ചിത്രശലഭങ്ങളെ അണിഞ്ഞ പെൺകുട്ടി

അമ്മയുടെ കൈ വിട്ട്
ഇരുട്ടിൽ
തനിച്ച്
ഒരു പെൺകുട്ടി.

നിലാവ് കാണിച്ചു കൊടുത്ത വഴിയിലൂടെ
അവൾ….

കുട്ടിയെ
കാണാതെ
ആധിയുടെ സമുദ്രം നിറച്ചു
അമ്മയുടെ കണ്ണുകൾ

നിലാവ് കെട്ടുപോയ….
ദൈവങ്ങൾ
ഉറങ്ങിപ്പോയ
രാത്രിയിൽ
മിന്നാമിനുങ്ങിനെ
കാട്ടിത്തരാം
എന്ന് പറഞ്ഞ
ആൾക്കൊപ്പം
അവൾ….

അവളെ…
ശലഭങ്ങൾ
പൊതിഞ്ഞ നിലയിൽ
അവൾ എപ്പോഴും
കൊണ്ടുപോകണം എന്ന്
പറയാറുള്ള
പൂന്തോട്ടത്തിൽ…

അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട
പരിജാതത്തിന്റെ
ചോട്ടിൽ നിന്ന്
പുലർച്ചെ
കണ്ട് കിട്ടി.

കോട്ടയം സ്വദേശി. ഇപ്പോൾ കാസറഗോഡ് താമസം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം, എംഫിൽ. ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തക. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു.