ചെരിപ്പുകൾ ഊരി എറിയുക

ഞാനിന്നലെ
ചെരിപ്പ് നിർമ്മാണശാലകൾ
ബോംബ് വെച്ചു തകർക്കുന്നതിനെപ്പറ്റി ചിന്തിച്ചു.

നിങ്ങൾക്ക് ഇപ്പോഴെന്നെ
തീവ്രവാദിയെന്നോ
വികസന വിരോധിയെന്നോ,
പഴഞ്ചനെന്നോ
വിളിക്കാൻ തോന്നുന്നുണ്ടാകും.

ചെരിപ്പുകൾ എത്രമാത്രം അപകടകാരികളാണെന്ന്
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

സ്വാർത്ഥനായ ഭരണാധികാരിയെപ്പോലെയാണ് ചെരിപ്പുകൾ
“നിങ്ങൾക്ക് ഞാൻ സുരക്ഷിതത്വം ഉറപ്പ് തരുന്നു”
എന്ന് പറഞ്ഞാണ് നമ്മുടെ ജീവിതത്തിലേക്ക്
കടന്നുവരുന്നത്.

ഭൂമിയോടുള്ള സ്നേഹം ഇല്ലാതാക്കി
കുത്തക മുതലാളിമാർക്ക് പണം ഉണ്ടാക്കിക്കൊടുക്കലാണ്
അതിൻ്റെയും ധർമ്മം!

ചെരിപ്പുകൾ എത്രമാത്രം മനുഷ്യനെ
ബ്രൈൻ വാഷ് ചെയ്തിരിക്കുന്നു !
മനുഷ്യന് ജനിക്കുമ്പോളില്ലാത്ത ഒരവയവമായി അവ
മാറിയിരിക്കുന്നു .

“ഭൂമി അശുദ്ധമാണ് “
എന്ന കുപ്രചരണമാണ്
ചെരിപ്പ് മനുഷ്യനോട് ഇഷ്ടം കൂടാൻ
ഉപയോഗിക്കുന്ന തന്ത്രം

പിന്നെ, പിന്നെ ചെരിപ്പില്ലാതെ നടക്കാനാകാത്ത വിധം
നമ്മെ അതടിമയാക്കും
“ഭൂമി നിനക്ക് നടക്കാൻ സുരക്ഷിതമല്ലെന്ന്” ചെരിപ്പുകൾ പറയുന്നത്
കാതോർത്താൽ കേൾക്കാനാകും,

വിശപ്പിന് ഭക്ഷണം തരുന്ന,
ദാഹത്തിന് നീരുതരുന്ന,
താമസിക്കാനിടം തന്ന മണ്ണിനോട്
നമുക്ക്
ഭരണ കർത്താക്കളോട് ഉള്ളത്ര
കൂറും സ്നേഹവും ഇല്ലാത്തതെന്ത് കൊണ്ട്?

നമ്മെ നിരന്തരം സഹായിക്കുന്ന ഭൂമിയെ
യഥേഷ്ടം അക്രമിക്കാനും നശിപ്പിക്കാനും
കൂട്ടുനിൽക്കുന്നവർക്കെതിരെ
ഒന്നുറക്കെ ശബ്ദിക്കാനാവാത്തതെന്ത് കൊണ്ട്.?

മണ്ണുമായി അത്രമാത്രം
നാം അകന്ന് പോയത് കൊണ്ടല്ലേ?
മണ്ണിൽ നിന്ന് നമ്മെ അകറ്റിയ മതിലാണ് ചെരിപ്പുകൾ.

‘ചെരിപ്പുകൾ ഊരി വലിച്ചെറിയുക’

ഓർക്കണം,
അവസാനം ചെരിപ്പുകളില്ലാത്ത
നമ്മെ എടുത്ത് കൊണ്ടുപോയി കിടത്തുന്നതും മണ്ണിലാണ്.

കോഴിക്കോട് ജില്ലയിൽ വാണിമേൽ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. സുനാമി, ചുവന്ന മഷി കൊണ്ടൊരടി വര എന്നീ കഥാ സമാഹാരങ്ങൾ. ആനുകാലികങ്ങളിൽ ധാരാളം കഥകളും, കവിതയും, അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്