ഗൃഹനാഥൻ

തുടക്കവും ഒടുക്കവുമില്ലാത്തൊരു
പടു മരത്തിന്റെ തണലിലിരുന്ന്
ഉരുകിത്തീരുന്നൊരുപിടി
മണ്ണുണ്ട് വീട്ടിൽ.
ചുളിവ് വീണ അതിന്റെ നാരുകൾ
വരിതെറ്റാതെയെന്നും
ചുമരിൽ കേറാറുണ്ട്.

മഴയത്തും വഴുതലിലൂടെയയാൾ
വെയിലു വരക്കും.
പലപ്പോഴുമുമ്മ കീറിയ കുടുക്കിൽ
വാറുപൊട്ടിയ അയാളുടെ കാലുകൾ
ചേർത്തു തുന്നാറുണ്ട്.

വിണ്ടു വറ്റിയ കാലുകളിൽ
നട്ടുച്ച വെയിലിലും അയാൾ
വരമ്പ് കെട്ടി പെയുമത്രെ!

ഏകാന്തതയുടെ തണുത്ത വിരിപ്പിൽ
ഏകാഗ്രം തപസ്സിരിക്കുന്ന
വെളുത്ത പുരികങ്ങളുള്ള
ഒരു ഒച്ചിനെ കണ്ടു ,
നരവീണ വീടിനെയത്രമേൽ
മുറുകെ പിടിച്ചിരിക്കുന്ന
ചുളിവുകളിലതിനെ
പേരക്കിടാങ്ങൾ ഉപ്പു വിതറി
അലിയിച്ചു കളയുന്നു…

തന്റെ പിടി വിട്ടാൽ വീട്
വീണ് പോവുമോയെന്ന ഭയം
നിർവികാരത്തോടെയൊരു
കറയായ് ചുമരിൽ
പുഞ്ചിരി നടിക്കുന്നു.

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി. വക്കാട് തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്