വേൾഡോമീറ്ററിൽ,
മാറാബാധയുൾക്കൊണ്ടവരുടെ
ഇന്നത്തെ കണക്കു കണ്ടോ…?
സംഖ്യയെന്നത്
വെറും അക്കങ്ങളല്ല എന്നത്രെ
സോഷ്യൽ ആക്ടിവിസ്റ്റുകളും
തത്വശാസ്ത്രവിശാരദന്മാരും
പ്രഖ്യാപിച്ചത്.
അതേക്കുറിച്ചുള്ള ഓരായിരം
ചർച്ചകളും
പരാന്ന ജീവികളുടെ ചാനൽ
പൂരങ്ങളായി മാറി.
അതിനു പിറകിലും മുൻപിലും
നാനാവശങ്ങളിലുമായ്
ചിറകുകൾ കരിഞ്ഞു തളർന്നു
പോയ കുറേ ജീവന്‍റെ
സമരത്തിന്‍റെയും അതിജീവനത്തിന്റെയും
ചരിത്രമുണ്ടത്രേ!
അതു കാര്യമാക്കേണ്ട,
കണക്കാണ് പ്രധാനം
കണക്കിലാണു കളിയും കാര്യവും.
കൂട്ടിയും കിഴിച്ചും പെരുക്കിയും
കൈക്കഴുകിയും
സംഖ്യകളെ വരുതിയിലാക്കാൻ
ശ്രമിച്ചു കൊണ്ടിരുന്ന
രാഷ്ട്രീയത്തൊഴിലാളികൾക്ക്
എണ്ണത്തിന്‍റെ വ്യാപ്തി
ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടോ
എന്തോ, അവർ എണ്ണിത്തുടങ്ങിയതിൽ പിന്നെ
നിർത്താൻ കഴിഞ്ഞില്ല.
അങ്ങിനെ നിർത്തേണ്ടതല്ലല്ലോ
എണ്ണൽ എന്ന പ്രക്രിയ…
ന്യൂട്ടന്‍റെ ചാലനനിയമം
ചെറുപ്പത്തിൽ കാണാതെ
പഠിച്ചതിന്‍റെ പ്രാവർത്തികത
ഇന്നാണ്
അവർക്ക് ഉപയോഗയോഗ്യമായത്!
തെറ്റാതെ കൂട്ടംപ്പിരിക്കാതെ
കൂട്ടത്തിൽ കൂടാതെ
ആരെയും കൂട്ടാതെ
അവർ എണ്ണിക്കൊണ്ടേയിരുന്നു
സൂര്യനെ പ്രാപിക്കാൻ നിരന്തരം
കറങ്ങുന്ന ഭൂമിയെപ്പോലെ
ചരിച്ചുംകൊണ്ടേയിരുന്നു.
കൂട്ടിയും കുറച്ചും കണക്കുകൾ
റ്റാലിയാകാതെ വന്നപ്പോൾ
അവർ
പിറകിൽ കരുതിവെച്ചിരുന്ന
പെരുവിരലും ചൂണ്ടുവിരലും
ചെറുവിരലുകളും
കണക്കിലെടുത്തു.
മതിയാകാതെ വന്നപ്പോൾ
മണ്ണിൽ കളംവരച്ചിരുന്ന
കാൽവിരലുകളെയും
പരിഗണിച്ചു.
കണക്കു തികയാതെ വരുമെന്ന് മുൻകൂട്ടി
കണ്ടിരുന്ന ഗണകന്മാർ,
ജ്യോതിഷികൾ
ആകാശത്തുള്ള നക്ഷത്രങ്ങളെ
ചൂണ്ടിക്കാണിച്ചു.
രണ്ടാമതൊന്നു ചിന്തിക്കാതെ
പാവങ്ങൾ, നേതാക്കൾ
നക്ഷത്രങ്ങളെ
എണ്ണിത്തുടങ്ങി.
മറുപക്ഷത്തിരുന്നവരത്രെ
തിരമാലകളുടെ പ്രസക്തി
ചൂണ്ടിക്കാട്ടിയത്
അവർക്ക് സഹായമായതും
ജ്യോതിശാസ്ത്രം തന്നെ!
നേരവും കാലവും സംഖ്യയും
നിരന്തരമങ്ങിനെ
ചരിച്ചുകൊണ്ടേയിരുന്നു…
മാറിക്കൊണ്ടേയിരുന്നു.
അതിനിടയിൽ ഞെരുങ്ങിയമർന്നു
ശ്വാസം കിട്ടാതെ
ചുണ്ടുപിളർത്തി
തുറിച്ച കണ്ണുകളോടെ
ആത്മാക്കൾ
ഒരു സംഖ്യയിലൊതുങ്ങാൻ
വരി നിന്നു
നിശബ്ദരായി വരിയിലൊടുങ്ങി.
അങ്ങിനെ
മനുഷ്യജീവൻ വെറുമൊരു
അക്കം മാത്രമായി
പരിണമിച്ചു,
ഗണിതശാസ്ത്രത്തെ
സാധൂകരിക്കുന്ന വെറും
ഒരക്കം മാത്രം…!