ചിലപ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ്
വെറുതെ പറന്ന് ചെന്ന്,
നക്ഷത്രങ്ങളെ ചുംബിച്ചിട്ട്
തിരിച്ചുവരും
കടലിനടിയിലേക്കൂഴിയിട്ട്,
പവിഴപ്പുറ്റുകളിൽ തലോടി
ഒഴുകിനടക്കും
ഭൂഗർഭങ്ങളിലെത്തി,
അവിടെ തിളച്ചുമറിയുന്ന
ലാവകൾ തിരയും
കാറ്റിന്റെ മാറിൽ കെട്ടിപ്പിടിച്ച്,
ഒരു പരവതാനിയിൽ
ലോകം ചുറ്റിവരും
കൂരിരുട്ടിലേക്കിറങ്ങിച്ചെന്ന്,
മിന്നിപ്പറന്നതിന്റെ ചങ്കുകീറുന്ന
മിന്നാമിന്നിയെ കട്ടെടുക്കും
മേലോട്ടാഞ്ഞുചാടി,
ഉരുണ്ടുകൂടിയ കാർമേഘങ്ങളെ
കുടഞ്ഞുലച്ച് മഴപെയ്യിക്കും
ആ പെരുമഴയിലേക്കിറങ്ങി,
മഴത്തുള്ളികൾ കോരിയെറിഞ്ഞ്
സൂര്യനെ കുളിപ്പിച്ചു രസിക്കും
മരച്ചില്ലകളിൽ ചാടിക്കയറി,
ഇലയാലിംഗനങ്ങൾക്കിടയിൽ
ആ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകും
മഞ്ഞുമലകളെ തേടിപ്പിടിച്ച്,
മഞ്ഞുപാളികളെയിറുകിപ്പുണർന്ന്
ആവോളം ഉരുണ്ടുമറിയും
കാട്ടരുവികളിൽ നീന്തിച്ചെന്ന്,
അൽഗകളുടെയും മീനുകളുടെയും
സംവാദങ്ങൾക്ക് കാതോർക്കും
ഇടയ്ക്കെപ്പോഴെങ്കിലും,
നിന്റെ നെഞ്ചിലേക്ക് കൂടി
ഞാൻ നുഴഞ്ഞെത്തും
എന്നിട്ട്,
അവിടെയെന്നോടൊരു പ്രണയമുണ്ടോയെന്ന് കൂടി
ഞാൻ ചൂഴ്ന്നുനോക്കും
അതേ,
ചിലപ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ്….