ചാവാൻ തീരുമാനിച്ചതാ
പത്തൊമ്പതാം പിറന്നാളിന്.
ഒന്നേ ഓർത്തുള്ളു.
ആളു കാണുന്നിടം വേണം.
കാത്തു കിടക്കാതെ
ദഹിക്കാമല്ലോ.
പുഴ, കടൽ, തീവണ്ടി?
ചത്താലും ചമഞ്ഞാവണമെന്ന്
കളഞ്ഞോരാലോചന.
പുഴുക്കടിക്കാൻ വെച്ച
മരുന്നടിച്ചു ഓക്കാനം വന്നപ്പോ
അപ്പുറത്തെ ചേച്ചി
വായു കേറിപ്പൊങ്ങിയ
വയറു നോക്കി ചിരിച്ചു,
കഞ്ഞിക്കലം വരണ്ടു പോയത്
അറിഞ്ഞു കാണില്ല.
കിണറു വറ്റിപ്പോയത്
നന്നായെന്ന് തോന്നി.
ചായക്ക് വെച്ച വെള്ളം പോലെ
ഉള്ളു തിളച്ചത് അറിഞ്ഞു.
മണ്ണെണ്ണയ്ക്ക്
അമ്മയുടെ ശവഗന്ധം.
തീയുമതേപോലെ പൊള്ളി.
തൂങ്ങാൻ കുരുക്കിയത്
പൊട്ടി വീണ്
മഴ നനഞ്ഞു പനിച്ചു
മുറുകിയ കഴുത്ത്
പഴുപ്പിൽ ചുവന്നു.
അതിൽ പിന്നെയാണ്
കല്യാണമായത്.
താലി മുറുകുമ്പോൾ
വേദനിച്ചില്ല.
ചിരിച്ചു കൊണ്ട് ഒരു മരണം.
അന്തസ്സായി കരുതുന്ന
ഒരു ആത്മഹത്യ
ആഗ്രഹിക്കാത്തതാര്?