ഭൂമിയിൽനിന്ന്
ഏതോ വിദൂരഗ്രഹത്തിലേക്ക് ഒരു വാർത്ത.
പ്രകാശവർഷങ്ങളെ
നിമിഷത്തോളം ചെറുതാക്കി അത് പാഞ്ഞു.
‘അന്യഗ്രഹത്തിൽ ജീവൻ’ എന്ന് തലവാചകം.
ഭൂമി അവർക്ക് അതാണല്ലാ.
ആദ്യ ഖണ്ഡിക മനുഷ്യരെക്കുറിച്ച് കുറിച്ച് ….,
‘മുഖത്ത് ചലിക്കുന്ന രണ്ട് ഗോളങ്ങൾ ഉള്ള,
കാറ്റ് എടുത്തുവിടുന്ന രണ്ട് ദ്വാരങ്ങൾ ഉള്ള
വിചിത്രരൂപികൾ’
‘തുറന്നടയുന്ന ഒരു ഗുഹ,
മുഖത്തെ വിചിത്രമാക്കുന്നു.
ഗുഹയിൽ ഉരഗത്തിന്റെ തല പോലെ
എന്തോ.
അതിൽ നിറയെ വിഷം’
‘സ്വന്തം വൈരൂപ്യം അറിയാതെ
ഇവർ സൗന്ദര്യ മത്സരം നടത്തും’
രസം അതൊന്നുമല്ല!
‘മുഖത്തെ ഗുഹയുടെ വലിപ്പവും
കാറ്റുകുഴലിന്റെ നീളവും
ഇരട്ട ഗോളങ്ങളുടെ ചലനവും
അളന്ന് ഇവർ ഇവരിൽ ചിലരെ
വിരൂപരാക്കും!
ഇവരുടെ രൂപമെടുത്ത്
കണ്ണ് തള്ളിച്ച് ചെവിയും മൂക്കും നാക്കും നീട്ടിയാൽ
നമ്മളാകുമെന്നാണ് വെയ്പ്പ്.’
നമ്മുടെ സൗന്ദര്യം; അത് നമുക്കല്ലേ അറിയൂ.