സി ഗണേഷിന്‍റെ പുതിയ കഥാസമാഹാരമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ചങ്ങാതിപ്പിണര്‍. വിവിധ ആനുകാലികങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച പതിനൊന്ന് ചെറുകഥകളാണ് പുസ്തകത്തിലുള്ളത്. ആഖ്യാനത്തിലെ മികവും പ്രമേയങ്ങളുടെ പ്രത്യേകതയും കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ പോന്ന കഥകളാണിവ.
ഒരു കൈയില്‍ സായിപ്പിന്‍റെ തലയോട്ടിയും നാവില്‍ തത്തിക്കളിക്കാന്‍ പദങ്ങളുമായി പാസഞ്ചര്‍ തീവണ്ടിയില്‍ മാന്ത്രികവേലകള്‍ കാട്ടി ഉപജീവനത്തിനു വഴിതേടുന്ന മൂന്നാം ലോകരാജ്യത്തെ ഒരു പൗരനെ ചിത്രീകരിക്കുന്നുണ്ട് സി.ഗണേഷ് ‘അടിമമാതാ’ എന്ന കഥയില്‍. അധിനിവേശത്തിന്‍റെയും ഇടതു തീവ്രവാദരാഷ്ട്രീയത്തിന്‍റെയും ഉപോത്പന്നമായാണ് ‘സായിപ്പിന്‍റെ തലയോട്ടി’ എന്ന രൂപകം കഥയില്‍ കടന്നു വരുന്നത്. ദാരിദ്ര്യത്തില്‍ ആഴ്ന്നുപോയ ഒരു തറവാട്ടിലെ പിന്‍മുറക്കാരന് ഭാഗം കിട്ടിയ ഭൂമിയില്‍ നിന്നാണ് സായിപ്പിന്‍റെ തലയോട്ടി ലഭിച്ചത്. എളമ്പുലാശ്ശേരി എന്ന നെയ്ത്തു ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നെത്തി, ഗ്രാമീണര്‍ക്ക് പൈതൃക സ്വത്തായി ലഭിച്ച നെയ്ത്തു വിദ്യയെ ചുളുവില്‍ സ്വായത്തമാക്കി ബിലാത്തിയില്‍ തുണി വ്യവസായമാരംഭിച്ച ഗജപോക്കിരിയായിരുന്നുവത്രേ സായിപ്പ്. അയാള്‍ പിന്നീട് കുത്തക വ്യവസായിയായി. ഒടുവില്‍ കുറ്റബോധം തോന്നി എളുമ്പുലാശ്ശേരിയില്‍ തിരിച്ചെത്തി ഒരു വ്യവസായ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിട്ടു. നിഷ്കളങ്കരായ ജനങ്ങള്‍ അയാളെ ആദരവോടെ സ്വീകരിച്ചു. സായിപ്പിന് താമസിക്കാന്‍ പൂവുള്ളിമനയും നല്‍കി. ഒരു നക്സല്‍ കാലരാത്രിയില്‍ അജ്ഞാതരായ ചെറുപ്പക്കാരാല്‍ സായിപ്പിന്‍റെ തല അരിഞ്ഞു വീഴ്ത്തപ്പെട്ടു. സായിപ്പിനെ അടക്കിയ ഗോവിന്ദ മന്നാടിയാരുടെ ശ്മശാനം പലതാവഴി മറിഞ്ഞ് ഭാഗം വെച്ച് കൈവശം വന്നുചേര്‍ന്നത്രേ. അവിടെ സായിപ്പിന്‍റെ തലയോട്ടിയുണ്ടെന്നും അത് കൈവശപ്പെടുത്തണമെന്നും മുതുമുത്തശ്ശന്മാര്‍ സ്വപ്നത്തിലൂടെ അയാളോടു കല്പിക്കുകയായിരുന്നു. അതു സ്വന്തമാക്കി മാന്ത്രിക വേലകള്‍കാട്ടി ഉപജീവനം നടത്താന്‍ ശ്രമിച്ചതിന്‍റെ ചരിത്രം കഥയിലിങ്ങനെ വിസ്തരിക്കുന്നുണ്ട്.
ഗണേഷിന്‍റെ കഥകളുടെ സഞ്ചാരവഴികള്‍ ഇങ്ങനെയാണ്. ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും വര്‍ത്തമാനത്തിന്‍റെ നിസ്സഹായതയിലേക്കും അവ നമ്മെ പേടിസ്വപ്നത്തിലേക്കെന്ന പോലെ കൂട്ടിക്കൊണ്ടുപോവുന്നു. കൊളോണില്‍ അധിനിവേശം സൃഷ്ടിച്ച ചതികളുടെയും അപഹരണങ്ങളുടെയും കാലശേഷം തീവ്രവാദ രാഷ്ട്രീയത്തിന്‍റെ തലയറുക്കലുകള്‍ക്കും ശേഷം മൂന്നാം ലോകജനതയുടെ ഗതികെട്ട ജീവിതത്തെ അതിന്‍റെ അധോതലങ്ങളില്‍ നിന്ന് നോക്കിക്കാണുകയാണ് കഥാകാരന്‍. മൂന്ന് മൂന്നില്‍ അവസാനിക്കുന്ന പാസഞ്ചര്‍ തീവണ്ടി എന്നത് മൂന്നാം ലോകജനതയുടെ നിസ്സംഗതയെ പ്രതിഫലിപ്പിക്കുന്ന ഒരു രൂപകമായിത്തീരുന്നുണ്ട്. അതിവേഗതയുടെ സൂപ്പര്‍ഹൈവേകളും എക്സ്പ്രസ്സുകളും മിന്നല്‍പ്രഭയുടെ ലോകം തീര്‍ക്കുമ്പോള്‍ അതേ പാളങ്ങളിലൂടെ പതിവായി വൈകിയോടുന്ന മലീമസമായ പാസഞ്ചര്‍ വണ്ടി, എന്നത് കോളനിയാനന്തര മൂന്നാം ലോകജനതയുടെ ജീവിതാവസ്ഥകളെ സൂക്ഷ്മമായി വ്യഞ്ജിപ്പിക്കാന്‍ പര്യാപ്തമാവുന്നുണ്ട്. തിരയടങ്ങിയ കടലിലൂടെയുള്ള ഏകാന്തനാവികന്‍റെ സഞ്ചാരങ്ങളല്ല ഗണേഷിന്‍റെ കഥകള്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ ജനസഞ്ചയങ്ങളെ തന്‍റെ കഥാലോകത്തേക്ക് എപ്പോഴും അണി ചേര്‍ക്കുന്നു. അവരുടെ നിസ്സംഗതയും വേദനകളും നേരംകൊല്ലി വര്‍ത്തമാനങ്ങളും നിറയ്ക്കുന്നു. അടിമമാതായിലെ പാസഞ്ചര്‍ വണ്ടിയില്‍ അത്തരം ഒരു ജനക്കൂട്ടത്തെ കാണാം. ഇന്ദ്രജാലക്കാരനും ലോട്ടറി വില്പനക്കാരനും ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആതുരാലയങ്ങളിലേക്ക് യാത്രചെയ്യുന്ന രോഗികളും, പൊങ്ങച്ചങ്ങള്‍ വിളമ്പുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവിടെയുണ്ട്. അവര്‍ പക്ഷേ, മൂന്നാം ലോകജനതയുടെ നിസ്സംഗതയുടെ പ്രതീകമാവുന്നു. അവര്‍ക്കു മുന്നില്‍ സായിപ്പിന്‍റെ തലയോട്ടി കൊണ്ടുള്ള ജാലവിദ്യക്കാരന്‍റെ കസര്‍ത്തുകളൊന്നും വിലപ്പോവുന്നില്ല ആരുടേയും ശദ്ധ തന്നിലേക്കാകര്‍ഷിക്കാനാവാതെ വരുമ്പോള്‍ വ്യര്‍ത്ഥമാംസങ്ങളുടെ തീവണ്ടിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് ജാലവിദ്യക്കാരന്‍. ഒടുവില്‍ തന്‍റെ മുഖത്തിനു നേരെപിടിച്ച തലയോട്ടിയുടെ കീഴ്ത്താടി അനങ്ങിത്തുടങ്ങുന്നത് അയാള്‍ ആശ്വാസത്തോടെ കാണുന്നു. ‘ഇപ്പോള്‍ അവന്‍ പറയും ഞാന്‍ അനുസരിക്കും’ എന്ന വിധേയത്വത്തിന്‍റെ മാന്ത്രികറിയലിസം സൃഷ്ടിച്ചു കൊണ്ട് അവസാനിക്കുന്ന കഥ വായനക്കാരന്‍റെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കിയേക്കാം. കൊളോണിയലിസവും വിമോചനരാഷ്ട്രീയവും ബാക്കിവെച്ച തലയോട്ടികള്‍ നമ്മെ എങ്ങനെയൊക്കെ വേട്ടയാടുന്നു, ഉറക്കം കെടുത്തുന്നു എന്ന ബോധത്തിലേക്കു കണ്‍തുറപ്പിക്കുന്നുണ്ട് ഈ കഥ. റിയലിസത്തിന്‍റെയും മാജിക്കല്‍ റിയലിസത്തിന്‍റെയും കറുത്ത ഹാസ്യത്തിന്‍റെയും ആഖ്യാനവൈവിധ്യങ്ങളാല്‍ സമൃദ്ധമായ ഈ കഥ ഒരേസമയം ചരിത്രവും രാഷ്ട്രീയവും ജനതയുടെ അബോധവും ഉള്ളിണക്കിയിരിക്കുന്നതിലൂടെ ബഹുഭാഷകത്വത്തിലേക്ക് പടര്‍ന്നേറുന്നതു കാണാം.
ഇരുട്ടുകൊണ്ട് വെളിച്ചത്തെ എഴുതുന്ന കഥകളാണ് ഗണേഷിന്‍റേത് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കവര്‍ച്ചക്കാരും ക്വട്ടേഷന്‍ ഗുണ്ടകളും പിടികിട്ടാ കുറ്റവാളികളും ഒക്കെയടങ്ങുന്ന അധോലോകങ്ങളെ ഏറെ കഥകളില്‍ അഭിമുഖീകരിക്കുന്നുണ്ട് ഈ കഥാകാരന്‍, ‘വാളെടുത്തവര്‍’ അസാധാരണമായ ഒരു അധോലോകകഥയാണ്. കഠിനഹൃദയരും കൊടുംകുറ്റവാളികളുമായവരുടെ ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍, ആര്‍ദ്രതയുടെ ആസ്വാദനത്തിന്‍റെ, സൗന്ദര്യത്തിന്‍റെ വെളിച്ചം പരക്കുന്നതിന്‍റെ കഥയാണിത്. കേരളത്തിന്‍റെ അധോലോകഭൂപടം തന്നെ ഇതില്‍ വരച്ചിടുന്നു എന്നതും ഈ കഥയെ ശ്രദ്ധേയമാക്കുന്നു. കന്യാകുമാരിയില്‍ നിന്നാണ് കത്തി ഷാജിയുടെ ആഡംബരവാഹനം പുറപ്പെട്ടത്. ഓരോ സ്ഥലത്തുനിന്നും അധോലോക കുറ്റവാളികള്‍ അതില്‍ കയറുന്നു. കത്തിഷാജി വിളിച്ചതുകൊണ്ട് സ്നേഹം കരുതി എങ്ങോട്ടെന്നറിയില്ലെങ്കിലും അവര്‍ കാത്തുനിന്ന് വാഹനത്തില്‍ കയറുന്നു. സ്റ്റാച്യുവില്‍ നിന്ന് കമ്പിപ്പാരരവി, കൊല്ലത്തുനിന്നു കൊല്ലാക്കൊലനസീര്‍, കോട്ടയത്തു നിന്ന് വ്യാജമദ്യറാണി ഫാത്തിമാബീഗം, ആലപ്പുഴ നിന്ന് ബ്ലേഡ്മത്തായി, ചാലക്കുടിയില്‍ നിന്ന് ക്വട്ടേഷന്‍ജാക്കി, തൃശ്ശൂരില്‍ നിന്ന് ചങ്ങലഈനാശു, പാലക്കാട് നിന്ന് തൊരപ്പന്‍മണി, മലപ്പുറത്തുനിന്ന് ബോംബ് ഇബ്രാഹിം, കോഴിക്കോട് നിന്ന് പാമ്പ് രാജു, കണ്ണൂരില്‍ നിന്ന് ആക്സില്‍ പത്രോസ്, കാസര്‍കോട് നിന്ന് പന്തംകൊളുത്തി ഇയ്യുണ്ണി എന്നീ അധോലോക ഗുണ്ടകള്‍ കയറുന്ന വാഹനം കേരളത്തിന്‍റെ ഭൂപടത്തിന് വെളിയില്‍ ഒരു പൂന്തോട്ടത്തിലാണ് ചെന്നു നില്‍ക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം ക്വട്ടേഷന്‍ ഗുണ്ടായിസമായിത്തീര്‍ന്ന സമകാലത്തിന്‍റെ രാഷ്ട്രീയ അലിഗറിയായും ഈ കഥയെ വായിക്കാം. പൂന്തോട്ടത്തിലിറങ്ങി പൂക്കള്‍ കാണുകയും അത് പറിച്ചെടുത്ത് പരസ്പരം കൈമാറുകയും അതിന്‍റെ മൃദുലതയെ, സൗരഭ്യത്തെ സ്വന്തമാക്കി അവര്‍ തിരികെ പോവുന്നതുമാണ് കഥയുടെ പര്യവസാനം. തിരികെ പോവുമ്പോള്‍ ഓരോരുത്തരുടെ കൈയിലും ഓരോ പൂക്കളുണ്ടായിരുന്നു. അവര്‍ പറിച്ചെടുത്ത് ഓമനിച്ച പൂക്കള്‍ ഭദ്രമായി ഒരിടത്ത് നിക്ഷേപിക്കുന്നതായി കഥയുടെ ഒടുവില്‍ പറയുന്നു. കലുഷകാലത്തിന്‍റെ നൃശംസതകള്‍ക്ക് സൗന്ദര്യത്തിന്‍റെ ചികിത്സാവിധിയാണ് വാളെടുത്തവരിലൂടെ കഥാകാരന്‍ നിര്‍ദ്ദേശിക്കുന്നത്. ആയുധത്തഴമ്പുകളില്‍ പൂവിന്‍റെ സ്പര്‍ശമേല്‍ക്കുമ്പോള്‍, കാരുണ്യത്തിന്‍റെയും അനുകമ്പയുടെയും വെളിച്ചത്തിലേക്കുണരുന്നു. സൗന്ദര്യാത്മക ചിന്തയിലൂടെയാണ് നരവംശം പരിണമിച്ചെത്തിയതെന്ന് മനുഷ്യത്വം മറന്ന കാലത്തെ കഥാകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. ആശാനുശേഷം പൂവ് എന്ന പ്രതീകം ഒരു തിരിച്ചറിവിന്‍റെ ബിംബമായിത്തീരുന്നത് ഒരു പക്ഷേ ഈ കഥയിലാണെന്നു കാണാം.
അധ്വാനവര്‍ഗ്ഗവും മധ്യവര്‍ഗ്ഗവും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ തീപ്പൊരികള്‍ അഗ്നിയായി പടരുന്നതാണ് ‘ചങ്ങാതിപ്പിണര്‍’ എന്നകഥയില്‍ കാണുന്നത്. ഓര്‍മ്മകളുടെ ചരിത്രത്തില്‍ നൊമ്പരത്തിന്‍റെയും കയ്പിന്‍റെയും പിന്‍തിരകള്‍ വന്നുമൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ കഥാകാരന്‍ കാണിച്ചുതരുന്നു. ഇങ്ങനെ വര്‍ത്തമാനത്തിന്‍റെയും ചരിത്രത്തിന്‍റെയും വിചാരണകളും വിചാരങ്ങളുമാണ്. സി.ഗണേഷിന്‍റെ കഥകളിലുള്ളത്. കാഴ്ചകളുടെയും അനുഭവങ്ങളുടെയും വൈവിധ്യമാണ് ആ കഥകളുടെ കരുത്തും കാതലും. ഇവിടെ കഥ ഒരു കാര്‍ണിവല്‍ ആയി മാറുന്നു. നമ്പ്യാരുടെ ഹംസം ആകാശമാര്‍ഗ്ഗേ പോകുമ്പോള്‍ ഗ്രാമവീഥികളിലും വീട്ടകങ്ങളിലും നഗരങ്ങളിലും തിളച്ചുമറിയുന്ന ജീവിതങ്ങളെയും അതിന്‍റെ അസംബന്ധങ്ങളെയും കാണുന്നതുപോലെ കാഴ്ചകളുടെ ഉത്സവമാണ് ഗണേഷും തന്‍റെ കഥകളില്‍ ഒരുക്കിവച്ചിരിക്കുന്നത്. ഗണേഷ് നിവര്‍ത്തിയിടുന്ന ജനജീവിതത്തിന്‍റെ ഭൂപടങ്ങളില്‍ നിന്ന് ചരിത്രവും രാഷ്ട്രീയയവും കയ്പുനിറയ്ക്കുന്ന അനുഭവങ്ങളായി മാറുന്നു. മൂന്നാം ലോകജനതയുടെ ഭാഗധേയം ഇത്രമേല്‍ സൂക്ഷ്മതയോടെ ആവാഹിക്കുന്ന കഥകള്‍ സമകാലമലയാളകഥയില്‍ വിരളമത്രേ.
ചങ്ങാതിപ്പിണര്‍ എന്ന ഈ സമാഹാരത്തെക്കുറിച്ച് പ്രമുഖ നിരൂപകനായ പി കെ രാജശേഖരന്‍റെ അഭിപ്രായം പങ്കുവച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. കഥയുടെ ഫിക്ഷനാലിറ്റിയെപ്പറ്റി സമ്പൂര്‍ണ ബോധം പ്രകടിപ്പിക്കുന്ന ചങ്ങാതിമാരും പേടിപ്പിക്കുന്ന ഇരട്ടപ്പേരുള്ള ഗുണ്ടകളും കുട്ടിക്ക് പേരിടാന്‍ സുഹൃദ് സമ്മേളനം വിളിച്ചുകൂട്ടുന്ന മിശ്രവിവാഹിത ദമ്പതിമാരും കാണികളില്ലാതെ പരാജയപ്പെടുന്ന മാജിക്കുകാരനും അനുകരണത്തിലൂടെ മാത്രം ജീവിക്കുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളും ആരോഗ്യസംരക്ഷണത്തിന്‍റെ പേരിലുള്ള ഭക്ഷണ വിലക്കുകളാല്‍ കൊതിക്കും രുചി മോഹത്തിനും ഇരയായിത്തീരുന്നവരും ഒക്കെ നിറഞ്ഞ നിത്യജീവിതലോകം.