ചാലിയാർ

ഓളങ്ങൾ കുസൃതികാട്ടി;
ഞങ്ങളൊരേ തോണിയിലിരുന്നു
പ്രതിബിംബങ്ങളിലേക്കു നോക്കി!

കൈയിലവൾ
കോരിയെടുത്ത വെള്ളത്തിൽ
ഒരാകാശം നനഞ്ഞു.

ഇനിയീ കടവിനപ്പുറം
നമ്മൾ ഇരുവഴിക്കാണെന്നു
ആകാശമറിഞ്ഞുവോ!

പിരിയുകയെന്നത്
നാളെ
കാണാതിരിക്കുകയെന്നാണെന്ന്
അവളപ്പോൾ

കണ്ണിൽ
ചാലിയാറിനെ നിറച്ചു!
പങ്കായം
നദിയിൽ
ഓളങ്ങളുണ്ടാക്കി
എന്നേയും
അവളേയും
മായ്ച്ചുകളഞ്ഞു!

ഞാനവളോടൊട്ടിയിരുന്നു.
നനുനനുത്ത
അവളുടെ
കൈവിരൽത്തുമ്പിലെ
പ്രണയകവിതയിൽ
അവസാനമായി
തൊട്ടു!

ഇനി വേണ്ടെന്ന്
കൈ വലിച്ച്
അവൾ
അക്കരയിലെ
പുകക്കുഴലിലേക്കു
യാന്ത്രികമായി നോക്കി!

നദിയിൽ വീണ കവിത
ജലാശയത്തിൽ മുങ്ങി!

കുഞ്ഞോളങ്ങളിൽ
കാറ്റൂതുമ്പോളൊക്കെയും
നമ്മളുമ്മവച്ചിരുന്നുവെന്ന്
ഞാനവസനമായി പറഞ്ഞു!

ഇല്ല, എല്ലാം
വെറും നേരമ്പോക്കുകളായിരുന്നെന്ന്
അവളും!

ഓളങ്ങളുടെ
എണ്ണമറ്റയുമ്മകളേറ്റുവാങ്ങി
തോണി നനഞ്ഞു;

അവളുടെ കവിളുകൾപോലെ
അവൾക്കു ഞാൻ
മൂന്നു
ചെമന്ന റോസാപ്പൂക്കൾ
നൽകി!

ചാലിയാർ
പിന്നെയുമൊഴുകി;
നമുക്കിടയിൽ,
നദിക്കിടയിൽ
പാലം വന്നു.

നദിയെ
കൈകളിൽ
കോരിയെടുക്കാൻ
കിട്ടാതായി;

ആകാശം
തനിച്ചായി!

പ്രണയദിനത്തിൽമാത്രമിപ്പോളും
ആ നനഞ്ഞ കവിതയെന്നിൽ
ഓളങ്ങളാകുന്നുണ്ട്!

വയനാട്ടിലെ കല്പറ്റ സ്വദേശിയാണ്. ഇപ്പോൾ സർക്കാർസ്ഥാപനമായ മലബാർസിമന്റ്സിൽ പ്ലാന്റ് എഞ്ചിനിയറായി ജോലിചെയ്യുന്നു. എറണാകുളത്ത് താമസിക്കുന്നു. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും കഥകളുമായി എഴുത്തിൽ സജീവം