ഗോ കൊറോണ ഗോ

മണി 1:30 കഴിഞ്ഞു. കാത്തു ചുവരിലെ ക്ലോക്കിൽ നോക്കി. പിന്നെ ഫ്ലാറ്റിലെ ജനാലയിൽ കൂടി ദൂരെ റോഡിലേക്ക് നോക്കി. കാത്തുന്റെ ഫ്ലാറ്റിൽ നിന്നാൽ എൻട്രൻസ് കണ്ടൂടാ. എന്നാലും അവൾ എത്തി നോക്കി,

‘സ്വിഗി മാമന്റെ സ്കൂട്ടർ വരുന്നോ.?

ബിന്ദുവമ്മ വർക്ക്‌ അറ്റ് ഹോം ആയതു കൊണ്ട് റൂമിൽ ലാപ്ടോപ്പിൽ ആണ്. വിശക്കുന്നു എന്നു കാത്തു രണ്ടു തവണ പറഞ്ഞപ്പോൾ ആണ് ‘സ്വിഗി’യിൽ ബിരിയാണി ഓർഡർ ചെയ്തത്. ഈ വർക്ക്‌ അറ്റ് ഹോം കാർക്ക് വിശക്കൂലേ. അച്ഛനും വർക്ക്‌ അറ്റ് ഹോം ആണ്. പക്ഷേ റൂം ലോക്ക്ഡ് ആണ്.ഏതേലും നേരത്തു ഒന്ന് ഹാളിൽ വന്നാൽ ആയി. ബ്യൂട്ടി പാർലർ ഇല്ലാത്ത കാരണം അമ്മേം അച്ഛനും ഒരു കോലം ആയി.

കാളിങ് ബെൽ ശബ്ദം കേട്ട് കാത്തു ഓടി ചെന്നു വാതിൽ തുറന്നു. രണ്ടു പാക്കറ്റ് ബിരിയാണി അവളെ ഏൽപ്പിച്ചു. മാമൻ ചിരിച്ചോ.?! അതും അറിയാൻ പറ്റൂല ഈ മാസ്ക് കാരണം. എന്തായാലും ഞാൻ ചിരിച്ചു. എനിക്ക് ഒരു പാക്കറ്റ് ബിരിയാണി. അപ്പൊ അച്ഛനും അമ്മയ്ക്കും കൂടി ഒരെണ്ണം മതിയോ.? കാത്തൂന് സംശയം ആയി. ആരോട് ചോദിക്കും. രണ്ടു പ്രാവശ്യം റൂമിൽ കേറിയത്‌ തന്നെ അമ്മയ്ക്ക് ഇഷ്ടമായിട്ടില്ല. ഇനിയും കേറിയാൽ ഉടൻ തുടങ്ങും.

“കാത്തു ഐ ടോൾഡ് യൂ ഡോണ്ട് ഡിസ്റ്റർബ്ഡ് മി” പിന്നെ അമ്മയെ കാണണം; ഭദ്രകാളിടെ രൂപം ആകും, എന്തിനാ വെറുതെ.

കാത്തു ഒരു പാക്കറ്റ് ബിരിയാണി പൊതി അഴിച്ചു തിന്നാൻ തുടങ്ങി. പുഴുങ്ങിയ മുട്ട ആദ്യം കഴിച്ചു. Zamzam – ലെ ബിരിയാണീടെ ടേസ്റ്റ് ഇല്ല, എന്നാലും ഓക്കേ. മേശപ്പുറത്തു വെള്ളം ഇല്ല. ഫ്രിഡ്ജ് തുറന്നു നോക്കി. അവിടെ അച്ഛന്റെ പെപ്സി ബോട്ടിൽ ഇരിക്കുന്നു. അതു ഒന്ന് ടേസ്റ്റ് ചെയ്യണം എന്നുണ്ട്. പക്ഷേ ചില ദിവസങ്ങളിൽ അച്ഛൻ അതു കുടിച്ചു കഴിഞ്ഞു ഛർദ്ദിക്കാറുണ്ട്, വേണ്ട. കാത്തു കിച്ചണിൽ നോക്കി. അവിടെയും വെള്ളം ഇല്ല. പിന്നെ ടാപ് വാട്ടർ ഒരു ഗ്ലാസ്സ് കുടിച്ചു.

സോഫയിൽ ഇരുന്ന് കാത്തു ആലോചിച്ചു. ‘ഈ കൊറോണ കണ്ടു പിടിച്ചത് ആരാണ്..? എത്ര ദിവസം ആയി സ്കൂളിൽ പോയിട്ട്… അർച്ചയും അപർണ്ണയും മെരീനയും ഒക്കെ കണ്ടിട്ട് എത്ര നാളായി. വാൻ അങ്കിൾ എന്നെ ഓർക്കുന്നുണ്ടോ എന്തോ.? ആലോചിക്കും തോറും കാത്തൂന് സങ്കടം വന്നു. ഈ ഫ്ളാറ്റിന് അകത്ത് ഇരുന്നു മടുത്തു. പാർക്കിൽ പോലും പോയിട്ട് എത്ര നാളായി?. വീക്കെൻഡ് ഔട്ടിങ് ഒക്കെ ഒരു ഓർമ്മ മാത്രം ആയി. അമ്മൂമ്മേടെ വീട്ടിൽ പോലും പോകുന്നില്ല. ഓൺലൈൻ ക്ലാസ്സ്‌ ആദ്യമൊക്കെ ഇഷ്ടം ആയിരുന്നു. എന്നാലും സ്കൂൾ തന്നെ കൊള്ളാം. ബിന്ദു മിസ്സിന്റെ മാത്‍സ് ക്ലാസ്സ്‌ എന്ത് രസം ആണ്. ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല എന്നു മാം നു വേഗം മനസ്സിലാകും. പിന്നെ മാം അടുത്തൂടെ നടന്നു തലയിൽ വെറുതെ തലോടും. എന്ത് സുഖം ആണ്. ഇംഗ്ലീഷ് സരിത മിസ് ആണ്. അവരുടെ ചുരിദാറിന്റെ ഷാൾ എന്ത് രസം ആണ്. ഉണ്ടക്കണ്ണി എന്നാ മിസ്സിനെ അപർണ വിളിക്കുന്നെ (കേൾക്കാതെ ആണ് കേട്ടോ). കാത്തൂന് എല്ലാ മിസ്സ്‌ മാരേം ഇഷ്ടാണ്. ഇനി എന്നാണ് എല്ലാരേം കാണാൻ പറ്റുന്നെ. ഓർക്കുന്തോറും കാത്തൂന് സങ്കടം കൂടിക്കൂടി വന്നു. അപർണയുടെ ലഞ്ച് ബോക്സ്‌ ശരിക്കും മിസ് ചെയ്യുന്നുണ്ട്. എന്തോരം സാധനങ്ങൾ അവളുടെ അമ്മയ്ക്ക് ഉണ്ടാക്കാൻ അറിയാം?!. ഇലയട, തീരളി, കൊഴുക്കട്ട… അതൊക്കെ ആണ് അവളുടെ സ്നാക്ക്സ്. എനിക്കോ ലെയ്സ് കുർകുറെ. ബിന്ദുവമ്മയോട് ഇതൊക്കെ പറഞ്ഞാൽ വല്ലപ്പോഴും സുപ്രീം ബേക്കറിയിൽ നിന്നും വാങ്ങി തരും. “എനിക്ക് വയ്യ നിന്റെ ചെല്ലത്തിനു തുള്ളാൻ വേറെ ആളെ നോക്ക്” എന്നു പറയും. സ്കൂളിലെ ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് സംസാരിച്ചാലേ ഒരു രസം ഉള്ളൂ. ഇതു നാലു ചുമരിനുള്ളിൽ ആയി ജീവിതം. മടുത്തു ശെരിക്കും കാത്തൂന് മടുത്തു. ഗോ കൊറോണ ഗോ.

കാത്തു പതുക്കെ അമ്മേടെ റൂമിൽ കേറി. അമ്മ ഉറങ്ങുന്നു. ലാപ്ടോപ് അടച്ചു വച്ചിട്ടുണ്ട്. കാത്തു പതുകെ നടന്നു. ഡ്രെസ്‌ഡിങ് ടേബിലിൽ നോക്കി. അമ്മേടെ മേക്കപ്പ് കിറ്റ് അവളെ നോക്കി ചിരിച്ചു. ലിപ്സ്റ്റിക് ഒക്കെ പിണങ്ങി കാണും ബിന്ദു അമ്മയോട്. ആഴ്ചയിൽ ഒരു തവണ അമ്മ ബ്യൂട്ടി പാർലറിൽ പോകുന്നതായിരുന്നു. ഇപ്പൊ അവിടെയും അടപ്പാണ്. ആ ആന്റിക്കു വർക്ക്‌ ഫ്രം ഹോം പറ്റൂലല്ലോ. ഓൺലൈനും പറ്റൂല. അവർ എന്ത് ചെയ്യുക ആകും?. അയ്യോ. കാത്തൂന് പിന്നെയും സങ്കടം വന്നു.അവൾ പതുക്കെ അമ്മേടെ അലമാര തുറന്നു. എന്തോരം ഡ്രസ്സ്‌ ആണ്.!! മാസത്തിൽ ഒരു തവണ അമ്മയ്ക്ക് ഷോപ്പിംഗ് ആണ്. ബിഗ്ബസാർ, മാക്സ്, സ്റ്റൈൽപ്ലസ് എന്നേം കൊണ്ട് പോകും. എന്തോരം കുർത്ത ആണ് അമ്മയ്ക്ക്..! ഇപ്പൊ ഏതേലും കുർത്ത ഇടും. മാച്ചിങ് ഒന്നും ഇല്ല. എന്നാൽ ചില ദിവസം നന്നായി ഒരുങ്ങി ലാപ്ടോപ് തുറന്നു ഇരിക്കും. അന്നേരം വീഡിയോകാൾ ചെയ്യുന്ന കാണാം. അപ്പുറത്ത് ആനന്ദ് അങ്കിൾ ആണ്. അങ്കിളും ആയിട്ട് എപ്പോഴും വാട്സ്ആപ്പ് ചാറ്റും ഉണ്ട്. അച്ഛൻ കൂടെക്കൂടെ ആ അങ്കിളിന്റെ പേരും പറഞ്ഞു വഴക്കിടുന്ന കാത്തു കേൾക്കാറുണ്ട്. മെറീന പറയുന്നത് എന്റെ അമ്മ ആനന്ദ് അങ്കിളും ആയി സെറ്റ് ആണെന്ന. ഇപ്പൊ അവർക്കും ഫോണിൽ കൂടി അല്ലേ കാണാൻ പറ്റൂ. കാത്തൂന് വീണ്ടും സങ്കടം വന്നു.

അലമാര അടയ്ക്കാൻ നേരം ആണ് കാത്തു തന്റെ യൂണിഫോം കണ്ടത്. റെഡ് ഹൌസ് ക്യാപ്റ്റൻ ബാഡ്ജ് കിട്ടുന്ന ദിവസം ആണ് ലോക്കഡോൺ ആയത്. എന്തിനു പറയുന്നു ഈ കൊറോണ എല്ലാരേം പറ്റിക്കുവല്ലേ.? ക്ലീനിങ് ചെയ്യാൻ വരുന്ന ആന്റിയെ കണ്ടിട്ടേ ഇല്ല. അവർ ദൂരെ നിന്നാ വരുന്നേ. ബസ് ഇല്ലാത്ത കൊണ്ട് അവർക്ക് വരാൻ പറ്റുന്നില്ല. ബാത്രൂം ഒക്കെ അപ്പടി അഴുക്കായി കിടക്കുവാണ്. അമ്മ കുറച്ചു ലോഷൻ ഒഴിക്കും. അത്രേ അമ്മ ചെയ്യൂ. കൊറോണ എല്ലാം ഓൺലൈൻ ആക്കി. ഓൺലൈൻ സ്കൂൾ.., ഓൺലൈൻ ഫുഡ്‌.!! എന്നു കൊറോണ പോകും.. കാത്തൂന് സങ്കടം സഹിക്കാൻ പറ്റുന്നില്ല. അവൾ പതുക്കെ വീണ്ടും ഹാളിൽ വന്നു. ടീവീടെ റിമോട്ട് തപ്പി ടീവീ ഓൺ ആക്കി. കൊച്ചു ടീവീ കുറച്ചു നേരം കണ്ടു, പിന്നെ കുറച്ചു നേരം കാർട്ടൂൺ ചാനൽ കണ്ടു. .

“മക്കളേ കാത്തുമ്മോ എണീക്ക് നമുക്ക് എണ്ണ തേച്ചു കുളിക്കാം” അമ്മൂമ്മേടെ വിളി.

“സന്ധ്യയായി…. അമ്പലത്തിൽ പോകാം…. എണീക്ക് മക്കളേ” കാത്തു ഞെട്ടി ഉണർന്നു.

റൂമിൽ ഒട്ടും വെളിച്ചം ഇല്ല. കാത്തു ക്ലോക്കിൽ നോക്കി , ആറര.

“അമ്മൂമ്മ എവിടെ..? കാണുന്നില്ലല്ലോ..!!” കാത്തു പതുക്കെ എണീറ്റ് എല്ലായിടവും നോക്കി.

പെട്ടന്ന് അവൾക്ക് സ്ഥലകാലബോധം വന്നു. “അമ്മൂമ്മ എങ്ങനെ വരാൻ ആണ്. കൊറോണ അല്ലേ.?”

കാത്തൂന് പിന്നേം സങ്കടം വന്നു. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു..

“ഗോ കൊറോണ…. ഗോ”.

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി. പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കഥകൾ എഴുതുന്നു.