
ഗേറ്റു കടന്ന് അകത്തേക്കു ചെല്ലുമ്പോള്‍ വാച്ച്മാന്‍ ഇടത്തോട്ടു മാറി വഴിയൊഴിഞ്ഞുതന്നു. പഴയൊരു ഹര്‍ത്താല്‍ ദിനത്തിലെ അടിയുടെ ഓര്‍മകള്‍ അയാള്‍ കവിളില്‍ത്തടവി കണ്ടെടുത്തു.
ഈയിടെയായി ആരുമെന്നെ എവിടെയും തടയാറില്ല. അധികാരത്തിന്റെ അരത്തിലുരച്ചു മൂര്‍ച്ച കൂട്ടിയ വാളുകളുടെ തിളക്കത്തില്‍ ഞങ്ങള്‍ കെട്ടിപ്പൊക്കിയ ഭയത്തിന്റെ നെടുങ്കോട്ടകള്‍ക്കപ്പുറം കടക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല!
എട്ടു ബിയിലേക്കുള്ള ഇടനാഴിയിലൂടെ നടക്കുമ്പോള്‍ പ്യൂണ്‍ ഗോപി എതിരെ വന്നു. ആളെ തിരിച്ചറിഞ്ഞതോടെ അയാള്‍ മുഖം താഴ്ത്തി. മുന്നോട്ടു നീങ്ങവെ, അടച്ചിട്ട ജനാലയുടെ ചില്ലില്‍ പ്രതിഫലിച്ച സ്വന്തം മുഖം ആദ്യം തിരിച്ചറിഞ്ഞില്ല. അലക്കിത്തേച്ച വസ്ത്രങ്ങളും ചീകിയൊതുക്കിയ മുടിയും താടിയുമായി മാത്രമേ ഇതുവരെ ഇവിടെ വന്നിട്ടുള്ളു.
‘എന്നെ കാണാന്‍ സ്‌കൂളില്‍ വരുമ്പോള്‍ നല്ല വൃത്തിയായിട്ടു വരണം. ഇല്ലെങ്കില്‍ എനിക്കാ നാണക്കേട്!’
ആര്‍ദ്രമോള്‍ക്ക് അതു നിര്‍ബന്ധമായിരുന്നു. ആദ്യമായി അതു തെറ്റി. ഒരു ഭ്രാന്തനെപ്പോലെ, ആരോരുമില്ലാത്ത ഊരുതെണ്ടിയെപ്പോലെ മകള്‍ക്കുമുന്നില്‍… പക്ഷേ വരാതിരിക്കാനാവില്ലല്ലോ!
എനിക്കവനെ കാണാതിരിക്കാനുമാവില്ല. അവസാനമായി ഒരു കൂടിക്കാഴ്ച. ഉള്ളിലെ പാപഭാരങ്ങളെല്ലാം ആ എട്ടാംക്ലാസ്സുകാരന്റെ പാദങ്ങളിലിറക്കിവച്ച് അന്ത്യയാത്രയ്‌ക്കൊരുങ്ങണം.
അച്ഛന്റെ ബലികര്‍മങ്ങള്‍ തീര്‍ത്ത്, ഇന്നു ജഗത്ത് സ്‌കൂളില്‍ വന്നിട്ടുണ്ടായിരിക്കും. ശീലമില്ലാത്ത ഒളിജീവിതത്തിനിടയില്‍ മനസ്സു കണ്ടെത്തിയ അവസാനത്തെ വഴിയാണിത്. അശാന്തിയുടെ പുതപ്പിന്‍കീഴില്‍ ഇനി അധികകാലം മറഞ്ഞിരിക്കാന്‍ പറ്റില്ല.
ആരും വന്നെത്താത്ത സര്‍പ്പക്കാവിന്റെ തണല്‍പോലും സ്വയം വരിച്ച അനാഥത്വത്തില്‍ നീറ്റലാകുന്നു; മരണത്തെക്കാള്‍ ഭയപ്പെടുത്തുന്നു! വനാകാശത്തിനടിയിലേക്ക് ഊര്‍ന്നുവീഴുന്ന, നേര്‍ത്തതും മങ്ങിയതുമായ പ്രകാശക്കീറുകളെപ്പോലും കണ്ണുകള്‍ പേടിക്കുന്നു. അവിടത്തെ ചെറുശബ്ദങ്ങള്‍പോലും വരണ്ട മൗനത്തെ പിളര്‍ക്കുന്നു!
വീടുവിട്ടിറങ്ങുമ്പോള്‍ അവസാനമായി കൂടെ വന്നത് മകളുടെ, മുറിഞ്ഞുമുറിഞ്ഞുള്ള തേങ്ങലുകള്‍ മാത്രമായിരുന്നു. തകര്‍ന്നുലഞ്ഞ ഇളംകാറ്റുപോലെ, ഇടര്‍ച്ചയോടെ അതിപ്പോഴും പിന്തുടരുന്നു.
ഭയം എന്നുമെനിക്കന്യമായിരുന്നു. എത്ര വലിയ ആള്‍ക്കൂട്ടത്തിനു മുന്നിലും തളര്‍ച്ചയും പേടിയുമില്ലാതെ പോരാടിയ ജീവിതം. കഴിഞ്ഞ ഇരുപതു കൊല്ലങ്ങള്‍! ഇല പൊഴിയുമ്പോഴുള്ള നേര്‍ത്ത മര്‍മരംപോലും ഭയപ്പെടുത്തുന്ന ഇങ്ങനെയൊരു കാലം പിന്നീടുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇഴഞ്ഞുപോയ, കഴിഞ്ഞ രണ്ടാഴ്ചകള്‍ ഒരിക്കലും തീരാത്തൊരു ദുരന്തരാത്രിപോലെ തളര്‍ത്തിക്കളയുന്നു.
ആ ദിവസം മറക്കാനാവുന്നില്ല. ഏറെ വൈകിയാണു വീട്ടിലെത്തിയത്. അതു സാധാരണമായിരുന്നു. നിര്‍വികാരത നിറഞ്ഞുനില്‍ക്കുന്നൊരു കോട്ടയുടെ കാവല്‍ക്കാരിയെപ്പോലെ വാതില്‍ തുറന്നുതന്ന ഭാര്യ മുഖത്തേക്കൊന്നു നോക്കുകപോലും ചെയ്യാതെ തിരിഞ്ഞുനടന്നു. വൈകിവരവുകളോടു മാത്രമല്ല, എന്നോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവളുടെ പ്രതികരണം യാന്ത്രിമായിക്കഴിഞ്ഞിരുന്നു. ചെറുചിരിപോലും മുളയ്ക്കാത്ത മൗനമേഖലകള്‍! മേശപ്പുറത്തു തണുത്തുറഞ്ഞ ഭക്ഷണം; മടുത്ത ജീവിതത്തിന്റെ സാക്ഷ്യപത്രം! അവജ്ഞയോടെയെങ്കിലും അവളൊന്നു നോക്കിയിട്ടു വര്‍ഷങ്ങളായി. അതിനിപ്പോള്‍ കാത്തിരിക്കുന്നുമില്ല.
ഇനിയുള്ള കുറച്ചുദിവസങ്ങള്‍ ഞാന്‍ വീട്ടില്‍ത്തന്നെയായിരിക്കുമെന്ന് അവള്‍ക്കറിയാം. പതിവുകളില്‍നിന്ന് ഇതെല്ലാം അവള്‍ ശീലിച്ചുകഴിഞ്ഞു. അതിന്റെ ആകുലതകള്‍ അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. അവളുടെ നിരന്തരമായ പ്രാര്‍ത്ഥനകളെപ്പോലും എന്റെ സാന്നിധ്യം തടസ്സപ്പെടുത്തുന്നുണ്ടെന്നറിയാം. പക്ഷേ, ഈ വീട്ടിലേക്കല്ലാതെ എങ്ങോട്ടു പോകാന്‍!
ഇവിടെ, സ്‌നേഹത്തിന്റെ നേര്‍ത്ത നൂലിഴകൊണ്ട് എന്നെ കെട്ടിയിട്ടിരിക്കുന്ന മകള്‍ കാത്തിരിക്കുന്നുണ്ട്. ആ കാത്തിരിപ്പിന് അറുതി വരുത്താന്‍ മാത്രമാണ് ഈ സന്ദര്‍ശനങ്ങള്‍. മൂന്നുനാലു ദിവസങ്ങളില്‍ക്കൂടുതല്‍ അവള്‍ക്കെന്നെ കാണാതിരിക്കാന്‍ പറ്റില്ല. അമ്മയുടെ പ്രതിഷേധങ്ങളും അവഗണനയുമൊന്നും അവളെ ബാധിച്ചിരുന്നതേയില്ല. അല്ലെങ്കില്‍ എട്ടാംക്ലാസ്സുകാരിയായ അവള്‍ക്കിതൊന്നും മനസ്സിലാക്കാനുള്ള കഴിവായിട്ടില്ലായിരിക്കാം. അതുമല്ലെങ്കില്‍ അച്ഛനെക്കുറിച്ച് അവളോടു ചര്‍ച്ച ചെയ്യാതിരിക്കാനുള്ള മാന്യത അവളുടെ അമ്മ കാട്ടിയതാവാം. വറ്റിവരണ്ട ജലാശയത്തിലെ അവസാനത്തെ ഉറവപോലെ പ്രതീക്ഷയും പ്രജ്ഞയും പകരുകയാണ് മകള്‍ ആര്‍ദ്ര!
എട്ടു ബിയില്‍ സരസ്വതിട്ടീച്ചര്‍ ചരിത്രം പഠിപ്പിക്കുന്നതു കേട്ടു. ഗാന്ധിജിയുടെ അഹിംസാസമരത്തിന്റെ കഥ. ഒരിക്കലും ഗാന്ധിജിയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു. മനസ്സില്‍ കുറ്റബോധത്തിന്റെ കടലിരമ്പി. ചുമരില്‍ച്ചാരി ഒരു നിമിഷം നിന്നു. ഈ കോലത്തില്‍ കണ്ടിരുന്നെങ്കില്‍ മകള്‍ കരഞ്ഞേനേ. ഇനിയെന്നും അവള്‍ക്കു കരയാനാണല്ലോ വിധി! അവനെ എങ്ങനെ നേരിടും?! ആ കുഞ്ഞുകണ്ണുകളിലെ അവസാനയാചന ഇപ്പോഴും മനസ്സില്‍ കൊരുത്തുകിടക്കുന്നുണ്ട്. എങ്ങനെയാവും അവന്‍ പ്രതികരിക്കുക?
ധൈര്യം സംഭരിച്ച്, ക്ലാസ്സിന്റെ വാതില്‍ക്കല്‍ച്ചെന്നു നിന്നു. പെട്ടെന്ന് ക്ലാസ്സ് നിശ്ശബ്ദമായി. കുട്ടികള്‍ ഭയത്തിലുറഞ്ഞ പ്രതിമകളെപ്പോലെയിരുന്നു. എന്തു പറയണമെന്നറിയാതെ സരസ്വതിട്ടീച്ചര്‍ കുഴങ്ങി. പതിവുപോലെ ‘അച്ഛാ’ എന്ന വിളിയോടെ മകള്‍ ഓടിവരുമെന്നു തോന്നിപ്പോയി. ബെഞ്ചില്‍ അവളിരിക്കുന്ന ഭാഗം ശൂന്യമായിക്കിടന്നു. അതു മനസ്സില്‍ തീ കോരിയിട്ടു.
‘എന്റെ കുഞ്ഞ്…?’
‘അന്നത്തെ സംഭവത്തിനുശേഷം ആര്‍ദ്ര ക്ലാസ്സില്‍ വരാറില്ല. ഞങ്ങള്‍ പലതവണ വിളിച്ചു.’
ടീച്ചറുടെ വാക്കുകള്‍ ഭയത്തിലലിഞ്ഞു ചിതറിവീണു.
ഇടതുവശത്ത് മൂന്നാമത്തെ ബെഞ്ചിലേക്കു നോക്കി. നിര്‍വികാരതയുടെ നിഴല്‍ബിംബംപോലെ ജഗത്തിനെക്കണ്ടു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ധൈര്യം നല്‍കിയ ബലത്തില്‍ അടുത്തേക്കു ചെന്നു. കൈ പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ അവന്‍ മുഖത്തേക്കുറ്റുനോക്കി. ആ കണ്ണിലിരമ്പുന്ന കടലില്‍ മുങ്ങിപ്പോകുമെന്നു തോന്നിയപ്പോള്‍ മുഖം താഴ്ത്തി, അവനെയുംകൂട്ടി പുറത്തേക്കു നടന്നു.
ആര്‍ദ്രയെ ഓര്‍ത്തു. അന്നത്തെ കരച്ചില്‍, മല കയറിവന്ന കാറ്റില്‍ പ്രതിദ്ധ്വനിക്കുന്നുണ്ടെന്നു തോന്നി.
അന്നു രാവിലെ പതിനൊന്നുമണിയായിട്ടുണ്ടാവും. സ്‌കൂളില്‍നിന്ന് ഓടിവന്ന്, ഉച്ചത്തില്‍ അലറിക്കൊണ്ട് അവള്‍ പൂമുഖത്തേക്കു വാടി വീഴുകയായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. പരിഭ്രാന്തയായ ഭാര്യ, ശാന്തമായി മകളെ തലോടിക്കൊണ്ടു കാര്യങ്ങള്‍ ചോദിച്ചു. മറുപടിയായി, മുറിഞ്ഞ വാക്കുകള്‍ തേങ്ങിത്തേങ്ങി പുറത്തേക്കു വന്നു:
‘നമ്മടെ ജഗത്തിന്റെ അച്ഛനെ…. ഇന്നലെ രാത്രി… അവന്റെയും അമ്മയുടെയും മുന്നിലിട്ടു വെട്ടിക്കൊന്നമ്മേ…’
അവള്‍ അമ്മയുടെ മാറിലേക്കു ചാഞ്ഞു.
‘ഇനി അവരെങ്ങനെ ജീവിക്കും… അവര്‍ക്കാരൂല്ല…’
കുഞ്ഞുമനസ്സിന്റെ വേദനകള്‍ ചിതറിവീണു.
മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഭാര്യ എന്നെയൊന്നു നോക്കി, ഏറെക്കാലത്തിനുശേഷം. ആയിരം കുന്തമുനകള്‍ ഒരുമിച്ചു തുളച്ചുകയറുന്ന നോട്ടം. അതു നേരിടാന്‍ ശക്തിയില്ലാതെ ഞാന്‍ മുഖം തിരിച്ചുനിന്നു. പിന്നെ മകളറിയാതെ ആ മുഖത്തേക്കൊന്നു പാളിനോക്കി.
‘അച്ഛാ, അച്ഛനില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റുമോ? പിന്നെ ഞാനുണ്ടോ? അവനിതെങ്ങനെ സഹിക്കും! എന്നെപ്പോലെതന്നെ അവനും അവന്റെയച്ഛനെ സ്‌നേഹിക്കുന്നുണ്ടാവില്ലേ?’
അവളുടെ ചോദ്യങ്ങള്‍ കണ്ണുനീര്‍ത്തുള്ളികളായി, മുളപൊട്ടുന്ന കുറ്റബോധത്തിലേക്കു വീണു പടര്‍ന്നു.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവനെ സ്‌കൂളില്‍ വിടാനും വിളിക്കാനും വരുമ്പോള്‍ ജനാര്‍ദ്ദനേട്ടനെ കാണാറുണ്ട്. ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന മനുഷ്യന്‍. അയാളെന്റെ ശത്രുവായിരുന്നില്ലല്ലോ!
മകളുടെ നെഞ്ചുപിടയുന്ന വേദന. അവനെയോര്‍ത്തു.
‘എന്റെയച്ഛനെക്കൊല്ലല്ലേ ഏട്ടന്‍മാരേ…’
ആദ്യത്തെ വെട്ടിന് അറ്റുവീണ കാലിലേക്കു നോക്കി, ചിതറിത്തെറിക്കുന്ന ചോരയില്‍ കമിഴ്ന്നുവീണ് അവന്‍ പറഞ്ഞ വാക്കുകള്‍…
‘കൊല്ലല്ലേ… ഞങ്ങള്‍ എവിടെയെങ്കിലും പൊയ്‌ക്കൊള്ളാം… എങ്ങനെയങ്കിലും ഞാനെന്റെയച്ഛനെ നോക്കിക്കൊള്ളാം… ഇനി ഒരു കാര്യത്തിലും ഇടപെടില്ല… പാവമാണെന്റെയച്ഛന്‍…’
വഴുവഴുപ്പുള്ള ചോരയില്‍ ചവിട്ടിനിന്ന് അവനെ നിഷ്‌കരുണം തള്ളിയിട്ട്, അടുത്ത് വെട്ടിനു വാളുയര്‍ത്തുമ്പോള്‍, പ്രസ്ഥാനനിര്‍ദേശത്തിന്റെ ലോഹച്ചങ്ങലയില്‍ കെട്ടിയിട്ട വേട്ടപ്പട്ടി മനസ്സില്‍ കുതിച്ചുചാടുകയായിരുന്നു. മുന്നില്‍ ജനാര്‍ദ്ദനന്‍ എന്ന വ്യക്തിയല്ല. ശത്രു മാത്രം! അവന്‍ ഉന്‍മൂലനം ചെയ്യപ്പെട്ടേ പറ്റൂ! എന്റെ ബോധ്യങ്ങള്‍ പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളാണ്. അവയ്ക്കുള്ള ഏതു തടസ്സവും ഞാന്‍ മുന്‍പിന്‍നോക്കാതെ ഇല്ലാതാക്കിയിരിക്കും!
‘എന്തിനാണച്ഛാ ആ പാവത്തിനോട് അവരിങ്ങനെ ചെയ്തത്…?’
തളര്‍ന്നുവീഴാതിരിക്കാന്‍ ജനാലക്കമ്പിയില്‍ മുറുകെപ്പിടിച്ച്, പുറത്തെ വെയില്‍ക്കാടുകളിലേക്കു നോക്കിനില്‍ക്കുമ്പോള്‍ മകള്‍ ചോദിച്ചു. ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. മനസ്സില്‍ ജഗത്തിന്റെ ശബ്ദം വീണ്ടും മുഴങ്ങി. ചുരംകടന്നെത്തുന്ന കാലവര്‍ഷക്കാറ്റിന്റെ ഇരമ്പംപോലെ അവന്റെ കരച്ചില്‍ കേട്ടു.
വീട് അസ്വസ്ഥതയുടെ കൂടാരമായ ദിവസങ്ങള്‍. ഭാര്യയ്ക്ക് എല്ലാമറിയാം. അവഗണനയുടെ തീനാമ്പുകള്‍ നീട്ടി അവള്‍ ചുട്ടെരിക്കുന്നു. മകളുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഇരുള്‍ പരത്തുന്നു. വീടിനു താങ്ങാന്‍ പറ്റാത്ത, ഉള്ളു പൊള്ളിക്കുന്ന, ഉരുകിയ ലോഹപ്രവാഹമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍.
പുറത്തിറങ്ങിപ്പോവാനുള്ള അനുമതി എനിക്കില്ല. ഞാന്‍ സ്വതന്ത്രനല്ല. പാര്‍ട്ടിയുടെ ചങ്ങലപ്പൂട്ടില്‍ ബന്ധിതനാണ്. പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും അവര്‍ അനുവാദം തന്നതേയില്ല. ഒപ്പം, മകള്‍ ഇരുന്നിടത്തുനിന്ന് അനങ്ങാന്‍ സമ്മതിക്കാതെ, കൂടെയിരുന്നു നിരന്തരം കരഞ്ഞു. എന്റെ നിസ്സഹായാവസ്ഥ അവളോടെങ്ങനെ പറഞ്ഞുമനസ്സിലാക്കാന്‍!
‘കൊല്ലല്ലേ… എന്റെ ജനാര്‍ദ്ദനേട്ടനെക്കൊല്ലല്ലേ… ഞങ്ങള്‍ക്കാരുമില്ലല്ലോ ദൈവമേ…!’
ഒരു കൈ സ്വന്തം താലിച്ചരടിലും മറുകൈ വാളുയര്‍ത്തിയ എന്റെ കൈയിലും പിടിച്ച്, ദയനീയമായി യാചിക്കുന്ന, ജനാര്‍ദ്ദനന്റെ ഭാര്യ. ജഗത്തിന്റെ കണ്ണുകളിലുയരുന്ന, വേദനയുടെ മഹാസമുദ്രം. അത് എന്റെ മകളുടെ ഹൃദയത്തിലൂടെ സഞ്ചരിച്ച്, കുറ്റബോധത്തിന്റെ തിരമാലകളുയര്‍ത്തി എന്നെ മുക്കിക്കൊല്ലുന്നു.
‘ഇപ്പോള്‍ തീര്‍ക്കണം… ഇപ്പോള്‍…’ കൂട്ടാളികള്‍ ആരവമുയര്‍ത്തിക്കൊണ്ടിരുന്നു.
അവസാനത്തെ വെട്ടും ആഞ്ഞുവെട്ടി, പ്രസ്ഥാനത്തോടു നീതി പുലര്‍ത്തിയ സംതൃപ്തിയുമായി തിരിഞ്ഞുനടക്കുമ്പോള്‍ ജനാര്‍ദ്ദനന്റെ ഭാര്യയുടെ അലര്‍ച്ച കേട്ടു:
‘നിനക്കു സമാധാനമായില്ലേ? ഞങ്ങടെ ജീവിതം തകര്‍ത്തപ്പൊ നിനക്കു സമാധാനമായില്ലേ…? കൊണ്ടുപോ… ഇതിനു കൂലിയായി ഇതുകൂടി കൊണ്ടുപോ…’ കെട്ടുതാലി പൊട്ടിച്ചെടുത്ത് അവള്‍ എന്റെനേരേ വലിച്ചെറിഞ്ഞു.
‘മഹാപാപീ… നിനക്കുമില്ലേടാ ഒരു കുടുംബം…!’
അബോധത്തിന്റെ ഇരുളിലേക്കു മറിഞ്ഞുവീഴുമ്പോള്‍ ഒരു ശാപംപോലെ അവള്‍ വിളിച്ചുപറഞ്ഞ വാക്കുകള്‍. ആ താലിച്ചരടു തട്ടിയെറിഞ്ഞ്, അതു വീണിടത്തുനിന്ന് ഒരുപിടി പൂഴിയെടുത്തു ജനാര്‍ദ്ദനന്റെ മുറിവുകളിലേക്ക് ആഞ്ഞെറിഞ്ഞു. അയാള്‍ക്കു തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലാത്തവിധം പാര്‍ട്ടിയേല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി.
കൈകളിലെ രക്തത്തിന്റെ മണം മൂന്നുദിവസം കഴിഞ്ഞിട്ടും പോയില്ല. കഴിക്കുന്ന ഭക്ഷണത്തിലെല്ലാം എനിക്കു പൂഴിത്തരികള്‍ രുചിച്ചു. അതിറങ്ങി നാവിലും അന്നനാളത്തിലുമെല്ലാം മുറിവുകളുണ്ടായി. ഭാര്യയുടെ പ്രതിഷേധത്തിന്റെ ശക്തി കൂടിക്കൂടിത്തന്നെ വന്നു. ഒപ്പം എന്റെ മുറിവുകളും വലുതായി. ഒരു തണുത്ത കാറ്റെങ്കിലും വീശിയിരുന്നെങ്കില്‍! ഞാനൊരഗ്നിപര്‍വതംപോലെ പുകഞ്ഞുകൊണ്ടിരുന്നു.
ഞാനാണാ പാതകം ചെയ്തതെന്നു മകളോടു പറയാന്‍ പലയാവര്‍ത്തി ശ്രമിച്ചു. പറ്റിയില്ല. അതു പറഞ്ഞാല്‍പ്പിന്നെ അവളുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു.
‘ഇനിയെങ്കിലും ഇവിടെനിന്നിറങ്ങി എനിക്കും മോള്‍ക്കും സ്വസ്ഥത തരുമോ? ആര്‍ക്കോ വേണ്ടി കൊന്നും കൊലവിളിച്ചും നടക്കുന്ന നിങ്ങളുടെകൂടെയുള്ള ജീവിതം എനിക്കു മടുത്തു! എല്ലാം ചെയ്തിട്ടു മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ചല്ലോ… നിങ്ങള്‍ക്കും നിങ്ങളുടെയാള്‍ക്കാര്‍ക്കും സമാധാനമായില്ലേ? പോ… ഇവിടെനിന്ന് ഒന്നു പോയിത്താ… ഇനിയും ഈ ഭാരംതാങ്ങി എനിക്കിവിടെക്കഴിയാന്‍ പറ്റില്ല. മോളോടെനിക്ക് എല്ലാ സത്യവും വിളിച്ചുപറയേണ്ടിവരും…’
നാലു ദിവസങ്ങള്‍ക്കുശേഷം ഒരു പത്രം മുഖത്തേക്കു വലിച്ചെറിഞ്ഞ് അവള്‍ പറഞ്ഞു. ആദ്യമായിട്ടാണ് അത്രയും തന്റേടത്തോടെ അവള്‍ സംസാരിക്കുന്നത്. അവള്‍ സഹനത്തിന്റെയും ക്ഷമയുടെയും നെല്ലിപ്പലക കണ്ടിരിക്കണം. ഒപ്പം എന്റെ തകര്‍ച്ചയുടെ ആഴവും അവള്‍ മനസ്സിലാക്കിയിരിക്കാം.
മുഖത്തേക്കു വീണ പത്രത്തിന്റെ ആദ്യതാളില്‍ത്തന്നെ ഞങ്ങളുടെ പാര്‍ട്ടി സമര്‍പ്പിച്ച ലിസ്റ്റുപ്രകാരമുള്ള പ്രതികളുടെ വിവരങ്ങളുണ്ടായിരുന്നു. ഇനിയെനിക്കു പുറത്തിറങ്ങാം! ഈ ഒറ്റ വാര്‍ത്തയ്ക്കുവേണ്ടിയാണ് അശാന്തിയുടെ ഈ കൂടാരത്തില്‍ പ്രസ്ഥാനം നാലുദിവസം എന്നെയൊളിപ്പിച്ചത്!
ഇനി മകളെ അഭിമുഖീകരിക്കാന്‍ പറ്റില്ല. ഞാന്‍ തളര്‍ന്നുപോകും. ആരോടും യാത്ര ചോദിക്കാതെ പുറത്തേക്കിറങ്ങുമ്പോള്‍ മുറ്റത്തുതന്നെ ഭാര്യ നില്‍ക്കുന്നുണ്ടായിരുന്നു. ശല്യമൊഴിഞ്ഞതിന്റെ ആശ്വാസം അവളുടെ മുഖത്തു കണ്ടു.
‘എനിക്കു വയ്യ… ഞാന്‍ പോലീസില്‍ സത്യംപറഞ്ഞു പിടികൊടുക്കാന്‍ പോവുകയാണ്…’
പാര്‍ട്ടിയോഫീസിലെ നേര്‍ത്ത തണുപ്പിലും ഞാന്‍ വിയര്‍ത്തുകുളിച്ചു. ഞങ്ങളുടെ നേതാവ് അതു കേട്ടിട്ട് ഒട്ടുമത്ഭുതമില്ലാതെ നിവര്‍ന്നിരുന്നു.
‘നീയെന്തിനു കീഴടങ്ങണം? നിനക്കെന്തുപറ്റി? ഇതു നിന്റെ ആദ്യത്തെ കൊലപാതകമൊന്നുമല്ലല്ലോ…. എന്നത്തെയുംപോലെ ഈ ഓപ്പറേഷനിലും നീ പങ്കെടുത്തുവിജയിച്ചു എന്നേ കരുതേണ്ടൂ… ഒന്നും വ്യക്തിപരമായി എടുക്കേണ്ട. നീയിനി സ്വതന്ത്രനാണ്. അടുത്ത ഓപ്പറേഷനു മുമ്പായി നിനക്കൊരു മാറ്റം വേണമെങ്കില്‍ നമുക്കു സ്വാധീനമുള്ള ഏതെങ്കിലും സ്ഥലത്തു കുറച്ചുദിവസം താമസിപ്പിക്കാം. വേറെ ചിന്തകളൊന്നും വേണ്ട. മോളും ഭാര്യയുമെല്ലാം സ്വസ്ഥതയോടെ ജീവിച്ചോട്ടെ…’
അവസാനം, പറയാതെ പറഞ്ഞ ഭീഷണിയില്‍ എനിക്കൊരു ഞെട്ടലുമുണ്ടായിരുന്നില്ല. അവരുടെ തീരുമാനമെന്തായിരിക്കും എന്നറിയാമായിരുന്നതിനാല്‍ എനിക്കു വീടിനെക്കാള്‍ പ്രിയപ്പെട്ട പാര്‍ട്ടിയോഫീസിനോടു വിട പറയുന്നതില്‍ ദുഃഖം തോന്നിയതേയില്ല.
മോളോടു സത്യം പറഞ്ഞിരുന്നെങ്കില്‍ കുറച്ചു മനസ്സ്വാസ്ഥ്യം ലഭിക്കുമായിരുന്നു. ഇനി അതിനുള്ള അവസരമില്ല. അവരുടെ സമാധാനത്തിലേക്കിറങ്ങിച്ചെല്ലാനില്ല.
മോളെക്കുറിച്ചുള്ള ഓര്‍മകളെല്ലാം ഇപ്പോള്‍ ജഗത്തിലാണ് അവസാനിക്കുന്നത്. ഞാന്‍ പിടിച്ചെറിഞ്ഞ ദീനതയാര്‍ന്ന ആ കൊച്ചുകൈകളില്‍പ്പിടിച്ചു മാപ്പു പറഞ്ഞെങ്കില്‍ അതു മോളോടു ചെയ്യുന്ന ഏറ്റവും വലിയ നന്‍മയാകുമായിരുന്നു. അതിനി സാധ്യമാണോ? ഇപ്പോള്‍ ഇരുവശത്തും ശത്രുക്കളാണ്!
ജഗത്തിനെ കാണണം. ശത്രുവിനെ ഉന്‍മൂലനംചെയ്യാന്‍ കൂടെ നിന്നവര്‍തന്നെ ഭ്രഷ്ടനായവനെ വെട്ടാന്‍ വാളുയര്‍ത്തുന്നതിനുമുമ്പ് അവന്റെ കാലില്‍ വീണു മാപ്പു പറയണം.
ബലികര്‍മങ്ങള്‍ തുടങ്ങുന്നതിനുമുമ്പ്, അതിരാവിലെ മങ്ങിയ വെളിച്ചത്തില്‍ ജനാര്‍ദ്ദനന്റെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ അച്ഛന്റെ കണ്ണുകളില്‍ത്തന്നെ ആദ്യം പെട്ടു.
‘ദ്രോഹീ… എന്റെ വീട്ടില്‍ക്കയറാന്‍ എങ്ങനെ ധൈര്യം വന്നു?’ ആ വൃദ്ധപിതാവിന്റെ ആക്രോശം ഒരു കരച്ചിലിലാണവസാനിച്ചത്.
‘എനിക്കു ജഗത്തിനോടൊന്നു സംസാരിക്കണം… ദയവുചെയ്ത്….’
‘ഇല്ല… എന്റെ മോനെ നീ കൊന്നു… ഇനി അവന്റെ മോനെയുമെടുക്കണോ നിനക്ക്…? ഇവിടെനിന്ന് ഇപ്പോള്‍ ഇറങ്ങിത്തരണം.’
ആ മനുഷ്യന്‍ കൈകൂപ്പി. ജഗത്തിനെ കണ്ടു. സിമന്റടര്‍ന്ന ചുവരില്‍ച്ചാരി, ശാന്തതയോടെ എന്നെത്തന്നെ ഉറ്റുനോക്കി നില്‍ക്കുകയാണവന്‍.
അവിടെനിന്നിറങ്ങി. ജഗത്തിന്റെ മനസ്സൊന്നാറുന്നതുവരെ മറഞ്ഞുനില്‍ക്കുകതന്നെ. മോളെയും അവനെയും കാണാന്‍ സ്‌കൂള്‍തന്നെയാണു പറ്റിയ ഇടം.
വേനല്‍മഴയില്‍ കൊഴിഞ്ഞുവീണ മാമ്പൂക്കള്‍ ചിതറിക്കിടക്കുന്ന വെട്ടുകല്‍ത്തറയില്‍ അവന്‍ നിസ്സംഗത പുതച്ചുനിന്നു.
‘മോനേ…’ ആ വിളി അവന്‍ കേട്ടില്ലെന്നു തോന്നി.
‘നിനക്കെന്നെ കൊല്ലണമെന്നു തോന്നുന്നില്ലേ?’
അകാലത്തില്‍ വീണുപോയ മാമ്പൂക്കളില്‍നിന്നു മുഖമുയര്‍ത്തി അവനെന്റെ കണ്ണുകളിലേക്കു നോക്കി.
‘എന്റെയാളുകള്‍തന്നെ എന്നെ ഇല്ലാതാക്കുന്നതിനുമുമ്പു നിന്നെയൊന്നു കാണണമെന്നുണ്ടായിരുന്നു. മാപ്പു ചോദിക്കാന്‍പോലും…’
വാക്കുകള്‍ വറ്റിയ തടാകംപോലെയായി, മനസ്സ്.
‘ഞാന്‍ കാരണം അനാഥനായതു നീ മാത്രമല്ല… എന്റെ മോള്‍… അവളുമിനി…’
അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളെ ഉണങ്ങിയ മാമ്പൂക്കള്‍ വലിച്ചെടുക്കുന്നതുനോക്കി അവന്‍ നിന്നു.
അകത്തുനിന്നു ടീച്ചറുടെ ശബ്ദം കേട്ടു. ഗാന്ധിജിയുടെ അഹിംസാസമരത്തിന്റെ അവസാനഭാഗം. ഒടുവില്‍ ബിര്‍ലാമന്ദിറില്‍ വെടിയേറ്റുവീഴുന്ന ഗാന്ധി.
പെട്ടെന്നാണ് അവനെന്റെ വലംകൈയില്‍ അമര്‍ത്തിപ്പിടിച്ചത്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനില്‍ക്കുമ്പോള്‍ ഒരുന്‍മാദിയെപ്പോലെ അവനെന്റെ കൈപിടിച്ചു മുന്നോട്ടോടി. എന്താണവന്റെ ലക്ഷ്യം? അവന്‍ കൊല്ലുകയാണെങ്കില്‍ അതില്‍പ്പരം സന്തോഷമില്ല.
ടാര്‍ റോഡില്‍നിന്നു നാട്ടുവഴിയിലേക്കു കയറുമ്പോള്‍ ജമാലിന്റെ ചായക്കടയുടെ മുമ്പില്‍ നിന്നവര്‍ കാര്യമറിയാന്‍ പിന്നാലെ കൂടി. പതുക്കെപ്പതുക്കെ ആള്‍ക്കൂട്ടം വലുതായി. അച്ഛന്റെ ചോരയ്ക്കു മകന്റെ പ്രതികാരം കാണാന്‍ അവര്‍ ആരവമുയര്‍ത്തി. കശാപ്പുകാരന്റെ കയര്‍ത്തുമ്പിലെ ആട്ടിന്‍കുട്ടിയെപ്പോലെ ഒന്നുമറിയാതെ അവനു പിന്നാലെ ഓടിക്കൊണ്ടേയിരുന്നു.
അലക്കിയ തുണികള്‍ മുറ്റത്തെ അയയില്‍ ഉണക്കാനിടുന്നതിനിടെ ബഹളംകേട്ട് ഭാര്യ തിരിഞ്ഞുനോക്കി. ആര്‍ദ്രമോള്‍ പുറത്തേക്കുവന്നു. പ്രതികാരം അവര്‍ക്കു മുന്നിലാവട്ടെ. പകരത്തിനു പകരം! ജഗത്തിനോടു ബഹുമാനം തോന്നി.
തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയോടെ മകള്‍ ഓടിയടുക്കുന്നതും അമ്മയുടെ ഒരു നോട്ടത്തില്‍ നിശ്ചലയാകുന്നതും കണ്ടു. അവളെന്നേ ബന്ധം മുറിച്ചുകളഞ്ഞിട്ടുണ്ടാവും.
ജഗത്ത് ഒരുനിമിഷം ആര്‍ദ്രയെയും പിന്നെ എന്നെയും നോക്കി. കൂടിനിന്നവരെ ഞെട്ടിച്ചുകൊണ്ട് എന്റെ കൈവിട്ടു.
‘എനിക്കാരേം കൊല്ലാന്‍ കഴിയൂല്ല… എന്റച്ഛനും ആരേം…’
പൂര്‍ത്തിയാക്കാത്ത വാക്യത്തിന്റെ മൂര്‍ച്ചയേറിയ കത്തി എന്റെ ഹൃദയത്തിലാഴ്ത്തി, ജഗത്ത് തിരിച്ചുനടന്നു. മകളെ വലിച്ചിഴച്ച്, ഭാര്യ അകത്തുകയറി വാതിലടച്ചു.
ആളൊഴിഞ്ഞ പെരുവഴിയില്‍ സ്വയമുരുകുന്ന വെയിലായി, ഞാനൊറ്റയ്ക്ക്…
ഒറ്റയ്ക്ക്…
