ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ
ഇനിയുമൊരാളെ ഉൾക്കൊള്ളാനാകാത്തത്ര ചെറുതാണീ ലോകം
മക്കൾ വളർന്നു എന്റെ തല്ലാത്ത മറ്റൊരു ലോകത്തേക്ക്
പോകുമോ എന്ന ഭയം
ചിലപ്പോഴെങ്കിലും ഉറക്കം നഷ്ടമാക്കുന്നു.
ഞാൻ നടക്കുമ്പോൾ ലോകം കൂടെ നടക്കുന്നു,
ഓടുമ്പോൾ ഓടുന്നു
കിതക്കുമ്പോൾ കിതക്കുന്നു, വീഴുമ്പോൾ വീഴുന്നു
ഞാൻ ഉറങ്ങുമ്പോൾ ഉറങ്ങുകയും
ഉണരുമ്പോൾ ഉണരുകയും ചെയ്യുന്നു
എന്റെ ഒച്ചയിൽ ലോകം നിശബ്ദമാകുന്നു,
എന്റെ കവിത കൊണ്ട് ലോകം സംസ്കാരമുള്ളതാകുന്നു
എന്റെ ദുഃഖമാണ് ലോകത്തിന്റെ സങ്കടം
ഞാൻ യുദ്ധത്തിന്റെ ഇരയല്ലാത്തതിനാൽ
യുദ്ധം കാരണം ലോകത്തിന് നഷ്ടമില്ല,
എനിക്ക് നാടുള്ളതിനാൽ ലോകത്ത്
അഭയാർത്ഥികൾ ഇല്ല,
എനിക്ക് വിശപ്പില്ലാത്തതിനാൽ
ലോകത്ത് പട്ടിണിയില്ല
ലോകം എന്റെ ചുറ്റും കറങ്ങുന്നു,
എനിക്ക് വേണ്ടി പൂക്കുന്നു,
തളിർക്കുന്നു,
കായ്ക്കുന്നു!
ഞാൻ വരക്കുമ്പോൾ
എന്റെ ക്യാൻവാസിൽ ലോകം ഒതുങ്ങുന്നു
ഞാൻ സെൽഫി എടുക്കുമ്പോൾ
ലോകം എന്റെ പിന്നിൽ ഒളിച്ചിരിക്കുന്നു.
ഞാൻ മരിക്കുമ്പോൾ
ലോകം അവസാനിക്കും
പിന്നീട് ജനിക്കുന്ന ആരുടെയെങ്കിലും കൂടെ
ലോകം പുനർജനിക്കുമായിരിക്കും
ഞാൻ ഇല്ലാത്ത ആ ലോകം എത്ര ചെറുതായിരിക്കും.