എന്റെ രാജ്യം ഐഹീകമല്ല എന്ന് പ്രസ്താവിച്ചതിന്റെ പിറ്റേന്നാളാണ് തോറ്റുപോയവരുടേയും തോറ്റുകൊടുത്തവന്റേയും പാത നിർണ്ണയിക്കപ്പെട്ടത്. കള്ളന് ഒന്നും കഴിക്കാൻ ലഭിച്ചിരുന്നില്ല. ഗൊൽഗോഥായിലേക്കുള്ള പാതയിൽ അയാൾ ഇടക്കിടെ തളർന്നു വീഴാൻ ഭാവിച്ചു. ചുമലിൽ ഭാരിച്ച മരക്കുരിശ്. തന്നോടൊപ്പം കുരിശിൽ കിടക്കേണ്ട മറ്റു രണ്ടുപേരേയും കള്ളൻ ശ്രദ്ധിച്ചതുമില്ല. വഴിയരികിൽ നിന്ന് “നസ്രേത്ത്കാരനെ ക്രൂശിക്ക! അവന്റെ രക്തം ഞങ്ങളുടേ മേൽ വരട്ടെ” എന്നാക്രോശിച്ചുകൊണ്ടിരുന്ന ജനം വലിച്ചെറിഞ്ഞ ചീഞ്ഞളിഞ്ഞ മാംസക്കഷ്ണങ്ങളും പഴങ്ങളും സ്ഥാനം തെറ്റി തനിക്കെതിരെ വന്നപ്പോൾ അവയിൽ ചിലത് കള്ളൻ കടിച്ചെടുത്ത് ഭക്ഷിച്ചു.
താൻ കൊലചെയ്തതിനാൽ ക്രൂശിക്കപ്പെടുന്നുവെന്ന് അയാൾക്കറിയാമായിരുന്നു. എന്നാൽ ‘യഹൂദാ നിന്റെ കുടുംബത്തിനും ദേശത്തിനും വേണ്ടി’ എന്നുറക്കെ പറഞ്ഞിരുന്നവർ തീർത്ത ഉടമ്പടികളെവിടെ?
പരീശൻ ചതിച്ചു എന്ന് മാത്രം യൂദാസ് പറഞ്ഞിരുന്നു. അയാൾ ബറബ്ബാസിനുവേണ്ടി മുറവിളി കൂട്ടുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു കളഞ്ഞുവത്രേ. കൃത്യമേൽപ്പിക്കുവാൻ വേണ്ടി തന്നെ വിളി പ്പിച്ചപ്പോൾ പരീശനും യൂദാസും തമ്മിൽ നടന്ന വീറോടെയുള്ള സംവാദം കള്ളൻ ഓർത്തു.
“സ്കരിയോത്ത്കാരൻ യൂദായേ സ്നേഹിതാ ” പരീശൻ പറഞ്ഞു “പരമാധികാരം ഏത് മൂല്യങ്ങളെയാണ് സംരക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്കും നിങ്ങൾക്കും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. സമ്മതിച്ചു. പക്ഷെ നമ്മുടെയെല്ലാം പൊതുശത്രു ഒന്നാണെന്നോർക്കണം. റോമാക്കാരൻ പടച്ച നിയമങ്ങൾക്കും ചമ്മട്ടികൾക്കും കീഴെ ഞെരിപിരികൊള്ളുന്നതെന്തിന്? ഇസ്രായേലിനെ രക്ഷിക്കാൻ മോശെ കാട്ടിത്തന്ന ഒരു ദൈവവും, സ്വയംഭരണാവകാശവും, പ്രബുദ്ധതയും, തടിമിടുക്കുള്ള യുവാക്കളുമുണ്ടെന്നിരിക്കെ”
“പരമാധികാരം വിപ്ലവത്തെ പരിപോഷിപ്പിക്കുകയും അതിന്റെ സാധ്യതകളെ നിലനിർത്തുകയും വേണം” യൂദാ പറഞ്ഞു.
” അല്ല. പരമാധികാരം മതത്തേയും ദൈവവിശ്വാസത്തേയും സംരക്ഷിക്കുന്നതാവണമെന്ന് ഞാൻ പറയുന്നു. ജനങ്ങൾ ധാർമ്മികശുദ്ധിയുള്ള വിശ്വാസികളും ദേശസ്നേഹികളുമായി വളരട്ടെ”
“നിങ്ങൾ വരേണ്യവർഗ്ഗത്തിനും, വിലകൂടിയ മേലങ്കികളണിഞ്ഞ മടിയൻമാരായ ശാസ്ത്രിമാർക്കും വേണ്ടി വാദിക്കുന്നു. ഈ ദിമാസിനെ നോക്ക്. ഇയാളാണ് പൊതുജനം. മൂന്നുനേരത്തെ അന്നത്തിനുവേണ്ടി ഗത്യന്തരമില്ലാതെ ദുഷ്പ്രവൃത്തികൾ ചെയ്യുന്നു. വരേണ്യവർഗ്ഗം ഇവരെ ഉപയോഗപ്പെടുത്തുന്നു. എന്നിട്ട് നിയമം നിയമത്തിന്റെ വഴിക്കുപോകാൻ ചമ്മട്ടികൊണ്ടടിപ്പിക്കുന്നു”
“ഹ ഹ വിപ്ലവവും, നസ്രേത്തുകാരനുമായുള്ള സഹവാസവും നിങ്ങളെ അവിശ്വാസിയാക്കി മാറ്റിയിരിക്കുന്നു യൂദാസേ. നസ്രേത്ത്കാരനോട് ‘ റബ്ബീ റബ്ബീ എന്റെ ജനതയേയും യഹൂദ്യയേയും രക്ഷിക്കില്ലേ’ എന്ന് നിങ്ങൾ മുട്ടിപ്പായി ചോദിക്കുന്നത് എത്ര തവണ ഞാൻ കണ്ടിരിക്കുന്നു. അപ്പോഴെല്ലാം നിങ്ങളുടെ റബ്ബി ആത്മാവ് നുറുങ്ങുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ഫലത്തിൽ രണ്ട് പേരെ നീക്കിക്കളയേണ്ട അവസ്ഥ വന്നു”
“റബ്ബി ഒരു അവസാനവാക്കല്ല. വിപ്ലവം അതിലും മുകളിലാണ്”
“നിങ്ങളുടെ ഒരു വിപ്ലവം! അതിൽനിന്ന് ലാഭമുണ്ടാക്കിയത് ആ പുരോഹിതൻ തിയോഫിലീസ് മാത്രമാണ്. അയാൾ നിങ്ങളേയും റോമാക്കാരനേയും നോക്കി ഒരേസമയം പുഞ്ചിരിച്ചു. ഇരട്ടത്താപ്പ്! കുറ്റവാളികളെ ക്രൂശിക്കുന്നതെന്തിനെന്ന് നിങ്ങൾ ചോദിച്ചു. നിർബന്ധിത വൃത്തിയിലൂടെ അവരുടെ ജീവനെ ദേശത്തിനാവശ്യമായ അവശ്യവസ്തുക്കളുണ്ടാക്കാനായി ഉപയോഗിച്ചുകൂടെ എന്നും ചോദിച്ചു. തിയോഫിലീസ് ഈ സൂത്രം റോമാക്കാരൻ നാടുവാഴിയെ കൊണ്ട് സാധിപ്പിച്ച് പണമുണ്ടാക്കി. ഒരു യവനനോ റോമൻ പൗരനോ തടവിൽ പോയില്ല. നിസ്സാരതെറ്റുകൾക്ക് പിടിക്കപ്പെട്ടവരോ നാടുവാഴിക്കെതിരെ ചോദ്യമുയർത്തിയവരോ ആയ യഹൂദർ അവിടെക്കിടന്ന് അടിമപ്പണി ചെയ്തു. പട്ടിണികിടന്നും ദീനം കൊണ്ടും ചത്തു. ദേശത്തിന് വേണ്ടി ഇതാ ഇപ്പോൾ തിയോഫിലിസിനെ വകവരുത്തേണ്ട കടമ നമ്മുടെ മേൽ വന്നു. സഹോദരാ നിങ്ങൾ ജോലിഭാരം കൂട്ടുന്നു”
യൂദാസ് ഒന്നും മിണ്ടിയില്ല.
“ദിമാസേ നീ ചെന്ന് ഒരൻപതോ അൻപത്തിയൊന്നോ വെട്ടുകൾ കൊണ്ട് തിയോഫിലിസിനെ നീക്കിക്കളയ്. പിന്നെ അവന്റെ കാര്യാലയം കൊള്ളയിട്. എന്നിട്ട് കാര്യങ്ങൾ എനിക്ക് വിട്ടേക്ക്. ഉത്സവം വരുമ്പോൾ നിന്നെ ഞാൻ രക്ഷപ്പെടുത്താം. കൊള്ളമുതൽ നമുക്കൊരു പുതിയ രാഷ്ട്രം കെട്ടിപ്പടുത്താനും ആരാധനാലങ്ങൾ നിർമ്മിക്കുവാനും ഉപയോഗിക്കാം”
“വേണ്ട. അത് പാവങ്ങൾക്ക് വീതിച്ചുകൊടുക്കണം” യൂദാസ് പറഞ്ഞു.
“അതിലൊരു തർക്കം വേണ്ടാ. അത് പിന്നത്തെ കാര്യം” പരീശൻ കൂടിയാലോചന വേഗത്തിലവസാനിപ്പിച്ചു.
വെയിൽ കനത്തിരുന്നു. ആക്രോശവും നിന്ദയും ശമിക്കാത്ത ജനത്തിന്റെ മതിൽ ഇരുവശത്തും. മരണത്തിലേക്കുള്ള പാത നീണ്ട് കിടക്കുന്നു. നടന്ന ദൂരമത്രയും ഇനിയും നടക്കാനുണ്ട്. തന്നോടൊപ്പം കുരിശു ചുമക്കുന്നവരെ കള്ളൻ നോക്കാൻ ശ്രമിച്ചു. യഹൂദൻമാരുടെ രാജാവിനേയും തന്നോടൊപ്പം ക്രൂശിക്കാൻ കൊണ്ടുപോകുമെന്ന് ആരോ പറഞ്ഞ് കള്ളൻ അറിഞ്ഞിരുന്നു. മറ്റൊരാളുടെ സഹായത്തോടെ അങ്കിധരിച്ച ഒരാൾ കുരിശ് ചുമക്കുന്നത് കണ്ടപ്പോൾ പെട്ടെന്നുണ്ടായൊരു വിചാരത്തിൽ കള്ളനൊന്ന് നിന്നു. ‘ദൈവമേ ഇതാണോ യൂദാസിന്റെ റബ്ബി! വൃത്തീഹീനനും കൊലപാതകിയുമായ എന്നോടുകൂടെ അദ്ദേഹവും എണ്ണപ്പെടുന്നു’ അയാൾ ചിന്തിച്ചു. പടയാളിയുടെ ചാട്ട പുറത്ത് പതിച്ചപ്പോൾ ഒരു പുളച്ചിലോടെ പിന്നെയും നടക്കാൻ തുടങ്ങി.
രാവിലെ യൂദാസ് പാറാവ്കാരെ ചിലരെ സ്വാധീനിച്ച് തടവറയിൽ വന്നുകണ്ടിരുന്നു. തനിക്ക് സ്വബോധം നഷ്ടപ്പെട്ടെന്ന് ആരെങ്കിലും പറഞ്ഞ് അയാൾ അറിഞ്ഞിരിക്കണം. ഒരു ഭ്രാന്തന്റെ നേരെയെന്നവണ്ണം അയാൾ തന്നെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. താനൊന്നു പുഞ്ചിരിച്ചപ്പോൾ അയാളും അങ്ങനെ ചെയ്തു. വെളിച്ചത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന തന്നോട് യൂദാസ് പറഞ്ഞു:
“പരീശന് സ്വന്തം താൽപര്യങ്ങളുണ്ടായിരുന്നു. പറഞ്ഞുറപ്പിച്ചതുപോലെ ദിമാസിനെ വിട്ടുതരാൻ ജനങ്ങൾ ചോദിച്ചുതുടങ്ങവേ അയാൾ ചില പ്രമാണികളോട് കണ്ണുകാണിച്ചു. ബറബ്ബാസിനെക്കൊണ്ട് കൂടുതൽ പ്രയോജനമുണ്ടെന്ന് പറയുന്നത് ഞാൻ കേട്ടു”
തുടർന്നയാൾ അരയിലെ തുകൽ സഞ്ചിയിലേക്ക് കൈ കടത്തി. ഇരുട്ടകങ്ങളിൽ പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ട് നാണയങ്ങൾ കിലുങ്ങി.
“പരീശൻ പറഞ്ഞ വാക്ക് പാലിക്കുമെന്ന് തോന്നുന്നില്ല. അയാൾ തരേണ്ടതുകൂടി തന്നേക്കാം. ഇതാരെയാണ് ഏൽപ്പിക്കേണ്ടത്?” അയാൾ ചോദിച്ചു.
താൻ മറുപടിയൊന്നും പറയാതെ വാതിലിന്റെ വിടവിലൂടെ കടന്നുവരുന്ന ഒരു തുണ്ട് വെളിച്ചത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. യഹൂദനുവേണ്ടി യഹൂദനെ കാട്ടിക്കൊടുത്ത നാണയങ്ങളോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും മനസ്സ് മടുത്തിരുന്നു. വാതിലിലൂടെ വരുന്നത് അശാന്തിയുടെ വെളിച്ചമാണെങ്കിലും അത് കൂടുതൽ മധുരിക്കുന്നതായി തോന്നി. യൂദാസ് കുറച്ചുനേരം കൂടി തന്നെ നോക്കിക്കൊണ്ട് നിന്നു. ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ പോകാനൊരുങ്ങി. വാതിലിനടുത്തെത്തിയപ്പോൾ തിരിഞ്ഞുനിന്ന് അയാൾ സ്വയമെന്നവണ്ണം പറഞ്ഞു:
“ഞാനൊരു നിലം വാങ്ങാൻ പോവുകയാണ്. പ്രത്യായശാസ്ത്രത്തേയും വിപ്ലവത്തേയും പുനർജനിപ്പിക്കാം എന്ന വിശ്വാസം ഞാൻ തീർത്തും കൈവിട്ടിട്ടില്ല”
തുടർന്ന് തന്നോടായി അല്പം ഉച്ചത്തിൽ പറഞ്ഞു: “നീ ഇന്ന് റബ്ബിയെ കാണും. എനിക്ക് മാപ്പുതരണമെന്ന് റബ്ബിയോട് പറയണം ദിമാസേ”
പിന്നെ അയാൾ പുറത്തേക്ക് കടന്ന് വാതിലിടച്ചു. റബ്ബിയെ കാണും എന്ന് കേട്ടപ്പോൾ പ്രത്യാശയുടെ പ്രകാശം തന്റെയുള്ളിൽ പരന്നു.
പടയാളികളുടെ തെറിവിളിയും ചാട്ട ചുഴറ്റലും തുടർന്നുകൊണ്ടിരുന്നു. അവിചാരിതമായി, ആരോ എറിഞ്ഞ ഒരു കുല മേൽത്തരം മുന്തിരിപ്പഴങ്ങൾ അയാൾ കടിച്ചെടുത്തു. പ്രതീക്ഷയോടെ കള്ളൻ തലവെട്ടിച്ച് ആൾക്കൂട്ടത്തിലേക്ക് നോക്കി. തന്റെ കുഞ്ഞുമകൾ എവിടെയെങ്കിലും നിൽപ്പുണ്ടോ എന്നയാൾ സംശയിച്ചു. ഇക്കൊല്ലെത്തെ ഉത്സവത്തിന് ലെബനോനിൽ നിന്നു കൊണ്ടുവന്ന മുന്തിരിപ്പഴങ്ങൾ കൊണ്ടെത്തരാമെന്ന് അയാൾ മകൾക്ക് വാക്കുകൊടുത്തിരുന്നു. വിശിഷ്ടദിവസങ്ങളിൽ പട്ടിണിപ്പാവങ്ങൾക്ക്, നന്മയുള്ളവർ അന്നവും പഴങ്ങളും സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു.
മകളെക്കുറിച്ചോർത്തപ്പോൾ അയാളൊന്ന് ഏങ്ങിപ്പോയി. പടയാളികളിലൊരാൾ അസഭ്യം പറഞ്ഞുകൊണ്ട് കുന്തം വീശുകയും ആഞ്ഞു തൊഴിക്കുകയും ചെയ്തപ്പോൾ കള്ളൻ വേച്ച് വേച്ച് നടന്നു.
മൂന്നാംമണി നേരമായപ്പോൾ പാത അവസാനിച്ചു. തലയോടിടം ഉരുകിയൊലിച്ച് വിഭ്രാന്തി പൂണ്ട് കിടന്നിരുന്നു. ജനങ്ങളുടെ ആക്രോശം അസഹ്യമാംവിധം തുടരുന്നു എന്ന് കണ്ടപ്പോൾ പടയാളി മുഖ്യൻ കുന്തമെടുത്ത് അവരുടെ നേരെ വീശിക്കൊണ്ടലറി:
“നിർത്തിനെടാ പന്നിക്ക് പിറന്നവൻമാരേ! ആർക്കെങ്കിലും ഇവറ്റകളുടെകൂടെ ക്രൂശിൽക്കയറണോ? ഇല്ലെന്നുണ്ടേൽ നിർത്തിക്കോ!”
ജനം ഭയന്ന് തെല്ലൊന്ന് പുറകോട്ട് പോയി. എന്നിട്ട് നിശബ്ദരായി പടയാളികൾ കുരിശുകൾ പരിശോധിക്കുന്നതും കുഴികൾ തോണ്ടുന്നതും കണ്ടുകൊണ്ട് നിന്നു. മൃത്യുവിന്റെ കാറ്റ് ചെറിയൊരു ചൂളം വിളിയോടെ വീശിക്കൊണ്ടിരുന്നു. പടയാളി മുഖ്യൻ കുന്തം നിലത്ത് കുത്തി നിർത്തിയിട്ട് വിയർപ്പ് തുടച്ചുകൊണ്ട് ഒരസഭ്യ വാക്ക് വിളിച്ചു പറഞ്ഞു. എന്നിട്ട് കീഴ്പടയാളികൾക്ക് നിർദ്ദേശങ്ങൾ നൽകി.
“യഹൂദൻമാരുടെ രാജാവ് എന്നു പറഞ്ഞവൻ നടുക്ക്. അയാൾക്കുള്ള തിരുവെഴുത്തെഴുതിൻ. കുഴികൾക്കത്ര ആഴം വേണ്ട. കാര്യങ്ങൾ പെട്ടെന്ന് നടക്കട്ടെ”
ആണികളടിച്ചപ്പോൾ മാംസത്തുണ്ടുകൾ ചിതറിത്തെറിച്ചു. അങ്ങനെ നിലവിളിച്ചുകൊണ്ടും ഇല്ലാതെയും മൂന്ന് യഹൂദർ കുരിശിലേറി. ജീവൻ മണ്ണിനും വിണ്ണിനുമിടയിൽ സന്തുലനപ്പെട്ടു. രക്തം ഒഴുകിവന്ന് നിലം നനച്ചു. ഏതാനും പരുന്തുകൾ വട്ടമിട്ടുകൊണ്ടിരുന്നു. എന്തോ മുറുമുറുപ്പുകൾ കേട്ട് ജനക്കൂട്ടത്തിൽ നിന്ന് ചിലർ ചിരിക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്നടക്കി.
വലിയൊരു കാറ്റ് വന്ന് കള്ളന്റെ കുരിശ് ചെറുതായിട്ടൊന്നുലഞ്ഞപ്പോൾ പടയാളികളിൽ ചിലർ അടുത്തേക്ക് വന്ന് മണ്ണ് ചവുട്ടി ഉറപ്പിച്ചു. രക്തവും മണ്ണും കുഴഞ്ഞു. നടുക്ക് ക്രൂശിച്ചിരിക്കുന്ന റബ്ബിയുടെ തല തന്റെ വശത്തേക്ക് ചായ്ച്ചിരിക്കുന്നതായി കള്ളന് തോന്നി.
” നിങ്ങൾ ഏത് ദേശക്കാരനാണ്?” റബ്ബി ചോദിച്ചു.
” അരിമഥ്യ. ജന്മം കൊണ്ട് ബത്ലഹേം” കള്ളൻ പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും വലിയ ധൈര്യശാലികൾ തന്നെ”
” അതെങ്ങനെ?”
” മനുഷ്യന്റെ ചിന്തകൾ തകരുന്നത് അവൻ മരിക്കാൻ പോകുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. നിങ്ങൾ അതിനെ സധൈര്യം നേരിടുന്നു”
“അപ്പോൾ അങ്ങയോ?”
റബ്ബി പുഞ്ചിരിക്കാൻ ശ്രമിച്ചു. ” നിങ്ങളുടെ കുടുംബം എവിടെയുണ്ട്?” തുടർന്നദ്ദേഹം ചോദിച്ചു.
” ഉണ്ടായിരുന്നു . ഭാര്യയും രണ്ട് പുത്രിമാരും. ഒരു മകളും ഭാര്യയും പട്ടിണികൊണ്ട് ദീനം വന്ന് മരിച്ചു. എന്നെയവർ പിടിക്കാൻ വന്നപ്പോൾ എവിടേക്കെങ്കിലും പോയി ഒളിച്ചുകൊള്ളാൻ മകളോട് ഞാൻ പറഞ്ഞു. എവിടെയെന്നെനിക്കറിയില്ല. അവളിനിയെന്ത് ചെയ്യും? നദിയിൽ ചാടി മരിക്കുമായിരിക്കും” കള്ളൻ ഏങ്ങി. ” അങ്ങേക്കറിയോ ഞങ്ങൾ പട്ടിണിപ്പാവങ്ങൾ പന്നികളെപ്പോലെയാണ് വളർന്നത്. ഹെരോദാവിന്റെ പടയാളികൾ ബെത്ലഹേമിലെ കുഞ്ഞുങ്ങളെ കൊല്ലാൻ വന്നപ്പോൾ എന്റെ അമ്മ ശരീരം കൊണ്ടാണ് എന്നെ വീണ്ടെടുത്തത്. അഴുക്കുകളിൽനിന്നും അഴുക്കുകളിലേക്കാണ് ഞങ്ങൾ ജീവിതത്തിലാകയും കമിഴ്ന്നുവീണത്”
“എന്തിനാണ് തിയോഫിലിസിനെ കൊന്നത്?”
” യൂദാസും പരീശനും പറഞ്ഞിട്ട്. ഞങ്ങളെയെല്ലാം പട്ടിണിയിൽ നിന്നും ദുരിതത്തിൽ നിന്നും കരകയറ്റുമെന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്”
“എന്നിട്ടോ?”
“മനുഷ്യൻ കൊലചെയ്യുന്നത് നീറിപ്പുകയാൻ വേണ്ടിമാത്രമാണ്. അവന്റെ കഠാരയാൽ നീങ്ങിപ്പോയവനെ രാത്രിയിൽ വീണ്ടും വിളിച്ചുവരുത്താൻ. ഒടിഞ്ഞു നുറുങ്ങിയ അസ്ഥികൾ കുലുക്കി അട്ടഹസിച്ച് ഘാതകനെ ഭയചകിതനാക്കുവാൻ മാത്രം. മണ്ണിൽ ഭയം കുഴച്ചാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നെ വീണ്ടെടുക്കാമെന്ന് അവർ വാക്കു തന്നിരുന്നു. തടവറയിൽ രാത്രിയും പകലുമെന്നില്ലാതെ ഞങ്ങൾ പണിയെടുത്തു. ഞാനും സഹതടവുകാരും. തുകലിന്റെ ഗന്ധം കൊണ്ട് ഓരോരുത്തനും ഛർദ്ദിച്ചു. പലരും മരിച്ചു. രക്ഷപ്പെടാനായി ഞാൻ ഭ്രാന്തനായി അഭിനയിച്ചു.. മണ്ണിൽ കിടന്നുരുളുകയും പലരേയും ആക്രമിക്കുകയും ചെയ്തു. ഉപയോഗശൂന്യമെന്ന് കണ്ട് അവരെന്നെ പുറത്തുകൊണ്ടുവന്നു. എങ്ങും ഇരുട്ടാണ്. എന്നല്ല അന്ധതയാണ്. എല്ലാവരും അന്ധരാണ്. പട്ടിണികൊണ്ട് അന്ധത ബാധിച്ചവരും പണം കൊണ്ട് അന്ധരായവരും. ദേശമാകെ ഇരുട്ടാണ്. പ്രകാശം ദൈവത്തിനുള്ളതാണ്. ദൈവം ഏറ്റവും വലിയ സൃഷ്ടി നടത്തിയപ്പോൾ പാകപ്പിഴ സംഭവിച്ചുപോയി” അയാൾ പറഞ്ഞു. താനും യൂദാസിനെപ്പോലെ സംസാരിക്കുന്നുവെന്ന് കള്ളന് തോന്നി.
“സോദരാ അന്ധതയിൽ നിന്നുള്ള പരിഹാരം പുനരുദ്ധാനമാണെന്ന് ഞാൻ നിന്നോട് പറയുന്നു” റബ്ബി പറഞ്ഞു. ” കണ്ണുകൾ കൊണ്ടല്ല പുനരുദ്ധാനം കൊണ്ടാണ് പ്രകാശം അനുഭവവേദ്യമാകുന്നത്. ലോകർ ജനിക്കുന്നതും അതിജീവിക്കുന്നതും പുനരുദ്ധരിക്കപ്പെടാൻ വേണ്ടിയാണ്. ദേഹവും ആത്മാവും പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കണം. അതിനവസാനമില്ല. കാലങ്ങൾ കഴിഞ്ഞും അതുണ്ടാകണം”
“യൂദാസ് മാപ്പ് പറയുന്നതായി അങ്ങയോട് പറയാൻ ഏൽപ്പിച്ചിരുന്നു”
“ആരും ആരേയും കാട്ടിക്കൊടുക്കുന്നില്ല സോദരാ. ചോരനിലങ്ങൾ വാങ്ങാൻ എന്നെ അയച്ചവൻ അയാളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ ആർക്ക് തടസ്സം നിൽക്കാനൊക്കും”
കള്ളൻ വേദനകൊണ്ടൊന്ന് നിലവിളിച്ചു. പടയാളികൾ അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞു.
“അങ്ങ് രക്ഷകനും രാജാവുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർക്കേണമേ” വേദന കടിച്ചമർത്തികൊണ്ട് അയാൾ പറഞ്ഞു.
“ദിമാസേ നീ ഇന്ന് എന്നോടുകൂടെ സ്വർഗ്ഗത്തിലിരിക്കും. എന്നല്ല ഞാൻ പോയതിനുശേഷം നീ സൂര്യാസ്തമയം കാണുമെന്നും ഞാൻ പറയുന്നു”
ഗൊൽഗോഥാ തണുക്കാൻ തുടങ്ങിയിരുന്നു. രക്തം കുരിശിൻമേൽ കട്ട പിടിച്ചു. ജനങ്ങൾ നീങ്ങിത്തുടങ്ങി. കാറ്റ് അപ്പോഴും വീശികൊണ്ടിരുന്നു. പടയാളികൾ ഉച്ചത്തിൽ ചിരിക്കുന്നതിന്റെയും വസ്ത്രങ്ങൾ കീറുന്നതിന്റേയും ശബ്ദമുയർന്നു. പിന്നെ ഏറെ നേരത്തെ നിശബ്ദതക്കുശേഷം റബ്ബി, ” ഏലി ഏലി, ലമ്മാ ശബക്താനി” എന്ന് നിലവിളിക്കുന്നത് അയാൾ കേട്ടു. തന്റെ മകളെ അയാൾ വീണ്ടുമോർത്തു. കാറ്റിന്റെ ചൂളംവിളിക്ക് കാതോർത്തുകൊണ്ട് പാതിയടഞ്ഞ കണ്ണുകളോടെ അയാൾ ദൂരേക്ക് നോക്കിക്കൊണ്ട് കിടന്നു. വായിൽ കയ്പ്പനുഭവപ്പെട്ടു. കാലത്തിന് മുമ്പേയുള്ള അസ്തമയം. രക്താംബരം പുതച്ചതുപോലുള്ള കടൽ. കാവിനിറം പകരുന്ന ആകാശം, അന്യമാകുന്ന സൂര്യൻ, വിപ്ലവവും വിശ്വാസങ്ങളും എത്തിപ്പെടാത്ത തലയോടിടം. അസ്ഥികൾ നുറുങ്ങി പോകാനിരിക്കുന്ന നിയോഗം. കള്ളൻ ഊഴം കാത്ത് കിടന്നു.