കർമ്മഫലം

ജന്മജന്മാന്തര കർമ്മഫലങ്ങളെ
ആജീവനാന്തം അനുഭവിക്കുന്നോ ?
മന്വന്തരങ്ങളായിവിടെ വസിയ്ക്കും
മാനവനൊരു പാപ സന്തതിയോ ?

ഭവസാഗരത്തിൽ മാറുകരതേടി
തോണി തുഴഞ്ഞു തളർന്നു വരൂമ്പോൾ
കൂടെത്തുഴയുവാൻ കൂട്ടായി നിൽക്കുവാ-
നാരുമില്ലെന്നുതു നാമറിയുമ്പോൾ

മൂൻജന്മ പാപഫലമാണതിൻ ഹേതു –
വെന്നു നിനച്ചു കാലം കളയാതെ
പാരാവാരത്തിൻ നടുവിലും നമ്മളിൽ
കരുത്തേകിടാൻ’യുക്തിചിന്ത’വേണം .

സുഖദുഖസമ്മിശ്‌റമായ ജീവിതം
എത്ര സുഖപ്രദം ഒന്നോർത്തീടുവാൻ .
എന്നും സുഖിച്ചങ്ങു ജീവിച്ചിടാമെന്ന
വ്യർത്ഥ സങ്കൽപ്പവും വികലമല്ലോ

എല്ലാം വിധിയതങ്ങെത്രയോ സങ്കീർണ-
മെന്നു ചിന്തിച്ചുകൊണ്ടെല്ലാം സഹിക്കും
വിധിയെപ്പഴിച്ചു വെറുതേയിരുന്നാൽ
വിജയത്തിൻ വാതിൽ തുറക്കുകില്ല

പൂർവ്വ ജന്മ ഫലം കാത്തു കിടക്കുന്ന
വെറുമൊരു പാഴ്‌വസ്തുവായിടാതെ
മുന്നിൽവന്നെത്തും തടസ്സങ്ങളെ മാറ്റാൻ
ചിന്തിച്ചു കർമ്മങ്ങൾ ചെയ്തിടേണം നാം

സ്നേഹവും നീതിയും ധർമ്മവും ചേർന്നുള്ള
പ്രവർത്തി പഥത്തിങ്കലെത്തിടേണം
എങ്കിലേയീ ദുഖ സാഗരത്തിൽ യാനം
സ്വച്ഛമായ് മറുകര തേടിയെത്തൂ.

ആടിയുലയുന്ന ജീവിത നൗകതൻ
ആശ്രയമാകും പങ്കായമെന്നപോൽ
ആശാനിരശയാം പാശം മുറുകുമ്പോൾ
ആത്മബലം കരുത്തായിട്ടു വേണം

ആലയില്ലാതാഴിക്കുഭംഗിയുണ്ടോ പാ-
ത്താൽ നിലയില്ലാ വെള്ളമുണ്ടെങ്കിലും
അഴലില്ലാതെ സുഖം മാത്രമാണെന്നാൽ
“അധികമായാലമൃതും വിഷമല്ലേ”.

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.