എന്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ
ചിത്രശലഭങ്ങളായി കൂടുകൂട്ടി
ഞാനുറങ്ങുമ്പോൾ…., നീ ഉണരും.
ആ ഉറക്കത്തിൽ നീയെനിക്കൊപ്പം പാടും
നൃത്തം വയ്ക്കും, ചിത്രങ്ങൾ വരയും
മയിൽപ്പീലികൊണ്ട് കണ്ണെഴുതി
മഴവില്ലുകൊണ്ട് കാണും!
നിന്റെ ചിലമ്പൊച്ചയിൽ
കസ്തൂരിഗന്ധത്തിനൊപ്പം
ധൂമപ്പടർപ്പിൽ നീ മറയും
ചിത്രപൂങ്കാവനത്തിൽ
വർണ്ണശലഭമായി വിഹരിക്കുമ്പോൾ
കാറണിക്കൂന്തലിൽച്ചൂടിയ പൂവായ്
നീ പറ്റിച്ചേർന്നു വരും.
നിൻ ചിറകടിയിൽ, നൊടിയിടെ
നീലോന്മിലിത നയനങ്ങളിൽ
നീലത്തടാകത്തിൻ സ്വർണ്ണമത്സ്യംപോൽ
നീ ഒളികൺപാർക്കും!
പാലപൂത്തരാവുകളിൽ ജാലകചില്ലിൽ
മഴവിരലാൽ കളം വരച്ച്
നീ എന്നെയുണർത്തും.
നിന്റെ സീൽക്കാര മന്ത്രത്തിൽ
കൊട്ടിയടക്കുന്ന വാതിൽപ്പഴുതിലൂടെ നീ
രാഗപരവശത്തോടെയെന്നെപ്പുണരും.
ദർശന സ്ഫുലിംഗങ്ങളിൽ
ഞെട്ടിത്തരിച്ചു ഞാൻ വിളറും!
വാടിയ മുഖകമലം
കൈക്കുമ്പിളിൽ നീ വാരിയെടുക്കുമ്പോൾ
നിന്റെ കണ്ണിൽ വിരിഞ്ഞ ചിത്രശലഭത്തെക്കണ്ടു
ജാലകവിരി നീക്കി നോക്കുമ്പോൾ
തൊടിയിൽ പൂന്തേനുണ്ണും തുമ്പികൾക്കൊപ്പം
നീ മാഞ്ഞുമാഞ്ഞു പോകും!
എന്റെ ഗന്ധർവ്വാ! കുരുന്നിലകൾ തൂവുന്ന
ചോലമരത്തണലിൽ ഉച്ചനേരം
ഇത്തിരിനേരം എനിക്കൊപ്പം
ചുറ്റിയടിക്കുമ്പോൾ
പൂക്കൈതമണം വാരിവീശി
നീ എന്നെ മദിപ്പിക്കും!
അമാവാസിയടുക്കുമ്പോൾ
ആതിര വന്നു വിളിക്കുമ്പോൾ
കുളിർമഞ്ഞുപെയ്യുമ്പോൾ
നൂറുതേച്ച വെറ്റില വാലടർത്തി
വായിൽ വച്ചുതരാൻ ഞാൻകൊതിക്കുമ്പോൾ
നീ ശിവജഡയിൽ പോയൊളിക്കുന്നോ…?
മണ്ഡലംകഴിഞ്ഞു നടതുറപ്പുംകഴിഞ്ഞു
കാർത്തികദീപമണഞ്ഞു
വാതിലുംചാരി മറയുമ്പോൾ
പൂക്കിലപൊട്ടിയപോലെ
നീ മാനത്തു നിറഞ്ഞു നില്പുതുടങ്ങിയോ.