ചുഴി

കള്ളിപ്പൂവിന്റെ ഞെട്ട് കൊണ്ട് ഒന്നുരണ്ട് ഏറുകൊണ്ടപ്പോള്‍ ശ്രീദേവി തൂണിലേക്ക് ചരിച്ച് വച്ചിരുന്ന തല വലത്തോട്ട് നീട്ടി തിരിഞ്ഞു നോക്കി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഏറ് അവളില്‍ ഒരു പരിഭ്രമം പടര്‍ത്തി. തിണ്ണയുടെ ചരിവില്‍ നിന്ന് ഇളിച്ചുകൊണ്ട് കുട്ടന്‍ ചാടിവീണു.

”ഇങ്ങനെ പേടിപ്പിക്കല്ലെട്ടോ സാനേ” ശ്രീദേവി ഭയം മാറി ദേഷ്യം ഉടലെടുത്ത മുഖം കുട്ടനു നേരെ പിടിച്ചു.

”അയ്യെ മണി ആറരേയപ്പഴക്കും ഇയ്യ് പേടിച്ചോ” കുട്ടന്‍ പുച്ഛഭാവത്തില്‍ ചിരിച്ചു.

”ഒരു കുത്തങ്ങട് തരും…ഞാന്‍ ഇവടെ ഒറ്റക്കിരിക്കല്ലെ. അപ്പൊ വന്ന് പേടിപ്പിച്ചാ പിന്നെ പേടിക്കില്ലേ”
ശ്രീദേവി ചിണുങ്ങി.

“അപ്പൊ ഇയ്യ് ഒറ്റക്കാണോ? മേമ എവടെ?” കുട്ടന്‍ തിണ്ണയുടെ ഒരറ്റത്തേക്ക് ചാടിയിരുന്നു.

”അമ്മ അവടെ അല്ലെ. ഇപ്പൊ വരാന്ന് പറഞ്ഞ് പോയതാ. കൊറേ നേരായിലോ” ശ്രീദേവി ചായ്പ്പിന്റെ നീണ്ടു നിന്ന ഓലക്കീറുകള്‍ക്കപ്പുറത്തേക്ക് നോട്ടമയച്ചു.

”അതെയ് ഇയ്യെന്താ അങ്ങട് വരാത്തെ? ആ പൂവൊക്കേ ഞാന്‍ ഒറ്റക്ക് ശര്യാക്കണ്ടി വന്നില്ലേ.” കുട്ടന്‍ തിണ്ണമേലിരുന്ന് കാലുകള്‍ വിറപ്പിച്ചുകൊണ്ടിരുന്നു.

”അങ്ങനെ വേണം.. ഇന്നിട്ട് ശരിക്ക് നുള്ളിണ്ടാക്കിയോ?”ശ്രീദേവി ചിരിച്ചുകൊണ്ട് ചോദിച്ചു.

”ആഹ്, തൊളസി നുള്ളീത് ശരിയായില്ലാന്ന് പറഞ്ഞ് ചീത്ത കേട്ടു.” കുട്ടന്‍ കാലിളക്കുന്നത് ഒന്ന് നിര്‍ത്തി മറ്റൊരു ദിശയിലേക്ക് ആട്ടം തുടര്‍ന്നു.

”ഇന്നോട് നുള്ളണ്ടാന്നു പറഞ്ഞു. അങ്ങട് വരണ്ടാന്നും” ശ്രീദേവി ദയനീയമായി കുട്ടനെ നോക്കി. അവളുടെ കണ്‍മഷി പടര്‍ന്ന കണ്ണില്‍ ഒരു നനവ് എത്തി നോക്കി.

”അതെന്തിനാ ദേവ്യ…അണ്ക്ക് എന്താ?” കുട്ടന്‍ സംശയത്തോടെ ശ്രീദേവിയെ നോക്കി.

”ഇക്ക് വയറുവേദന…” ശ്രീദേവി തല താഴ്ത്തിയിരുന്നു.

”അയ്ന് ഇവടെ ഒറ്റക്കിരിക്കണെന്തിനാ. നല്ലെണ്ണ പെരട്ട്യോക്കിയൊ? അല്ലെങ്കില് തിരി ഉഴിഞ്ഞ് ക്ലാസ്സ് കമ്ത്തിയാ മാറും” കുട്ടന്‍ കൂടുതല്‍ സംശയത്തോടെ അവളെ നോക്കി.

”ഇതങ്ങനെന്നും മാറില്ല്യ. തല്‍ക്കാലം ഇവടെ ഇരിക്കാനാ അമ്മ പറഞ്ഞെ. കര്‍മ്മം കൊടുക്കണവിടെ വരാന്‍ പാടില്ല്യാ” ശ്രീദേവി ചെറിയ സങ്കടത്തോടെ പറഞ്ഞു.

”ആഹ് ഇപ്പൊ മനസ്സിലായി, ശ്രീദേവി ഒഴിവാല്ലേ” കുട്ടന്‍ താന്‍ വലിയൊരു കാര്യം കണ്ടെത്തിയെന്ന മട്ടില്‍ അവളെ നോക്കി. അവളുടെ തല താഴ്ന്നു തന്നെ കിടന്നു.

”ന്നാലും ദേവ്യേ കൊറേസായിട്ട്ള്ള സംശയാ…എന്താ ഈ ഒഴിവാവല്” കുട്ടന്‍ ധൃതിയില്‍ പറഞ്ഞൊപ്പിച്ചു.

കുട്ടന്‍ അത് ചോദിക്കുമെന്ന് ഒട്ടും പ്രതിക്ഷിക്കാതിരുന്ന ശ്രീദേവി ഒരപരാധിയെ നോക്കുന്ന പോലെ അവനെ നോക്കി. പിന്നെ ലജ്ജയോടെ താഴെ നാേക്കിയിരുന്നു.

”ആഹ് ഇയ്ക്കറിയില്ല” കുറച്ച് നേരം ഇരുമുഖങ്ങളും താഴ്ന്നു തന്നെയിരുന്നു.

”കോഴിയെ അറക്കാറായോ?” ശ്രീദേവി ചോദിച്ചു.

”ഉം…” കുട്ടന്‍ ഒന്ന് മൂളി.

”ആഹ് അതാല്ലേ ഇങ്ങട് പോന്നെ” ശ്രീദേവി ചിരിച്ചു.

”ചോര കണ്ടാ ആണ്‍കുട്ട്യോള്‍ക്കും തല കറങ്ങില്ലേ…അയ്നിപ്പൊ എന്താ?” കുട്ടന്‍ പരിഭവഭാവത്തില്‍ പറഞ്ഞു.

”അത് സാരല്യ കുട്ടേട്ടാ… കുഞ്ഞായീടെ വീട്ട്ന്ന് കോഴ്യെ പിടിച്ച് കൊണ്ടന്നത് കുട്ടേട്ടനല്ലെ? പിന്നെ… കള്ളിപ്പൂവ് കൊമ്പത്ത്ന്നും അടര്‍ത്തിയിട്ടത് കുട്ടേട്ടനല്ലെ? ഇതൊക്കെ ചെയ്യണ കുട്ടേട്ടന് കോഴിയെ അറക്കുമ്പൊ തലകറങ്ങണതും മാറും ട്ടോ.” ശ്രീദേവി പറഞ്ഞു.

”മാറ്വോ?. അല്ലെങ്കി ഇന്നെ ഇവരൊക്കെ കളിയാക്കിക്കൊല്ലും.” കുട്ടന്‍ വിഷമത്തോടെ അത് പറയുമ്പോള്‍ താഴേ തൊടിയില്‍ നിന്നും മണിയൊച്ച ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

”അതൊക്കെ മാറും” ശ്രീദേവി ഇടക്കിടയ്ക്ക് താഴേത്തൊടിയിലേക്ക് കണ്ണെത്തിച്ചു.

”എന്നാ മാറാ?” കുട്ടന്‍ സംശയത്തോടെ ചോദിച്ചു.

”അതിയ്ക്കറിയില്ല” അവള്‍ പറഞ്ഞു.

ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊക്കെ ആയാല്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന് അമ്മ പറഞ്ഞത് കുട്ടന്‍ ഓര്‍ത്തു. എത്രയൊക്കെ ധെെര്യം കാട്ടിയാലും കോഴിയുടെ കഴുത്തു മുറിഞ്ഞ് ചോര തെറിക്കുന്നത് ഓര്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. അവനോര്‍ത്തു, പൂജ കഴിഞ്ഞാല്‍ വല്ല്യമ്മാമ വെളിച്ചപ്പെടും. പിന്നെ കാരണവന്മാരെല്ലാം വല്ല്യമ്മാമയുടെ ശബ്ദമായി ഒഴുകിയെത്തും. വല്ല്യമ്മാമ ഭാവി പറയും. അപ്പോള്‍  ചോദിക്കാം എന്റെ ചോരപ്പേടി എപ്പോള്‍ മാറും എന്ന്.

“അതേയ് ഞാന്‍ വല്ല്യമ്മാമ വെളിച്ചപ്പെടുമ്പോള്‍ ചോയ്‌ക്കാന്‍ പോവാ ന്റെ ഈ പേടി എപ്പളാ മാറാന്ന്”
കുട്ടന്‍ പറഞ്ഞു.

”വല്ല്യമ്മമോടോ…” ശ്രീദേവി സംശയം പ്രകടിപ്പിച്ചു

”ആഹ്.. ഞാന്‍ ചോയ്ക്കും. പൂജ കഴിഞ്ഞാ വെളിച്ചപ്പെട്ട് കല്‍പന നടത്തില്ലെ അപ്പോ ചോയ്ക്കും” കുട്ടന്‍ തലയുയര്‍ത്തിപ്പിടിച്ച് പ്രഖ്യാപിച്ചു.

”കുട്ട്യോള് ചോയ്ച്ചാ വല്ല്യമ്മാമക്ക് ദേഷ്യാവും വേണ്ടാട്ടോ” ശ്രീദേവി പരിഭ്രമത്തോടെ പറഞ്ഞു.

”ഏയ് അതൊന്നും ണ്ടാവില്ല… പക്ഷെ വല്ല്യമ്മാമ പറഞ്ഞാ എല്ലാം ശര്യാവോ?, ബാബുവേട്ടന്‍ പറയാണ് മൂപ്പര് കള്ള് കുടിച്ചിട്ട് ഓരോന്ന് വിളിച്ച്  പറയണതാണെന്ന്. അല്ലാതെ ഭാവി പറയൊന്നും അല്ലാന്ന്.” കുട്ടന്‍ പറഞ്ഞു.

”അല്ലാട്ടോ.. വല്ല്യമ്മാമ പറഞ്ഞാ ശര്യാവും. കഴിഞ്ഞൊല്ലം പറഞ്ഞത് ശര്യായീലോ, ന്റച്ഛന് സ്ഥാനക്കേറ്റം കിട്ടീലേ?” ശ്രീദേവി ഒന്ന് നിവര്‍ന്നിരുന്നു.

”പക്ഷെ ജലജേച്ചീടെ കല്യാണം കഴിയുമ്ന്ന് പറഞ്ഞത് നടന്നില്ലല്ലൊ” കുട്ടന്‍ അതും പറഞ്ഞ് തിണ്ണയുടെ മുകളില്‍ നിന്നും ചാടിയിറങ്ങി.

”ആഹ് ഇയ്ക്കറിയില്ല. വല്ല്യാമ്മാമ കല്‍പ്പിച്ചാ ശര്യാവുംന്നാ അമ്മ പറഞ്ഞെ” ശ്രീദേവി തന്റെ വാദം ഉറപ്പിച്ചെന്ന മട്ടില്‍ അമര്‍ന്നിരുന്നു.

”ഡാ കുട്ടാ ഇയ്യ് ഇവടെ നിക്കാണോ അങ്ങട് ചെല്ലെടാ”

”ആഹ് അമ്മ വന്നൂലോ!” ശ്രീദേവി തിണ്ണയില്‍ നിന്നും കോലായിലേക്ക് ഇറങ്ങി.

”ശ്രീജേമ്മേ പൂജ കഴിഞ്ഞ്വാേ?” കുട്ടന്‍ ചോദിച്ചു.

”ആടാ ഇയ്യങ്ങട് ചെല്ല്. അണക്കെന്താ ഇവടെ കാര്യം” ശ്രീജ അല്‍പം ശബ്ദമുയര്‍ത്തി പറഞ്ഞു.

കുട്ടന്‍ ചായ്പ്പിന്റെ ചരിവിലൂടെ ഒടിപ്പോയി

”അമ്മാ ഇങ്ങളെവടേര്‍ന്നു. ഇന്നെ ഇവടെ ഒറ്റക്കാക്കീട്ട് പോയില്ല്യേ” ശ്രീദേവി ചിണുങ്ങി അമ്മയുടെ അടുത്തേക്ക് ചേര്‍ന്ന് നിക്കാനൊരുങ്ങി.

”ന്റെ പെണ്ണേ ഇയ്യെന്താ കാണിക്കണ്. ഇന്നെ തൊടണ്ടാട്ടോ” ശ്രീജ അകന്നു നിന്നു. അതു കണ്ട് ശ്രീദേവിയുടെ കണ്ണില്‍ വീണ്ടും ഉറവപൊട്ടി.

”കരച്ചില് വര്ണ്ടോ ഇന്റെ പെണ്ണിന്. കരയണ്ടാട്ടോ, ഇയ്യ് ഉണ്ണിയാര്‍ച്ചെല്ലെ അണക്ക് എന്തിനാ ഇവടെ ഇരിക്കുമ്പോ പേടി. ഇനിപ്പോ പേടി ഇണ്ടെങ്കി മാറാന്‍ നാമം ചെല്ലിക്കോ.. അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍…. അങ്ങനെ ചെല്ലിക്കോട്ടോ…..” ശ്രീജ പറഞ്ഞു

”ഉം” ശ്രീദേവി തിണ്ണയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.

”അല്ലെങ്കിലേ വേണ്ട നാമം ചൊല്ലണ്ട. ഇനീപ്പോ ഇങ്ങനെ ഇരിക്കുമ്പോ ഒക്കെ അത് പാട്വോ ആവോ ഈശ്വരാ. അമ്മടെ കുട്ടി ഇവടെ ഇരുന്നോ അമ്മ അമ്മായോട് ചോയ്ച്ചിട്ട് പറയാട്ടോ”

ശ്രീജ സംശയത്തോടെ തിരിഞ്ഞ് നടന്നു.

”അതേയ് ഏടത്ത്യമ്മേ ഇങ്ങനെ ഇരിക്കുമ്പോ നാമം ചൊല്ലിക്കൂടെ….”

അമ്മയുടെ ശബ്ദം അകന്ന് പോകുന്നത് ചെവിയോര്‍ത്ത് ശ്രീദേവി തൂണിലേക്ക് തല ചായ്ച്ചു.

കുട്ടേട്ടന്‍ ഇപ്പോള്‍ വല്ല്യമ്മാമയോട് ചോദിച്ചിട്ടുണ്ടാകുമോ അവളോര്‍ത്തു. അവള്‍ താഴെ ദെെവത്തറയിലേക്ക് കണ്ണ് നട്ടു. വിളക്കിന്റെ കാന്തിക്കൊപ്പം പല നിഴലുകള്‍ ആടിക്കളിച്ചു. വല്ല്യാമ്മാമ വെളിച്ചപ്പെട്ടോ? ദെെവത്തറ അവ്യക്തമായ ഒരു വെളിച്ചമായി അവളിലേക്കടുത്തു. കള്ളിപ്പൂക്കള്‍ പടര്‍ന്നു താഴ്ന്നു. ചോരയൊഴുകുന്ന തലകാട്ടി ദെെവങ്ങള്‍ ചിരിച്ചു. ചിരിച്ചോ?…. തലയില്‍ ചോരവീഴുമ്പോള്‍ ചിരിയ്‌ക്കാന്‍ പറ്റുമോ?..നിക്ക്യാവില്ല്യ ദെെവങ്ങള്‍ക്കാവുമായിരിക്കും.

”ദേവിക്കുട്ട്യേയ്…. ” ഇരുട്ടിനപ്പുറത്ത് നിന്നും തെളിച്ചമില്ലാത്ത വെളിച്ചത്തോടെ വല്യമ്മാമയും ദെെവങ്ങളും ഉറഞ്ഞ് വരികയാണ്.

”അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും
വിശ്രുതമായപേർ പിന്നെ കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും
ഭീതീഹരം സവ്യസാചി ബീഭത്സുവും
പത്തുനാമങ്ങളും ഭക്ത്യാ ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം.” ശ്രീദേവി കണ്ണുകളിറുക്കി ഉരുവിട്ടു.

”ദേവിക്കുട്ട്യേയ്… ന്തിനാ പേടിക്കണെ…” വല്ല്യമ്മാമയാണോ ദെെവങ്ങളാണോ പറഞ്ഞത് ശ്രീദേവി സംശയിച്ചു. വല്ല്യമ്മാമ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച കണ്ണുകള്‍ താഴ്ത്തി. തലയില്‍ ഇരുഭാഗത്തുമായി അവശേഷിച്ച മുടിയിഴകള്‍ ഇളകിക്കൊണ്ടിരുന്നു. ദെെവത്തറയിലെ കളങ്ങളിലുണ്ടായിരുന്ന മഞ്ഞയും ചുവപ്പും കറുപ്പം വെളുപ്പും പൊടികളെല്ലാം വായുവിലുയര്‍ന്ന് ഒരു ചുഴി പോലെ ചുറ്റിക്കൊണ്ടിരുന്നു.

”ദേവിക്കുട്ട്യേയ് വല്ല്യമ്മാമോട് ഒന്നും ചോയ്‌കാന്‍ ഇല്ല്യേ..” വല്യമ്മാമ മുറിക്കി കറപിടിച്ച പല്ലുകള്‍ കാണെ ചിരിച്ചു. കള്ളിന്റെ മണം ശ്രീദേവിയെ ചുഴറ്റിയിട്ടു. അവളൊരു നിമിഷം കണ്ണടച്ചു തുറന്നു.

”ചോദിക്ക് ന്റെ ദേവ്യേ…” അയാള്‍ വീണ്ടും ശബ്ദിച്ചു

”വല്ല്യമ്മാമ എങ്ങനെ ഭാവി പറയണ്.. .ഇതൊക്കെ ശരിയന്നേണോ?” ശ്രീദേവി ചോദിച്ചുപോയി. അത് ചോദിക്കേണ്ടായിരുന്നെന്ന് അവളോര്‍ത്തു.

വല്ല്യമ്മാമ ഉറക്കെച്ചിരിച്ചു. വായുവില്‍ വലയം ചെയ്തിരുന്ന നിറങ്ങളെല്ലാം ഒന്നിളകി ഒഴുകി. ചോരമണം വളര്‍ന്നു നിന്നു.

”ചുഴി…!” അയാള്‍ വീണ്ടും ഉറക്കെച്ചിരിച്ചു. ശ്രീദേവി വിറച്ചു നിന്നു.

”ന്റെ കുട്ടിക്ക് പറയണോ ഭാവി…? അതിന് ചുഴിയില്‍ പെടണം!” ശ്രീദേവി അന്തംവിട്ടു നിന്നു.

”ദെെവത്തറയും കള്ളിപ്പൂക്കളും തൊടിയാകെ പിഴുത്, ഞെരിഞ്ഞമര്‍ന്ന് ചുഴി നമ്മളെ കൊണ്ടോവും”

”എങ്ങട്ട് ??”

”സമയത്തിലേക്ക്, ആദിയിലേക്ക്, അന്തത്തിലേക്ക്” വല്ല്യമ്മാമ ഇളിച്ചു.

”ഇക്കൊന്നും മനസ്സിലായില്ല്യ” ”സാരല്ല്യ ഇനി ചുഴി തുറക്കുമ്പോള്‍ ദേവിക്കുട്ടി പൊക്കോളൂ…

”അപ്പൊ കുട്ടേട്ടന്‍” ശ്രീദേവി സംശയത്തോടെ ചോദിച്ചു.

”അവന് കഴിയില്ല ചോര കണ്ടാ തലതിരിയുന്നവന് പറ്റില്ല. അനക്ക് പറ്റും ഇയ്യ് ചോര കണ്ടിട്ട്ണ്ടല്ലൊ… പെണ്‍കുട്ടി! നീ പൊയ്‌ക്കൊള്ളു. കള്ളിച്ചോട്ടില് ഒരിക്കല്‍ ചുഴി തുറക്കപ്പെടും.”

വല്ല്യമ്മാമ ഇളകിയാടി കള്ളിന്റെ മണത്തോടൊപ്പം കര്‍പ്പൂരത്തിന്റെ പുകയില്‍ മറഞ്ഞുപോയി. പച്ചച്ചോരയില്‍ ആറാടിയ ദെെവങ്ങള്‍ വല്ല്യമ്മാമയ്ക്കൊപ്പം ഉറഞ്ഞു തുള്ളി മറയുന്നത് ശ്രീദേവി നോക്കി നിന്നു.

അവള്‍ തിണ്ണയിലേക്ക് ചരിഞ്ഞു. തൂണിലേക്ക് തലചായ്ച്ച് വക്കവെ തന്റെ പകുതി ബോധത്തെ അവള്‍ പിടിച്ചുവച്ചു. മറുപകുതി സമാന്തരമായി അവളെ കബളിപ്പിച്ചു സഞ്ചരിച്ചു.

”നീനേ…നീയെവിടെ ആരുന്നു..” ഭര്‍ത്താവിന്റെ ശബ്ദം നീനയെ മറഞ്ഞുപോയ ബോധത്തിലേക്ക് വലിച്ചിട്ടു. കള്ളിച്ചുവട് തിരഞ്ഞ് പോയതാണെന്ന് പറയാന്‍ അവളുടെ നാവു തുടിച്ചു. പക്ഷെ അങ്ങനെയൊന്ന് ഇല്ലെന്ന ബോധ്യം അവളെ പിടിച്ചു വച്ചു.

”നിന്റെ ചെറിയമ്മ പറയാരുന്നു ശ്രീദേവിടെ സ്വഭാവം തന്നെയാ മകള്‍ക്കും എന്ന്. എപ്പോഴും ആലോചനയാണെന്ന്.” ഭര്‍ത്താവിന്റെ വാക്കുകള്‍ അവള്‍ മുഴുവനായി കേട്ടോ എന്ന് അവള്‍ക്ക് തന്നെ സംശയം തോന്നി. അവള്‍ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

അയാള്‍ അവളെ ചുറ്റിപ്പിടിച്ചു. തണുത്ത നീളന്‍ വിരലുകള്‍ അവളുടെ പിന്‍ കഴുത്തിലൂടെ ഓടി നടന്നു. മറന്നുവച്ച ഒരു നിദ്രയിലേക്കെന്ന പോലെ നീന പകുതി മിഴികളടച്ചു.

”ഓഫീസിന്ന് എപ്പൊ വന്നു?”

”ഇപ്പോ…നീയോ”

”ഞാന്‍…നേര്‍ത്തെ പോന്നു” അയാള്‍ ആഴമേറിയ ഒരു കുളത്തിലേക്കെന്നപോലെ അവളുടെ ഒതുങ്ങിയ വയറിലേക്ക് ഊളിയിട്ടു. അവള്‍ പാതിയടഞ്ഞമിഴികളാള്‍ അയാളെ ചേര്‍ത്തുപിടിച്ചു. പൊക്കിള്‍ കൊടിയില്‍ അവശേഷിച്ച ചുഴിയിലുടെ അയാള്‍ ചുണ്ടുകളാല്‍ മലക്കം മറിഞ്ഞു.

”ചുഴി”  അയാള്‍ ഉരുവിട്ടു.

നീന ശ്വാസം പതിയെ വലിച്ച് ഒഴുക്കിവിട്ടു

”അവന്‍ വരുന്നുണ്ട്” അയാള്‍ പറഞ്ഞു.

അവനല്ല അവള്‍!. അവളാവണ്ടേ….? ചോര കണ്ടാല്‍ തലകറങ്ങാത്തവള്‍!. പക്ഷെ അവനാണെങ്കിലോ അവനെ ഞാന്‍ പഠിപ്പിക്കും ഒരു ചോരക്കും അശുദ്ധിയില്ലെന്ന്. അവള്‍ അയാളെ ചേര്‍ത്തങ്ങനെ നിന്നു. അയാള്‍ ചുഴിയിലൂടെ കുറേ അലഞ്ഞു. അപ്പോള്‍ അവള്‍ കള്ളിച്ചുവട്ടിലെ ചുഴി തുറക്കപ്പെടുന്നത് സ്വപ്നം കണ്ടു.

”ദെെവത്തറയും കള്ളിപ്പൂക്കളും തൊടിയാകെ പിഴുത്, ഞെരിഞ്ഞമര്‍ന്ന് ചുഴി നമ്മളെ കൊണ്ടോവും സമയത്തിലേക്ക്, ആദിയിലേക്ക്, അന്തത്തിലേക്ക്.”

ഗ്രാഫിക് ഡിസൈനർ ആണ്. തിരുവനന്തപുരം സി ആപ്റ്റില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ആയി ജോലിചെയ്യുന്നു.