ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 4 )

സമയം ഉച്ചകഴിഞ്ഞ് രണ്ടര മണിയോളമേ ആയിട്ടുള്ളൂ എങ്കിലും തണുപ്പ് നന്നായി അനുഭവപ്പെട്ടു തുടങ്ങി. ഏതാനും ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് മുന്നേയത്തിയവർ തയ്യാറാക്കിയ ചെറിയൊരഗ്നികുണ്ഡത്തിൽ അവശേഷിച്ച കനലിൽ കൈകൾ ചൂടാക്കിയപ്പോഴേക്കും അജിത്തും ബികാസും എത്തിച്ചേർന്നു. അൽപസമയം കൂടി വിശ്രമിച്ച ശേഷം ഞങ്ങൾ കൈലാസനാഥനരികിലേക്കുള്ള അവസാന ഘട്ട യാത്ര ആരംഭിച്ചു.

ചുറ്റും പച്ചപ്പിൻ്റെ അംശം പോലുമില്ല. തകർന്ന പാറക്കല്ലുകൾ വിരിച്ച താഴ്വരക്കപ്പുറം ഹിമാനികകളിൽ നിന്ന് ഉയർന്നു വന്നതു പോലുള്ള കരിമ്പാറ നിറമാർന്ന കൊടുമുടികൾ. അവയുടെ തലപ്പുകൾ മൂടൽമഞ്ഞിൻ്റെ തിരശ്ശീലകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നു.

കുറച്ചു ദൂരം പറകളുടെ പുറത്തു കൂടി താഴ്വരയിലൂടെ നടന്നു കഴിഞ്ഞാൽ കുത്തനെയുള്ള കയറ്റമാണ്. ഇതുവരെ കയറിയ കയറ്റമൊന്നും കയറ്റമായിരുന്നില്ല. കാൽമുട്ട് താടിയിൽ മുട്ടുന്ന വിധം കാലുകൾ പൊക്കി വച്ചു മാത്രം കയറാവുന്ന വഴി. അടർന്നു വീണു കിടക്കുന്ന പാറക്കഷ്ണങ്ങളാൽ ഏറിയ ഭാഗത്തും വഴി എന്നത് ഒരു സങ്കൽപം മാത്രമാണ്. പാറക്കഷ്ണങ്ങളിൽ അള്ളിപ്പിടിച്ചു അതീവ ശ്രദ്ധയോടെ കയറേണ്ടതുണ്ട്. ചെറിയൊരു അശ്രദ്ധ പോലും ഒഴിവാക്കി ശരീരവും മനസ്സും പൂർണമായും തുറന്നു വച്ചുള്ള കയറ്റം. ഹൈക്കിങ് ഷൂസുകളുടെ ഉപയോഗമെത്രയെന്ന് ഇത്തരം യാത്രകളിലാണ് മനസ്സിലാവുക. സാധാരണ ക്യാൻവാസ് ഷൂസ് ധരിച്ചു കയറുന്നത് അജിത്തിന് എളുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സമതലങ്ങളിലെ ഉപയോഗത്തിനായി നിർമ്മിക്കപ്പെടുന്ന പാദരക്ഷകളുമായി ഇത്തരം യാത്രകൾക്ക് ഇറങ്ങുന്നത് പോലുള്ള അബദ്ധം വേറെയില്ല. എന്നാൽ ബികാസിനെപ്പോലുള്ളവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. അവരുടെ ശരീരം ഇത്തരം ഇടങ്ങളിലെ ജീവിതത്തിനായി പാകപ്പെട്ടവയാണ്. അതിസാധാരണമായൊരു ജോഡി ചെരുപ്പും ധരിച്ച് തൻ്റെ ബാഗും തൂക്കി അയാൾ അജിത്തിൻ്റെ പിന്നാലെ കുസലെന്യേ മല കയറി. ഇടക്ക് ഞങ്ങൾ മറികടന്ന് കയറാനാവാത്ത കൂറ്റൻ പാറകൾക്ക് മുന്നിൽ പെടുമ്പോൾ അയാൾ പെട്ടെന്ന് കയറി വന്ന് ഒരു മാർഗം കണ്ടു പിടിച്ച് ഞങ്ങളെ കൈപിടിച്ച് കയറ്റി.

കയറ്റം ഒരിക്കലും അവസാനിക്കയില്ലെന്നു ശങ്കിച്ച നിമിഷത്തിൽ ഞങ്ങൾ കൊടുമുടിയുടെ മറുഭാഗത്തെക്കു കയറിയെത്തി. ഇനിയും ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടില്ല. താഴേക്ക് നോക്കിയാൽ ഉൾക്കടമായ ഭയം ജനിപ്പിക്കുന്ന ഇല്ലാത്ത വഴിയിലൂടെ വേണം ഇനി കയറാൻ. മൂടൽമഞ്ഞ് അധികമില്ലാത്തതിനാൽ ഇടതുവശത്തെ അഗാധതയിൽ ഒരു ഗ്രാമം കണ്ടു.അതിനും അപ്പുറത്ത് ഉയർന്നു നിൽക്കുന്ന ഹിമാലയ ശൃംഖങ്ങൾ. കാഴ്ചകൾ ആസ്വദിക്കാവുന്ന മനോനിലയല്ല ഇപ്പോൾ. ഞങ്ങൾ പതിയെ സൂക്ഷിച്ച് മുന്നോട്ട് നീങ്ങി.

അതീവ ശ്രദ്ധയോടെ കൊടുമുടിയുടെ ഇടതു വശത്തുകൂടെ അരിച്ചരിച്ചു കയറി മുകളിലെത്തി. അത്ഭുതം! താഴ്വരയിലോ കയറിവന്ന വഴിയിലോ വച്ചു യാത്രികർക്ക് ദൃശ്യമാകാത്ത കിന്നർ കൈലാസ ശിവലിംഗം ഇതാ തൊട്ടുമുന്നിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നു. ചുറ്റും പ്രകൃതിയുടെ താണ്ഡവത്തിൽ തകർന്നു കിടക്കുന്ന കൂറ്റൻ പറകളുടെ ഓരത്തായുള്ള ഉദ്ദേശം ഇരുപതടി നീളവും കഷ്ടിച്ച് ഒന്നരയടി വീതിയുമുള്ള പാറവരമ്പിന്റെ അറ്റത്തായി യാതൊരു സഹായവും കൂടാതെ മുപ്പതടിയിലേറെ ഉയരത്തിലേക്ക് കൊമ്പുയർത്തി നിൽക്കുകയാണ് ശിവലിംഗം. ഇരുവശവും പരന്ന രൂപമാണ് സ്വയംഭുവായ ഈ ശിവലിംഗത്തിന്.

ഹിന്ദുക്കളും ബുദ്ധ മതാനുയായികളും ഒരേപോലെ പവിത്രമായി കരുതുന്ന കിന്നർ കൈലാസം ഹിമാചൽ പ്രദേശിലെ കിന്നോർ ജില്ലയിലാണ്.കിന്നർ കൈലാസ പാർവ്വത നിരകൾകൾക്ക് ഏറ്റവും ഉയരമേറിയ ഭാഗത്ത്‌ 6473 മീറ്റർ പൊക്കമുണ്ടെങ്കിലും ശിവലിംഗ ദർശനത്തിനായി കയറിയെത്തുന്ന കിന്നർ കൈലാസ ശൃംഗത്തിന് 4650 മീറ്റർ ആണുയരം. പഞ്ചകൈലാസങ്ങളിൽ ഒന്നാണ് കിന്നർ കൈലാസം. ടിബറ്റിലെ മഹാകൈലാസവും ഉത്തരാഖണ്ഡിലെ ആദികൈലാസവും ഹിമാചലിലെ തന്നെ ശ്രീകണ്ഠദേവ്, മണിമഹേഷ്‌ കൈലാസങ്ങളും ആണ് മറ്റുള്ളവ.

ശിവന്റെ ഏറ്റവും വിശ്വസ്തരായ ഗണങ്ങളിൽ പെട്ട കിന്നരരുടെ അപേക്ഷ പ്രകാരം പത്നീസമേതനായി അവരുടെ അടുത്തു വാസത്തിനായി കിന്നർ കൈലാസം തെരഞ്ഞെടുത്തു എന്നാണ് പ്രദേശവാസികളുടെ വിശ്വാസം. പുരാണങ്ങളിൽ ശിവൻ ഭസ്മാസുരന് വരം നല്കിയതിനെ സംബന്ധിച്ച ഐതിഹ്യം കിന്നർ, ശ്രീകണ്ഠദേവ് കൈലാസങ്ങളുമായി ബന്ധപ്പെട്ടതാണ്.

ശിവലിംഗ ദർശനാനുഭൂതിയിൽ ശാരീരികാസ്വസ്ഥതകൾ എല്ലാം വിസ്‌മൃതമായി. രണ്ടു ദിവസം നീണ്ട അതികഠിനമായ യാത്രക്കൊടുവിൽ ഇതാ എത്തി നിൽക്കുന്നു മഹാദേവന്റെ മുമ്പിൽ. വീശിയടിക്കുന്ന കാറ്റിന് അതികഠിനമായ തണുപ്പായിരുന്നു എങ്കിലും ജാക്കറ്റ് ഊരി സാഷ്ടാംഗം പ്രണമിച്ചു. നന്ദി, മഹപ്രഭോ! ദുർഘടമായ വഴികളിലൊന്നും വീണുപോകാതെ കാത്തതിന്; കൈപിടിച്ചെന്ന പോലെ അങ്ങയുടെ മുന്നിലേക്ക് എത്തിച്ചതിന്.

ഒരാൾക്ക് നടന്നു പോകാവുന്ന വരമ്പിലൂടെ ശിവലിംഗത്തിന്റെ ചുവട്ടിലേക്കു നടന്നെത്താം. ഞങ്ങൾക്ക് പിന്നാലെ എത്തിയ ചെറുപ്പക്കാരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഞാനും ആ വരമ്പിലേക്കു കയറി. ഇടതുവശത്തെ ആഴത്തിലേക്ക് നോക്കിയ എന്റെ നട്ടെല്ലിൽ നിന്നും തലച്ചോറിലേക്ക് ഒരു മിന്നൽ പാഞ്ഞു. മൂർച്ചയേറിയ കൂറ്റൻ മഴുവിനാൽ അഗാധതയിലേക്ക് മിനുസ്സമായി വെട്ടി മാറ്റിയത് പോലെയാണ് ആ വശം. വീണ്ടും നോക്കിയാൽ തലകറങ്ങി താഴെ വീണു പോകുമോ എന്ന ഭയത്താൽ ശിവലിംഗത്തിന്റെ ചുവട്ടിൽ മാത്രം ശ്രദ്ധിച്ചു പതിയെ നടന്നു. ചുവട്ടിൽ ഭക്തർ സമർപ്പിച്ച പൂക്കൾക്കും പൂജാദ്രവ്യങ്ങൾക്കും ഒപ്പം ഒരു ഡമരുവും ചെറു തൃശൂലങ്ങളും. കാറ്റും തണുപ്പും കാരണം അധികസമയം തങ്ങാനാകാത്തതിനാൽ മുട്ടുകുത്തി പ്രണാമം അർപ്പിച്ചു വേഗം അജിത്തും ബികാസും നിൽക്കുന്ന പാറയുടെ സുരക്ഷിതത്വത്തിലേക്കു മടങ്ങി.

മൂടൽ മഞ്ഞു വന്നു മൂടി തുടങ്ങി. അധികം നിൽക്കുന്നത് ഒട്ടും പുരക്ഷിതമല്ല. ഇരുട്ടു വന്ന് കാഴ്ച മങ്ങിയാൽ വഴി തെറ്റാനും അപകടമുണ്ടാക്കാനും സാധ്യത ഏറെയാണ്.

ഭാവിയിൽ സ്മൃതിയിൽ നിന്നു ചികഞ്ഞെടുത്ത് ആസ്വദിക്കാൻ ഓരോ സെൽഫിയുമെടുത്ത് ഞങ്ങൾ മഹാദേവനെ ഒരു വട്ടം കൂടി തൊഴുത് പതുക്കെ മലയിറങ്ങി.

കയറ്റത്തേക്കാൽ കഠിനമാണ് ഇറക്കം. പക്ഷേ, ഭൂതനാഥ ദർശനത്താൽ തെളിഞ്ഞ മനസ്സിൽ ഇപ്പോൾ ആശങ്കകളേതുമില്ല. അല്ലെങ്കിൽ തന്നെ, മഹാദേവ സന്നിധിയിലേക്ക് ഒരുങ്ങി ഇറങ്ങുക എന്നതിൽ തീരുമല്ലോ ഭക്തൻ്റെ കർത്തവ്യം. പിന്നെ അയാൾക്ക് ദർശനം നൽകി സുരക്ഷിതമായി മടക്കി അയക്കുക എന്നത് ദേവദേവൻ്റെ ഉത്തരവാദിത്തമാണ്. വഴിയിൽ വൈകി ഇരുട്ടിൽ പെട്ട ഞങ്ങളെ ഒരു പോറൽ പോലുമേൽക്കാതെ അത്യന്തം അപകടകരമായ കിന്നർ കൈലാസ മലനിരകളിൽ നിന്നും ഭീം ഗുഹയിലെ അല്പം ഇടത്തേക്കും അവിടെ നിന്ന് പിറ്റേന്ന് നഗരത്തിരക്കിലേക്കും സുരക്ഷിതമായെത്തിച്ച് മഹാദേവൻ വീണ്ടുമത് എന്നെ ബോധ്യപ്പെടുത്തി.

മൂന്നു വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഓർക്കുമ്പോൾ അതിശയിപ്പിക്കുന്ന സംഗതി എന്തെന്നാൽ 2017 ന് ശേഷം കിന്നർ കൈലാസത്തിലേക്ക് യാത്രികർക്ക് പ്രവേശനമുണ്ടായില്ല എന്നതാണ്. 2018 ലും 19-ലും പേമാരിയും മലയിടിച്ചിലും ആയിരുന്നുവെങ്കിൽ 2020-ൽ ലോകം കീഴടക്കാൻ ഒരുങ്ങിയിറങ്ങിയ ഒരു വൈറസ് ആണ് കാരണം എന്നു മാത്രം.

തിരുവനന്തപുരം പാേത്തൻകാേടിന് അടുത്ത് നേതാജിപുരത്ത് താമസം. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായി ജാേലി ചെയ്യുന്നു. യാത്രകളോടാണ് പ്രിയം