ചില ഹൈക്കു ചോദ്യങ്ങളും അവയ്ക്കുള്ള സെൻ മറുപടികളും

ഒന്നു നിൽക്കൂ..
നിൽക്കുക അസാധ്യം
ഒഴുകുക
പറയാനുണ്ടായിരുന്നു..
വാക്കുകൾ പാഴ് വേലകളാണ്
മൌനമാണ് അഭികാമ്യം

സംസാരമില്ലാതെ ജീവിക്കാനാവുമോ?
ജീവിക്കാനാവാതിരിക്കലാണ് ജീവിതം

എങ്കിൽ ഞാൻ പോയേക്കാം..
പോവുക വരിക എന്നു ചിന്തിക്കേണ്ടതില്ല
പ്രപഞ്ചത്തിലെ ഒന്നിനും പോക്കു വരവിന്റെ
കണക്കു പുസ്തകങ്ങളില്ല

നേടിവെച്ച അറിവും അനുഭവവുമൊക്കെ
അനാവശ്യമാണെന്നാണോ?
നേട്ടവും നഷ്ടവുമില്ല
സാക്ഷ്യമാവൽ മാത്രം

എങ്കിൽ
അടുപ്പവും അകൽച്ചയും സ്നേഹവും വെറുപ്പുമല്ലാതെ
മറ്റൊന്നും ഞാനറിഞ്ഞിട്ടില്ല..
അറിഞ്ഞു എന്നത് തോന്നലാണ്

അപ്പോൾ എന്താണ് യാഥാർത്ഥ്യം?
തേടിക്കൊണ്ടിരിക്കൽ

അവസാനമായി ഒരു ചോദ്യം കൂടി
എന്താണു ജീവിതത്തിന്റെ  അർത്ഥം?
ഒരു കപ്പു ചായ
ഒരു കൈക്കുമ്പിൾ മറവി.

കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പ് സ്വദേശി. ഹൃദയരേഖയുടെ ശരിപ്പകർപ്പുകൾ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.