നേരം തെറ്റിയോടുന്നൊരു
ചിറകുള്ള തീവണ്ടി
ചിറകൊടിഞ്ഞ
യാത്രക്കാർ
പലപ്പോഴായി
കണ്ണുകൾ കോർത്തുകെട്ടി
ഹൃദയങ്ങൾ ചേർത്തിരുത്തി
എങ്കിലോ
സദാചാരത്തിന്റെ മടുപ്പിക്കുന്ന
പൊടിക്കാറ്റിനെ ഭയന്ന്
വിളറിയ പുറംകാഴ്ചകളിൽ
സ്വയം നട്ടുവെച്ചവർ
കിന്നാരം പറയാനെത്തിയ
തുന്നാരൻ കിളി
ജാലകത്തിൽ
കൊത്തിവിളിച്ചപ്പോൾ
കണ്ണുകളെ പറിച്ചെടുത്തു
പുസ്തകത്താളിൽ
ഒട്ടിച്ചു വെച്ചു
കടൽകാക്കകളുടെ
ചിറകൊച്ച ഭയന്ന്
കാതുകളെ
കൈകൾക്കുള്ളിലാക്കി
ഇറുക്കിപ്പിടിച്ചു
കലണ്ടറുകളിലെ
കറുപ്പും ചുവപ്പും
അക്ഷരങ്ങൾ
തീവണ്ടിയേക്കാൾ
വേഗത്തിലോടുന്നുണ്ട്
ഏതോ ഒരു
കറുത്ത സ്റ്റേഷനിലോ
ചുവന്ന സ്റ്റേഷനിലോ
എത്തുമ്പോൾ
ഓരോരുത്തരായിറങ്ങും
അപ്പോഴും
ഒന്നിച്ചു കൂട്ടിമുട്ടാത്ത
ഇരുമ്പു പാളങ്ങളിൽ
അടിവയറുരഞ്ഞ വേദന ബാക്കി
കൂവി തോൽപ്പിച്ച്
പുനര്‍ജ്ജനനത്തിലേയ്ക്കൊരു
കിതച്ചോട്ടം
ഒരിക്കലും
പറഞ്ഞു വരാത്ത നീയും
പറയാതിറങ്ങിയ ഞാനും
ഓർമപോലും വറ്റിപ്പോയ
ഇല്ലാക്കാലത്തിലേയ്ക്ക്
ഒരു സൈബർ യാത്ര..,
ശൂന്യയാത്ര.