ചുരങ്ങളിലൂടെ

ഒന്ന്

ഇരുട്ടില്‍ മഞ്ഞു പുതച്ചുകിടക്കുന്ന ചുരങ്ങളിലെ ഭീകരതയിലൂടെ ജീപ്പിന്റെ രണ്ടു മഞ്ഞ കണ്ണുകള്‍ തെളിയിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകുകയായിരുന്നു. ഓരോ വളവും തിരിയുമ്പോഴും ജീപ്പ് വല്ലാതെ വിറച്ചു. ജീപ്പിന്റെ വിറ എഞ്ചിനില്‍ നിന്ന് ഗിയര്‍ ലിവറിലേക്കും തുടര്‍ന്ന് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന ജോസ് ചാച്ചനിലേക്കും ശേഷം എന്റെ ശരീരത്തിലേക്കും പടര്‍ന്നു കയറി.

ഡ്രൈവിങ് സീറ്റിന്റെ അടിയിലായി ഒളിച്ചിരുന്ന ഒരു പഴകിയ തുണി കഷ്ണത്തെ കഴുത്തോട് വലിച്ചു പുറത്തേക്കെടുത്ത് ചാച്ചന്‍ എന്റെ നേര്‍ക്ക് നീട്ടി.

“കോണാത്തിലെ മഞ്ഞ്, നീ അകത്തിരുന്ന് ആ ഗ്ലാസ്സ് ഒന്ന് തുടച്ചേ ….. റോഡ് കാണാന്‍ പറ്റുന്നില്ല.”
ഞാന്‍ ആ തുണി മേടിച്ച് ജീപ്പിന്റെ ഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞിനെ മായിക്കാന്‍ ശ്രമിച്ചു, തുടര്‍ന്നു മഞ്ഞിന്റെ പുക കണ്ണുനീരായി ഒലിച്ചിറങ്ങി.

കുറെ ദൂരം പോയതിന് ശേഷം അല്പ്പം വീതിയുള്ള ഒരു വളവില്‍ ഞങ്ങള്‍ ജീപ്പ് നിര്‍ത്തി. തുടര്‍ന്ന് ചാച്ചന്‍ പുറത്തിറങ്ങി ഒരു കല്ലെടുത്ത് ജീപ്പിന്റെ പുറകിലെ ടയറിന്റെ സ്വാതന്ത്ര്യം കെടുത്തി. ഞാന്‍ കയ്യില്‍ കരുതിയ സഞ്ചിയില്‍ നിന്ന് കള്ളു കുപ്പിയും ഒരു പ്ലാസ്റ്റിക് ഗ്ലാസ്സും ഒരു കുപ്പി വെള്ളവും ജീപ്പിന്റെ ബോണറ്റില്‍ നിരത്തി വച്ചു.

കുപ്പിയിലെ മദ്യം പ്ലാസ്റ്റിക് ഗ്ലാസ്സിലേക്കും അവിടെന്ന് ചാച്ചന്റെ വയറ്റിലേക്കും ഒഴുകി. ഒരിക്കല്‍ കൂടെ ഗ്ലാസ്സിലേക്ക് മദ്യം പകര്‍ന്ന് കൊണ്ട് ഞാന്‍ ചോദിച്ചു ,

“നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് ചാച്ചന്‍ ഇതുവരെ പറഞ്ഞില്ല “

“ആഹ് ഒന്ന് അടങ്ങടാ പീറ്ററേ നീ….. ആദ്യം ഇതൊന്ന് മനസ്സമാധാനത്തോടെ അടിച്ചു തീര്‍ക്കട്ടെ “

ഗ്ലാസ്സിലെ മദ്യം ഒറ്റ വലിയ്ക്ക് അകത്താക്കിയ ചാച്ചന്‍ ഒരുനിമിഷം തന്റെ കണ്ണുകള്‍ അടച്ച് ലഹരിയെ തലച്ചോറിലേക്ക് കടത്തി വിട്ടു .

“ആഹാ ഈ തണുപ്പത്ത് ഒന്ന് പിടിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണെ…..” ചാച്ചന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

“ഇതൊക്കെ വലിച്ചു കയറ്റിയിട്ട് ഇനി വണ്ടി ഓടിക്കാന്‍ നില്‍ക്കണ്ട. ഇവിടെന്ന് അങ്ങ് ഞാന്‍ എടുത്തോളാം “

ആ പറഞ്ഞത് ശരി വച്ചത് പോലെ ചാച്ചന്‍ ഒന്ന് തലയാട്ടുക മാത്രം ചെയ്തു .

ഞാന്‍ വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് പകര്‍ന്നു കൊടുത്തു .

പെട്ടെന്ന് ജീപ്പ് നിര്‍ത്തി ഇട്ടിരിക്കുന്നതിന്റെ സമീപത്തായി വളരെ ഉച്ചത്തില്‍ പട്ടികളുടെ രോക്ഷം നിറഞ്ഞ കുരകള്‍ കേട്ടു. ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ റോഡിന്റെ സമീപം രണ്ടു പട്ടികള്‍ തമ്മിലാണ് തര്‍ക്കം . ഒരാണ്‍പട്ടി സമീപം നില്‍ക്കുന്ന ഒരു പെണ്‍പട്ടിയുടെ പുറകിലൂടെ ശരീരത്തിലേക്ക് കയറാന്‍ ശ്രമിക്കുകയാണ്. ഓരോ ശ്രമത്തിലും കുതറിയോടുകയും കുരയ്ക്കുകയും ചെയ്യുന്ന ആ പെണ്‍പട്ടിയെ കടിച്ചു കീറി കീഴ്പ്പെടുത്താന്‍ അവന്‍ ശ്രമം തുടരുന്നു. ഈ ശ്രമത്തെ ധൈര്യപ്പൂര്‍വം എതിര്‍ക്കുകയാണ് അവള്‍. പട്ടികള്‍ പരസ്പരമുള്ള കുരയുടെ ശബ്ദം അന്തരീക്ഷത്തില്‍ കൂടി കൂടി വന്നപ്പോള്‍ ചാച്ചന്‍ ഒരു കല്ലെടുത്ത് പട്ടികള്‍ക്ക് നേരെ എറിഞ്ഞു. ശബ്ദം കേട്ടു അവ ഭയന്ന് ഇരുട്ടിന്റെ മറവില്‍ എവിടെയോ ഓടി ഒളിച്ചു .

“ആണുങ്ങളുടെ വില കളയാനായിട്ട് കഴുവേറിടെ മോന്‍ ” ഓടിയൊളിക്കുന്ന പട്ടികളെ നോക്കി ചാച്ചന്‍ പിറുപിറുത്തു .

ഇതെസമയം റോഡിന് സമീപത്തെ ഒരു ബോണ്‍സായി മരത്തിന്റെ ചില്ലയില്‍ ഒരു വെള്ളിമൂങ്ങ എല്ലാം കണ്ടു കൊണ്ട് ഇരിക്കുയായിരുന്നു. പട്ടികള്‍ക്ക് നേര്‍ക്ക് അയാള്‍ എറിഞ്ഞ ആ കല്ല് ഇരുട്ടിന്റെ മറവില്‍ പ്രണയിക്കുകയായിരുന്ന രണ്ടു കട്ടുറുമ്പുകളുടെ ദേഹത്ത് ചെന്ന് പതിക്കുകയും അവ മരിക്കുകയും ചെയ്തത് തന്റെ രണ്ടു നീല കണ്ണുകളിലൂടെ ഇരുട്ടിന്റെ വെളിച്ചത്തില്‍ ആ ജീവി കണ്ടു.

രണ്ട്

ഒരു വെള്ളിയാഴ്ച ആയിരുന്നു അന്ന്, സന്ധ്യയുടെ ചുവപ്പിനെ വകഞ്ഞു മാറ്റി ചന്ദ്രന്റെ വെളുത്ത നിഴല്‍ അമ്പലക്കുളത്തില്‍ പതിച്ച സമയത്താണ് പഴയ മാളിക ഐപ്പ് ഇഹലോകം ജീവിതം വെടിഞ്ഞത്. മരണം വീടിനടുത്തുള്ള ഡോക്ടര്‍ വന്ന് ഉറപ്പുവരുത്തിയ ഉടനെ വീട്ടില്‍ ഐപ്പിന്റെ മക്കളും മരുമക്കളും കരച്ചിലുകള്‍ക്ക് തുടക്കമിട്ടു. വീടിന് മുന്നില്‍ ടാര്‍പ്പ വീണു. പള്ളിയില്‍ മണി മുഴങ്ങി. ചന്ദനത്തിരികള്‍ പുകയൂതി. അയല്‍വക്കത്തെ വീടുകള്‍ വിളക്കും ലൈറ്റും തെളിയിച്ച് ഐപ്പിന്റെ വീട്ടിലേക്കുള്ള ഇടവഴിയിലെ ഇരുട്ടിനെ മായിക്കാന്‍ ശ്രമിച്ചു. പെട്ടി ഓട്ടോയില്‍ വന്നിറങ്ങിയ പ്ലാസ്റ്റിക് ചെയറുകള്‍ ഐപ്പിന്റെ ചെറുമകനായ പീറ്റര്‍ വീടിന് മുന്നില്‍ ഓരോന്നായി നിരത്തിയിട്ടു. പീറ്ററിന്റെ അപ്പനും ഐപ്പിന്റെ മൂത്ത മകനുമായ സക്കറിയ വീടിന്റെ മുന്നില്‍ നനവ് ഉണങ്ങാത്ത കണ്ണുമായി എങ്ങോട്ടെന്നില്ലാതെ നടന്നു .

സമയവും കുറയെ കണ്ണുനീരും ആ വീടിന് ഉള്ളില്‍ ഒഴുകി പോയപ്പോള്‍ ജീപ്പുമായി വീടിന് മുന്നില്‍ സക്കറിയയുടെ ഭാര്യ സഹോദരനും പീറ്ററിന്റെ ചാച്ചനുമായ ജോസ് എത്തി. ജോസിനെ കണ്ടതും സക്കറിയ ഓടി അവന്റെ അടുത്തേക്ക് വിങ്ങിക്കൊണ്ട് ചെന്ന് തോളില്‍ വീണു. വാക്കുകള്‍ പിശുക്കി അവന്‍ സക്കറിയയെ സമാധാനിപ്പിച്ചു. ജോസിനൊപ്പം ഒരിക്കല്‍ കൂടെ അകത്തു കയറി ഐപ്പിന്റെ ശ്വാസമറ്റ ശരീരം സക്കറിയ കണ്ടു. തുടര്‍ന്ന് വീടിന്റെ മുറ്റത്തേക്ക് അവര്‍ ഒരുമിച്ചു ഇറങ്ങി .

“ബന്ധുക്കളെ ഒക്കെ അറിയിച്ചോ ? ” ജോസ് ചോദിച്ചു.

“അടുത്തുള്ളവരെ ഒക്കെ അറിയിക്കാന്‍ ആളെ വിട്ടിട്ടുണ്ട്, ടെലിഫോണ്‍ ഉള്ള ഒന്നു രണ്ടു വീടുകളെയുള്ളൂ , ബാക്കിയുള്ള ബന്ധുക്കളെ അറിയിക്കാന്‍ നേരിട്ടു തന്നെ പോകണം ” ഇടറിയതും മുറിഞ്ഞതുമായ ശബ്ദത്തില്‍ സക്കറിയ പറഞ്ഞു നിര്‍ത്തി .

“എങ്കില്‍ പിന്നെ വെറുതെ സമയം പോകുന്നത് നോക്കി ഇരിക്കാതെ വണ്ടിലോട്ട് കയറിക്കോ, നമ്മുക്ക് തന്നെ പോയി അറിയിച്ചേക്കാം “

“വേണ്ട ജോസേ ടാക്സി കാറ് പിടിച്ചിട്ട് വരാന്‍ ആളെ പറഞ്ഞു വിട്ടിട്ടുണ്ട്, ഞാന്‍ അതില്‍ പോയിക്കോളാം “
ജോസ് ഒന്നും മിണ്ടാതെ നിശബ്ദനായി നിന്നു.

കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നതിന് ശേഷം സക്കറിയ ജോസിനോട് ചോദിച്ചു ,

“ജോസേ എനിക്ക് ഒരു ഉപകാരം ചെയ്യാന്‍ നിന്നെക്കൊണ്ട് പറ്റുവോ ? “

“പറഞ്ഞോ എന്താ കാര്യം “

“അപ്പന്‍ എപ്പോഴും പറയുമായിരുന്നു, അപ്പന്റെ ശവമടക്ക് അനിയച്ചാര് അറിയാതെ പോകരുത് എന്ന് “

കാര്യം മനസ്സിലാകാത്തത് പോലെ ജോസ് നിന്നു .

“എന്റെ ഇളയപ്പന്‍ ഇല്ലേ പീലി മാപ്ല, പുള്ളിയെ അപ്പന്റെ മരണ വാര്‍ത്ത അറിയിക്കണം” സക്കറിയ ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ശബ്ദം താഴ്ത്തി ജോസിനോട് പറഞ്ഞു .

“അത് വേണോ ? ” ജോസ് തന്റെ ഉള്ളില്‍ പീലി എന്ന് കേട്ടപ്പോള്‍ ഉത്ഭവിച്ച ഒരു ചെറിയ ഭയം ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു .

“അടുത്തകാലത്തൊന്നും അപ്പന്‍ എന്നോട് ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല ഇത് ഒഴികെ, അതെങ്കിലും ഞാന്‍ നടത്തി കൊടുക്കണ്ടേ ? “

വരണ്ടു തുടങ്ങിയ സക്കറിയയുടെ കണ്ണുകളില്‍ വീണ്ടും നനവ് തൊടുന്നത് മനസ്സിലാക്കിയ ജോസ് പോകാം എന്ന് സമ്മതിച്ചു .

“എന്നെ കണ്ടാല്‍ അങ്ങേര് കാര്യം കേള്‍ക്കാന്‍ തന്നെ കൂട്ടാക്കുമോ എന്ന് അറിയാന്‍ പാടില്ല ” ജോസ് പറഞ്ഞു .

സക്കറിയ തന്റെ വീട്ടിന്റെ മുറ്റത്ത് മരണ വാര്‍ത്ത അറിഞ്ഞു നിരന്നവര്‍ക്ക് അലുമിനിയം ഫ്ലാസ്ക്കില്‍ നിന്ന് ചായ, പ്ലാസ്റ്റിക് കപ്പുകളിലായി പകര്‍ന്നു നല്‍കുന്ന മകന്‍ പീറ്ററിനെ കൈകൊട്ടി അടുത്ത് വിളിച്ചു. ഒരു ചെറിയ ഓട്ടം നടത്തി അപ്പന്റെ അടുത്തേക്ക് വന്ന പീറ്ററിനോടായി സക്കറിയ പറഞ്ഞു ,

“മോനേ പീറ്ററെ ! നീ ചാച്ചന്റെ കൂടെ ഒരു സ്ഥലം വരെ പോകണം, അപ്പാപ്പന്റെ മരിപ്പ് അറിയിക്കാനാ “
പീറ്റര്‍ പോകാം എന്ന് പറഞ്ഞതും അവിടെ അവരുടെ ഇടയിലേക്ക് ഒരു ടാക്സി കാര്‍ വന്നു നിന്നതും ഒരുമിച്ചായിരുന്നു. ജോസിനോടും പീറ്ററിനോടും യാത്ര പറഞ്ഞു സക്കറിയ ബന്ധുക്കളെ മരണ വാര്‍ത്ത അറിയിക്കാന്‍ ആ കാറില്‍ കയറി പോയി .

“അപ്പോള്‍ നമ്മുക്ക് വിട്ടാലോ ?” ജോസ് പീറ്ററിനോട് ചോദിച്ചു .

“ഒരു മിനിറ്റ് ചാച്ചാ ഞാന്‍ പോയി ചെരുപ്പ് ഇട്ടിട്ട് വരാം ” മണ്ണില്‍ പൊതിഞ്ഞ കാലുമായി അവന്‍ വീട്ടിലേക്ക് പോകാന്‍ തിരിഞ്ഞതും ജോസ് അവനെ പുറകില്‍ നിന്നു വിളിചു, എന്നിട്ട് പതുക്കെ അവന്റെ ചെവിയിലായി ,
“വരുമ്പോള്‍ ആരും കാണാതെ ചായ ഒഴിച്ചുകൊണ്ടിരുന്ന ഒരു ഗ്ലാസ്സ് കൂടെ എടുത്തേക്ക് “.

തുടര്‍ന്ന് ആ മരണ വീടിന്റെ നിഴലിനെ ചവിട്ടി ഉള്ളില്‍ ഭയം ഒതുക്കി ജോസ് ജീപ്പിലേക്ക് കയറി .

മൂന്ന്

“അമ്മച്ചി പറഞ്ഞു ആളേ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്, നാട്ടില്‍ നിന്നും, സഭയില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാം പുറത്താക്കിയ പീലി അപ്പാപ്പനെ പറ്റി. പക്ഷേ അമ്മച്ചിയെ അറിയാലോ ഒന്നും അങ്ങ് മുഴുവനായി പറഞ്ഞു തരത്തില്ല ” സ്റ്റീറിംഗ് തിരിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ ചാച്ചനോട് പറഞ്ഞു .

ചാച്ചന്‍ ബീഡി പുകയുടെ ലഹരിയും ചുരങ്ങളിലെ മരങ്ങള്‍ വീശുന്ന കാറ്റിന്റെ കുളിരും കൂട്ടി കാഴ്ചകള്‍ കണ്ടു രസിച്ചു ഇരിക്കുകയായിരുന്നു.

“പുള്ളിക്കാരന്റെ വട്ടപ്പേര് അല്ലേ ചോരക്കണ്ണന്‍ പീലി ?” ഞാന്‍ വീണ്ടും ചോദിച്ചു.

“അത് തന്നെയാ ആള്.. നാട്ടില്‍ നിന്ന് മുങ്ങിയിട്ട് കുറയെ വര്‍ഷം ആയി.. നമ്മള്‍ ഈ പോകുന്ന ചുരം കയറിയാല്‍ മുകളില്‍ വസൂരി മല എന്ന് പേരുള്ള ഒരു ചെറിയ മലയോര ഗ്രാമമുണ്ട് അവിടെയാ ഇപ്പോള്‍ താമസം . “

“അങ്ങേര് എന്തിനാ ഈ കാട്ടില്‍ വന്നു കിടക്കണേ ? അല്ല എന്തിനാ പുള്ളിക്കാരനെ സഭയില്‍ നിന്നും വീട്ടില്‍ ന്നിന്നുമൊക്കെ പുറത്താക്കിയത് ? “

“എടാ പീറ്ററെ നിനക്ക് ഒരു കാര്യം അറിയോ പൂര്‍ണ്ണമായ ഒന്നും ഈ ലോകത്ത് ഇല്ല” കള്ളിന്റെ വീര്യം ചാച്ചന്റെ വാക്കുകളില്‍ പ്രകടമായി. അയാള്‍ തുടര്‍ന്നു,

“കര്‍ത്താവ് ഓരോ മനുഷ്യനെയും പടച്ചു ഉണ്ടാക്കുമ്പോള്‍ അവരുടെ ഉള്ളില്‍ ഓരോ ഭ്രാന്ത് അങ്ങ് വച്ചു കൊടുക്കും, ചിലര്‍ക്ക് ഭ്രാന്ത് പണത്തിനോടായിരിക്കും, ചിലര്‍ക്ക് ശരീരങ്ങളോടായിരിക്കും, ചിലര്‍ക്ക് അത് കൊലപാതകങ്ങളോട് വരെ ആയിരിക്കാം..” ചാച്ചന്‍ സംസാരം ഒന്നു നിര്‍ത്തി തൊണ്ടയില്‍ കുടുങ്ങിയ കള്ളിന്റെ അംശവും പുകയുടെ മണവും കലര്‍ന്ന കഭം പുറത്തേക്ക് തുപ്പി കളഞ്ഞു,

“പക്ഷേ നിന്റെ ഈ പറഞ്ഞ പീലി അപ്പാപ്പന് എന്തിനോട് ആയിരുന്നു ഭ്രാന്ത് എന്ന് നിനക്ക് അറിയോ ? “
ഞാന്‍ നിശബ്ദത വീണ്ടും നിലനിര്‍ത്തി .

“അങ്ങേര്‍ക്ക് വേദനയോടായിരുന്നു ഭ്രാന്ത് “

“വേദനയോടോ ? ” ഞാന്‍ സംശയത്തോടെ ചോദിച്ചു .

“അതെ വേദനയോട് ! നീ വിചാരിക്കും പോലെ മുറിവില്‍ നിന്ന് വരുന്ന വേദനയോട് അല്ല, മറിച്ച് ഒരു പെണ്ണിനെ അനുഭവിക്കുമ്പോള്‍ അവളെ വേദനിപ്പിക്കുക അതായിരുന്നു അങ്ങേരുടെ വീക്ക്നെസ്സ്. “

എന്റെ മനസ്സ് ചെറുതായി ഒന്ന് പതറി.

“വേദനിപ്പിച്ച് ഭോഗിക്കുന്ന ഒരുതരം ഭ്രാന്ത്, അയാള്‍ക്ക് അതിന്റെ അസുഖമാ .”

“എനിക്ക് ഈ കഥ ഒന്നും അറിയത്തില്ലായിരുന്നു ” ഞാന്‍ പറഞ്ഞു .

“കഥ പറയാന്‍ ആണെങ്കില്‍ കുറയെ ഉണ്ട് .” കള്ളിന്റെ വീര്യം ശരിക്കും ചാച്ചന്റെ ശരീരത്തിലേക്ക് പടര്‍ന്ന് കയറി. ചാച്ചന്‍ തുടര്‍ന്നു ,

“നിന്റെ അപ്പാപ്പന്‍ ഐപ്പിന്റെ ഒരേ ഒരു അനിയനാണ് ഈ പറഞ്ഞ പീലി. ഞാന്‍ അങ്ങേരെ അവസാനം കാണുമ്പോള്‍ അങ്ങേര്‍ക്ക് അറുപത്തിനും മുകളിലാ പ്രായം. പക്ഷേ കണ്ടാല്‍ പറയത്തില്ല അമ്മാതിരി ഉറച്ച ഉരുക്കുപോലത്തെ ശരീരം. സ്ഥിരമായി പണി ഒന്നും ഇല്ല, പക്ഷേ എന്തു പണിയും ചെയ്യും, ഇറച്ചി വെട്ടും, അങ്ങാടിയില്‍ ചുമട് എടുക്കും, കൃഷി ചെയ്യും, എന്തിന് കടലില്‍ പോയി മീന്‍ വരെ പിടിക്കും. ഇതൊന്നും അല്ല, എല്ലാ ക്രിസ്തുമസ്സിനു തലേന്ന് പീലി മാപ്ല അങ്ങാടിയില്‍ കാളയെ അറുക്കാന്‍ വരും. അന്നേരം അങ്ങാടിയില്‍ ഇറച്ചി വാങ്ങാന്‍ വരുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ വരുന്നത് പീലി മാപ്ലയെ കാണാന്‍ ആണ്. ഒരു കല തന്നെ ആയിരുന്നു അങ്ങേരുടെ കാളയെ തൊഴിച്ച് കീഴ്പ്പെടുത്തുന്ന രീതി. അങ്ങാടിയില്‍ എല്ലാവരും കൂടി നില്‍ക്കുമ്പോള്‍ പീലി മാപ്ല ഷര്‍ട്ട് ഊരി ഒരു പഴകിയ രക്തം കലര്‍ന്ന ലുങ്കിയുമുടുത്ത് അറുക്കാന്‍ വേണ്ടി കൊണ്ട് നിര്‍ത്തിയിരിക്കുന്ന കാളയുടെ സമീപം വന്ന് നില്‍ക്കും. കാളയുടെ കഴുത്തിന് ചുറ്റും കല്ലുപോലെ തഴമ്പിച്ച പീലിയുടെ രണ്ടു കൈകള്‍ ഒരു കുരുക്ക് പോലെ പതുക്കെ വന്നു വീഴും. കുരുക്ക് സര്‍വ്വ ശക്തിയും ഉപയോഗിച്ച് പീലി മുറുക്കുമ്പോള്‍ കാള ശ്വാസം കിട്ടാതെ കുതറിയോടാന്‍ ശ്രമിക്കും അന്നേരം ഇടത്തേ കാല്‍ പുറകോട്ട് മടക്കി കാളയുടെ അടിവയറ്റില്‍ ഒരു ചവിട്ട്. കൊച്ചുപിള്ളേര്‍ തറയില്‍ തലതല്ലി വീഴുമ്പോള്‍ കേള്‍ക്കുന്നത് പോലൊരു ശബ്ദം കാളയുടെ അടിവയറ്റില്‍ ചവിട്ട് വീഴുമ്പോള്‍ കേള്‍ക്കും. മര്‍മ്മം അറിഞ്ഞുകൊണ്ടുള്ള ആ തൊഴിയില്‍ നിന്ന നില്‍പ്പിന് കാള തനി ചോര ആണ് മൂത്രമൊഴിക്കുന്നത്. അമ്മാതിരി കരുത്താ.. നാട്ടിലെ പൊടിമീശക്കാരന്‍മാരുടെ പെരുന്നാളിന്റെയും ഉത്സവത്തിന്റെയും ഇടയിലുള്ള അടിപിടികള്‍ ഒത്തുതീര്‍പ്പാക്കാന്‍ പോകുന്നതും പീലി മാപ്ല തന്നെ ആയിരുന്നു. കള്ള് കുടിച്ചാലും ഇല്ലേലും അങ്ങേരുടെ കണ്ണ് എപ്പോഴും ചുവന്നെ ഇരിക്കത്തുള്ളൂ. കണ്ണിലേക്ക് നോക്കിയാല്‍ തന്നെ നോക്കുന്നവന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടും അമ്മാതിരി ചുവപ്പാ അങ്ങേരുടെ കണ്ണിന്, അങ്ങനെ കിട്ടിയ വട്ട പേരാണ് “ചോരക്കണ്ണന്‍ പീലി” എന്ന്. നിന്റെ അമ്മച്ചീടെ കല്യാണത്തിന് മണ്ഡപത്തില്‍ വച്ചാണ് ഞാന്‍ ആദ്യം ആയിട്ട് അങ്ങേരെ കാണുന്നത്. അന്ന് എനിക്ക് നിന്റെ ഇപ്പോഴത്തെ പ്രായം ആണ് . അന്നും ഇപ്പോഴത്തെ പോലെ പുതിയ പിള്ളേര്‍ക്ക് ഒക്കെ സ്വന്തം അപ്പനെക്കാള്‍ മതിപ്പ് നാട്ടിലെ ഗുണ്ടകളോട് തന്നെയാ… നിന്റെ പീലി അപ്പാപ്പന്‍ ഒക്കെ നാട്ടില്‍ അത്യാവശ്യം തല്ലും വയലന്‍സും ഒക്കെ ആയിട്ട് അന്നത്തെ ചെറുപ്പക്കാരുടെ ഇടയില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. ചോരക്കണ്ണന്‍ പീലിയുടെ അടുത്ത ബന്ധുവായതിന്റെ സന്തോഷം ആയിരുന്നു അന്നൊക്കെ എനിക്ക്. വല്ലാത്തൊരു മനുഷ്യന്‍ തന്നെ ആയിരുന്നു……..”

എന്റെ കണ്ണുകള്‍ റോഡിലാണ് എങ്കിലും ചെവികള്‍ ചാച്ചന്‍ പറയുന്ന ഓരോ കാര്യവും ശ്രദ്ധയോടെ ശ്രവിച്ചു. എന്റെ മനസ്സില്‍ ഒരു കാലത്തും മായാത്ത രീതിയില്‍ കൊണ്ട് പതിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ചാച്ചന്‍പറഞ്ഞ കാര്യങ്ങള്‍ ഒരു കഥപോലെ ചെവിയില്‍ നിന്ന് എന്റെ മനസ്സിലേക്ക് കടന്നുകൂടി.

അങ്ങനെ വര്‍ഷങ്ങള്‍ കടക്കവേ ഒറ്റത്തടിയനും നാട്ടിലെ പ്രധാന പ്രശ്ന്ക്കാരനും ആയ പീലിയെ ഒന്ന് ഒതുക്കാന്‍ വേണ്ടി വീട്ടുകാര് നിര്‍ബന്ധിച്ച് പിടിച്ച് അങ്ങ് പെണ്ണുക്കെട്ടിച്ചു. ശരിക്കും ഉള്ള പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നാ… കല്യാണത്തിന്റെ അന്ന് രാത്രി മണിയറയില്‍ നിന്ന് പുതുപ്പെണ്ണിന്റെ കരച്ചില്‍ ഉയര്‍ന്നപ്പോള്‍ വീട്ടുകാര്‍ക്കും, അയല്‍ക്കാര്‍ക്കും, കല്യാണവീട്ടിലെ ലൈറ്റ് ഊരിക്കൊണ്ട് പോകാന്‍ വന്ന പണിക്കാര്‍ക്കും ചിരി അടക്കാന്‍ കഴിഞ്ഞില്ല. പെണ്ണിന്റെ കരച്ചില്‍ കേട്ട് ചിരിച്ചവരുടെ കവിളിലെ നുണക്കുഴികള്‍ പതുക്കെ മാഞ്ഞു അത് അവരുടെ തന്നെ മനസ്സിന്റെ സംശയ ചുഴികളായത് ദിവസം കഴിയും തോറും പുതുപ്പെണ്ണിന്റെ കരച്ചിലിന്റെ ഒച്ച കൂടി വരുന്നത് കേട്ടപ്പോഴാണ്.

“ഞാന്‍ പറഞ്ഞില്ലേ അങ്ങേര്‍ക്ക് ഇതായിരുന്നു ഭ്രാന്ത്..”

“എന്നിട്ട് എന്തായി ? “

“ഹാ ! അവള്‍ ഉള്ള ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു “

“പിന്നെ അങ്ങേര്‍ പെണ്ണുക്കെട്ടിയില്ലേ ?”

“കെട്ടിയോ എന്നോ അങ്ങേര്‍ക്ക് ഒഴിമുറി കേസ് മൂന്നാ . പിന്നെ പതുക്കെ നാട്ടുകാര്‍ കാര്യം വ്യക്തമായി അറിഞ്ഞതും പീലിയ്ക്ക് നാട്ടില്‍ നിന്ന് പെണ്ണുകിട്ടത്തില്ല എന്ന അവസ്ഥ ആയി. നാട്ടിലെ എല്ലാ ആണുങ്ങളെയും സ്വാഗതം ചെയ്തിരുന്ന വേശ്യാലയങ്ങളില്‍ വരെ അങ്ങേരെ കേറ്റാതായി. മര്യാദയ്ക്കും സമ്മതത്തോടും അങ്ങ് കിടന്ന് കൊടുക്കുന്നവളെ മനപ്പൂര്‍വ്വം ഉപദ്രവിച്ചിട്ട് അങ്ങേര്‍ക്ക് എന്തു കിട്ടിയോ എന്തോ ….” ചാച്ചന്‍ ആരോടിന്നിലാത്തെ പറഞ്ഞു.

“പക്ഷേ മൂപ്പര് നിന്റെ അപ്പന്റെയും അപ്പാപ്പന്റെയും ഒക്കെ ചോരയല്ലേ ചുമ്മാ അങ്ങ് വിട്ടുകൊടുക്കാന്‍ അങ്ങേരും തയ്യാറല്ലായിരുന്നു. മൂന്നാമത്തെ പെണ്ണും കളഞ്ഞിട്ട് പോയതിന് ശേഷം അങ്ങേര് കുറയെ നാള്‍ ബോംബായിലോ ഡെല്‍ഹിലോ ഓക്കെ അലഞ്ഞു തിരിഞ്ഞിട്ട് നാട്ടില്‍ പെട്ടെന്നൊരു ദിവസം നാട്ടില്‍ പ്രത്യക്ഷപ്പെട്ടു. കൃത്യം ആയിട്ട് പറഞ്ഞാല്‍ നീ കൈക്കുഞ്ഞായി ഇരിക്കുമ്പോള്‍ ആയിരുന്നു അത്. നാട്ടില്‍ തിരിച്ചെത്തിയ പീലി മാപ്ലയുടെ ഇടത്തെ കയ്യിന്‍റെ തുമ്പ് പിടിച്ച് ഒരു സുന്ദരി പെണ്ണും. കൂടിപോയാല്‍ ഒരു പതിനെട്ട് അതിനും മുകളില്‍ പോകത്തില്ല അവളുടെ പ്രായം. സുന്ദരി എന്ന് പറഞ്ഞാല്‍ ഏതാണ്ട് സിനിമ നടിയെ ഒക്കെ പോലെ ഇരിക്കും കാണാന്‍. ചുരിദാര്‍ ഒക്കെ ഇട്ട് നില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍ തന്നെ കാണുന്നവന്മാരുടെ കണ്ണുപ്പൊട്ടും. ശില്‍പ്പം പോലെ ഒതുക്കവും ആരോഗ്യവുമുള്ള ശരീരം. അവളുടെ മാറിടവും അരയും അന്നത്തെ ചെറുപ്പക്കാരായ ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റുവോ ? ” ഇത്രയും പറഞ്ഞു ഓര്‍മ്മയിലേക്ക് വഴുതി വീണ ഒരു ഇരുപത് കാരന്റെ കുസൃതിയോടെ ചാച്ചന്‍ ഇടത് കൈകൊണ്ട് സ്വന്തം തുടയെ പല തവണ തടവി.

നാട്ടുകാര്‍ പ്രതീക്ഷിച്ചത് പോലെ അവളുടെ കരച്ചില്‍ അന്ന് രാത്രി ആരും കേട്ടില്ല. ഒരിക്കലും അവളുടെ കരച്ചില്‍ നാട്ടുകാര്‍ കേട്ടിട്ടുമില്ല. ഇതില്‍ എന്തോ പന്തികേട് ഉണ്ടെന്ന് നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷേ ഇതൊക്കെ പീലിയോട് മുന്നില്‍ നിന്ന് ചോദിക്കാനുള്ള ധൈര്യം അന്ന് നാട്ടില്‍ ആര്‍ക്കും ഇല്ലായിരുന്നു. പീലി കെട്ടിക്കൊണ്ടുവന്ന പെണ്ണ് വലുതായിട്ട് അങ്ങനെ വീടിന് പുറത്ത് ഇറങ്ങിയിട്ടില്ല. ആരും ഒരുപാട് നേരം അവളെ കണ്ടിട്ടുമില്ല.

ഒരു ഞായറാഴ്ച, അപ്പന്റെ ഓര്‍മ്മ ദിവസം പെണ്ണിനെയും കൂട്ടി പീലി ആദ്യമായി പള്ളിയിലേക്ക് പോയി. അപ്പന്റെ ശവക്കല്ലറയുടെ സമീപം തന്റെ പെണ്ണുമായി കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ആയിരുന്നു തൊട്ടടുത്ത അനിയന്റെ കല്ലറ സന്ദര്‍ശിക്കാന്‍ വന്ന നാട്ടില്‍ “കുപ്പി” എന്ന് ഇരട്ടപ്പേരുള്ള ആന്‍ഡ്രൂസ് പീലിയുടെ പെണ്ണിന്റെ ഇടത്തെ കയ്യിലായി ഒരു വെള്ളിമൂങ്ങയുടെയും അതിന്റെ താഴെയായി ഒരു മൂന്നക്ക സംഖ്യകളെയും പച്ചക്കുത്തി വച്ചിരിക്കുന്നത് കാണുന്നത്. ആന്‍ഡ്രൂസ് ഒരിക്കല്‍ കൂടെ ആ പച്ചനിറത്തിലേക്ക് നോക്കി ഉറപ്പ് വരുത്തിയ ശേഷം അവിടെ നിന്ന് പുറത്തേക്ക് ഓടുകയാണെന്നാണ് കേട്ടിട്ടുള്ളത്.

പിറ്റേ ദിവസം ഒരു പകര്‍ച്ച വ്യാധിപോലെ ആ വാര്‍ത്ത നാട്ടില്‍ പരന്നു, ചോരക്കണന്‍ പീലി പണം കൊടുത്ത് വാങ്ങിയതാ പുതിയ പെണ്ണിനെയെന്ന്. അന്ന് കപ്പല്‍ വഴി സിലോണിലും മറ്റു രാജ്യങ്ങളിലും പോയി അന്നത്തെ മന്ത്രിമാരും പണക്കാരും മറ്റും കുടിക്കുന്ന വില പിടിപ്പുള്ള കള്ളും, സിഗരറ്റും മറ്റ് സാധനങ്ങളും നാട്ടിലേക്ക് കടത്തലാണ് ആന്‍ഡ്രൂസിന്റെ പണി. അങ്ങനെ പല രാജ്യങ്ങളും കണ്ടിട്ടുള്ള ആന്‍ഡ്രൂസിന് അറിയാം ആ പച്ചകുത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അത് അവന്‍ നാട്ടുകാരോട് ഭീതി പരത്തുന്ന രീതിയില്‍ പറഞ്ഞു,

“പീലി കൊണ്ട് നടക്കുന്ന പെണ്ണില്ലേ, അവള്‍ വെള്ളിമൂങ്ങ സൊസൈറ്റിക്കാരുടെ പെണ്ണാ ( Barn Owl Society )”

“വെള്ളിമൂങ്ങ സൊസൈറ്റിയോ ? ” ഞാന്‍ സംശയത്തോടെ ചോദിച്ചു .

“നിനക്ക് അറിയാന്‍ വഴിയില്ല, പീലി ഇല്ലായിരുന്നേല്‍ ഞങ്ങള്‍ കുറച്ചു പേരും ഈ പേര് കേള്‍ക്കുക പോലും ചെയ്യില്ലായിരുന്നു. ആന്‍ഡ്രൂസ് പറഞ്ഞുള്ള അറിവാ, വെള്ളിമൂങ്ങ സൊസൈറ്റി എന്ന് പേരുള്ള ഒരു നിഗൂഢ സംഘടന ഈ ലോകത്തില്‍ നിലനില്‍പ്പ് ഉണ്ട് എന്ന്. ലോകം മൊത്തം വ്യാപിച്ച് കിടക്കുന്ന ഒരു ചങ്ങല പോലത്തെ സംഘടന. എല്ലാ രാജ്യങ്ങളിലും അവരുടെ ആള്‍ക്കാര്‍ ഉണ്ട്. പക്ഷേ ഇന്നേവരെ അവരെ പറ്റി ഒരു പത്രക്കാരും എഴുതുകയോ ഒരു വര്‍ത്തയില്‍ വരുകയോ ചെയ്തിട്ടില്ല. അതാണ് അവരുടെ ശക്തി. ലോകത്തെ മുഴുവന്‍ പണം കൊണ്ട് അവര്‍ നിയന്ത്രിക്കുകയാണ്. നമ്മളെ കൊണ്ടൊന്നും അവരെ തൊടാന്‍ പോലും പറ്റത്തില്ല. ആരാണ് അവരുടെ നേതാവ് എന്നോ എവിടെയാണ് അവരുടെ വാസം എന്നൊന്നും ആര്‍ക്കും അറിയത്തില്ല. പണ്ടെപ്പോഴോ ഇവരെ കുറിച്ച് ഏതോ ഒരു സായിപ്പ് പത്രത്തില്‍ എഴുതി, പുലരും മുമ്പ് ആ വാര്‍ത്തയും ആ സായിപ്പും ഭൂമിയില്‍ നിന്ന് കാണാതായി എന്നാണ് ആന്‍ഡ്രൂസ് പറഞ്ഞത്. അത്രയ്ക്കും നീചന്മാരാ.. മഡഗാസ്ക്കറിനു അടുത്ത് ഏതോ ചെറിയ ദ്വീപില്‍ ആണ് ഇവരുടെ രഹസ്യ കേന്ദ്രം. എല്ലാ രാജ്യങ്ങളില്‍ നിന്നും കടത്തിയും പൈസ കൊടുത്തും കൊണ്ടുവരുന്ന ഒന്നും രണ്ടും വയസ്സുള്ള പെണ്‍ക്കുട്ടികളെ ഇവിടെയാണ് വളര്‍ത്തുന്നത്. ലോകത്തിലെ വലിയ ഒരു ശതമാനം പുരുഷന്മാര്‍ക്ക് പെണ്ണുങ്ങളെ കീഴ്പ്പെടുത്തിയും വേദനിപ്പിച്ചും ഭോഗിക്കുന്നതില്‍ ഭ്രാന്തുള്ളവര്‍ ആണ്. പക്ഷേ ഈ ഭ്രാന്തുള്ള പലരും ഭയം കൊണ്ട് അത് പുറത്തു പറയുന്നില്ല. ഈ ഭ്രാന്തുള്ള കാശില്ലാത്തവന്‍ അപമാനപ്പെടും, കാശുള്ളവന്‍ ഇതിനായി എത്ര രൂപ വേണമെങ്കിലും ചിലവാക്കും. ഇതിനെ മുന്നില്‍ കണ്ടു തുടങ്ങിയ സംഘടനയാണ് വെള്ളിമൂങ്ങ സൊസൈറ്റി. കുഞ്ഞു പ്രായത്തില്‍ തന്നെ ചാട്ടവാറിന് അടിച്ചും വേദനിപ്പിച്ചും പെണ്‍ക്കുട്ടികളെ ബലപ്രയോഗ ഭോഗത്തിന് തയ്യാറെടുപ്പിക്കും. വേദന നിറഞ്ഞ മുറിവുകളും പ്രത്യേകം ലഭിക്കുന്ന ശാരീരിക പരിശീലനവും അവരുടെ ശരീരത്തെ വേദനയില്‍ നിന്ന് തീര്‍ത്തും മുക്തമാക്കും. ഈ പരിശീലനം ലഭിച്ച പെണ്‍ക്കുട്ടികള്‍ക്ക് പ്രസവ വേദന പോലും കാണില്ല എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ വിവിധ രാജ്യത്ത് വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ അവരുടെ കയ്യില്‍ ഒരു വെള്ളിമൂങ്ങയുടെ രൂപവും ഒരു രഹസ്യ കോഡും പച്ചക്കുത്തും. സൊസൈറ്റിയില്‍ ഉള്ള ഒരു പെണ്ണ് മരണപ്പെട്ടാല്‍ പുറം ലോകം അറിയാതിരിക്കാന്‍ ഇവര്‍ ഭീകരമായി ശ്രദ്ധിക്കാറുണ്ട്. മരണപ്പെട്ടാല്‍ മാത്രം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു ഒരു ഫോണ്‍ നമ്പർ ഉപഭോക്താവിന് പെണ്ണിനെ വില്‍ക്കാന്‍ നേരം അവര്‍ നല്കും .മരണ ശേഷം ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടാല്‍ ഈ രഹസ്യങ്ങള്‍ രഹസ്യം പുറം ലോകം അറിയും എന്നാതാണ് കാര്യം. ഇത്തരത്തില്‍ നീചമായി പ്രവര്‍ത്തിക്കുന്ന നരഭോജികളായ കൂട്ടര്‍ ആണ് അവര്‍. വലിയ തുകയാണ് ഒരു പെണ്ണിന് അവര്‍ വാങ്ങുന്നത്. പീലിയ്ക്ക് അത്രയും കാശ് എവിടെന്ന് കിട്ടിയെന്ന് ഇപ്പൊഴും ആര്‍ക്കും അറിയത്തില്ല.

ഞാന്‍ ഇത്രയും കേട്ടതും വായുംപൊളിച്ചു ഇരുന്നു. അത് കണ്ടിട്ട് ചിരിച്ചുകൊണ്ടു ചാച്ചന്‍ തുടര്‍ന്നു,

“ഇതുപോലെ ഞങ്ങളും വായും തുറന്നു ഇരിന്നിട്ടുണ്ട് ആന്‍ഡ്രൂസ് പറയുമ്പോള്‍. ആന്‍ഡ്രൂസിന് അത്യാവശ്യം നാട്ടില്‍ നിന്നു നല്ല ഫ്രഷ് കഞ്ചാവ് മറ്റ് രാജ്യങ്ങളില്‍ കപ്പലില്‍ കടത്തി കൊണ്ട് പോകുന്ന പരിപാടി ഉണ്ടായിരുന്നു, അങ്ങനെ കപ്പലില്‍ വച്ച് പരിചയപ്പെട്ട ഒരു ആഫ്രിക്കക്കാരന്‍ പറഞ്ഞു കൊടുത്തതാ ഇതൊക്കെ. നമ്മുടെ ഇടയില്‍ തന്നെ ഈ സംഘടനയില്‍ അംഗമായവരുണ്ട്, പക്ഷേ അത് കണ്ടെത്താനുള്ള ബുദ്ധിയും ശേഷിയും നമ്മുക്ക് ആര്‍ക്കും ഇല്ല.”

ഈ കഥകള്‍ ഒക്കെ അറിഞ്ഞു പള്ളീലച്ചനും കുറച്ചു നാട്ടുകാരും പീലിയോട് കെട്ടിക്കൊണ്ടു വന്നിരിക്കുന്ന പെണ്ണിനെ കുറിച്ച് ചോദിച്ചറിയാന്‍ പീലിയുടെ വീട്ടിലേക്ക് പോയി. തുറന്നു കിടക്കുന്ന വാതില്‍ പതുക്കെ തള്ളി നോക്കിയ അച്ഛന്‍ കണ്ടത് ശൂന്യമായ ഒരു വീടിനെ ആണ്. ഒരു തുണി കഷ്ണം പോലും അവശേഷിക്കാതെ പീലിയും പെണ്ണും അപ്രത്യക്ഷമായിരിക്കുന്നു. അന്വേഷിച്ചു എത്തിയവര്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു.

തൊട്ടടുത്ത ദിവസം മുതല്‍ ഈ കഥകളൊക്കെ നാട്ടുകാര്‍ക്ക് പറഞ്ഞു തന്ന ആന്‍ഡ്രൂസിനെ കാണാന്‍ ഇല്ലാതായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പള്ളീലച്ചനെയും കാണാതായി. ഇന്നുവരെ ഇവരെ രണ്ടുപേരേയും കണ്ടുക്കിട്ടിയിട്ടില്ല. ജീവനോടെ ഉണ്ടോ എന്ന് പോലും അറിയത്തില്ല. ഇതൊക്കെ അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ശരിക്കും ഒന്ന് പേടിച്ചു. ആന്‍ഡ്രൂസ് പറഞ്ഞ പത്രപ്രവര്‍ത്തകനായ സായിപ്പിന്റെ കഥ അവര്‍ മുന്നില്‍ കാണുകയാണോ എന്ന തോന്നല്‍ അവരില്‍ ഭയം മെനഞ്ഞെടുത്തു. ഇതിനെതിരെ പോലീസില്‍ പരാതി പറയാന്‍ പോയ നാട്ടിലെ പുരോഗമന ചിന്താഗതിക്കാരനായ ചിന്മയന്‍ നായര്‍ ഇന്നുവരെ സ്റ്റേഷനിലും എത്തിയിട്ടില്ല വീട്ടിലും തിരിച്ചെത്തിയിട്ടില്ല. ഈ സംഭവങ്ങള്‍ക്കൊക്കെ ശേഷം നമ്മുടെ നാട്ടുകാര്‍ ഇതിനെ പറ്റി സംസാരിച്ചിട്ടേയില്ല. അല്ല സസാരിക്കാതെ ഇരിക്കുന്നതാ നല്ലത് ….

“ഞാന്‍ പറഞ്ഞില്ലേ ചിലപ്പോള്‍ നമ്മള്‍ ഈ സംസാരിക്കുന്നതു പോലും അവര്‍ കേള്‍ക്കുന്നുണ്ടായിരിക്കും, പറയാന്‍ പറ്റത്തില്ല . അന്ന് കാണാതായ പീലി മാപ്ല ഈ മലയില്‍ പ്രത്യക്ഷപ്പെട്ടു എന്ന് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞങ്ങളൊക്കെ അറിയുന്നത്. ഭയം കൊണ്ട് ആരും അന്വേഷിച്ചു ചെന്നിട്ടില്ല .” ചാച്ചന്‍ പറഞ്ഞു നിര്‍ത്തി .

കഥകള്‍ കേട്ടു അവസാന വളവും ഞാന്‍ ഭയത്തോടെ വളച്ചു. ചുരങ്ങളുടെ ഭീതി മനസ്സിലേക്കും പടര്‍ന്നു പന്തലിച്ചു .

നാല്

“ശബ്ദം ഉണ്ടാക്കി നടക്കെടാ പീറ്ററെ, അണലികളുടെ കേന്ദ്രം ആണ് ഇങ്ങോട്ടോക്കെ “

ഇരുട്ടില്‍ കറുപ്പ് പുതച്ച് കിടക്കുന്ന പുല്ലിനെ വകഞ്ഞു മാറ്റി ഞങ്ങള്‍ ആ കുടിലിന് മുന്നില്‍ വന്നു നിന്നു. ഒരു നിയോണ്‍ ബള്‍ബ് പുറത്തു എരിഞ്ഞു നില്‍ക്കുന്ന ആ വീടിന് എന്നെ ഒരു പ്രേതത്തെ പോലെ പേടിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു .
ഞാന്‍ തിരിഞ്ഞു ചാച്ചനെ നോക്കി .
ചാച്ചന്റെ കണ്ണില്‍ ഭയം വ്യക്തമായിരുന്നു .
ഞങ്ങളുടെ നിഴലുകള്‍ ചലനമറ്റ് ആ വീടിന്റെ മുറ്റത്ത് കിടന്നു .

അഞ്ച്

ചുരം ഇറങ്ങുമ്പോള്‍ ചാച്ചന്‍ ഭയന്ന മട്ടില്‍ ഒരു ഇരിപ്പാണ്, മിണ്ടാട്ടം ഇല്ലാതെ. കയറിയ വഴിയെ തിരികെ പോകുമ്പോള്‍ അന്തരീക്ഷത്തിലെ ഇരുട്ട് കുറഞ്ഞു വരുകയായിരുയിന്നു .

വാതില്‍ തുറന്നപ്പോള്‍ പുറത്തു വന്ന ആ ഭീകര ജീവിയെ കണ്ടു ഞാന്‍ ഞെട്ടി. എന്റെ ജീവിതത്തില്‍ ഇന്നേവരെ അങ്ങനെയൊരു മനുഷ്യ ശരീരം ഞാന്‍ കണ്ടിട്ടില്ല. സംശയത്തോടെ ഞങ്ങളെ നോക്കിയ നിന്ന അയാളെ കണ്ടു മിണ്ടാട്ടം മുട്ടി നിന്ന എന്നെ തള്ളിമാറ്റി ചാച്ചന്‍ വന്ന കാര്യം മടിച്ചു മടിച്ചു പറഞ്ഞു. അയാള്‍ അത് കേട്ട ഭാവം കൂടെ കാണിച്ചില്ല. എന്തോ പിറുപിറുത്ത് കൊണ്ട് അയാള്‍ തിരിഞ്ഞു വീട്ടിനുള്ളില്‍ കയറി വാതിലടച്ചു. ഇതിനിടയില്‍ വാതിലിനടുത്ത് മിന്നിമറഞ്ഞ ഒരു പെണ്‍ ശരീരത്തെ ഞാന്‍ കണ്ടു. അവളുടെ കൈകളിലെ ചങ്ങലയുടെ തഴമ്പ് എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു.

മടക്ക യാത്രയില്‍ പിന്നിട്ട വഴിയിലെ ആ വളവില്‍ വീണ്ടും എത്തിയപ്പോള്‍ നേരത്തെ കണ്ട ആ രണ്ടു നായകള്‍ ഇപ്പോഴും നിന്ന് പരസ്പരം നോക്കി കുരച്ചുകൊണ്ടിരിക്കുകയാണ്. ആണ്‍ നായ അവളെ ഇത്ര നേരമായിട്ടും വിടാന്‍ തയ്യാറല്ലായിരുന്നു. അവന്‍ അവന്റെയുള്ളിലെ മനുഷ്യ സ്വഭാവം പുറത്തു കാണിക്കുകയാണോ എന്ന് എനിക്കു തോന്നി. എന്തൊക്കയോ എന്റെ മനസ്സിലൂടെ ഒരു മിന്നല്‍ പോലെ കടന്നു പോയി. സര്‍വ്വ രോക്ഷവും കാലില്‍ അമര്‍ത്തി ശരീരത്തിനായി ബലം പ്രയോഗിക്കുന്ന അവന്റെ നേര്‍ക്ക് ഞാന്‍ വണ്ടി നിര്‍ത്താതെ പായിച്ചു.

സമീപത്തെ മരത്തിന്റെ ചില്ലയില്‍ ഇരുന്ന് എല്ലാം നോക്കിക്കണ്ട ഒരു വെള്ളിമൂങ്ങ ചിറകു വീശി ചുരങ്ങളിലൂടെ മറ്റൊരിടത്തേക്ക് പറന്നു പോയി .

തിരുവനന്തപുരം സ്വദേശി. സ്വകാര്യ സ്ഥാപനത്തിൽ പ്രോജക്റ്റ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുന്നു.