ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 3 )

അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്ന അപാര സൗന്ദര്യമാണ് ഹിമാലയ ഭൂമിക്ക്. സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞെങ്കിലും മൂന്നു മണിക്കൂറിലേറെ തകർത്തു പെയ്ത മഴയുടെ കുളിരിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല. ചുറ്റും അഗാധമായ താഴ്വാരങ്ങളാൽ ചുറ്റപ്പെട്ട പല നിറങ്ങളിലുള്ള മലമടക്കുകൾ. ദൂരമനുസരിച്ചു കടും പച്ചയിൽ നിന്നു നീലയിലേക്കും പിന്നെയും നിറം കുറഞ്ഞു കുറഞ്ഞു അവ്യക്തതയിലേക്കും ചക്രവാളത്തോളം ചെന്നു മറയുന്ന പല വലുപ്പത്തിലും രൂപത്തിലുമുള്ള മലകൾ. അവയിൽ ഉയരം കൂടിയവ മേഘമാലകൾ കഴുത്തിലണിഞ്ഞു നെറുകയിൽ മഞ്ഞിൽ കിരീടവുമണിഞ്ഞാണ് ഇപ്പോൾ നിൽക്കുന്നത്.

ഇത്തരം യാത്രകളുടെ ആനന്ദമെന്തെന്നാൽ വഴിയിൽ കണ്ടുമുട്ടുന്നവരെല്ലാം സുഹൃത്തുക്കളാണെന്നതാണ്, നമ്മുടെ സുഖത്തിൽ കരുതലുള്ളവരാണെന്നതാണ്.

ഇന്നലെ പൈൻ മരക്കാടിനു നടുവിലൂടെയുള്ള കത്തനെയുള്ള കയറ്റം പ്രയാസപ്പെട്ട് ഇഴഞ്ഞു കയറിക്കൊണ്ടിരുന്നപ്പോൾ, അതിലൂടെ നാട്ടിടവഴിയിൽ സഞ്ചരിക്കുന്ന ലാഘവത്തോടെ ആഹ്ലാദഭരിതരായി കയറി വന്ന സംഘം. ഒരാളൊഴിച്ച് എല്ലാവരും ഹിമാചല പ്രദേശത്തുള്ളവർ തന്നെ. ഹിമമുടികൾ അവർക്ക് കളിമുറ്റം! കാൽ തെറ്റിയാൽ അഗാധതയിലേക്കു തെറിച്ചു വീഴാവുന്ന ഏറെയും തകർന്ന ഒറ്റയടിപ്പാത പ്രയാസപ്പെട്ടു കടന്നു വന്നു വിശ്രമിക്കാനിരിക്കുമ്പോൾ അവരെ വീണ്ടും കാണുന്നത് തന്നെ എന്തൊരാനന്ദമാണ്. സ്നേഹത്തോടെ വെച്ചു നീട്ടിയ ചരസ്സു നിറച്ചൊരു ബീഡി വേണ്ടെന്നു വച്ചു വീണ്ടും മുകളിലേക്ക്. ഈ യാത്രയുടെ ലഹരിയിൽ തന്നെ ഞാൻ മത്തനാണല്ലോ.

ഗണേഷ് പാർക്കിൽ തങ്ങാനിഷ്ടപ്പെടാത്തവരുടെ ഇടത്താവളമാണ് ഭീം ഗുഹ. താഴ്വരയിലേക്കു വാ പൊളിച്ചു നിൽക്കുന്ന ഗുഹയിൽ പന്ത്രണ്ടോളം പേർക്ക് കിടക്കാനുള്ള സ്ഥലമുണ്ട്. മഴവെള്ളം ഉള്ളിലേക്ക് കടക്കാതെ പാറക്കല്ലുകൾ അടുക്കി ഗുഹാമുഖം സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ ശരാശരി ഉയരമുള്ളവർക്കു പോലും നീണ്ടു നിവർന്ന് കിടക്കുക അസാധ്യമാണ്. തലേ രാത്രിയിലെ താമസക്കാർ സൂക്ഷിച്ചു വച്ച ഏതാനും ബാഗുകൾ ഗുഹക്കുള്ളിലുണ്ട്.കിടക്കാൻ വിരിച്ചിട്ടുള്ള കൃത്രിമ ഷീറ്റുകളും. മടക്കയാത്രയിൽ രാത്രിക്കു മുമ്പ് ഗണേഷ് പാർക്കിൽ തിരിച്ചെത്തുമെന്ന് വിശ്വാസമുണ്ടായിരുന്ന ഞങ്ങൾ ബാഗുകൾ അവിടെ ടെൻറിനുള്ളിൽ സൂക്ഷിച്ചിട്ടാണ് വന്നിരിക്കുന്നത്. പക്ഷേ, മടക്കത്തിൽ നേരം വൈകി ഇരുണ്ട് കറുത്ത് മുന്നോട്ടു പോക്ക് അസാധ്യമാകുമെന്നതിനാൽ തപ്പിത്തടഞ്ഞുരുണ്ടു പെരണ്ട് ഇവിടെയെത്തുമെന്നും ഗുഹയുടെ ഒരു മൂലയിൽ ഞങ്ങൾക്കു 3 പേർക്ക് വേണ്ടി എന്നതുപോലെ ഒഴിച്ചിടപ്പെട്ട ഒട്ടും നിരപ്പല്ലാത്ത അല്പം സ്ഥലത്ത്, നേരത്തേയെത്തി ഗുഹയിൽ സ്ഥലം പിടിച്ച ഏതാനും ചെറുപ്പക്കാർ ദാനം തന്ന ചരസ്സിൻ്റെ ലഹരിയിൽ കൊടും തണുപ്പിനെ ചെറുക്കാൻ വൃഥാ ശ്രമിച്ച് രാത്രി ചെലവഴിക്കേണ്ടി വരുമെന്നുള്ള എനിക്ക് വേണ്ടി മുന്നേ നിശ്ചയിക്കപ്പെട്ട വിധിയാണ്.

സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. ഇന്നത്തെ നടത്ത നാലു മണിക്കൂർ പിന്നിട്ടുവെങ്കിലും അജിത്ത് സന്തോഷത്തിൽ തന്നെ. പക്ഷേ, ഇനിയുള്ള യാത്രയിൽ അജിത്തിൻ്റെ സന്തോഷത്തെ ഗണ്യമായി കുറക്കുന്നത് അജിത്ത് ധരിച്ചിട്ടുള്ള ആ കാൻവാസ് ഷൂസുകളായിരിക്കും.

അടുത്ത ലക്ഷ്യം ഗൗരികുണ്ഡ് ആണ്‌. ഭീം ഗുഹയിൽ നിന്നുള്ള കയറ്റം നല്ല ആയസമുണ്ടാക്കുന്നതാണ്. കുത്തനെയുള്ള കയറ്റം മാത്രമല്ല, കുന്നിൻ ചെരുവിലാകെ ചിതറിക്കിടക്കുന്ന അനേകശതം കൂറ്റൻ പാറക്കല്ലുകളും കയറിയിറങ്ങണം. മുകളിലേക്ക് കയറി എത്തുന്നതിനൊപ്പം കല്ലുകളുടെ എണ്ണവും വലുപ്പവും കൂടുകയും അവ ആകൃതിയിൽ ഗണ്യമായ വൈവിധ്യം നേടുകയും ചെയ്യുന്നു.

രാവിലെ മുകളിലേക്ക് കയറിയ തീർത്ഥാടകർ തിരിച്ചിറങ്ങി തുടങ്ങിയിരുന്നു. ഏറെയും ചുറുചുറുക്കുള്ള ചെറുപ്പക്കാർ. കൂട്ടത്തിൽ അതീവ സുന്ദരികളായ പെണ്കുട്ടികളും.നഗ്‌ന പാദരായി ആഹ്ലാദത്തോടെ അവർ മലയിറങ്ങുന്നത് അത്ഭുതത്തോടെയും ഏറെ ആദരവോടെയും നോക്കി നിന്നു. ക്ഷീണിച്ച ശരീരത്തിനും മനസ്സിനും ഊർജമേകുന്ന കാഴ്ച്ച. ചുറ്റിലും അപാരവലുപ്പമുള്ള കൂടം കൊണ്ടു തല്ലിത്തകർത്ത പോലെ ചിതറിക്കിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ. അതോ മഹേശ്വരന്റെ താണ്ഡവതാഡനത്തിൽ തകർന്നതോ!? അവക്കിടയിലൂടെയും മുകളിലൂടെയും ഇടയ്ക്ക് ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ചാടിയുമുള്ള കയറ്റം.

മലമുകളിൽ കോടമഞ്ഞിന്റെ സാന്നിദ്ധ്യം അപകട സൂചനയാണ്. എപ്പോൾ വേണമെങ്കിലും മഴ പെയ്തേക്കാം. പക്ഷേ, ഞങ്ങൾ മുന്നോട്ടു തന്നെ.

ചുറ്റും തീർഥാടകരുടെ ദുഃഖത്തിലോ ആഹ്ളാദത്തിലോ പങ്കു ചേരാതെ അഗാധമായ തപസ്സിൽ മുഴുകിയിരിക്കുന്ന പർവത ശിഖരങ്ങൾ. ധ്യാനത്താൽ ഘനീഭവിച്ച അവയുടെ മനസ്സുപോലെ ഉറഞ്ഞു കിടക്കുന്ന മഞ്ഞു പാളികൾ.ഇവക്കിടയിൽ വഴിയുടെ ഇടതു വശത്തായി മുകളിൽ പരസ്പരം തൊട്ടുനിൽക്കുന്ന രണ്ടു മലകൾ അതീവ ശ്രദ്ധ ആകർഷിക്കുന്നവ ആയിരുന്നു. പാർവതീപരമേശ്വരരെ പോലെ അവർ അവരുടെ ലോകത്തിൽ ആനന്ദത്തോടെ വർത്തിച്ചു.

ഗൗരിയില്ലാതെ പാർവ്വതീവല്ലഭനായ പരമേശ്വരനുണ്ടോ? അപ്പോൾ പാർവ്വതിക്ക് നീരാടാൻ സരസ്സും നിർബന്ധം. ഹിമാലയത്തിൽ ശിവ സാന്നിദ്ധ്യമുള്ളിടത്തെല്ലാം ഗൗരീകുണ്ഡോ പാർവ്വതീസരോവറോ കാണും. ആദി കൈലാസത്തിൽ രണ്ടുമുണ്ട്. തകർന്നു കിടക്കുന്ന പാറക്കല്ലുകൾ അതിരിട്ട ചെറിയൊരു കുളമാണ് ഇവിടെ ഗൗരികുണ്ഡ്. ഭക്തർ ഇവിടെ ദേവിയ്ക്കായി അർച്ചനയും പുഷ്പാഭിഷേകവും പട്ടു നടയ്ക്കു വക്കലും നടത്തുന്നു. ഒഴുകിമാറാൻ നിവൃയില്ലാത്തതിനാൽ അർച്ചിക്കപ്പെട്ടവയാൽ തന്നെ മലിനമാക്കപ്പെട്ട പുണ്യതീർത്ഥം.

തിരുവനന്തപുരം പാേത്തൻകാേടിന് അടുത്ത് നേതാജിപുരത്ത് താമസം. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായി ജാേലി ചെയ്യുന്നു. യാത്രകളോടാണ് പ്രിയം