
കിഴക്കേ ചക്രവാളത്തിനു മുകളിൽ വെള്ളിമേഘങ്ങളുടെ അരികു ചേർന്ന് രാവിലത്തെ സൂര്യൻ നിന്നിരുന്നു. ജനലിന്നിടയിലൂടെ കടന്നു വന്ന കാറ്റ് അവന്റെ കവിളിണകളെ തൊട്ടു തലോടി പോയി. അരുൺ എഴുന്നേറ്റ് മുറ്റത്തെ അരമതിലിൽ പോയിരുന്നു. ചിന്തകൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ ഓരോന്നായി ആ മനസ്സിനെ കീറിമുറിച്ചുകൊണ്ടിരുന്നു. നീണ്ട ഇരുപതു വർഷങ്ങൾക്കു മുമ്പുള്ള ആ സംഭവം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
അന്ന് തനിക്ക് പതിനഞ്ചു വയസ്സ് പ്രായം. ജോലിക്ക് പോയ അച്ഛനെ ആരൊക്കെയോ ചേർന്ന് വീട്ടിൽ എത്തിച്ചു. വേദനകൊണ്ട് പുളയുന്ന അച്ഛനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. നേരെ ഐ സി യു വിലേയ്ക്കാണ് അച്ഛനെ കൊണ്ടുപോയത്. സിസ്റ്റർമാർ ധൃതിപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടി കൊണ്ടിരിക്കുന്നു. നിറഞ്ഞ കണ്ണുകളുമായി അമ്മയും തൊട്ടടുത്തുതന്നെ താനും നിൽക്കുന്നുണ്ട്. നേരമേറെ കഴിഞ്ഞിട്ടും വിവരമൊന്നും അറിയുന്നില്ല.
സമയം രാത്രി ഏഴുമണി. ഒരു സിസ്റ്റർ പുറത്തേയ്ക്ക് തലകാണിച്ചു ചോദിച്ചു, പപ്പന്റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ എന്ന്? അമ്മ പെട്ടന്നവരുടെ അടുക്കലേക്കോടി. അവരുടെ കൂടെ സഹോദരൻ കരുണനും ഉണ്ടായിരുന്നു. സുമിത്രയുടെ മുഖം വിളറി വെളുത്തിരുന്നു. നനഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ സാരിത്തലപ്പുകൊണ്ട് മുഖം അമർത്തി തുടച്ചു.
സിസ്റ്റർ പറഞ്ഞു ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു. നിർഭാഗ്യമെന്നു പറയട്ടെ അദ്ദേഹത്തെ രക്ഷിക്കാനായില്ല. ഇതു കേട്ട അമ്മ ആ തളർന്നു വീണു. അരുൺ ആസ്പത്രി വരാന്തയിൽ നിന്നു ഉച്ചത്തിൽ വിലപിച്ചു കൊണ്ടിരുന്നു. അങ്ങിനെ അച്ഛൻ തന്നേയും അമ്മയേയും തനിച്ചാക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു. ആരെല്ലാമോ ചേർന്ന് ബോഡി ഏറ്റുവാങ്ങി വീട്ടിൽ കൊണ്ടു വന്നതും സാംസ്‌ക്കരിച്ചതും എല്ലാം നിറംമങ്ങിയ ഓർമ്മകൾ മാത്രമായി തീർന്നു.
സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന അരുൺ കെ. കെ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്റ്റർ ആയ പപ്പന്റെയും സുമിത്രയുടെയും അരുമ സന്താനമായിരുന്നു. അവന് ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു. ടൗണിലെ ഏറ്റവും നല്ല കോളേജിൽ അവനെ ചേർത്തു. ഹോസ്റ്റൽ ചിലവും ഫീസും അവന്റെ അത്യാവശ്യ ചിലവുകൾക്കുമായി അച്ഛൻ നല്ലൊരു തുക അവനയച്ചു കൊടുക്കാമായിരുന്നു. കോളേജ് യൂണിയനിലും മറ്റും നേതാവായ അവൻ സമരവും മുദ്രാവാക്യവുമായി നടന്നു. ധാരാളിത്തവും അനാവശ്യ ചിലവുകൾക്കായി അവൻ വീട്ടിൽ നിന്നും പണം മേടിച്ചു കൊണ്ടേയിരുന്നു. മാസാമാസം വീട്ടിലേയ്ക്ക് ഓടിയെത്തിയിരുന്ന അവന്റെ വരവ് വല്ലപ്പോഴും മാത്രമായി കുറഞ്ഞു. അവന്റെ ഈ വഴിവിട്ട പോക്കിനെ കുറിച്ച് അവന്റെ അമ്മയ്ക്ക് ഒന്നും അറിയില്ലായിരുന്നു.
ഒരു ദിവസം അവന്റെ ലക്ചറായ ശ്രീമതി മാഡം അമ്മയെ വീട്ടിലേയ്ക്ക് വിളിച്ച് അവന്റെ വഴിവിട്ട സഞ്ചാരത്തെ കുറിച്ച് പറഞ്ഞു. അവന്റെ കോളേജിൽ എത്തിയ സുമിത്ര അതോടെ അവന്റെ പഠിപ്പു നിർത്തി വീട്ടിലേയ്ക്ക് കൊണ്ടുവന്നു. അതിനിടക്കാണ് വേറൊരു സംഭവം കൂടി അരങ്ങേറിയത്. സുമിത്രയുടെ ആങ്ങള പരമേശ്വരൻ പപ്പുവിന്റെ മരണം സംഭവിച്ചത് ഡോക്ടർമാരുടെ കൈപ്പിഴവ് കൊണ്ടാണെന്ന് പറഞ്ഞ് അവരുടെ പേരിൽ കേസ്സ് കൊടുക്കുന്നു. അതിന്റെ പുറകെ നടക്കാനും കേസ്സു വാദിക്കാനുമായി വൻതുക ഒഴുക്കികൊണ്ടിരുന്നു. അവസാനം കോടതി വിധി വന്നപ്പോൾ ജയം അവരുടെ ഭാഗത്തായി. അച്ഛന്റെ സ്വാഭാവിക മരണമാണെന്ന് വിധി എഴുതി.
ഈ സംഭവവും അമ്മയുടെ തോരാത്ത കണ്ണുനീരും കണ്ട അവന്റെ മനസ്സാകെ മാറിപ്പോയി. ചുമതലാ ബോധവും ഉത്തരവാദിത്വവുമുള്ള നല്ലൊരു യുവാവായി അവൻ മാറി. അവനിലെ മാറ്റം കണ്ട ആ അമ്മ സന്തോഷിച്ചു. അവന്റെ മുടങ്ങിക്കിടന്ന വിദ്യാഭ്യാസം തുടരാനായി അവന്റെ അമ്മ നിർബന്ധിച്ചുകൊണ്ടിരുന്നു. പഠിച്ചു വലിയവനായി തീരണമെന്നുള്ള അമ്മയുടെ മോഹസാക്ഷാത്ക്കാരണത്തിനായി അവൻ വീണ്ടും കോളേജിൽ ചേർന്ന് പഠിപ്പ് തുടരുന്നു. പാവപ്പെട്ട അമ്മ അവന്റെ പഠിപ്പിനും ചിലവുകൾക്കുമായി മാസാമാസം നല്ലൊരു തുക ചിലവാക്കി. കയ്യിലുള്ള സാമ്പാദ്യമെല്ലാം തീർന്നപ്പോൾ മകനെ എത്ര കഷ്ടപ്പെട്ടാലും നല്ലൊരു നിലയിൽ എത്തിക്കണമെന്ന ആഗ്രഹത്തോടെ അവനറിയാതെ അവർ കെട്ടിടം പണിക്ക് പോകുന്നു. മണ്ണുകുട്ട ചുമന്നും കരിങ്കല്ലേറ്റിയും അര വയർ മാത്രം ഭക്ഷണം കഴിച്ചും കഠിനാദ്ധ്വാനം ചെയ്ത് അവനെ ഒരു എംബിബിഎസ്. ഡോക്ടർ ആക്കി. ആ മാതൃഹൃദയം സംതൃപ്തിയും അഭിമാനവും കൊണ്ട് നിറഞ്ഞു.
അങ്ങിനെ സ്വന്തം നാട്ടിലെ ഹോസ്പിറ്റലിൽ തന്നെ അവന് പോസ്റ്റിങ്ങ് കിട്ടി.തന്റെ ഈ നിലയിലെത്തിച്ച സ്വന്തം അമ്മയുടെ കഷ്ടപ്പാടുകൾ മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ ആ മകൻ തളർന്നു. എത്രയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് തന്റെ അമ്മ തന്നെ നല്ലൊരു നിലയിൽ എത്തിച്ചത്. ഓർക്കുന്തോറും അവന്റെ ഹൃദയം മനോവിഷമം കൊണ്ട് നീറിക്കൊണ്ടിരുന്നു. അവൻ മനസ്സിൽ കുറിച്ചിട്ടു. അക്ഷരത്തെറ്റുകൾ മാറ്റുന്നപോലെ ജീവിത താളിലെ തെറ്റുകളും തിരുത്തിടാം എന്നവൻ അമ്മക്ക് കാണിച്ചു കൊടുത്തു.
അങ്ങിനെ പരിഭവവും പരാതിയുമില്ലാതെ ആനന്ദപ്രദമായി ആ ജീവിതം മുന്നോട്ട് ഒഴുകി കൊണ്ടിരുന്നു.
കാലവും മാറിക്കൊണ്ടിരുന്നു. അമ്മയുടെ പ്രായവും പൊയ്ക്കൊണ്ടിരുന്നു. അങ്ങിനെ ഒരു ദിവസം ആ അമ്മ മകനോട് തന്റെ മനസ്സിലെ ആഗ്രഹത്തെ തുറന്നു പറയുന്നു. മകനൊരു വിവാഹം കഴിച്ചു കാണണമെന്നുള്ള മോഹം അവരിൽ അനുദിനം വളർന്നു കൊണ്ടിരുന്നു. അമ്മയുടെ ആഗ്രഹ പൂർത്തികരണത്തിനായി ആ മകൻ മൗനസമ്മതം കൊടുക്കുന്നു. അങ്ങിനെ വളരെ വിപുലമല്ലാത്ത രീതിയിൽ ലളിതമായ ചടങ്ങിൽ ആ വിവാഹം നടന്നു. നീലിമ എന്നായിരുന്നു അവളുടെ പേര്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അവർക്കൊരു ആൺകുഞ്ഞും പിറന്നു. അവർ അവന് അശ്വിൻ എന്ന് പേരിട്ടു.
മെല്ലെ മെല്ലെ നീലിമയുടെ യഥാർത്ഥ സ്വഭാവം കുറേശ പുറത്തു വരാൻ തുടങ്ങി. അവളുടെ ചെയ്തികളുടെ പിന്നിൽ അവളുടെ അമ്മയുടെ കുബുദ്ധികൾ ആയിരുന്നു. അടുക്കളയിലെ കുന്നോളം കൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങൾ അവൾ സുമിത്രക്ക് കഴുകാനായി കൊണ്ടു പോയി ഇടും. പിന്നെ വീട് വൃത്തിയാക്കലും നിലം തൊടക്കലുമെല്ലാം അവർക്കായി നീക്കി വെച്ചു. ഇതിന്നിടയിൽ ഭക്ഷണം പാകം ചെയ്യലും. അവരുടെ പ്രായത്തെപോലും അവൾ കണക്കാക്കിയില്ല. അവൾ സുഖമായി പോയി കിടക്കും. ആരോടും പരിഭവമോ പരാതിയോ പറയാതെ അവർ അതെല്ലാം ഏറ്റെടുത്തു ചെയ്യും.
സുമിത്ര അരുണിനോട് സംസാരിക്കുന്നതോ, അവന്റെ അടുക്കൽ വരുന്നതോ അവൾക്കിഷ്ടമല്ലായിരുന്നു. പലപ്പോഴും കുത്തുവാക്കുകൾ കൊണ്ടവരെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഇതിനും പുറമേ അരുണിനോട് അമ്മയെ പറ്റിയുള്ള കുറ്റവും കുറവും അവൾ പറഞ്ഞു ധരിപ്പിച്ചു. അവർ സംഭവങ്ങളൊന്നും മകനെ അറിയിക്കാതെ നിശബ്ദമായി കഴിച്ചുകൂട്ടി. പേരക്കുട്ടിയെ ഒന്നു തൊടാൻ പോലും അവർക്കനുവാദമില്ല. അവർ ഒന്നുമാത്രം ആഗ്രഹിച്ചു, മകന്റേയും മരുമകളുടേയും ജീവിതത്തിൽ താൻ കാരണം ഒരു താളപ്പിഴകളും ഉണ്ടാകരുത്. അവർ സന്തോഷമായിരിക്കണം. അത്രമാത്രമേ അവർക്കാഗ്രഹമുള്ളൂ.
മുഖത്ത് ഓളം വെട്ടിക്കൊണ്ടിരിക്കുന്ന ആ ദുഃഖഛവി അവരെ തീർത്തും അവശയാക്കി. വിദൂരയിലേയ്ക്ക് നോക്കിയിരിക്കുന്ന ആ കണ്ണുകൾ നിറഞ്ഞൊഴുകി. നീലിമ സദാസമയവും സുമിത്രയെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് അരുണിനോട് പറഞ്ഞു കൊണ്ടേയിരുന്നു. ക്രമേണ അവനിൽ അമ്മയോടുള്ള വെറുപ്പിന്റെ കണങ്ങൾ കുമിഞ്ഞുകൂടി. അവൻ അമ്മയിൽ നിന്നും മെല്ലെ മെല്ലെ അകന്നു തുടങ്ങി. സംസാരം തന്നെ ഇല്ലാതായി. അമ്മയും മകനും തമ്മിലുള്ള അകൽച്ച ക്രമാധീതമായി വർദ്ധി ച്ചു.
അമ്മയോടുള്ള നീലിമയുടെ ക്രൂര പെരുമാറ്റം അയാൾ കണ്ടില്ലെന്നു നടിച്ചു. ഒരു വേലക്കാരിയെ പോലെ സ്വന്തം അമ്മയെ പണിയെടുപ്പിക്കുന്നതു കണ്ടിട്ടും അയാൾ നീലിമക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടിട്ടും ആ മകന്റെ മനസ്സലിഞ്ഞില്ല. അവരുടെ സ്വൈരജീവിതത്തിന് അമ്മ ഒരു ഭാരമായി തോന്നി തുടങ്ങിയപ്പോൾ നീലിമയുടെ ഉപദേശപ്രകാരം അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുപോയി വിടുന്നു.
മകന് വേണ്ടി അങ്ങേയറ്റം കഷ്ടപ്പാട് സഹിച്ച് അവനെ നല്ല നിലയിലെത്തിച്ച ആ അമ്മയുടെ ഹൃദയവിലാപം അവൻ കേട്ടില്ലെന്നു നടിച്ചു. അവരെ വൃദ്ധസദനത്തിന്റെ നാലു ചുമരുകൾക്കിടയിൽ തള്ളിയിട്ട് ഒന്നു തിരിഞ്ഞുപോലും നോക്കാതെ അവൻ ആ പടിയിറങ്ങി കാറിൽ കയറി. നിറമിഴികളോടെ മകന്റെ പോക്കുനോക്കി നിന്ന ആ മാതാവ് പൊട്ടിപൊട്ടി കരഞ്ഞു.
കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. അരുണിന്റെ മകൻ ഇന്നൊരു മൾട്ടിനാഷണൽ കമ്പനിയുടെ മാനേജർ ആണ്. നീലിമയെ കാണുന്നതുപോലും അവന് വെറുപ്പാണ്. അവരുടെ പെരുമാറ്റം അവനിൽ അങ്ങേയറ്റം വെറുപ്പുണ്ടാക്കി. അയൽ വീട്ടിലെ പാറുവമ്മ പറഞ്ഞു അവന് എല്ലാ വിവരവും അറിയാം. ജന്മം തന്ന അമ്മയെ ഭാര്യയുടെ വാക്ക് കേട്ട് തള്ളിക്കളഞ്ഞ അച്ഛനോടും അവന് പുച്ഛമായിരുന്നു. അവൻ വീട്ടിലേയ്ക്ക് അധികം വരാതെ ജോലിസ്ഥലത്ത് തന്നെ ഫ്ലാറ്റ് എടുത്തു താമസിച്ചു.
ഇതിന്നിടയിൽ അരുൺ നീലിമ ദമ്പതികൾക്ക് ഒരു പെൺകുട്ടി കൂടി പിറന്നിരുന്നു. അവൾ ജന്മനാ ഊമയും രണ്ടു കാലുകളും സ്വാധീനമില്ലാത്തവളും ആയിരുന്നു. മികച്ച ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവും ഇല്ല. അങ്ങിനെ മൂടികെട്ടിയൊരു അന്തരീക്ഷവുമായി അരുൺ ദിവസങ്ങൾ കഴിച്ചു കൂട്ടി.
ഒരു ദിവസം അരുൺ മൂവാണ്ടൻ മാവിന്റെ കൈവരിയിൽ ചെന്നിരുന്നു ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. തുലാവർഷത്തിലെ കാലവർഷം പോലെ സംഭവങ്ങൾ ഓരോന്നായി അയാളുടെ മനസ്സിൽ പെയ്തിറങ്ങി. അച്ഛന്റെ അകാലനിര്യാണവും തുടർന്ന് അമ്മ തന്നെ വളർത്തി വലുതാക്കാൻ പെട്ട പാടും ഒരു വെള്ളിത്തിരയിലെന്ന പോലെ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു. താൻ തന്റെ അമ്മക്ക് നൽകിയ വേദന തന്റെ മകനിലൂടെ ഇന്ന് തങ്ങൾ അനുഭവിക്കുന്നു. പഴുത്ത പ്ലാവില വീഴുന്നതുകണ്ടു പച്ചപ്ലാവില ചിരിക്കരുതെന്ന് കേട്ടിട്ടില്ലേ?. ഇവിടെ നീലിമ അരുൺ ദമ്പതിമാരുടെ സ്ഥിതി അതുപോലെയാണ്.
ആ ഹൃദയത്തിൽ നിന്നും അതിദാരുണമായൊരു തേങ്ങൽ പൊട്ടിയുണർന്നു. താൻ അമ്മയോട് ചെയ്ത മാപ്പ് അർഹിക്കാത്ത തെറ്റിന് അവൻ അത്യധികം വിലപിച്ചു കൊണ്ടിരുന്നു. പൊട്ടി തകരുന്ന വേദനയോടെ പശ്ചാതപ വിവശനായി ഭാര്യയോട് ഒരു വാക്കുപോലും മിണ്ടാതെ അയാൾ അമ്മയെ കാണാനായി ഇറങ്ങി. ആ കാലിൽ കെട്ടിപിടിച്ചു മാപ്പു പറഞ്ഞ് അമ്മയെ കൂട്ടി കൊണ്ടുവരണം.
വൃദ്ധ സദനത്തിന്റെ മുന്നിലെത്തിയ അയാൾ കുറ്റബോധം കൊണ്ട് ആകെ വിവശനായിരുന്നു. അയാളുടെ കാലുകൾ മുന്നോട്ട് ചലിച്ചു. കാലങ്ങൾക്കു ശേഷം വന്ന മാറ്റങ്ങൾ കൊണ്ട് അയാൾക്ക് എവിടെയാണ് കയറി ചെല്ലേണ്ടത് എന്നറിയാതെ പരിഭ്രമിച്ചു. സെക്യൂരിറ്റി ചൂണ്ടി കാണിച്ച വഴിയിലൂടെ അയാൾ ഓഫീസിലേക്ക് കയറി ചെന്നു.
വർഷങ്ങൾക്കു മുൻപ് ഇവിടെ കൊണ്ടുവന്നു വിട്ട സുമിത്ര എന്ന സ്ത്രീയുടെ മകനാണ് താനെന്നും പേര് ഡോക്ടർ അരുൺ എന്നാണെന്നും അയാൾ പറഞ്ഞു. അമ്മയെ കൂട്ടികൊണ്ടു പോകാൻ വന്നതാണെന്നും പറഞ്ഞു. അവർ ഫയൽ എടുത്തു നോക്കി. അവരുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു. പുച്ഛവും വെറുപ്പും ആ മുഖത്ത് കളിയാടി. അവർ മേശ വലിപ്പ് തുറന്ന് അതിൽ നിന്നും ഒരു കവർ എടുത്ത് അയാൾക്ക് നേരെ നീട്ടി.
വിറയ്ക്കുന്ന കൈകളോടെ അയാൾ ആ കവർ വാങ്ങി പൊട്ടിച്ചു വായിച്ചു. അയാളുടെ കണ്ണിൽ നിന്നും ഇറ്റിറ്റു വീഴുന്ന മിഴിനീർ കൊണ്ട് ആ കത്ത് നനഞ്ഞു കുതിർന്നു. അഞ്ചു വർഷം മുൻപ് തന്റെ അമ്മ തനിക്കായി എഴുതിവെച്ച ആ കത്ത് അയാൾ നെഞ്ചോട് ചേർത്ത് ഉറക്കെ ഉറക്കെ ഹൃദയം പൊട്ടി വിലപിച്ചു കൊണ്ടിരുന്നു.
സ്‌നേഹംമൂറുന്ന വരികളിലൂടെ കണ്ണുകൾ പായിച്ച അയാൾ സ്നേഹനിധിയായ തന്റെ അമ്മ എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഒരു നിമിഷം ഓർത്തു. തെറ്റുകൾ ഏറ്റുപറഞ്ഞ് അമ്മയെ കൂട്ടി കൊണ്ടുവരാനായി പോയ മഹാപാപിയായ തനിക്ക് ആ ജഡം പോലും ഒന്ന് കാണുവാനായില്ലല്ലോ?
സ്നേഹത്തിന്റേയും അത് തകരുവാനുണ്ടായ സാഹചര്യത്തേയും ഓർത്ത് അയാൾ വേദനിച്ചു. ഭാര്യയുടെ വാക്കുകളിൽ മതിമറന്നു ജന്മം നൽകിയ അമ്മയെ തള്ളിക്കളഞ്ഞ തനിക്കിനി ജീവിക്കാൻ അർഹതയില്ല. അയാൾ മുന്നിൽ കണ്ട ബാറിലേയ്ക്ക് കയറി. മദ്യത്തിന് ഓർഡർ ചെയ്തു. ഒറ്റവലിപ്പിൽ അതെല്ലാം വായിലേക്ക് കമഴ്ത്തി. ഭാര്യയും മക്കളും മനസ്സിൽ നിന്നും അപ്രത്യക്ഷമായി. എല്ലാറ്റിനും കാരണഭൂതയായ ഭാര്യയെ ഇന്ന് അയാൾ അങ്ങേയറ്റം വെറുത്തു.
അമിതമായ മദ്യപാനം അയാളുടെ സമനില തെറ്റിച്ചു. അയാൾ പൊട്ടിച്ചിരിച്ചും അലറിക്കരഞ്ഞും വീണും ഉരുണ്ടും അയാൾ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു. മണിമാളികയിൽ കഴിയേണ്ട അയാൾ ഇന്ന് കടത്തിണ്ണയിൽ അന്തിയുറങ്ങുന്നു. തന്റെ അമ്മ….. തന്റെ അമ്മ.. ആ ഹൃദയം പിറുപിറുത്തു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ബോധം തിരിച്ചു കിട്ടിയ അയാൾ കാശിയിലേയ്ക്ക് വണ്ടി കയറി. ആ പാപപരിഹാര തീരത്തെത്തിയ അയാൾ തന്റെ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി ഗംഗയുടെ ആഴങ്ങളിലേക്ക് തന്നെ സ്വയമർപ്പിച്ചു.
