പ്രണയമൂരിയെടുത്താൽ
ജീവിതം
കെട്ടുപോകുമെന്ന്
പറഞ്ഞവനെ
അവൾ
മുക്കിയത്
പഴച്ചാറിൽ
രാസപദാർത്ഥം
കലക്കിയാണ്.
ഒക്ടോബർവിപ്ലവത്തിന്റെ
ഓർമ്മ മായുംമുന്നേ
അവൾ
കൃത്യം പൂർത്തിയാക്കി,
വാതിലടച്ചിരുന്നു.
നവംബറിന്റെ
നനുനനുത്ത
പ്രഭാതങ്ങളിൽ
അവളുടെ കൈപിടിച്ച്
നടക്കുന്നത്
സ്വപ്നംകണ്ട്
അവൻ കരളുരുകി,
തൊണ്ടപഴുത്ത്
ആമാശയത്തിനു
തീപിടിച്ച്
നിശ്ചലമാകുമ്പോളും
ഹൃദയമവൾക്കായി
ബാക്കിവച്ചിരുന്നു,
നിറഞ്ഞുതൂകുന്ന
ചെമന്നുപോയ
പ്രണയപ്പൂക്കളാൽ
കാലമിങ്ങനെയൊക്കെയാണെന്ന്
ഇനിയാരാണ്
അവന്റെ
ശവക്കല്ലറയിൽ
എഴുതിവയ്ക്കുക!
ഇനിയേതു
ഗ്രീഷ്മാസവത്താലായിരിക്കുമവൾ
ജീവിതം പകുക്കുന്നത്!