തെക്കൻ ഒമാന്റെ ഡോഫാർ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് സലാല.
കേരളത്തിന്റെ ഭൂപ്രകൃതിയും, അറബിക്കടലിന്റെ സാന്നിദ്ധ്യവും കൊണ്ട് മലയാളികൾക്ക് മാത്രമല്ല മറ്റ് വിദേശീയർക്കും പ്രിയപ്പെട്ട ഒരിടമാണിത്. ജൂൺ മാസം മുതൽ കടന്നുവരുന്ന മൺസൂണിന്റെ സാന്നിദ്ധ്യം പ്രകൃതിയെ മുഴുവൻ പച്ചപുതപ്പിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ജൂൺ ജൂലായ് മാസങ്ങളിലെ അതികഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ സമ്പന്നരായ അറബ് വംശജരും മറ്റ് വിദേശികളും ആശ്രയിക്കുന്നത് സലാലയെയാണ്. ചിലർക്കെങ്കിലും സ്വന്തമായി വേനൽക്കാല വസതികളും ഉണ്ടിവിടെ.
സ്വതവേ അല്പം അലസന്മാരായ ഒമാൻസ്വദേശികളുടെ ബിസിനസുകളും ടൂറിസവും എല്ലാം “ഖരീഫ്” സീസൻ ലക്ഷ്യമാക്കിയാണ്. ജൂലായ് മുതൽ സെപ്തംബർ വരെ നീളുന്ന മൺസൂൺ കാലമാണ് ഖരീഫ് സീസൺ. ഖരീഫിന് സന്ദർശകരെ സ്വീകരിക്കാൻ വേണ്ടി വീടുകളും ഫ്ലാറ്റുകളും ഒരുങ്ങി നിൽക്കും. താഴ്‌വാരങ്ങളിൽ ടെൻറുകളും വിപണനമേളകളും തമ്പടിക്കും. തൊട്ടടുത്ത അയൽ രാജ്യങ്ങളിലെ സന്ദർശകർക്ക് ഒമാൻ ഡ്രൈവിങ്ങ് ലൈസൻസ് നിർബന്ധമില്ലാത്തതിനാൽ ഉണർവ്വിൽ നില്ക്കുന്ന മറ്റൊരു ബിസിനസ് ‘റെൻറ് എ കാർ’ ആണ്. നേരിയ മഴച്ചാറലിന്റെ അകമ്പടിയോടെ സുന്ദരിയായി നിൽക്കുന്ന സലാല സന്ദർശകർക്ക് പ്രിയങ്കരിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഞങ്ങൾ എത്തിയപ്പോഴും സലാലയിലെ കാലാവസ്ഥ പ്രസന്നമായിരുന്നു. ഖരീഫ് സീസണിലെ മരതകക്കാഴ്ച നഷ്ടമായെന്ന് മാത്രം. പക്ഷേ അതുകൊണ്ടുണ്ടായ മറ്റൊരു ഗുണം മരുഭൂമിയുടെ വന്യസൗന്ദര്യം അനുഭവിക്കാനായി എന്നതാണ്. ഇത്രയും കാലം ദുബായിൽ ജീവിച്ചിട്ടും കണ്ടതിന് എത്രയോ ഇരട്ടി മരുപ്രദേശങ്ങളും ഒട്ടകക്കൂട്ടങ്ങളും രണ്ട് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ കണ്ടുതീർത്തു.
മീനയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഇരുപത്തിരണ്ട് വർഷങ്ങളായി സലാലയിൽ എത്തിയിട്ട്. ബോംബെയിലെ തിരക്കുകൾ കണ്ട് മടുത്ത് ഇവിടെയെത്തിയ ഉണ്ണി ഇനി തന്റെ ജീവിതം ഈ മനോഹര തീരത്ത് തന്നെ എന്നു തീരുമാനിക്കുകയായിരുന്നു . രണ്ടു ദിവസം കൊണ്ട് തന്നെ ഞങ്ങളെയും വല്ലാണ്ട് കൊതിപ്പിച്ചു ഈ നാട് .
സൂര്യപ്രകാശം നന്നായി കിട്ടുന്ന വലിയ മുറികളുള്ള ഫ്ലാറ്റാണ് മീനയുടെത്. നാട്ടിലെ വീടിന്റെ ഓർമ്മയുണ്ടാക്കുന്നത്ര വലിയ മുറികളും സൗകര്യവും. മറ്റു കാര്യങ്ങളിലെന്ന പോലെ വാടകയുടെ കാര്യത്തിലും ദുബായിയുമായി താരതമ്യത്തിനില്ല. വളരെ കുറഞ്ഞ വാടകയ്ക് നല്ല വീടുകൾ കിട്ടാനുണ്ടിവിടെ.
പരിമിതമായ ദിവസങ്ങളാണെങ്കിലും ഒരു വിധം കാഴ്ചകൾ കണ്ടു തീർക്കാൻ പറ്റുന്ന വിധമൊരു പെർഫെക്ട് പ്ലാൻ കരുതിയിരുന്നു ഉണ്ണി. അച്ഛനും അമ്മയും ആരോഗ്യ പ്രശ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് ഞങ്ങളുടെ കൂടെയിറങ്ങി. പന്ത്രണ്ടാം ക്ലാസുകാരിയായ മേഘ വഴികാട്ടിയായി. വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്കൊരു കുടുംബ സംഗമം കൂടിയായി ഈ യാത്ര.
യാത്രാരംഭം പുണ്യസ്ഥലങ്ങളിൽ നിന്നാവാമെന്ന അവരുടെ തീരുമാനത്തെ ഞങ്ങളും പിന്താങ്ങി. നഗരമദ്ധ്യത്തിലെ ചെറിയ ഒരു മോസ്കിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ശവക്കല്ലറ എന്ന ലോകറിക്കോർഡിന് അർഹമായ “നബി ഉമ്രാൻ “ന്റെ ഖബർ സ്ഥിതി ചെയ്യുന്നത്.
പുറത്ത് സന്ദർശകരെ ആകർഷിക്കാൻ തക്കമുള്ള യാതൊരു അടയാളങ്ങളുമില്ലാത്ത പള്ളിക്ക് ചുറ്റും ചെമ്പക മരങ്ങൾ പൂത്തുലഞ്ഞു. വെളുത്ത പൂക്കൾ സുഗന്ധം പ്രസരിപ്പിച്ച് ചിരിച്ചു വിടർന്നു.
സാമാന്യത്തിലധികം നീളമുള്ള ഖബർ പച്ചനിറത്തിലുള്ള ഒരു സിൽക്ക് തുണികൊണ്ട് ആവരണം ചെയ്തിരുന്നു.. അവിടെ കത്തിച്ചു വെച്ച ചന്ദനത്തിരികളുടെ ഗന്ധം ചെമ്പക മണത്തോട് ഇടകലർന്നു.
ഇവിടെ പണം ഇടാൻ പാടില്ലെന്ന് ഇംഗ്ലീഷിലും അറബിക്കിലും എഴുതി വെച്ചതല്ലാതെ ഖബറിനുള്ളിൽ ഉറങ്ങുന്ന പ്രവാചകന്റെ പേരോ മറ്റ് വിവരങ്ങളോ ഉണ്ടായിരുന്നില്ല. സന്ദർശകർ ധ്യാനനിമഗ്നരായി ഖബർ വലം ചുറ്റി നിശബ്ദരായി പുറത്തേക്ക് നടന്നു.
ചരിത്രാതീതകാലത്ത് ഇത്രയും നീളമുള്ളവരായിരുന്നു പ്രവാചകർ എന്നും, അതല്ല സ്വയം വലുതാവുന്നതാണ് ഈ ഖബറെന്നും രണ്ട് വാദങ്ങൾ കേട്ടു , അസാധാരണമായ ഇതിന്റെ നീളത്തിന് കാരണമായി.
ഇദ്ദേഹം ഒരു അറബ് പ്രവാചകനാണെന്ന് ചിലരും ബൈബിളിൽ പരാമർശിച്ചിട്ടുള്ള യേശുവിന്റെ അമ്മയായ മേരിയുടെ പിതാവിന്റെ ഖബറാണെന്ന് ചിലരും വിശ്വസിക്കുന്നു. സന്ദർശകരുടെ ശ്രദ്ധയാകർഷിക്കാനായി ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വിസ്മയകരമായ അപൂർവ്വ അത്ഭുതക്കാഴ്ചയിൽ നിന്ന് തുടങ്ങിയ യാത്ര അവസാനം വരെ അത്ഭുതങ്ങൾ നിലനിർത്തി.
തൊട്ടടുത്തുള്ള ക്ഷേത്രദർശമായിരുന്നു അടുത്ത ലക്ഷ്യം.നിറയെ മരങ്ങൾ ചാഞ്ഞു കിടക്കുന്ന ക്ഷേത്ര മുറ്റത്തെ കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. എല്ലാ ഇന്ത്യക്കാരും ഒരുപോലെ ക്ഷേത്രങ്ങളിൽ എത്തി നോർത്തിന്ത്യൻ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സീതയെയും, പാർവ്വതിയേയും തൊഴുതു മടങ്ങി.
അമ്പലങ്ങൾ സാംസ്കാരിക കേന്ദ്രങ്ങൾ മാത്രമല്ല ഇവിടെ, നാട്ടുകാർക്ക് പരസ്പരം അറിയാനും കൂട്ടുചേരാനുമുള്ള ഇടങ്ങളുമാണ്. അന്നും എന്തോ ഒരു പ്രോഗ്രാമിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ചയുടെ ആലസ്യത്തിലമരാതെ ചെറുപ്പക്കാർ പന്തലിനുള്ള തുണി വലിച്ചുകെട്ടുകയും സദ്യയുടെ ഒരുക്കങ്ങൾ നടത്തുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവിടെ നിന്നിറങ്ങിയപ്പോഴാണ് സൂര്യമോൾ ചിണുങ്ങാൻ തുടങ്ങിയത്. അവളുടെ അടുത്ത കൂട്ടുകാരിയുടെ ബർത്ത്ഡേ പാർട്ടിയാണ് ഒരു ഫാം ഹൗസിൽ. അവൾക്കവിടെ പോയേ തീരൂ. ഒരു ഫാം ഹൗസ് കാഴ്ചകളിലേക്കാവാം അടുത്ത യാത്രയെന്ന് ഞങ്ങളും കരുതി. വെള്ളച്ചാലുകളുടെ ഇടയിൽ ചേമ്പുകളും മറ്റു പച്ചക്കറികളും ഇളനീരിനായി നട്ടുവളർത്തിയ ചെന്തെങ്ങുകളും ചേർന്ന് പച്ച പിടിച്ചു നിൽക്കുന്ന നാട് കാണാൻ തന്നെ നല്ല ഭംഗി. കേരളത്തിന് അന്യമാവുന്ന ഈ കാഴ്ചകളെക്കുറിച്ചോർത്ത് ഞാൻ വേവലാതിപ്പെട്ടപ്പോൾ കോയമ്പത്തൂരിൽ പൊള്ളാച്ചി പോവുന്ന വഴി ഇമ്മാതിരി കാഴ്ചകൾ കാണാമെന്ന് അമ്മ അഭിമാനിച്ചു.
പച്ചക്കറി തോട്ടങ്ങൾക്ക് നടുവിലൊരു വില്ലയും സ്വിമ്മിങ്ങ് പൂളുമാണ് പാർട്ടി നടക്കുന്ന ഫാംഹൗസിന്റെ പ്രത്യേകത. സൂര്യ അവരുടെ കൂടെ കുറച്ച് നേരം കൂടി . ഞങ്ങൾ ക്യാമറയുമായി പുറത്തോട്ടുമിറങ്ങി.
ഐൻ റസാത്ത് ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
റോഡരികിലൊക്കെ പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നും വെട്ടിയൊരുക്കി ഒതുക്കി വെച്ചിട്ടുണ്ടായിരുന്നില്ല. പൂത്തുലഞ്ഞ് വളർന്ന് സ്വതന്ത്ര്യമായി നിൽക്കുന്ന റോസ് നിറമുള്ള പൂക്കളും വേലിപ്പടർപ്പുകളും കേരളത്തിലെ പഴയ നാട്ടു വഴികളെ ഓർമ്മിപ്പിച്ചു.
ഐൻ റസാത്ത് ( Ain Razat ) ആയിരുന്നു അടുത്ത യാത്രാ ലക്ഷ്യം. ദോഫാറിലെ ശുദ്ധജലത്തിന്റെ പ്രധാന ഉറവിടമാണ് ഇവിടത്തെ മലനിരകളിൽ നിന്നൊഴുകുന്ന അരുവി . ഭൂമിയുടെ സമനിരപ്പിൽ നിന്ന് ഉയരത്തിലേക്കാണ് ഇനിയത്തെ കാഴ്ചകൾ മുഴുവൻ . മലനിരകൾക്കിടയിലൂടൊഴുകുന്ന ചെറു അരുവിയിൽ തിമിർത്ത് കളിക്കുന്ന ചെറുസംഘങ്ങൾ ബഹളം വെച്ചു ആഘോഷിച്ചു. ഒരു അറബ് വേഷധാരിയായ യുവതിയുടെ മകൻ അരുവിയിൽ മുങ്ങിക്കിടക്കാൻ പരിശീലിക്കുന്നത് കണ്ട് നോക്കിയപ്പോൾ അവൾ മുഖം പകുതി മൂടി ഫോട്ടോയ്ക്ക് സമ്മതം അറിയിച്ചു. ഞങ്ങളുടെ അതിശയങ്ങൾ അവൾക്കും കൗതുകമായി മാറി. ചെറുപുഞ്ചിരിയോടെ ഞങ്ങൾ സൗഹൃദം പങ്കു വെച്ചു.
അവധി ആഘോഷിക്കാനെത്തിയ സ്വദേശികൾ പാചകപ്പാത്രങ്ങളുമായി വന്ന് അവിടെ ഭക്ഷണം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്ന അമ്മയോടും അവർ ചായ വേണോ എന്ന് ചോദിച്ചു. ഔദാര്യങ്ങൾക്കും, ഉപചാരങ്ങൾക്കുമിടയിൽ ഭാഷയ്ക്ക് പ്രസക്തിയില്ലല്ലോ.
വലിയ ചുണ്ണാമ്പു പാറകൾക്കിടയിലുള്ള ഗുഹകളായിരുന്നു മറ്റൊരു കാഴ്ച. വിദേശികളായ സഞ്ചാരികളുടെ ക്യാമറകൾ നിരന്തരം ക്ലിക്കുകൾക്ക് വിധേയരായി. പ്രകൃതിയൊരുക്കിയ നയനമനോഹരമായ കാഴ്ചകളിൽ വിസ്മയരായി ഞങ്ങളും… ചുറ്റുപാടുമുള്ള പർവ്വതനിരകൾ പച്ച പിടിച്ചു നിൽക്കുന്ന ഖരീഫിൽ വീണ്ടും വരണമെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന സ്വദേശി കുടുംബം ഞങ്ങളെ യാത്രയാക്കി……
അടുത്ത ലക്ഷ്യത്തിലേക്ക് ഞങ്ങളുടെ യാത്ര തുടർന്നു…..