ഓർമ്മകൾക്ക് പണ്ട് ഒരു ഒഴുക്കുണ്ടായിരുന്നു. ഇന്ന് അത് എവിടെയൊക്കെയോ തളംകെട്ടി കിടക്കുന്നു.
പണ്ട് ഓർമ്മകൾ സ്ഫടികശുദ്ധമായിരുന്നു.
ഇപ്പോൾ ആകെ കലങ്ങി മറിഞ്ഞ് വറ്റാൻ തുടങ്ങിയിരിക്കുന്നു.
ഒരു പുരുഷായുസ്സ് മുഴുവൻ കലാലോകത്തിന്റെ ഇടനാഴികളിൽ ഉഴിഞ്ഞ് വച്ചിട്ടും ഒന്നുമാകാൻ കഴിയാതെ പോയ നിരവധി പേരിൽ ഒരാളാണ് ഞാനും.
നഷ്ടങ്ങളുടെ കണക്കെടുക്കണമെങ്കിൽ ഇനിയും ഒരു ജൻമം വേണം.
ഓടിത്തളർന്ന മൃഗത്തിനെ ആക്രമിക്കാൻ പതിയിരിക്കുന്ന കഴുതപ്പുലികളെപ്പോലെ ചില രോഗങ്ങളും എന്നെ നോട്ടമിട്ടിട്ടുണ്ട്, ചിലത് ആക്രമിച്ച് തുടങ്ങി. കൂട്ടത്തിൽ മറവിരോഗം എന്ന മായാരോഗവും പ്രണയിച്ചു തുടങ്ങി. മറ്റുള്ളവരോട് എങ്ങനെയാണെന്നറിയില്ല, എന്നോട് ഈ രോഗത്തിന് ഒരു പക്ഷഭേദമുണ്ട്. കൂട്ടത്തിൽ നല്ല ഓർമ്മകളെയാണ് മയിൽപ്പീലികൊണ്ടെന്ന പോലെ മായ്ച്ച് കളയുന്നത്. മുള്ളും മുനയും കയ്പ്പും കണ്ണീരുമൊക്കെയുള്ളവയെ ബാക്കി വച്ചിട്ടുണ്ട്.
അത് എന്തിനാണാവോ?
മയിൽപ്പീലി എല്ലാം മായ്ച്ച് കളയുന്നതിന് മുൻപ് ബാക്കി ചിലത് കുറിച്ച് വയ്ക്കണം. വാർദ്ധക്യത്തിന്റെ അവസാന നാളുകളിൽ (അതുവരെ വണ്ടി ഓടുമോന്നറിയില്ല) വെറുതെ ഒന്ന് മറിച്ചുനോക്കി ആ കാലങ്ങളിലൂടെ ഒരു വട്ടം കൂടി മനസ്സിനെ മേയാൻ വിടാൻ കഴിഞ്ഞാലോ?
ചായം തേച്ചതും അല്ലാത്തതുമായ എത്രയെത്ര മുഖങ്ങൾ !?
കൂട്ടെന്ന് നടിച്ച് കൂടെ നടന്ന് കുതികാൽ വെട്ടിയവർ എത്ര?
പ്രണയിച്ചും ശപിച്ചും വഞ്ചിച്ചും കടന്നുപോയ സുന്ദരിമാരൊക്കെ എവിടെയാണ്?
അഭംഗുരം അപവാദങ്ങൾ പ്രചരിപ്പിച്ചവർക്കൊക്കെ സുഖമാണോ?
ക്യാമറയുമായി അലഞ്ഞ ഭൂമികകൾ ഇപ്പോഴും അവിടെയൊക്കെ തന്നെ ഉണ്ടോ?
ഏല്ലാം ഒരു നിശ്ചലചിത്രം പോലെ തെളിഞ്ഞു വരുന്നു. Freeze Frame പോലെ…
അതിൽ കണ്ണും നട്ടിരുന്നാൽ അവ ചലിക്കാൻ തുടങ്ങും.
മനസ്സിന്റെ തിരശ്ശിലയിൽ ഒരു സിനിമ പോലെ…
ഓർമ്മകളിലൂടെ ആ കാലങ്ങളിലേയ്ക്ക് ഒന്ന് കൂടി പോണം. എല്ലാം നഷ്ടപ്പെട്ടവർക്കും വേണമല്ലോ എന്തെങ്കിലും!
അതാണ് ഓർമ്മകൾ…
ഹൃദയരക്തത്തിന്റെ കറപുരണ്ട, തോറ്റവന്റെ സുവിശേഷം- ഓർമ്മക്കഥകൾ.
സതീഷ് അനന്തപുരി എഴുതുന്ന ദ്വൈവാര പംക്തി.
ചലിക്കാത്ത ചലച്ചിത്രങ്ങൾ !