ഗാന്ധി സ്ട്രീറ്റിലെ ഹിറ്റ്‌ലർ കോളനി

● ഗാന്ധി പാടുന്നു…

നിഗൂഢതയിൽ രണ്ട് സ്റ്റെപ്പ് താളം പിടിച്ച്
അദ്ദേഹം തൊണ്ടയനക്കി,
പിന്നെ നീട്ടിപ്പാടി
വടിവാളുകളെ ഗംഗയിൽ മുക്കിയാലും
ബുദ്ധിക്കിത്തിരി ശുദ്ധവായു നൽകിയാലും
പാപകറകളിൽ ചായം പൂശിയാലും
ഗാന്ധി ഉച്ചത്തിൽ പാടി
ഇത്തിരി അഹിംസയും ചേർത്ത്

● ഹിറ്റ്‌ലർ ജനിക്കുന്നു…

മൂന്ന് നേരം ഒരു ടിസ്പൂൺ വീതം
അഹിംസ മോന്തുമ്പോഴാണ്
തെരുവിന് പേറ്റുനോവ് തുടങ്ങിയത്.
വാരിയെല്ലുകൾ അലറുന്നതിനിടയിൽ
ടിസ്പൂൺ നിലത്ത് വീണതറിഞ്ഞില്ല.
ജനം ഗാന്ധിയെ തിരക്കി
കാണ്മാനില്ല
പകരം ഒരുവൻ ജനിക്കുന്നു
ഒരു പുതിയ ഗാന്ധി
ശാസ്ത്രീയനാമം “ഹിറ്റ്‌ലർ”

● കാലിള(ക്കു)ന്നു…

കുറെ ഗാന്ധിമാർ
അഹിംസയുടെ നൂറുകൂട്ടം നിർവചനങ്ങൾ
സമാധാനപ്രാവുകൾ പെറ്റുപെരുകുകയാണ്
രക്തകറക്ക് പോലും നിരവധി നിറങ്ങൾ
ഭാരം സഹിക്ക വയ്യാതെ
തെരുവിന്റെ കാലിളകുന്നു
അങ്ങനെയല്ല,
ഇവർ കാലിളക്കുന്നു

● കുഴഞ്ഞു വീഴുന്നു…

ആരും വെള്ളം നൽകിയില്ല
അന്ധനായ കണ്ണുകളെ,
ബധിരനായ കാതുകളെ,
മൗനിയായ ഹൃത്തമേ,
നാം കുഴഞ്ഞ് വീഴുന്നു.
നാം എന്നാൽ “നിങ്ങൾ”
നിങ്ങൾ കുഴഞ്ഞു വീഴുന്നു

● വീണ്ടും ഗാന്ധി പാടുന്നു…

കല്ലറ ഇളക്കിയുള്ള ഉയർത്തെഴുന്നേൽപ്പ്,
വലതിൽ വടിവാളും
ഇടതിൽ ഇറച്ചികഷ്ണവും
രണ്ട് പ്രാവശ്യം വടിവാൾ വീശി
പാടാൻ തുടങ്ങി.

വടിവാളുകളെ ചോരയിൽ മുക്കിയാലും
ബുദ്ധിക്ക് കറുപ്പ് നിറം നൽകിയാലും
തെരുവിനെ തടങ്കലിലിട്ടാലും
വീണ്ടും ഗാന്ധി പാടി
ഇത്തിരി ഹിംസ ചേർത്ത്
പിന്നെ ഇറച്ചിക്കഷ്ണം കടിച്ചു വലിച്ച്
ഉറക്കെ അലറി…..

പക്ഷെ,
ഗാന്ധി ന്യൂജൻ ആയെന്ന് മാത്രം