ഗാനകവിയുടെ കവിതകൾ

പൂക്കളുടെ കാവ്യപുസ്തകമാണ് ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രഗാനങ്ങൾ. ഈ പൂവ് ആർക്ക് കൊടുക്കും എന്ന ശീർഷകത്തിൽ ഒരു കവിത അദ്ദേഹം എഴുതിയിട്ടുണ്ട്. ചെടിയിൽ ചിരിച്ചു നിന്ന പൂവാണ് ഇറുത്തെടുത്തത്. കാമുകിക്കോ, ഗുരുവിനോ തോഴനോ വീരനോ നേതാവിനോ ആർക്കാണ് കൊടുക്കേണ്ടതീ ഇറുത്ത പൂവിനെയെന്നോർത്തു നിൽക്കുമ്പോൾ “ഇറുത്തു പോയി ഞാൻ, കൊടുത്താലും ചെടി തിരിച്ചെടുക്കില്ലീ സുഗന്ധവേദന’’ എന്ന ആത്മീയോദയത്തിൽ ആ കവിത അവസാനിക്കുന്നു.

ഭൂമിയുടെ പാട്ടാണ് പൂവ് എന്ന് ഇനിയും സ്നേഹിക്കുക എന്ന കവിതയിൽ ശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്. പൂവിൽ തേനൂറുന്ന ഗാനങ്ങളാണ് അദ്ദേഹം രചിച്ചതേറെയും. അവ അനുരാഗമധുമാരി ചൊരിയുന്ന ഗാനങ്ങളായിരുന്നു. പൂവും പൂമാനവും സന്ധ്യയും ഉഷസ്സും വസന്തവും വീണയും അതിൽ വിരുന്നു വന്നു. ജീവിതേശ്വരിക്കു നൽകാൻ എഴുതുന്ന പ്രേമലേഖനം പോലുള്ള പാട്ടുകൾ.” കണ്ണിനു കാണാൻ കഴിയാതുള്ളൊരു കരളിലെ വർണ്ണത്താളുകളിൽ സങ്കല്പത്തിൻ തൂലികയാലേ സ്വർഗ്ഗീയസ്മൃതിയാലേ (ലേഡീസ് ഹോസ്റ്റൽ)’’ എഴുതിയ ഗാനങ്ങൾ. തന്നെ സ്വയം വിശേഷിപ്പിക്കുവാൻ ശ്രീകുമാരൻ തമ്പി ഗാനകവി എന്ന പ്രയോഗമാവും സ്വീകരിക്കുക. മോഹവും മുക്തിയും എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ചുംബനവർണ്ണപതംഗങ്ങളാൽ എന്നു തുടങ്ങുന്ന ഗാനത്തിൽ…

“താരുണ്യ തല്പത്തിൻ താമരവിരിയിലൊ-
രാരാമത്തെന്നലായ് ഞാനുലയും
ആ രാഗമണ്ഡപ ചൈതന്യമെന്നിലെ
ഗാനകവിതൻ കവിതയാക്കും”

….. എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രകൃതിയാണ് ഈ ഗാനകവിയുടെ പാഠശാല. ഗാനത്തിൽ കവി ഒരു പൂക്കളം തന്നെ തീർത്തിട്ടുണ്ട്. അതിൽ താമരപ്പൂ മുതൽ പുറവേലിച്ചോട്ടിലെ ജമന്തിപ്പൂക്കൾ വരെയുണ്ട്. പുത്തിലഞ്ഞിക്കാട്ടിൽ പൂവെയിലിൻ നൃത്തം എന്നെഴുതാൻ ശ്രീകുമാരൻ തമ്പിയുടെ ഭാവനയ്ക്കേ കഴിയൂ. നാട്ടുമാവിൻ്റെ ചോട്ടിലെ നന്ത്യാർവട്ടപ്പൂവിൻ്റെ ചിരിയും സൂര്യകാന്തിപ്പൂവിൻ്റെ ചിരിയും മല്ലികപ്പൂവിൻ്റെ മധുരഗന്ധവും വിടർന്നു നില്ക്കുന്ന നീലാബുജങ്ങളും അധരങ്ങളിൽ പൂക്കുന്ന അരിമുല്ലച്ചിരിയും പാട്ടിൽ കോർത്തെടുക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ഭാവനാലോകത്തെ ജയിക്കാൻ മറ്റേതൊരു കവിയും പാടുപെടും.

കല്പനകളിൽ നിത്യസമ്പന്നനായ കവിയാണ് തമ്പി. പുഷ്പങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ (മധുരപ്പതിനേഴ്) എന്ന വിശ്വാസമാണ് ശ്രീകുമാരൻ തമ്പിയെ നയിക്കുന്നത്. വർണ്ണനകൾക്കുമതീതമായ വരവർണ്ണിനിയുടെ രൂപം വരയ്ക്കാൻ കവിയുടെ പൂപ്പാലികയിൽ ഇനിയുമുണ്ട് പല പൂക്കൾ. വയൽപ്പൂക്കൾക്കും തൊടിയിലെപ്പൂക്കൾക്കും പാരിജാതത്തിനും രാജമല്ലിക്കും അദ്ദേഹത്തിൻ്റെ പാട്ടിൽ ഇടമുണ്ട്. ഏതു ചെടിക്കുടുംബത്തിലെ പൂവിൻ്റെ കൂട്ടത്തിലും ഏറ്റവും മികച്ചതിനെ തേടിപ്പോകുന്നതിലാണ് തമ്പിയുടെ കനകത്തൂലിക ശ്രദ്ധിച്ചത്. ചെമ്പകത്തൈകൾ പൂത്തമാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി എന്നു കാത്തിരുന്ന നിമിഷം എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ശ്രീകുമാരൻ തമ്പി കതിർമണ്ഡപം എന്ന ചിത്രത്തിൽ ചമ്പകത്തെക്കാൾ കേമമായ പനിനീർച്ചമ്പകമായാണ് കാമുകിയെ അവതരിപ്പിക്കുന്നത്.

“ചമ്പകമല്ല നീയോമനേയൊരു
പനിനീർച്ചമ്പകം, വെറും
കുങ്കുമമല്ല നീ ശ്രീദേവി ചാർത്തുന്ന
മംഗല്യകുങ്കുമം…..!
താമരയല്ല നീ ശ്രീപാദം പൂവിടും
സായൂജ്യപ്പൊൻതാമര “

എന്നിങ്ങനെ ആ കാമുകൻ തൻ്റെ ഓമനയെ ശ്രേഷ്ഠങ്ങളിൽ ശ്രേഷ്ഠമായതായി അവതരിപ്പിക്കുന്നു. കാമുകി നൽകുന്ന മുത്തങ്ങൾ ചാർത്തുന്ന ഉന്മാദഹർഷം പൊൻചമ്പകങ്ങളാകും എന്നു പ്രവാഹമെന്ന ചിത്രത്തിനെഴുതിയ ഗാനത്തിലും തമ്പി പറയുന്നുണ്ട്. പൊൻചമ്പകപ്പൂക്കൾ നുള്ളിനുള്ളി വിരൽത്തുമ്പു ചുവന്നു പോയ കാമുകിയെ സ്മൃതിമധുരം എന്ന കവിതയിൽ കവി… ”പൊൻചമ്പകം പൂക്കും കാഴ്ച കണ്ടാൽ ” ഇന്നും മിഴി നിറഞ്ഞു പോകും. താമരപ്പൂവിനോടു തമ്പിയ്ക്കൊരിത്തിരി ഇഷ്ടം കൂടുതലുണ്ട്. ആ ഹൃദയസരസ്സിൽ വിരിഞ്ഞതിലേറെയും താമരപ്പൂക്കൾത്തന്നെ. കാമുകിയോടു പൂവായി വിടരാൻ പറയുന്ന കാമുകൻ പക്ഷേ, അവളുടെ ഉടലിനെ താമരപ്പൂ തോറ്റുപോകുന്ന ഒന്നായി കാണുന്നു.

“താമരപ്പൂ നാണിച്ചു – നിൻ്റെ
തങ്കവിഗ്രഹം വിജയിച്ചു. (ടാക്സികാർ)”

മനസ്സിനെ താമരമലരായി ഭാവന ചെയ്യാനും കവിക്കു മടിയില്ല. തക്കാളിപ്പഴക്കവിളിലൊരു താമരമുത്തം നൽകാനാണ് കാമുകനിഷ്ടം. മാൻ പേട എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ഗാനത്തിൽ നീലത്താമരപ്പൂവും പച്ചനോട്ടുകൾക്കെഴുതിയ ഗാനത്തിൽ ചെന്താമരമൊട്ടും കടന്നു വരുന്നുണ്ട്.

വെളിച്ചം സൗന്ദര്യത്തെ കണ്ടുമുട്ടുന്ന കഥ വെളിച്ചം എന്ന പേരിൽ ശ്രീകുമാരൻ തമ്പി കവിതയായി എഴുതിയിട്ടുണ്ട്. പണ്ട് പണ്ട് വസന്തത്തിൻ്റെ മടിയിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു പൂമൊട്ടിൻ്റെ ഹൃദയത്തിൽ വെച്ചാണ് വെളിച്ചം സൗന്ദര്യത്തെ കണ്ടുമുട്ടിയത്. വസന്തം നോക്കി നിൽക്കേ അവർ പരസ്പരം ആലിംഗനം ചെയ്തു. ഇന്നു മുതൽ നമ്മൾ ഒന്നായി ജീവിക്കും എന്നവർ പ്രതിജ്ഞ ചെയ്തു. പൂമൊട്ടിൽ പുളകം ചാർത്തി നിന്ന സുഗന്ധത്തിൻ്റെ കണ്ണുകൾ അത് കേട്ടു നനഞ്ഞു. വെളിച്ചമേ നീ വിഡ്ഢിയാകരുതെന്നു പൂമൊട്ടിൻ്റെ വഞ്ചനയിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന സുഗന്ധം പറഞ്ഞു. വെളിച്ചം അതു കേട്ടില്ല. വെളിച്ചവും സൗന്ദര്യവും സുഗന്ധവും ഒത്തുചേർന്നപ്പോൾ ഭൂമി സ്വർഗ്ഗമായി. ഒരിക്കലും വാടാത്ത പൂക്കൾ. ഒരിക്കലും മങ്ങാത്ത പൂക്കൾ. മധുനുകരാൻ എത്തിയ ശലഭങ്ങൾ സൗന്ദര്യമേ ഞങ്ങൾക്കു നിന്നെയാണാവശ്യം നിന്നെ മാത്രം എന്നു പറഞ്ഞു. തേൻ തുള്ളികൾ അതുകേട്ടു തേങ്ങിക്കരഞ്ഞു. അപമാനിതയായ വെളിച്ചം സൗന്ദര്യത്തോടു യാത്ര പറഞ്ഞു. വീണ്ടും ഭൂമി സ്വർഗ്ഗമാകാൻ കൊതിക്കുന്ന ഹൃദയത്തോടെ ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതുന്നു. ഭൂമിയിൽ ആയിരം പൂവുകൾ പൊട്ടി വിടർന്നു വിളങ്ങുന്ന കാഴ്ച ഉൾക്കണ്ണിൽ കണ്ട് അദ്ദേഹം കവിതയും എഴുതുന്നു.

Photo Courtesy : Online

കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തു ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മലയാളത്തിൽ എം.എ ബിരുദം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നും എം.ഫിൽ, പിഎച്ച്.ഡി ബിരുദങ്ങൾ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും റിസേർച്ച് ഗൈഡുമാണ്. ഓട്ടോണമസ് കോളേജുകളായ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫസ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് , തമിഴ്നാട്ടിലെ ഈറോഡ് കൊങ്ങു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം. ടെറി ഈഗിൾട്ടൺ: സിദ്ധാന്തം, സൗന്ദര്യം, സംസ്കാരം എന്ന കൃതിയ്ക്ക് 2023 ലെ മികച്ച നിരൂപണ ഗ്രന്ഥത്തിനുള്ള ചെങ്ങന്നൂർ സമദർശന സാംസ്കാരിക വേദിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ലോകകഥയുടെ ചരിത്രവും സൗന്ദര്യവും, ദെല്യൂസ് : സാഹിത്യം ദർശനം സിനിമ, സിനിമയുടെ രസതന്ത്രം, ജനപ്രിയ സിനിമകൾ : പാഠവും പൊരുളും, സമകാലികസാഹിത്യവിമർശനം, ഭാരതീയേതരസാഹിത്യസിദ്ധാന്തങ്ങൾ, പാശ്ചാത്യസാഹിത്യ സങ്കേതങ്ങൾ എന്നിവ പ്രധാന കൃതികൾ. ആധുനികാനന്തരകവിത , ഇന്ദുമേനോൻ : കഥ കാമന കലാപം, പൗലോ കൊയ്ലോ : ദേവദൂതൻ്റെ തീർത്ഥാടനങ്ങൾ, മീരയുടെ കഥകൾ: രാഷ്ട്രീയവും സൗന്ദര്യവും, സാഹിത്യചരിത്രവിജ്ഞാനീയം, സാഹിത്യചരിത്രം : സിദ്ധാന്തം സൗന്ദര്യം രാഷ്ട്രീയം, പരിസ്ഥിതി വിജ്ഞാനവും മനുഷ്യാവകാശപഠനവും തുടങ്ങിയ കൃതികൾ എഡിറ്റുചെയ്തിട്ടുണ്ട്. ഇപ്പോൾ പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) മലയാള വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.