ചിറകടി ഒച്ചയും കാതോർത്ത്

പതിവുകളെയെല്ലാം തെറ്റിച്ചുകൊണ്ട് ആഞ്ഞുവീശിയ കാറ്റിലും മഴയിലും മദ്ധ്യാഹ്നം തണുക്കുകയും പതിവായി കേൾക്കുന്ന പഴയൊരു സിനിമപാട്ടിന്റെ നേർത്ത തലോടലും കൂടി ഒത്തുവരികയും ചെയ്തപ്പോൾ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ മയങ്ങിപ്പോയത് കുഞ്ഞുവർക്കി അറിഞ്ഞില്ല. കത്തിനിന്ന ഉച്ചവെയിൽ ചൂടിലേക്ക് പൊടുന്നനെ വാരിത്തൂവിയ തണുത്ത മഴകാറ്റിൽ ഹർഷബാഷ്പം തൂകിവന്നൊരു പാട്ടും പെയ്തിറങ്ങിയപ്പോൾ അയാളുടെ മയക്കം ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്, അതിന്റെ കാമനനിറഞ്ഞ ഏകാന്തതയിലേക്ക് ആണ്ടുപോയി.

പാഴും ശൂന്യവുമായിരുന്നു അരങ്ങ്. അവിടേയ്ക്ക് കറുപ്പിന്റെയും വെളുപ്പിന്റെയും ഇഴപിരിയാത്ത ഭാവങ്ങളുമായി ആരൊക്കെയോ ഒന്നൊന്നായി കടന്നുവരുന്നു. അവരുടെ നിഴലുകളുടെ വെളുത്ത നിറത്തിന് അസാധാരണമായ തിളക്കം ഉള്ളതുപോലെ തോന്നും. എല്ലാവർക്കും ഒരേ രൂപവും ഭാവവും, അവർ ഒരേ താളത്തിൽ നൃത്തവും ചെയ്യുന്നു. സദസ്സിന്റെ ഇരുണ്ട ഇരിപ്പിടത്തിൽ കാഴ്ചക്കാരനായി കുഞ്ഞുവർക്കി മാത്രം. അവിടെ നിറയുന്ന തണുപ്പിൽ അസഹ്യനായപ്പോഴും ആ മുഖത്ത് ചിരിയുടെ അലകൾ പടരുന്നുണ്ടായിരുന്നു. ശവപ്പെട്ടിക്ക് ഇത്രയും ഡിമാന്റുള്ള ഒരു കാലം ഇനി വരില്ലായിക്കാം എന്നൊരു ചിന്ത ആ ചിരിയിൽ ആർക്കും വായിച്ചെടുക്കാം. അപ്പോഴാണ് കതകിന് ആരോ ശക്തിയോടെ മുട്ടുകയും വർക്കിച്ചായോ എന്ന് നീട്ടിവിളിക്കുകയും ചെയ്തത്.

പകലുറക്കത്തിലെ ഭ്രാന്തൻ ലോകത്തുനിന്നും കണ്ണുകൾ പാതി തുറന്നയാൾ പുറത്തേയ്ക്കു നോക്കി. നിരത്തിന്റെ കറുത്ത ശൂന്യതയിൽ ഒഴുകാൻ മടിച്ച് മഴവെള്ളം തളംകെട്ടി കിടക്കുന്നു. ഇടയ്ക്കിടെ കടന്നുപോകുന്ന ഒറ്റപ്പെട്ട വാഹനങ്ങളുടെ അമിതവേഗതയിൽ അയാൾ ഓർമ്മിക്കാൻ ശ്രമിച്ചത് ലോക്‌ഡൗൺ തുടങ്ങിയിട്ട് ഇന്നേക്ക് എത്രനാളായി എന്നായിരുന്നു. നിർത്താതെ സൈറനും മുഴക്കി തിരക്കിട്ടു പായുന്ന ആംബുലൻസായിരുന്നു കൂടുതൽ. അന്നവും ഗതിയും മുടങ്ങിയ ഇരുകാലികൾ ഭയന്ന് മാളങ്ങളിൽ ഒളിച്ചു. അനക്കമറ്റ ഘടികാരത്തിന്റെ സമയസൂചികളിൽ ചിലന്തി, വലയും നെയ്ത് ഇരയെ കാത്തിരിക്കുന്നു.

വെളിയിൽ കൺപോളവരെ എത്തുന്ന മാസ്കുകൊണ്ട് മുഖവും മറച്ച് അവർ മൂന്നാലു പേരുണ്ടായിരുന്നു. കുഞ്ഞുവർക്കിയും തന്റെ മുഖത്തേക്ക് മാസ്ക് വലിച്ചുവച്ചിട്ട്, പെട്ടിക്കായിരിക്കും അല്ലേ എന്നു ചോദിച്ചു. കൂട്ടത്തിൽ കണ്ണുകളിൽ സൗഹൃദത്തിന്റെ ചിരിയും പൊഴിച്ച് അപ്രതീക്ഷിതനായി തോമസ് കാപ്യാരും.

എടാ തൊമ്മിയെ, നീയെന്നാ പതിവില്ലാതീവഴിക്ക്? നിന്റെ ആരെങ്കിലും മരിച്ചോ? എത്ര പെട്ടി വേണം? സ്റ്റോക്ക് കുറവാ കേട്ടോ. അതുപോലത്തെ ഡിമാന്റാ.

താടിക്കു താഴേയ്ക്ക് താണുപോയ മാസ്ക് മൂക്കിന്‌ മുകളിലേയ്ക്കു വലിച്ചുവെച്ച് തന്റെ വിയർപ്പിന്റെ മെഴുക്കു പുരണ്ടു കറുത്തുപോയ ചാരുകസേരയിലേക്ക് മൂരി നിവർത്തി വീണ്ടും പറഞ്ഞത് ആത്മഗതം പോലെ. നടപ്പുദീനമായിരിക്കും, അല്ലേടാ?

വർക്കിച്ചായാ മൂന്നുപെട്ടി വേണം. തുരുത്തേലെ പൗലോച്ചായനും കെട്ടിയോളും. പിന്നെ കുന്നുംപുറത്തെ പാപ്പിച്ചായനും.

കറുപ്പൊഴിഞ്ഞ മാനത്തിന്റെ വടക്കേകോണിൽ ചിന്നിചിതറുന്ന ഇടിമിന്നലിലേക്കുനോക്കി കുഞ്ഞുവർക്കി, പള്ളീലേക്കൊന്നും കൊണ്ടുപോവില്ലായിരിക്കും എന്നു പറഞ്ഞ വാക്കുകൾ വലിഞ്ഞുമുറുകിയ മാസ്കിനുള്ളിൽനിന്നും തൊമ്മിയുടെ ചെവിയിലേക്ക് ഒരു തേരട്ടയെ പോലെയാണ് ഇഴഞ്ഞു കയറിയത്.

ഇല്ല വർക്കിച്ചായാ. നേരെ ശാന്തി കവാടത്തിലേക്ക്. എല്ലുംചാരവും വല്യതിരുമേനി ശുശ്രുഷിച്ചു കുടുംബക്കല്ലറയിൽ പിന്നീട് വെയ്ക്കും.

പെട്ടി മൂന്നും അവർക്കൊപ്പം വന്ന ടെമ്പോയിലേക്ക് ഒന്നൊന്നായി കയറ്റുമ്പോൾ കുഞ്ഞുവർക്കി കാപ്യാരുടെ ഒപ്പം വന്നവരെ വെറുതെ ഒന്നുപാളിനോക്കി. വെള്ളവസ്ത്രധാരികളായ അവരുടെ കണ്ണുകളിലെ നിസ്സംഗതയ്ക്കു വിശുദ്ധിയുടെ ഭാവമുണ്ടല്ലോ എന്നയാൾ ആശ്ചര്യപ്പെട്ടു. അന്ത്യകുദാശയ്ക്കായി ക്ഷമയോടെ കാത്തിരിക്കുന്ന ശവങ്ങളുടെ മരവിച്ച കണ്ണുകൾപോലെ.

കാപ്യരുടെ കയ്യിൽനിന്നും പണം എണ്ണിവാങ്ങുമ്പോൾ അയാൾ ഒരു മുഖസ്തുതിയെന്ന പോലെ, നിന്നോട് കൂടുതലൊന്നും വാങ്ങില്ല എന്നുപറഞ്ഞ് പെട്ടികളെല്ലാം തീർന്നെല്ലോ എന്ന് ആശങ്കപ്പെട്ടു. പഴകിപ്പൊളിഞ്ഞ ഒരെണ്ണം കൂടിയേ ഉള്ളല്ലോ കർത്താവെ എന്നായി പിന്നെ സങ്കടം. അടുത്ത സ്റ്റോക്ക് വരുംവരെ ഇനി ആരും ചാകെല്ലേ എന്നൊരു നിലവിളി ആ വൃദ്ധമുഖത്തിന്റെ അയഞ്ഞ പേശികളിൽ നിന്നും പല അടരുകളായി പുറത്തേക്ക് പോയി.

കുഞ്ഞുവർക്കിക്ക് ചങ്കുപൊട്ടി കരയാൻ തോന്നിയത് ഇന്നലെ ആയിരുന്നു. മണിമന്ദിരത്തിലെ ദാമുവിന്റെ ഒരു ദുർവിധി, അല്ലാതെന്തു പറയാൻ? പണത്തിനുമേലെ പണവും വിരിച്ച് പണവും പുതച്ച് ഉറങ്ങുന്നവൻ. വിദേശങ്ങളിൽ ജോലി ചെയ്യുന്ന മക്കൾ. അവശ്യസമയത്ത് ഒന്നും പ്രയോജനപ്പെട്ടില്ല. ആരെ കുറ്റപ്പെടുത്താൻ ? ലോകം തന്നെ വിറങ്ങലിച്ചു നില്ക്കുപ്പോൾ ആര് ആർക്ക് തുണയാവാൻ? ആകസ്മികമായി പിടിപെട്ട രോഗം തന്റെ പ്രിയ ഭാര്യക്ക് കാത്തുവെച്ചത് ദാമുവിന് ഒരിക്കലും ഉൾകൊള്ളാൻ കഴിഞ്ഞില്ല. വിധി അത്ര ക്രൂരമായല്ലേ അയാളോട് പെരുമാറിയത്. ഒറ്റപ്പെട്ട് അശരണയായി ഒരു അനാഥയെ പോലെ, മരണം വിറങ്ങലിച്ചു നിൽക്കുന്ന ആശുപത്രിയിലെ അവരുടെ അന്ത്യം ദാമുവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. നിസ്സഹായതയിൽ സമനിലതെറ്റിയ അയാൾക്ക് ഒരേവാശി, തന്റെ മണ്ണിൽ, തന്റെ കണ്മുന്നിൽ അവളുടെ അന്ത്യകർമങ്ങൾ നടത്തുവാൻ. എവിടെ നടക്കാൻ! ഇടഞ്ഞു നിൽക്കുന്ന അയൽക്കാരും നാട്ടുകാരും എല്ലാ വഴികളും കെട്ടിയടച്ചു. ഒരു ഈച്ചയെ പോലും കടത്തിവിടാതെ കാവൽനിന്നു. മഹാമാരിക്ക് തടയിട്ടല്ലേ പറ്റൂ. ആകെ തർക്കവും ബഹളവും. വാങ്ങികൊണ്ടുവന്ന ശവപ്പെട്ടിപോലും ഗേറ്റിനു പുറത്തേക്കിറക്കാൻ കഴിഞ്ഞില്ല. ആ നിമിഷത്തിന്റെ അങ്കലാപ്പിൽ നിന്നും ഉയിർകൊണ്ടൊരു നീറിപിടിത്തം ദാമുവിന്റെ ചങ്കിലേക്കും നഖം ഇറക്കി. അവിടെ, ആ വീടിന്റെ നിസ്സഹായതയിലേക്ക് ദാമു കുഴഞ്ഞുവീണു മരിച്ചെന്ന അറിവിൽ കുഞ്ഞുവർക്കിയും നിസ്സഹായനും ദുഖിതനുമായി.

വീണ്ടും ആകാശത്തിന്റെ നെറുകയിലേക്ക് പാമ്പിനെ പോലെ പത്തിവിടർത്തി ഇഴഞ്ഞുകയറുന്ന കറുത്ത മേഘത്തിലേയ്ക്ക് അയാൾ നോക്കി. ആ നോട്ടത്തിൽ ആശങ്കയുടെ കനലുകൾ എരിഞ്ഞുയർന്നു. എന്തൊരു കാലം! എല്ലാം തല തിരിഞ്ഞെല്ലോ ദൈവമേ എന്നയാൾ സങ്കടപ്പെട്ടു. പൊളിഞ്ഞു കിടന്ന ആ ശവപ്പെട്ടിക്കുള്ളിൽ ഒതുക്കിവെച്ചിരുന്ന പാതികുടിച്ച ജവാൻ റമ്മിന്റെ ബാക്കി വെള്ളംകുടിക്കുന്ന ലാഘവത്തോടെയാണ് വായിലേക്ക് കമഴ്ത്തിയത്. ആർത്തലച്ചെത്തുന്ന മലവെള്ളം കാലങ്ങളായി ഉണങ്ങിവരണ്ടൊരു തടകത്തിലെ ജലം കാത്തുനിൽക്കുന്ന മരങ്ങളോട് ചെയ്യുന്ന പോലെ ആ മദ്യം അയാളുടെ ആമാശയത്തിൽ അമർന്ന് സിരകളിലേക്ക് പടർന്നുകയറി. അപ്പോൾ ഒരുധ്യാനത്തിൽ എന്നപോലെ ചാരുകസേരയുടെ ആലസ്യത്തിലേക്ക് അയാൾ ഊർന്നിറങ്ങി സ്വസ്ഥനായി, മയക്കവുമായി. പിന്നീട് ബാക്കിവെച്ച സ്വപ്നത്തിന്റെ തുടർച്ചയിലേക്ക് അയാളുടെ ശിഷ്ടജീവിതം തിരക്കിലുമായതാണ്. അപ്പോൾ നിരന്തരം മുഴങ്ങിയൊരു മണിനാദത്തിലേക്ക്, അതിന്റ അസഹ്യതയിലേക്ക് അയാൾക്ക് കണ്ണുകൾ തുറക്കേണ്ടിവന്നു.

ഓ, ഫോണായിരുന്നോ? പച്ച ബട്ടനിലേക്ക് ചൂണ്ടുവിരൽകുത്തി ചെവിയോടുചേർത്ത് ഉറക്കെ ചോദിച്ചു. ആരാ? ശശിധരനാശാരിയോ? എടാ എനിക്കുള്ളത് എന്തായി? ഒരു പത്തെണ്ണമെങ്കിലും നാളെ കിട്ടണം. പണമോ? അതു രൊക്കമല്ലേ എന്നും പറഞ്ഞു ചുവന്നബട്ടനിൽ വിരൽ അമർത്തി സംഭാഷണം മുറിക്കുമ്പോൾ അയാൾ ഓർത്തത് ശശിധരന്റെ ജീവിതം എത്രപെട്ടെന്നാ തിരക്കുപിടിച്ചത് എന്നായിരുന്നു. എല്ലാ അലസതകളും മാറ്റിവെച്ച്, ശവപ്പെട്ടി നിർമ്മാണത്തിൽ എത്ര പെട്ടെന്നാണ് അവൻ തിരക്കിലായത് എന്നോർത്തയാൾ ചിരിച്ചുപോയി. സ്വന്തം ശവപ്പെട്ടിവരെ മുൻകൂറായി നിർമ്മിക്കപ്പടുന്നു. അപ്പോൾ അയാളുടെ തലച്ചോറിൽ നിറഞ്ഞ വിളറിയ വെളിച്ചത്തിൽ നിരത്തി ഇട്ടിരിക്കുന്ന ശവപ്പെട്ടികളാണ് നിറഞ്ഞത്. കിഴക്കൻ മലമുകളിൽ നിന്നും കുതിച്ചുവരുന്ന വെള്ളപാച്ചിലിൽ നിരനിരയായി ശവപ്പെട്ടികൾ ഒഴുകി വരുന്നു. അവയെ ഒന്നൊന്നായി ആരൊക്കെയോ തീരത്ത് അടുക്കി വെയ്ക്കുന്നു.

അപ്പോഴേയ്ക്കും മഴയുടെ മുടിയാട്ടം തുടങ്ങികഴിഞ്ഞിരുന്നു. ഇടമുറിയാതെ പെയ്ത മഴയിൽ ആകാശം കാലങ്ങൾക്കു ശേഷം കണ്ടുമുട്ടിയ കാമുകിയോടെന്നപോലെ ഭൂമിയെ വാരിപുണർന്നു. ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ…..

ഒരു ഇരുണ്ടതുരങ്കത്തിലൂടെ കാലം എത്രയോ കടന്നിരിക്കാം. നിഷ്കളങ്കനായ ഒരു പിഞ്ചുകുഞ്ഞിന്റെ അനായാസതയോടെ കുഞ്ഞുവർക്കി കണ്ണുകൾ തുറന്നു. മറവിയുടെ ശൂന്യത മൂടിയ മനസ്സിന്റെ ഇരുണ്ട പ്രതലത്തിലേക്ക് പ്രകാശത്തിന്റെ കിരണം അരിച്ചെത്തുന്നു. കിളിവാതിലിന്റെ നേരിയ വിടവിലൂടെ മടിച്ചു മടിച്ചെത്തുന്ന വെളിച്ചത്തിലേക്ക് കൈകൾ ഉയർത്തി, ജന്നൽപാളികൾ മെല്ലെ തുറന്നു.

പ്രകാശപൂരിതവും നിശ്ചലവുമായ ഭൂമിയുടെ വിശാലതയെ പുണർന്നു കിടക്കുന്നു സമൃദ്ധമായ ജലം. ഇടതൂർന്നൊരു വനത്തിന്റെ ഇരുണ്ട പച്ചകൊണ്ട് ആ ജലം ഹരിതാഭമായിരുന്നു. അവിടെ ഒരു ശവപ്പെട്ടിക്കുള്ളിൽ കുഞ്ഞുവർക്കി അമർന്നുകിടക്കുന്നു. ഒഴിഞ്ഞുപൊയ്‌കൊണ്ടിരുന്ന മേഘത്തിന്റെ കറുത്ത തുണ്ടുകൾ കൊണ്ടുതീർത്ത കിടക്കയുടെ മർദ്ദവത്തിനുള്ളിൽ അനിശ്ചിതത്വം തളംകെട്ടി നിൽക്കുന്ന കണ്ണുകളോടെ അയാൾ ഒരു പ്രാവിന്റെ ചിറകടി ഒച്ചയ്ക്കായി കാതോർത്തു.

തിരുവല്ലക്കാരൻ. 15 വർഷത്തെ പ്രവാസജീവിതത്തിനുശേഷംനാട്ടിൽ സ്വന്തമായി തൊഴിൽ ചെയ്യുന്നു.