ചിരുതക്കുന്ന്

ഗ്രാമത്തിൻ നെറുകയിൽ
ഗ്രാമീണതയുടെ തിലകക്കുറിയായി
തലയുയർത്തി നിന്നയവളെ
ചിരുതക്കുന്നെന്ന
പേരു ചൊല്ലി വിളിച്ചു നാട്ടാർ.

അവളുടെ അകത്തളങ്ങൾ
നാട്ടിലെ കന്നുകൾ –
ക്കന്നം തേടിയെത്താനുള്ള
ഇടമായിരുന്നു.
തന്നലങ്കാരമാം
മരതകക്കമ്പളം കുളമ്പടികൾക്കുള്ളിൽ
ഞെരിഞ്ഞമരുമ്പോഴും
നൃത്തം ചെയ്യും പൈക്കിടാങ്ങൾ തൻ
കുസൃതിയിൽ മനംനിറഞ്ഞവൾ
ആനന്ദനൃത്തത്തിലാറാടി !

ചന്നം പിന്നം
പെയ്ത മഴയിൽ
പച്ചപ്പു തഴച്ചെത്തും നാളുകളൊന്നിൽ
നീട്ടിപ്പിടിച്ച കയ്യുമായ്
മാറു പിളർന്നവളിലെ
ചൈതന്യത്തെ
പട്ടണത്തിൻ മുഖം മിനുക്കാൻ പറിച്ചു
നട്ടീടാനെത്തിയ
യന്ത്രത്തിൻകരുത്തിൽ
തകർത്തെറിയാൻ പോകുന്നതറിഞ്ഞിട്ടും,
പ്രതികരിയ്ക്കാനാവാതെ
നിശ്ചലയായ് നിന്നു പോയവൾ!

അലങ്കാരങ്ങൾക്കു പിറകെ
അവയവങ്ങളോരോന്നായ്
അരിഞ്ഞു മാറ്റുന്ന വേദനയിൽ പുളയുമ്പോഴും
ഗ്രാമത്തിൻ്റെ കാഴ്ച എന്നേയ്ക്കുമായി തന്നിൽ നിന്നും
മറഞ്ഞു പോകുന്ന
സങ്കടമായിരുന്നവളുടെ മനസ്സുനിറയെ !

അവസാനത്തെ ഒരു കൂടമണ്ണായ്
പട്ടണത്തിൻ്റെ മാറിനെയലങ്കരിയ്ക്കാൻ
യാത്രയ്ക്കൊരുങ്ങവേ
അവളിൽ നിന്നുയർന്ന ആർത്തനാദം
മഴയായ് പെയ്തിറങ്ങി.
കണ്ണീരിൻ പ്രളയമായ് അതാ
ഗ്രാമത്തെ മുഴുവൻ വിഴുങ്ങി!

തൃശൂർ കേച്ചേരി സ്വദേശി. കുന്നംകുളം ബഥനി സെൻറ് ജോൺസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപികയാണ്