്ടു പരന്നു കിടക്കുന്ന റോഡുകളും ഗർത്തങ്ങളും മണൽപ്പരപ്പും ഇടകലർന്ന മരുഭൂമിയുടെ കാഴ്ചയും എന്നെ കുറച്ച് പേടിപ്പിച്ചു. ഐൻ റസാത്തിൽ നിന്ന് നോക്കുമ്പോൾ ഞങ്ങളുടെ മുന്നിൽ തലയുയർത്തി നിന്ന ആ വലിയ മലയയുടെ മുകൾത്തട്ടിലേക്ക് ഞങ്ങൾ എത്തിയെന്ന് ഉണ്ണി പറഞ്ഞു. ഈ ഒരു ഡ്രൈവ് ശരിക്കും അനുഭവിക്കേണ്ടതു തന്നെ.
പിന്നെയുള്ള കാഴ്ചകളിൽ പശുക്കൂട്ടങ്ങളും ഇടകലർന്ന് തുടങ്ങി. അകിട് നിറയെ പാലുമായി നടന്നു നീങ്ങുന്ന പശുക്കളും കൂട്ടത്തിലുണ്ടായിരുന്നു . സ്വകാര്യ ഫാമുടമകൾക്ക് പാലിനേക്കാൾ പ്രാധാന്യം മാംസ വില്പനയാണത്രെ. രാവിലെ അഴിച്ചുവിടുന്ന പശുക്കൾ വൈകീട്ട് കൂട്ടമായി തിരിച്ച് പോവുന്നതും കാഴ്ചകളിൽ ഉൾപ്പെട്ടു.
മരുഭൂമിയിലിടെക്കിടെ കാണുന്ന ഒറ്റമരങ്ങൾ വല്ലാത്തൊരു സങ്കടം മനസ്സിലുണർത്തി. കഴിഞ്ഞു പോയ വസന്തത്തിന്റെ സാക്ഷിയായി ,അതിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒറ്റ മരങ്ങൾ. അവരിങ്ങനെ മരുഭൂമിയ്ക് കുടയായി വിരിഞ്ഞു നിന്നു.
പുറത്തിറങ്ങിയപ്പോൾ വെയിലുണ്ടെങ്കിലും സുഖമുള്ള തണുത്ത കാറ്റ് വീശിയടിച്ചു. ഇവിടെ ഏതു കാലത്തും മിതശീതോഷ്ണമായിരിക്കും. അതു കൊണ്ട് തന്നെ സ്വദേശികൾക്ക് പ്രിയപ്പെട്ട സ്ഥലവുമാണത്. അവരുടെ സുഖവാസകേന്ദ്രങ്ങളിലൊന്നും.
മരുഭൂമിയുടെ നടുവിൽ ഒരു പൊട്ടു പോലെയൊരു ഗ്രാമമായിരുന്നു അത്. ആഢംബരമായി ഒരു പെട്രോൾ പമ്പ് മാത്രം. പിന്നെ ഒരു ചെറിയ ടീ ഷോപ്പ്. ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങളുടെ പരസ്യവുമായി. അതിനടിയിൽ മലയാളത്തിൽ നാടൻ ചോറ് എന്നും എഴുതി വെച്ചിട്ടുണ്ട്. കുട്ടികൾക്ക് വിശപ്പു തുടങ്ങിയിരുന്നു. ദീർഘമായ ആ യാത്ര ഞങ്ങളെയും ക്ഷീണിപ്പിച്ചിരുന്നു.
പെട്രോൾ പമ്പിലെ ആൾ ഭക്ഷണകാര്യം ചോദിച്ചപ്പോൾ മുന്നറിയിപ്പ് തന്നിരുന്നു. നിങ്ങളുദ്ദേശിക്കുന്ന പിസയും കെന്റക്കിയുമൊന്നും കിട്ടില്ല ഇവിടെ, ആ കാണുന്ന മലയാളിക്കട വിട്ടാൽ നിങ്ങൾ പെടും എന്ന്. തൊട്ടടുത്ത് തന്നെയുള്ള പാക്കിസ്ഥാനി ബിരിയാണിയെ ഒഴിവാക്കി ഞങ്ങൾ നാടൻ ചോറു കടയിൽ കയറി. ഞങ്ങളുടെ അയൽനാടായ വടകരക്കാരനായിരുന്നു കടയുടെ മുതലാളി. ആതിഥ്യമര്യാദക്ക് ഒരു കുറവും വരുത്താതെ അയാൾ ഞങ്ങളെ സത്കരിച്ചു. ചൂട് ഗോതമ്പ് പറാത്തകളും ദാലും, വെജ് കുറുമയും മുന്നിലെത്തി. കടയുടെ കാഴ്ചയിൽ കാര്യമില്ല എന്ന് തെളിയിക്കുന്ന രുചികരമായ ഭക്ഷണമായിരുന്നു അത്.
അയാളുടെ നിർദ്ദേശപ്രകാരമുള്ള എളുപ്പവഴിയിലൂടെ വാദി,തവാത്തീർ, ബിമ്മ സിംക്ഹോൾ ജബൽ സംഹാൽ, ഗ്രാവിറ്റി പോയിന്റ്, മിർബാത്ത് റോക്ക് ബീച്ച് എന്നിവിടങ്ങളിലേക്ക് ഞങ്ങൾ യാത്ര തുടർന്നു ….
കൂടുതൽ യാത്രാ വിശേഷങ്ങൾ വിശദമായി അടുത്ത ലക്കത്തിൽ ….