ചിറകുകള്‍

വീശിപ്പറന്നിടാം വര്‍ണ്ണച്ചിറകിനാല്‍
നാടുനാടാന്തരം പുഞ്ചിരിപ്പാലുമായ്
ആകാശപ്പറവയായ്, മേഘവീഥിയില്‍,
തണ്ണീര്‍ത്തടാകത്തില്‍, താഴ്വരയില്‍ പാറാം.

ഭാവനച്ചിറകുകളെത്ര വിചിത്രം
ഇല്ലയാ പൈങ്കിളി പാറിടാത്ത തീരം.
അഗ്നിച്ചിറകുമായ് ആയിരം കാതങ്ങള്‍
സാക്ഷാത്ക്കാരത്തിന്‍റെ സാക്ഷകളൂരിടും.

കാണാത്ത കാഴ്ചകള്‍, നിശ്ചലദൃശ്യങ്ങള്‍
ഉളളിന്‍റെയുളളിലെ ക്യാന്‍വാസുകളേറ്റും
കാര്യമറിയാത്ത നക്ഷത്രജാലംപോല്‍
മൊഴികളെ വിസ്മയവാഹിനിയാക്കും.

കൊച്ചരുവിതന്‍ ദിവാസ്വപ്നം പോലെ,
ഗായത്രി കേട്ടുണര്‍ന്നു മലകള്‍ താണ്ടാം
ലോലമായ് തളരും കണ്ണീര്‍സൗധങ്ങളില്‍
ഊര്‍ജ്ജത്തിന്‍ മഴവില്ലു പകര്‍ത്തിവെക്കാം

ചിന്താകുടീരത്തില്‍ ചന്ദനം ചാലിച്ചു,
വര്‍ണ്ണകുടീരങ്ങള്‍ തീര്‍ക്കും തെരുതെരെ.
പൊട്ടിവിരിയുന്ന ഭാവനച്ചിറകില്‍
നേട്ടങ്ങളാം പൊന്നിന്‍ കൊട്ടാരം പണിയും.!

കോഴിക്കോട്ഗവണ്‍മ്മെന്‍റ് അച്യുതന്‍ ഹയര്‍ സെക്കണ്ടറിസ്ക്കൂളില്‍ അധ്യാപികയായി ജോലി നോക്കി. എഴുത്തും, വായനയും , യാത്രയും,സിനിമയും ഏറെ ഇഷ്ടം. നാല് കവിതാസമാഹാരങ്ങള്‍ ഉള്‍പ്പടെ പന്ത്രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.. ദക്ഷിണഭാരതഹിന്ദി പ്രചാരസഭയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കവിതകളില്‍ ചിലത് ഹിന്ദിയിലേക്ക് വിവര്‍ത്തനവും ചെയ്യപ്പെട്ടിട്ടുണ്ട്..