കൊഴിഞ്ഞ ചുവന്ന പൂക്കളുടെയിടയിൽ ആറടി നീളത്തിൽ ഭൂമിയിൽ നിന്നുയർന്നു കിടക്കുന്ന തന്റെ ഹൃദയത്തിന്റെ മുറിവടയാളം. ഇന്നലകൾക്കു മീതെ പന്തലിച്ചു കിടക്കുന്ന ഗുൽമോഹർ വൃക്ഷത്തിലേക്ക് മീര മുഖമുയർത്തി നോക്കി. ഒരു തണുത്ത കാറ്റ് മനസ്സിനെ പിടിച്ചുലച്ച് മീരയുടെ മുടികളിലൂടെ മുഖത്തേക്ക് പടർന്ന് കഴുത്തിലേക്കിറങ്ങി മാറിടത്തെയും കൈകളെയും തഴുകി കടന്നു പോയി. മീര കണ്ണുകളടച്ചു. തന്റെ കൈകളുയർത്തി ഒരദൃശ്യസാന്നിധ്യത്തെ തന്നോടും ആ നിമിഷത്തോടും ചേർത്ത് മുറുകെ പുണർന്നു. ഓർമ്മകളുണർത്താനായി ഒരു പൂവ് മീരയുടെ മുഖത്തേക്ക് വീണു. അവളതിനെ കയ്യിലെടുത്തു. നഷ്ടവസന്തത്തിന്റെ ചുവപ്പിന് അതേ കടുപ്പം. കണ്ണുകൾ നനഞ്ഞു, പക്ഷേ നിറഞ്ഞൊഴുകില്ല എന്ന് മീരയ്ക്ക് ഉറപ്പായിരുന്നു. അറിഞ്ഞു സ്നേഹിച്ച നഷ്ടം. മരവിപ്പ്. ഹിമപാതത്തിനടിയിൽപ്പെട്ട് ഭാവിയിലേക്ക് കാൽനീട്ടിയ വർത്തമാനകാലത്തിന്റെ മരവിപ്പ്. മീര ഗുൽമോഹർ വൃക്ഷത്തിനു താഴെയുള്ള ബെഞ്ചിൽ ചെന്നിരുന്ന് പിറകോട്ട് തലചായ്ച്ച് കണ്ണുകളടച്ചു.
സമീപഭൂതകാലത്തിലെ ഒരു ടെലിഫോൺ മണി മീരയുടെ കാതിൽ മുഴങ്ങി. ഒരിരുണ്ട മുറിയിലെ ജനാലയ്ക്കരികിലിരിയ്ക്കുന്ന പളുങ്കുപാത്രത്തിൽ തട്ടി സൂര്യപ്രകാശം ഏഴായിച്ചിതറി മേശപ്പുറത്തിരിയ്ക്കുന്ന പുസ്തകത്തിന്റെ പ്രതലത്തിൽ വീണു കിടക്കുന്നു. അതിനടുത്തിരുന്ന ടെലിഫോൺ ഒരു വിദൂരസന്ദേശത്തെ വിളിച്ചോതാൻ വെമ്പിക്കൊണ്ടിരുന്നു. ടെലിഫോണിന്റെ നിലവിളികൾക്ക് ആശ്വാസമേകിക്കൊണ്ട് മീര റിസീവറെടുത്ത് ചെവിയിൽ വെച്ചു. .
‘ഹലോ’ നിർവികാരമായ ഒരു അഭിസംബോധന കൊണ്ട് മീര സാന്നിധ്യമറിയിച്ചു.
മറുതലയ്ക്കൽ നിന്നും ഒരു പുരുഷശബ്ദം പതുങ്ങി.
‘മീരാ….. ഞാൻ റാം.. ആനന്ദിന്റെ സുഹൃത്ത് റാം മനോഹർ.
ഒരു നിമിഷത്തിനു ശേഷം ഇടറിയ സ്വരം വീണ്ടും ശബ്ദിച്ചു.
‘മീര….. ആനന്ദ് പോയി.
ഒരു ഗദ്ഗദത്തിന് ഇടവേള കൊടുത്ത് അയാൾ വീണ്ടും ഒരു രഹസ്യത്തിന്റെ അച്ചടക്കത്തോടെ പറഞ്ഞു.
‘ആനന്ദ് പോയി. ഗുൽമോഹർ വീണ്ടും പൂക്കാൻ കാത്ത് നിൽക്കാതെ.’
നിമിഷങ്ങളുടെ നിശ്ചലതയ്ക്ക് വിരാമമിട്ടുകൊണ്ട് മീര റിസീവർ തിരികെ വെച്ചു. ഫോണിനടുത്ത് കിടക്കുന്ന ഏഴുനിറങ്ങളിൽ രക്‌തം പടർന്ന പുസ്തകത്തിന്റെ പുറംചട്ടയിലൂടെ മീര കയ്യോടിച്ചു. കവർപേജിന്റെ കറുത്ത പ്രതലത്തിൽ പകുതിയ്ക്ക് കീഴ്പോട്ടായി വീണുകിടക്കുന്ന ഒരു ചുവന്ന പൂവിന്റെ ചിത്രം. മുകളിൽ ചുവന്ന എഴുത്തുകൾ. ഗുൽമോഹർ.
ആനന്ദ്. മീര കവർപേജ് തുറന്നു. കവർപേജിന്റെ പിറകിലായി കറുത്തപേനകൊണ്ട് കുറിച്ചിട്ട വരികളിലൂടെ കണ്ണോടിച്ചു.
‘ഉരുകുമീ വേനൽച്ചൂടിലെൻ മനസ്സിൽ കിളിർത്തൊരു രക്തപുഷ്പമേ,
അറിയുന്നു നീയെന്റെ സ്വന്തമെന്നതീ
മെയ്മാസം തീരും വരെ മാത്രം.’
ഒരാളുടെ ഭൂതകാലം മറ്റൊരാളുടെ ഭൂതകാലത്തിലേക്ക് ഒഴുകിച്ചേരുന്നു.
ഭൂപടത്തിലെ മറ്റൊരു കുത്തിൽ ഇരുണ്ട മുറിയിലെ തുറന്നിട്ട പഴയ ജനാലയിലൂടെ കാണുന്ന പൂക്കളില്ലാത്ത ഗുൽമോഹർ വൃക്ഷം. അകത്ത് ജനാലയ്ക്കരികിലെ മരത്തിന്റെ മേശയ്ക്കു മുകളിൽ അടുക്കിവെച്ചതും വെക്കാത്തതുമായ കുറേ പുസ്തകങ്ങളും പരന്നു കിടക്കുന്ന മരുന്നിന്റെ സ്ട്രിപ്പുകളും. തൊട്ടടുത്തെ സൈഡ്ടേബിളിൽ ഒരു കടും പച്ച നിറത്തിലുള്ള ടെലിഫോണിനെ കേൾപ്പിക്കാൻ അടുത്തിരുന്ന പഴഞ്ചൻ ഗ്രാമഫോൺ ഒരു പഴഞ്ചൻ ഹിന്ദി ഗാനം മൂളിക്കൊണ്ടിരുന്നു.
‘രഹേ ന രഹേ ഹം, മേഹകാ കരേംഗേ, ബൻകേ കലി ബൻ സബാ, ബാഗേ വഫാ മേം….. ‘
അടുത്തുള്ള ചാരുകസേരയിൽ ഒരു മഹാരോഗത്തിന്റെ തീരുമാനങ്ങളെ അവഗണിച്ച ഒരു സ്വപ്നസഞ്ചാരി.
മനസ്സിലെ മുറുകിയ പ്രണയതാളങ്ങളെ ഭേദിച്ചത് ഒരു പരുക്കൻ ചിരിയാണ്. ആനന്ദ് കണ്ണുകളെ വാതിൽക്കലേക്ക് നയിച്ചു. ചിരകാലപരിചയത്തിന്റെ സന്തോഷം ആ കണ്ണുകളിൽ നിറഞ്ഞു.
‘റാം… താനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്? ‘
റാം മനോഹർ ആനന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ബി. എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ക്‌ളാസിൽ തുടങ്ങിയ സൗഹൃദം. റാം പോസ്റ്റ് ഗ്രാഡുവേഷനും കഴിഞ്ഞശേഷം സാഹിത്യം വിട്ട് ബിസിനസ്സിലേക്ക് കുടിയേറി. ആനന്ദ് തന്നെ വേട്ടയാടിയിരുന്ന ചിന്തകളെത്തിരഞ്ഞു വാക്കുകളുടെ വിസ്മയലോകത്തേക്കും. നാല്പതാമത്തെ വയസ്സിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് തേടിവരുന്നതിനു മുൻപേ ആനന്ദ് ഇന്ത്യ മുഴുവൻ പ്രശസ്തിയാർജ്ജിച്ച ഒരു എഴുത്തുകാരനായി മാറിയിരുന്നു. അറിവിനോടുള്ള അടങ്ങാത്ത ആവേശമായിരുന്നു അയാളുടെ സിരകളിലൂടെ ഒഴുകിയിരുന്നത്. കഥകളിൽ നിന്ന് കഥകളിലേക്കുള്ള സഞ്ചാരങ്ങൾക്കിടയിൽ മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു ആനന്ദിന്റെ ഹൃദയത്തിൽ. തനിക്കായി പ്രകൃതിയും പ്രപഞ്ചവും കാഴ്ചവെച്ചതെല്ലാം ലോകത്തോട് പറയാനുള്ള ധൃതിയിലായിരുന്നു അയാൾ, നാല്പത്തഞ്ചാം വയസ്സിൽ തന്റെ ആയുസ്സിന്റെ ദൈർഘ്യം കുറിച്ച മഹാരോഗം ബാധിക്കുന്നത് വരെ.
റാം പുഞ്ചിരിച്ചുകൊണ്ട് പുസ്തകങ്ങളും മരുന്നുകളും അടുക്കിവെച്ച ടേബിളിൽ ചാരി നിന്നു.
‘ എടോ… തന്നെ ഞാൻ കാണാൻ തുടങ്ങിയത് വർഷം എത്രയായിയെന്ന് ഓർമ്മപ്പെടുത്തണോ? ഇരുപത്തഞ്ചു വർഷത്തിൽ കൂടുതൽ എന്നു പറഞ്ഞാൽ ഒരു ചെറിയ കാലയളവല്ല ആനന്ദ്. കോളേജിൽ പഠിക്കുമ്പോൾ മാഗസിനിൽ വരുന്ന തന്റെ കവിതയ്ക്കും കഥയ്ക്കും കാത്തിരിക്കാറുണ്ടായിരുന്ന പ്രണയപുളകിതരായ തരുണീമണികളെത്ര, പ്രസിദ്ധ സാഹിത്യകാരൻ ആനന്ദിന്റെ ആരാധികമാരെത്ര? അതിലൊന്നിനെ പോലും തിരിഞ്ഞു നോക്കാത്ത തന്റെ, ഇപ്പൊ..ദാ… ഈ വൈകിയ വേളയിൽ നടന്നുകൊണ്ടിരിക്കുന്ന, വർഷത്തിലൊരിക്കൽ വന്നു കണ്ടു പോകുന്ന ഒരാൾക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്റെ കെമിസ്ട്രി എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല ആനന്ദ്.’
അവശതബാധിച്ച മുഖത്തെ തിളക്കമുള്ള കണ്ണുകളിലെ പുഞ്ചിരി ആനന്ദിന്റെ മുഖത്തേക്ക് പടർന്നു. അയാൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.
‘റാം, ചിലതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കാതിരിയ്ക്കുകയാണ് നല്ലത്. ഉത്തരം കിട്ടിയിട്ടെന്തിനാ?…. മനസ്സിലെവിടെയെങ്കിലും പൂർത്തീകരിക്കപ്പെടാത്ത എന്തെങ്കിലും ഉണ്ടെന്ന് എനിക്കും തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ആരും ഇത്രയും കാലം എന്റെ മനസ്സിനെ തൊട്ടില്ല.’
‘പിന്നെ, തന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ മാത്രം മീരയ്ക്ക് എന്താണ് പ്രത്യേകത ആനന്ദ്? അതു മാത്രമല്ല, തന്റെ ഇപ്പോഴത്തെ അവസ്ഥവെച്ച് ഇത് അയാൾക്കൊരു മനഃപ്രയാസത്തെ സമ്മാനിക്കുകയല്ലേ താൻ ചെയ്യുന്നത്?’ റാം തന്റെ ആശങ്ക പ്രകടിപ്പിച്ചു.
‘അറിയാം റാം. പലവട്ടം ഞാനും ആലോചിച്ചതാണ്. മീര ഒരു ചെറിയ കുട്ടിയല്ല, നാൽപ്പത് വയസ്സിനോടടുത്ത് അവൾക്കും ആയില്ലേ പ്രായം. തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ, ആ കത്തെഴുതാനുള്ള തീരുമാനം അവളുടേത് മാത്രമല്ല. അതൊരു നിയോഗം മാത്രം. ഈ അനുഭവം സമ്മാനിക്കാൻ കാലം കാത്തുവെച്ച ഒരു മാർഗം. അതുതന്നെയാണ് മീരയെ വ്യത്യസ്തയാക്കുന്നത് റാം. കാലം കാത്തുവെച്ചത് അവളെയാണ്. മനഃപ്രസായമാണെങ്കിലും, അതും അയാളൊരു സമ്മാനമായിത്തന്നെ സ്വീകരിച്ചതാണ്. സംഭവിക്കേണ്ടതല്ലാത്ത ഒന്നും തന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല റാം. ഡോക്ടർമാർ എഴുതിത്തള്ളിയിട്ടും, മരുന്നും മന്ത്രവും ഒന്നുമല്ല കഴിഞ്ഞ ഒരു വർഷം, ഒരു പ്ലാനിങ്ങും ഇല്ലാതെ തുടങ്ങിയ ആ പുസ്തകം എഴുതിത്തീർക്കാനായി എന്നെ ജീവിപ്പിച്ചത്, വർഷത്തിൽ വരുന്ന ആ വസന്തത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണെടോ…..’ ആനന്ദ് മേശപ്പുറത്തിരുന്ന ‘ഗുൽമോഹർ’ എന്നെഴുതിയ പുസ്തകം ചൂണ്ടിക്കാണിച്ചു.
‘തനിക്ക് മനസ്സിലാവില്ല. ചിലപ്പോഴൊക്കെ എനിക്കും.’
ആനന്ദ് ദീർഘശ്വാസത്തോടെ കണ്ണുകളടച്ചു. ഗ്രാമഫോൺ അപ്പോഴും പാടിക്കൊണ്ടിരിക്കുകയായിരുന്നു.
‘രഹേ ന രഹേ ഹം….. ‘
ഒരു വർത്തമാനകാലത്തിൽ നിന്നുകൊണ്ട് ഭൂതകാലത്തെ ഭൂതകാലത്തിലേക്കും ഭൂതകാലത്തെ വർത്തമാനകാലത്തിലേക്കും യാത്ര ചെയ്യുന്ന ഒരുവൾ. ആനന്ദിന്റെ മരണവാർത്ത അപ്രതീക്ഷിതമല്ലെങ്കിലും താൻ മറ്റെന്തൊക്കെയോ പ്രതീക്ഷകൾ നെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്ന യാഥാർഥ്യം മീരയെ നിശ്ചലയാക്കി. വലനെയ്യുന്നതിനിടയിൽ നൂൽ തീർന്ന ചിലന്തിയെപ്പോലെ. ഇരുണ്ട മുറിയിൽ ചാരു കസേരയിൽ തലചായ്ച്ചു കിടക്കുന്ന മീര കണ്ണ് തുറന്ന് കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ താളുകൾ മറിച്ചു. മുൻപേ എഴുതപ്പെട്ട കഥയിലെ തനിക്ക് പ്രിയപ്പെട്ട വരികൾ വീണ്ടും വായിച്ചു.
‘പ്രിയപ്പെട്ട സുദേവ്,
ഞാൻ താര. ഞാൻ ആരാണെന്നു ചോദിച്ചാൽ… പ്രത്യേകിച്ച് ആരുമല്ല. വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിലൂടെ ചുമരുകൾക്കുള്ളിൽ കടന്നു പോകുന്ന കാലത്തെ അളന്നു ജീവിക്കുന്ന ഒരു ജന്മം മാത്രം. ഡിഗ്രിക്ക് സബ്ജക്ട് ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നു. പക്ഷേ, അത് ഇന്നൊരു മേൽവിലാസവും അല്ല. താമസം ഡൽഹിയിലാണ്. ഒരു ആരാധിക. ആ വാക്കും ശരിയാവില്ല, എന്തുകൊണ്ട് ഞാൻ ഈ കത്തെഴുതുന്നു എന്ന് പറയാൻ. കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി നിങ്ങളുടെ ഒരു പുസ്തകം വായിക്കുന്നത്. ‘വയലറ്റ്’. വല്ലാതെ മനസ്സിനെ സ്പർശിച്ചു. മോഹിപ്പിച്ചു എന്ന് പറയുന്നതാവും ശരി. അതിലെ നായിക ഞാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നിങ്ങൾ വർണിച്ച വില്യം വേർഡ്‌സ്‌വർത്തിന്റെ ലൂസിയെപ്പോലെ. ലൂസിയ്ക്ക് വേണ്ടി വേർഡ്‌സ്‌വർത്തത് എഴുതിയ ആ വരികൾ എനിക്ക് വേണ്ടി അന്വർത്ഥമായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി.
‘A Violet by a mossy stone
Half- hidden from the eye! –
Fair as a star, when only one
Is shining in the sky.’
(The lost Love- William Wordsworth)
തീവ്രമായി പ്രണയിക്കപ്പെടുന്ന ലോകത്തിനദൃശ്യയായ ഒരുവൾ. പ്രണയിക്കുന്നവന്റെ കണ്ണിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒറ്റനക്ഷത്രം. ആ ഒറ്റനക്ഷത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ വർണന എത്ര തവണ വായിച്ചു എന്നറിയില്ല.
കുറച്ച് സമയത്തേക്കെങ്കിലും മനസ്സിനെ പ്രണയത്തിലാഴ്ത്തിയ ഒരു വായാനാനുഭവം സമ്മാനിച്ചതിന് നന്ദി. ഏകാന്തതയിലാണ് പൂർണത എന്ന് ഇന്നും വിശ്വസിക്കുന്നു, പക്ഷേ ഈ ജന്മത്തിൽ അനുഭവിക്കാൻ മനോഹരമായ എന്തോ ഒന്ന് ബാക്കിയുണ്ടെന്ന് പുതുതായുണ്ടായ തോന്നലാവാം ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. ഒന്ന് കാണണം എന്ന് അതിയായ മോഹമുണ്ട്. അത്ര മാത്രം. താങ്കൾ അസുഖം ഭേദമായി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായ വിവരം പത്രത്തിൽ വായിച്ചറിഞ്ഞു. എല്ലാ മെയ് മാസത്തിലും ഞാൻ വെക്കേഷന് നാട്ടിൽ വരാറുണ്ട്. വിരോധമില്ലെങ്കിൽ, ആരോഗ്യം അനുവദിക്കുമെങ്കിൽ, അടുത്ത തവണ വരുമ്പോൾ കാണാൻ ആഗ്രഹിക്കുന്നു. ഒന്നും നേടിയെടുക്കാനില്ലാത്ത ഈ ജന്മത്തിൽ, പ്രണയം എന്ന ഒരു വിദൂരസങ്കല്പത്തിന്റെ അനുഭവം പകർന്ന വ്യക്തിയോടുള്ള ഒരു അഭ്യർത്ഥന. സ്വീകരിക്കാനും നിരസിക്കാനുമുള്ള തീരുമാനം താങ്കളുടേത് മാത്രം. മറുപടി പ്രതീക്ഷിക്കുന്നു.
താര.
മീര വായന തുടർന്നു.
‘പ്രിയ താരാ,
കാണാം. കാത്തിരിപ്പ് എന്റേതാണ്. താരയുടെ കത്ത് കിട്ടിയപ്പോൾ പെട്ടന്ന് എനിക്ക് തന്നെ ഞാൻ അന്യനായത് പോലെ. ഒരുത്തരം ഞാൻ തിരയുന്നില്ല. ഏകാന്തതയിലാണ് പൂർണത എന്ന വിശ്വാസത്തെ മുറുകെ പിടിക്കട്ടെ. എങ്കിലും എന്റെ എണ്ണപ്പെട്ട ദിവസങ്ങൾ ആർക്കെങ്കിലും ഒരു വ്യത്യാസം ഉണ്ടാക്കുമെങ്കിൽ, അത് ഒന്നും നേടാനില്ലാത്ത നിനക്കാവട്ടെ. വേർഡ്‌സ്‌വർത്ത് ലൂസിയ്ക്കായി എഴുതിയ വരികൾ അന്വർത്ഥമാകട്ടെ.
‘She lived unknown, and few could know
When Lucy caesed to be;
But she is in her grave, and, oh,
The difference to me!’
(William Wordsworth – The lost love)
സുദേവ്.
മീര പുസ്തകമടച്ചുവെച്ച് ഭാരിച്ച ഹൃദയവുമായി ലിവിങ്റൂമിലെ വാഷ് ബേസിനിന്റെ മുൻപിൽ ചെന്ന് മുഖം കുനിച്ച് കൈകൾ കൊണ്ട് ശരീരത്തെ താങ്ങി കുറേ നേരം നിന്നു. തൊണ്ടയിലെവിടെയോ ഒരുപ്പുരസം നിറയുന്നത് അറിഞ്ഞു തുടങ്ങിയപ്പോൾ പൈപ്പ് തുറന്ന് മുഖം കഴുകി. വാഷ്ബേസിനിന്റെ കണ്ണാടിയിൽ തെളിഞ്ഞ തന്റെ നെറ്റിയിലെ പടർന്ന കുങ്കുമത്തിൽ തെളിഞ്ഞത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ്.
പലനിറങ്ങളിൽ കലർന്നുകിടക്കുന്ന ചുവപ്പ്. അസ്തമന സൂര്യന്റെ ചുവപ്പ്. പൂത്തുനിൽക്കുന്ന ഗുൽമോഹറിന്റെ ചുവപ്പ്. ഇരിക്കുന്ന ബെഞ്ചിൻ ചുവട്ടിലെ കൊഴിഞ്ഞ യൗവനത്തിന്റെ ചുവപ്പ്. ഹൃദയതാളങ്ങൾക്കിടയിലൂടെ ഒഴുകി ശരീരത്തിന് ചൂടുപകരുന്ന രക്തത്തിന്റെ ചുവപ്പ്. തങ്ങളെ പൊതിഞ്ഞ ആ രക്തപുഷ്പകംബളത്തിന്റെ പ്രതിഫലനം പോലെ ചുവന്ന കോട്ടൺസാരി അലസമായി ഉടുത്ത മീര. അതിൽ നിന്നൊക്കെ വ്യത്യസ്തമായി, മണ്ണിന്റെ നിറമുള്ള കോട്ടൺ കുർത്തയും പാന്റും ധരിച്ച ആനന്ദ്.
അയാൾ മീരയെ നോക്കി. പതർച്ചയില്ലാത്ത മുഖത്ത് തിരിച്ചറിയാനാവാത്ത ഒരു കുറവ്. കാലത്തിന് അടയാളപ്പെടുത്താനാവാത്ത ഭാവം. അച്ചടക്കമില്ലാത്ത തലമുടി. എവിടെയോ കൗതുകം ബാക്കി നിൽക്കുന്ന കണ്ണുകൾ. അയാൾ കണ്മഷി പടർന്ന ആ കണ്ണുകളിലേക്ക് നോക്കി. തലയ്ക്കുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം നിലച്ച അത്ര ശൂന്യത. ആ സമയം ഒരു സ്വപ്നം പോലെ ഒഴുകിക്കൊണ്ടിരിക്കുന്നത് കുറച്ചുനേരം നോക്കിയിരുന്നു. മനസ്സ് പതിയെ പ്രതികരിച്ചു തുടങ്ങി. ചോദ്യങ്ങളിലൂടെ, ഉത്തരങ്ങളിലൂടെ. മീരയുടെ കണ്ണുകളിലെ വായിച്ചെടുക്കാൻ പറ്റാത്ത മൗനത്തിന്റെ കോറലുകൾ ആനന്ദിനെ അസ്വസ്ഥനാക്കിത്തുടങ്ങി. അയാൾ ആ മൗനം ഭഞ്ജിക്കാൻ ശ്രമിച്ചു.
‘മീരാ…. എന്താ താനൊന്നും സംസാരിക്കാത്തത്?’
കടന്നു പോകുന്ന ആ സമയത്തിന്റെ തീവ്രത മീരയും പ്രതീക്ഷിച്ചതായിരുന്നില്ല. പക്ഷെ കണ്ണുകൾ അത് പ്രകടിപ്പിക്കാതെ മനസ്സിനെ വഞ്ചിച്ചുകൊണ്ടിരുന്നു. കാലം സമ്മാനിച്ച അഭിനയ പാടവം, അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രതികരണശേഷി. മീര ആനന്ദിന്റെ കണ്ണുകളിൽ നിന്നും തന്റെ കൂട്ടിപ്പിണച്ച കൈവിരലുകളിലേക്കും വീണ്ടും ആനന്ദിന്റെ കണ്ണുകളിലേക്കും നോക്കി.
‘ഞാൻ…’ മീര ഒറ്റവാക്ക് പറഞ്ഞു നിർത്തി തൊണ്ടയിലെ ഇടറിയശബ്ദത്തെ ശരിയാക്കി.
‘എന്ത് പറയണം എന്നറിയുന്നില്ല. വെറുതെ ആ സമയം വാക്കുകൾ കൊണ്ട് നമുക്കിടയിൽ ഒരു മതില് സൃഷ്ടിക്കാതിരിക്കാൻ വേണ്ടി മിണ്ടാതിരിയ്ക്കുകയാണ്. ഈ സമയത്തിന്റെ വില ഞാൻ കണക്കുകൂട്ടിയതിനേക്കാൾ വലുതാണ് ആനന്ദ്. അതിലൊരു നിമിഷം പോലും നഷ്ടപ്പെടുത്തതിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ‘
ഒരു നനവ് അരക്ഷണം മീരയുടെ കണ്ണുകളെ തൊട്ട് അകത്തേക്ക് വലിഞ്ഞത് ആനന്ദ് അറിഞ്ഞു. അയാൾക്ക് ഒരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.
‘ഈ കൂടിക്കാഴ്ച ഒരു വേദനയാകില്ല എന്നുറപ്പാണോ?’ ആനന്ദിന്റെ അസ്വസ്ഥത ചോദ്യരൂപത്തിലാണ് പുറത്ത് വന്നത്.
‘ആകും. എന്തിന് കള്ളം പറയണം ആനന്ദ് ?
പൊള്ളയായ തടി തീരം തേടാറില്ല, ഒഴുകികൊണ്ടിരിക്കുകയാണ് പതിവ്. പക്ഷേ, എന്നെങ്കിലും വീണു ചിതറുമ്പോൾ ഏതെങ്കിലും പാളിയിൽ കോറിയിട്ട ഒരു ചിത്രമുണ്ടാവാൻ അതും കൊതിക്കുന്നുണ്ടാവും. എന്നെന്നേക്കുമായുള്ള ചില ഒരടയാളപ്പെടുത്തലുകൾ മുറിവുണ്ടാക്കാതെ സാധ്യമാകില്ല ആനന്ദ്. വേദന, അനുഭവങ്ങളെ വികാരങ്ങളിലൂടെ കാണുമ്പോഴാണ്. അനുഭവങ്ങളിൽ നിന്ന് വികാരങ്ങളെ വേർപെടുത്തിയാൽ ഓർമ്മകൾ മാത്രം ബാക്കി. ആ വേർപെടുത്തലിന് വേണ്ട സമയം വേദന അനുഭവിച്ചേ മതിയാകൂ. ഈ ഒരനുഭവത്തിനു വേണ്ടി…ഈ ഓർമ്മകൾക്ക് വേണ്ടി… ആ വേദന സഹിക്കാൻ ഞാൻ തയ്യാറാണ്. ‘ മീര പുഞ്ചിരിച്ചു.
ഹൃദയത്തിലെവിടെയോ ഒരു തീവ്രമായ വേദന ആനന്ദിന് അനുഭവപ്പെട്ടു. എന്താണ് തന്നെ വലിഞ്ഞു മുറുകുന്നതെന്നറിയാനെന്നപോലെ അയാൾ മീരയുടെ മുഖത്ത് കണ്ണുകൾ കൊണ്ട് പരതി. ആനന്ദിന്റെ പെട്ടന്നുള്ള ഭാവവ്യത്യാസം അറിഞ്ഞെങ്കിലും മീര അതെക്കുറിച്ച് അന്വേഷിച്ചില്ല. അവൾ സ്വന്തം ഹൃദയത്തിന്റെ മാറിയ താളത്തിന് കാതോർക്കുകയായിരുന്നു.
ആനന്ദിന്റെ ശ്രദ്ധ എന്തിലേക്കോ തിരിഞ്ഞത് മീരയ്ക്ക് അനുഭവപ്പെട്ടു. അയാൾ പതുക്കെ മീരയുടെ മുഖത്ത് നിന്നും കണ്ണുകളെടുത്ത്, ദീർഘനിശ്വാസമെടുത്തു. ആനന്ദ് കുറച്ച് നേരം നിലത്ത് നോക്കിയിരുന്ന ശേഷം പതുക്കെ കുനിഞ്ഞ് വീണുകിടക്കുന്ന ഒരു ചുവന്ന പൂവ് കയ്യിലെടുത്തു. പോക്കറ്റിൽ കിടക്കുന്ന പാർക്കർ പേനയെടുത്ത് മൂടി തുറന്നു. അതിന്റെ വായ്ഭാഗം പൂവിന്റെ ഇതളിൽ അമർത്തി ഒരു വട്ടം മുറിച്ചെടുത്തു. എന്താണ് ചെയ്യുന്നത് എന്ന് ഊഹിക്കാൻ മീര ശ്രമിച്ചില്ല. ആ ദിവസത്തിന് പരിപൂർണമായും കീഴടങ്ങിയതാണ്. ഇനി വിലയിരുത്തലുകൾക്ക് പ്രസക്തിയില്ല. ആനന്ദിന്റെ വലതുകൈ തന്നിലേക്ക് നീളുന്നത് അവൾ ഭാവഭേദമില്ലാതെ നോക്കി. ആനന്ദ്, മീരയുടെ ശൂന്യമായ നെറ്റിയുടെ മധ്യത്തിൽ അത് അമർത്തിവെച്ചു. ചുവന്ന വട്ടപ്പൊട്ട്. ആനന്ദ് തന്റെ കണ്ണുകളിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന മീരയുടെ മുഖത്ത് നോക്കി. പൂർണത. അപൂർണതകളുടെ പൂർണത.
കാലം മീരയിലൂടെ മുൻപോട്ടും പിൻപോട്ടും ചലിച്ചുകൊണ്ടിരുന്നു. ആനന്ദിന്റെ മരണം കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണ് മീര വീണ്ടും അവിടെ പോകുന്നത്. വീടിന്റ വരാന്തയില ചുമരിൽ തൂക്കിയ ഭൂതകാലചിത്രത്തിൽ വിരലുകളോടിച്ചു. ‘ആനന്ദ്’… ആരോ വിളികേൾക്കുമെന്ന് പ്രതീക്ഷിച്ചത് പോലെ പതുക്കെ വിളിച്ചു.
പിന്നിൽ നിന്നും വന്ന റാം മനോഹറിന്റെ ശബ്ദം മീരയെ ആ നിമിഷത്തിലേക്ക് തിരികെ കൊണ്ടുവന്നു.
‘ആനന്ദ് വലിയ ഉത്‍സാഹത്തിലായിരുന്നു അവസാനം കാണുമ്പോൾ. തന്നെ കാണാൻ ഒരു മാസം കാത്താൽ മതി എന്ന ത്രിൽ. ആനന്ദ് എന്നത്തേതിലും സന്തുഷ്ടനായിരുന്നു മീരാ. ‘ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ദൂരത്തേക്ക് നോക്കി റാം തുടർന്നു. ‘ആ ഗുൽമോഹർ നിൽക്കുന്നതിനടുത്ത് മതി അന്ത്യവിശ്രമം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു ആനന്ദ് ‘.
മീര ഒന്നും മിണ്ടാതെ അങ്ങോട്ട് നടന്നു. അതേ സ്ഥലം. അതേ പൂത്തുനിൽക്കുന്ന ഗുൽമോഹർ. അതേ ബെഞ്ച്. പക്ഷേ, ഒഴിഞ്ഞ ശംഖിന്റെ ശൂന്യത. മീര കണ്ണടച്ച് കാതോർത്തു. മനസ്സിൽ കടലിരമ്പുന്ന പ്രതീതി. ഏതോ അനന്തതയിൽ നിന്നും ആനന്ദിന്റെ ശബ്ദത്തിൽ വില്യം വേർഡ്‌സ്‌വർത്തിന്റെ വരികൾ ഒഴുകി വന്നു.
‘She lived unknown, and few could know
When Lucy caesed to be;
But she is in her grave, and, oh,
The difference to me!’
(William Wordsworth – The lost love)
മീര കണ്ണുതുറന്നെഴുന്നേറ്റ് ആനന്ദിനെ അടക്കം ചെയ്ത മണ്ണിനു സമീപമിരുന്ന് കയ്യിലുള്ള ചുവന്നപൂവ് അതിനു മുകളിൽ വെച്ചു. ‘നിന്റെ കല്ലറയിൽ അടക്കം ചെയ്ത എന്റെ ആത്മാവിനായി സമർപ്പിക്കുന്നു ആനന്ദ്… ബാക്കിയുള്ള സമയത്തിന് ഓർമ്മകൾ മതി.’
‘She is in her grave…. The difference to me !’