സത് ലജിനു കുറുകെ നൂൽപാല യാത്ര. കിന്നർ കൈലാസ യാത്രയുടെ ബേസ് ക്യാമ്പ് റിക്കോങ് പിയോ (Reckong Peo) ആണെങ്കിലും അവിടെ നിന്നും രാംപൂരിലേക്കുള്ള റോഡിൽ പതിമൂന്ന് കിലോമീറ്റർ അകലെ പൊവാരിയിൽ നിന്നാണ് ശരിക്കുള്ള യാത്ര തുടങ്ങുന്നത്. അവിടെ റോപ് വെയിലൂടെ സത് ലജ് നദി മുറിച്ചു കടക്കണം. ഉദ്ദേശം അര കിലോമീറ്റർ മുകളിൽ നദിക്കു കുറുകെ പാലം ഉണ്ടെങ്കിലും കിന്നർ കൈലാസ യാത്രികർ റോപ് വെയിലൂടെ സത് ലജിനെ മുറിച്ചു കടന്നു യാത്ര ആരംഭിക്കണം എന്നാണ് വിശ്വാസം. യമലോകത്തെക്കുള്ള വഴിയിൽ വൈതരണി നദിക്കു കുറുകെയുള്ള നൂൽ പാലത്തെ കുറിച്ചാണ് എനിക്ക് ഓർമ്മ വന്നത്.
നദിക്കു കുറുകെ വലിച്ചു കെട്ടിയിട്ടുള്ള ഉരുക്കു വടത്തിൽ ലോഹ കപ്പിയിൽ നിന്നും ഞാത്തി ഇട്ടിരിക്കുന്ന ഇരുമ്പു തൊട്ടിൽ. വടത്തിലെ ഉരുക്കു വളയങ്ങളിൽ കോർത്തിട്ടിരിക്കുന്ന കൃത്രിമ കയറാൽ തൊട്ടിലിനെ ഇരു കരകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നദി കടക്കാൻ തൊട്ടിലിൽ കയറിയിരുന്ന് ഈ കയർ ശക്തിയായി പിന്നോട്ട് വലിക്കണം. ഇരു കരകളിലും സഹായത്തിനായി സ്ത്രീകളെ നിയോഗിച്ചിട്ടുണ്ട്, പ്രാദേശിക ഭരണകൂടം. മറു കരയിലെ ചുമതല എഴുപത് വയസ്സിലധികം പ്രായം തോന്നിക്കുന്ന ഒരു മുത്തശ്ശിക്കാണ്. ഒരാൾക്ക് സുഖമായി കാൽ മടക്കി ഇരിക്കാവുന്ന സ്ഥലമേ തൊട്ടിലിനുള്ളിൽ ഉള്ളു എങ്കിലും പ്രദേശ വാസികൾ മൂന്നും നാലും പേർ ഒരുമിച്ചു നദി കടക്കാറുണ്ട്.
താഴെ ഉരുൾ കൂറ്റൻ കല്ലുകളിൽ തല്ലിത്തകർന്നു അലറിക്കുതിച്ചൊഴുകുന്ന സത് ലജ്. വെള്ളത്തിന് കടുപ്പം കുറഞ്ഞ ചായയുടെ നിറമാണ്. ഒരു നാട്ടുകാരനോടൊപ്പം ബാഗുമായി ഞാൻ ഒരുവിധത്തിൽ തൊട്ടിലിൽ കയറിയിരുന്നു. വടത്തിന്റെ സ്വാഭാവിക ചെരിവ് കാരണം കാൽ ഭാഗത്തോളം ദൂരം തൊട്ടിൽ സ്വയം സഞ്ചരിക്കും. ബാക്കി ദൂരം നമ്മൾ തന്നെ വലിച്ചു മറുകര എത്തിക്കണം. എന്നോടൊപ്പമുള്ള ചെറുപ്പക്കാരൻ ചുറുചുറുക്കോടെ കയർ വലിച്ചു. മുൻപേ മറുകര പൂകിയവർ സഹായിക്കുകയും ചെയ്തു. ഞാൻ ചെറു ഭയപ്പാടോടെ താഴെ നദിയിലേക്കും മറ്റും നോക്കി തൊട്ടിലിൽ കൂനിക്കൂടി ഇരുന്നു. ചെറുപ്പക്കാരൻ കാലുകൾ ഇരുവശത്തുമിട്ടു തൊട്ടിലിന്റെ വരമ്പിൽ ആണ് ഇരിക്കുന്നത്. അപാര ധൈര്യം തന്നെ! നദിക്കപ്പുറം കുത്തനെയുള്ള മലകളാണ്. പിന്നാലെ അജിത്തും ബികാസും ഒരുമിച്ചെത്തിയതോടെ കിന്നർ കൈലാസത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു.
ഹിമാലയ യാത്രകളിൽ ഇത്തരം ചെലവു കുറഞ്ഞ ചെറുകിട ജലവൈദ്യുത പദ്ധതികൾ ധാരാളമാണ്. അത്തരത്തിലൊന്നിൻ്റെ സമീപത്തു കൂടിയാണ് യാത്ര. എതിർവശത്ത് ചോളവും പയറും ഉരുളക്കിഴങ്ങും വിളയുന്ന ചെറുപാടങ്ങൾ’ വഴിയോരത്ത് തന്നെ പന്തലിട്ട് പടർത്തിയിരിക്കുന്ന മുന്തിരി വള്ളികൾ, പിന്നിൽ ഏതാനും ഗ്രാമീണ വസതികൾ. ആപ്പിൾ തോട്ടങ്ങൾ ഇനിയും മുകളിലാണ്
സന്തോഷം നഷ്ടപ്പെടുത്തുന്ന തരത്തിൽ ക്ഷീണിച്ചിട്ടില്ല. എങ്കിലും കയറ്റത്തിൽ ചെറു ഇടവേളകൾ എടുത്ത് വിശ്രമിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും സമുദ്രനിരപ്പിൽ നിന്നും മല കയറാനെത്തുന്ന നമ്മൾ. ഞങ്ങളുടെ പോർട്ടറും വഴികാട്ടിയുമായ ബികാസിനെ തലേന്ന് വൈകുന്നേരം മാർക്കറ്റിനടുത്ത് നിന്ന് കിട്ടിയതാണ്. നേപ്പാളിൽ നിന്ന് സീസണിൽ ജോലി തേടി ഹിമാചല ലിലെ ഈ മലയിടുക്കിലെത്തിയ ബികാസിന് നാട്ടിൽ ഭാര്യയും മൂന്നു കൊച്ചു കുട്ടികളുമുള്ള ഒരു കുടുംബമുണ്ട്. സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ട അല്പം കൃഷിഭൂമി കൊണ്ട് കുടുംബം പോറ്റാനാകാനാത്തതു കൊണ്ട് നാടും വീടും വിട്ടു തൊഴിൽ തേടി വന്നിരിക്കയാണ്. സന്തോഷത്തോടെ തുടങ്ങിയ ഈ യാത്ര ഒടുവിൽ ബികാസിൻ്റെ പ്രതിഫലത്തിൽ തട്ടി ദുഃഖ പര്യവസായി ആയിത്തീരും എന്നത് ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തമാണ്.
ജീവിക്കാൻ ഒട്ടുമനുയോജ്യമല്ലാത്ത മലമുകളിലെ ജീവിതം പൊതുവെ അതി കഠിനമാണ്. ആ കഠിനതയുടെ സിംഹഭാഗവും സ്ത്രീകളുടെ ചുമലിലുമാണ്. എന്നാൽ അവർക്കു മാത്രം സാധ്യമായ ശാന്തതയോടെ പരാതിയില്ലാതെ അവരതു നിർവഹിക്കുന്നു. നമ്മുടെ കാമറ നോക്കി ഒരു മനോഹര പുഞ്ചിരി സമ്മാനിക്കാൻ ഇതിനിടയ്ക്കുമവർ സമയം കണ്ടെത്തുന്നു. ഒന്നുമറിയാതെ കളിയിൽ മുഴുകിയിരിക്കുകയാണ് ചെറു ബാല്യം.
ഗണേഷ് പാർക്ക് യാത്രയുടെ ഇടത്താവളമാണ്. മല കയറിത്തളർന്ന പൈൻ മരക്കാട് പിൻവാങ്ങിയതിൻ്റെ ആനുകൂല്യത്തിൽ പുല്ലുകൾ ആധിപത്യം നേടിയ മലഞ്ചെരി വാണിവിടം. കാറ്റുപിടിക്കാത്ത ഇടങ്ങളിൽ ഉറപ്പിച്ച ടെൻ്റുകളിൽ യാത്രക്കാരെ പ്രതീക്ഷിച്ചിരിക്കുന്ന ഏതാനും ദാബകൾ. അധികം യാത്രികരില്ലാത്ത ഇവിടെ അവർക്കായി നിർമ്മിക്കപ്പെട്ട പരിപാലകരില്ലാതെ ജീർണ്ണാവസ്ഥയിലായ ഒരു ഇരു മുറി ഷെഡുമുണ്ട്. ചിത്രത്തിൽ ഏകദേശം മധ്യഭാഗത്തു കാണുന്നത് ആ ഷെഡാണ്.
രാവിലെ മൂന്നരക്കു തുടങ്ങാൻ നിശ്ചയിച്ചിരുന്ന യാത്ര കൃത്യസമയത്ത് ക്ഷണമില്ലാതെ എത്തിയ ഭീകര മഴയിൽ കുതിർന്ന് ഏഴു മണിയായി. തൽക്കാലത്തേക്ക് തോർന്നതാണ് എന്ന ഭീഷണിയോടെ അതിപ്പോഴും കാർമേഘമായി ആകാശത്തുണ്ട്. ഇന്നലെ കയറിയ കയറ്റമൊന്നും കയറ്റമല്ലെന്ന് വഴിയിൽ പരിചയപ്പെട്ട ചെന്നൈക്കാരൻ റാം പറഞ്ഞത് അജിത്തിന് തുടക്കത്തിൽ തന്നെ ബോധ്യപ്പെട്ടു എന്നു തോന്നുന്നു. തുടങ്ങി ഒരു കിലോമീറ്റർ തികയും മുമ്പേ അരക്കു കൈ കൊടുക്കേണ്ട വിധം ക്ഷീണിച്ചിരിക്കുന്നു.