ചുവരെഴുത്തില്‍

ചുവരില്ലാതെ ചിത്രമെഴുതുന്നതെങ്ങനെ
എന്നായിരുന്നു എന്നും ചോദ്യം.
ചുവരുണ്ടെങ്കില്‍ മാത്രം
ചിത്രമെഴുതാനാവുമോ
എന്നാരും ചോദിച്ചില്ല.

ചുവരിലെ ചിത്രമെഴുത്താണ്
രാഷ്ട്രീയം എന്നാരോ പറഞ്ഞു.
ചുവരിലെഴുതിയ ചിത്രമാണ്
ചുവരുയര്‍ത്തിയ രക്തസാക്ഷി
എന്നും അറിഞ്ഞില്ല.

ചുവരുകള്‍ക്ക് ഇരുവശമുണ്ടെന്ന്
ജീവിതം പറഞ്ഞു.
ജീവിതമാണ് കൊല്ലപ്പെട്ടയാളുടെ ചുവര്‍.
അതിലുണ്ടാവണം
കൊന്നയാളുടെ യഥാര്‍ത്ഥ മുഖം.
വരഞ്ഞില്ലെങ്കിലും ചിത്രം
എല്ലാവര്‍ക്കും ചുവരാവും.
തെറിച്ച ചോരത്തുള്ളികള്‍
ഒഴിച്ചിട്ട പേജിലെന്നെഴുതിയ
മുദ്രാവാക്യമാവും.
എല്ലാം വെളിവാകുന്ന രാഷ്ട്രീയത്തിനും
ഒരെതിര്‍ ചുവരുണ്ട് ചുവരില്‍,
അതാകുമതിന്‍ അരാഷ്ട്രീയം.

ചുവരിനൊരടിത്തറയുണ്ടാകണം,
ചുവരില്‍ച്ചാരി നിന്ന്
നിങ്ങള്‍ പറയുന്നു.
ആ അടിത്തറയാണ് രാഷ്ട്രം.
ചുവരിനൊരു വശം പുറമെന്ന്
നിങ്ങള്‍ അകത്ത് വരയ്ക്കുന്നു
കരി കൊണ്ടൊരു ഏകാന്തതയെ.
ഏകാന്തതയാണകം ചുവരെന്ന്
പുറം ചുവരിനെ ആളധികാരമാക്കുന്നു.
പുറത്ത് വരഞ്ഞതാവും രാഷ്ട്രീയം.
അകമെപ്പോഴും വൃത്തിഹീനമായ
നെരിപ്പോട്.
നിങ്ങളതില്‍ തൂക്കിയിടും
പ്രേതങ്ങളെയകറ്റാനെന്ന്
ഗാന്ധിയേയോ മാര്‍ക്സിനേയോ
ചേര്‍ത്തുവെക്കും
കൃഷ്ണനേയോ ക്രിസ്തുവിനേയോ
അലങ്കരിക്കും
മരിച്ചവരുടെ ചിത്രങ്ങളെ
പതിച്ചുവെക്കും
ഘടികാരങ്ങളോ പോര്‍ട്രേറ്റുകളോ.

ആണിയടിക്കരുത് ചുവരിലെന്ന്
പഴമക്കാര്‍ പറയും.
ആണിത്തുള അത്ര അഭികാമ്യമല്ല
മതങ്ങള്‍ക്കും മനുഷ്യര്‍ക്കും.
ആണി തുരുമ്പിക്കുമ്പോള്‍
യേശു കല്ലറയിലേക്കും
യൂദാസ് പ്രതിബോധത്തിലേക്കും
കാലം കലഹത്തിലേക്കും
ദ്രവിച്ചില്ലാതാവും.

എന്തായാലും
ചുവരിനൊരു ചുവര്‍ മാത്രമായിരിക്കാന്‍
ആവതില്ലത്രെ.
ചിലത് ദേവാലയത്തിന്‍റെ
വിദ്യാലയത്തിന്‍റെ
വിപണിയുടെ
പാര്‍പ്പിടത്തിന്‍റെ
ശൗചാലയത്തിന്‍റെ
ആതുരാലയത്തിന്‍റെ
ഉയരം കൂടുന്തോറും
ആകാശത്തിന്‍റെ
ഉന്മാദത്തിന്‍റെ
എപ്പോഴുമേതിന്‍റെയോ
അറിയാ ഭാവമാണ്‌
ഒറ്റച്ചുവരാകുമ്പോഴും
നിരാകരണത്തിലാവുമതിന്‍
വരയുടെ സ്വീകാര്യത.

കാണാച്ചുവരില്‍
എഴുതിമായ്ക്കുന്നു
അവസാനം വരെ
ഞാന്‍ നിന്നെ, നീയെന്നെയെന്ന്
നാമറിയാതെ ജീവിതം.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.