പ്രാർത്ഥനാഭംഗത്താൽ
ദൈവങ്ങൾ പിണങ്ങിനിന്ന ഒരു രാത്രിയിൽ
ചെകുത്താൻ
കട്ടിലിനരികിലെത്തി.
ജ്ഞാനത്തിന്റെ കനിവുനീട്ടി അവൻ പറഞ്ഞു
ഇത് പാപക്കനിയല്ല
പ്രണയത്തിന്റെ മധുരമാണ്
ജീവിതത്തിന്റെ ഉപ്പാണ്.
രുചികരമായ ഫലം
ധൃതിപ്പെട്ട് ഞാൻ ചവച്ചിറക്കി
കണ്ഠത്തിൽ കുരുങ്ങിയ ഒരു തുണ്ടം
ആദംസ്ആപ്പിളായി
അടക്കിനിർത്തപ്പെട്ട ഇന്ദ്രിയങ്ങളിൽ
സംവേദനങ്ങളുണർന്നു
രസമുകുളങ്ങൾ ത്രസിച്ചു
രസമർമ്മങ്ങളിൽ
ആസക്തികളിറങ്ങി
ഞാൻ ആദിപുരുഷനായി
ഇറങ്ങാൻ മടിച്ച ആദംസ്ആപ്പിൾ കണ്ഠത്തിൽ
പുരുഷസ്വരം നിറച്ചു
ഘനഗംഭീരമായ ഗാനംകേട്ട്
ഉച്ചസ്ഥായിയിലുള്ള സ്ത്രൈണസ്വരവുമായി
അവൾ സ്വർഗ്ഗത്തിൽനിന്നിറങ്ങിവന്നു
ഒരു യുഗ്മഗാനത്തിരയിൽ
ഞങ്ങൾ ഒന്നായ്പ്പിണഞ്ഞു
ആദിപുണ്യത്തിന്റെ സർഗ്ഗസംഗത്തിൽ
പ്രാർത്ഥനകളാൽ നിഗ്രഹിക്കപ്പെട്ട സ്വർഗ്ഗീയസുഖങ്ങൾ
ഞങ്ങൾ വീണ്ടെടുത്തു
പ്രകൃതി
ഭോജ്യഭോഗങ്ങളിൽ നിറച്ചു വെച്ച
രുചികളും അഭിരുചികളും
ഞങ്ങൾ അനുഭവിച്ചു
പ്രകൃതിയുടെമണമുള്ള നഗ്നപാതകളിലൂടെ
ഞങ്ങൾ
ജീവിതയാത്ര തുടരുന്നു
അരുമകളെ ഓമനിച്ച്
ചെകുത്താനേ എന്നു വിളിക്കുന്നു
പ്രതിഭകളെ അഭിനന്ദിച്ച്
ചെകുത്താനെന്നു വാഴ്ത്തുന്നു.