ചിതൽ പുറ്റ്

ഒരു ചിതൽ പുറ്റിന്റെ
മുന്നിലേക്ക് എത്തി,
ഉള്ളിലേക്കൊന്നുനോക്കി .
എത്രയോ സ്വപ്നങ്ങളെ
ചിതലരിച്ച് മണ്ണാക്കി
തീർത്തതാണ് ഈ വാല്മീകം.

അതിനുള്ളിൽ
ചിതലുകളോട് മല്ലടിച്ച്
പരാജയപ്പെട്ട ജീവിതം കാണും
കുനുകുനെ
ഓടി നടക്കുന്ന ചിതലുകളെ
അറപ്പോടെ വെറുപ്പോടെ കണ്ട്
സഹിക്കാനാവതെ
പുറത്തു കേൾക്കാത്ത
നിലവിളികൾ ഉണ്ടാകും.

ചിതലുകൾ കാർന്നുതിന്നപ്പോൾ
വേദനയിൽ പുളഞ്ഞ
പ്രണയമുണ്ടാകും.

ഒരിറ്റു കണ്ണുനീരില്ലാതെ
കരഞ്ഞു തീർത്ത
വേദനയും ദു:ഖവുമുണ്ടാകും.

ഓടിത്തളർന്നിട്ട് വീണ്ടുമോടി
ശ്വാസത്തിനായ് നീട്ടിവലിക്കുന്ന
കിതപ്പുകളുണ്ടാകും.

കാണാനാകാത്ത
അറിയാനാകാത്ത ജീവിതം
അതിന്റെ മുകളിൽ
ചിതൽ പണിത ആലയ പുറ്റിനെ
വണങ്ങാം,ആസ്വദിക്കാം.

ചത്തും ചാകാതെ ചത്തും
കരഞ്ഞും തേങ്ങിയും തീർന്ന ജീവിതവും
പ്രണയവും, വേദനകളും
നിലവിളികളും കണ്ട്,
ഒരുനാൾ തുലാമഴ നില്ക്കാതെ പെയ്യും.

ചിതലരിച്ച് ചുറ്റിക്കൂട്ടി
കെട്ടിപ്പൊക്കിയ പുറ്റ്
നിലം പറ്റും,
നിലത്തുനിന്ന് ഉള്ളറകളിലേക്ക് മഴ പടരും.

കെട്ടുറപ്പുള്ള സുരക്ഷിത
അറകളെന്ന് കരുതിയവപോലും
വർഷത്തിന്റെ
അഗ്നിശാപമേറ്റപോലെ തകർന്നുവീഴും.

ചിതലുകൾ ജീവനായ് കേഴും
ചിലവ ജീവിക്കും ചിലത് ചത്തുപോകും.

പാട്ടപ്പിരിവില്ലാതെ കെട്ടിപ്പൊക്കിയ
ആലയം പാടെ നശിച്ചു പോകുന്നത്
ആ ചിതലുകൾക്ക്
ഒരുമാറ്റവും വരുത്തില്ല,
അവ അടുത്ത പുറ്റിന്റെ പൂർണ്ണതയ്ക്ക്
മറ്റൊരുജീവിതത്തെ കാർന്നുതുടങ്ങും.

പത്തനംതിട്ട ജില്ലയിൽ റാന്നി സ്വദേശി. ഒരു ആയുർവ്വേദ സ്ഥാപനത്തിൽ ഓഫീസ് ജോലി ചെയ്യുന്നു .